Monday, April 28, 2008

മലയാളബ്ലോഗിന്റെ സ്വാതന്ത്ര്യവും ബ്ലോഗ് അക്കാദമിയും

മലയാള ബ്ലോഗിന്റെ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? മലയാളിയുടെ സാമൂഹ്യ, ദേശീയ പശ്ചാത്തലത്തില്‍ അതിനെ എങ്ങനെ മനസിലാക്കണം?

ചോദ്യത്തിന്റെ പ്രേരകങ്ങള്‍:
1. ഇപ്പോഴത്തെ നിലയില്‍ മലയാളം ബ്ലോഗിലുള്ള സ്വാതന്ത്യം.
2. ബ്ലോഗ് അക്കാദമിയുടെ പശ്ചാത്തലത്തില്‍ അടുത്ത കാലത്തു നടന്ന ചര്‍ച്ചകള്‍

1.ഒന്നാമത്തെ ചോദ്യത്തിലേക്കു കടക്കുന്നതിനു മുന്‍പ് മറ്റു ചില കാര്യങ്ങളിലേക്കു കടക്കട്ടെ

:മലയാളം ബ്ലോഗുകളുടെ പ്രത്യേകതകള്‍

മലയാളം ബ്ലോഗുകളുടെ പൊതുവിലുള്ള ഒരു പ്രത്യേകത അവയുടെ പശ്ചാത്തലത്തില്‍ അറിയാതെയോ അറിഞ്ഞോ കടന്നു വരുന്ന സാമൂഹ്യ, ദേശീയതയാണ്. പ്രവാസി കേരളീയര്‍ക്കു ഇക്കാര്യത്തില്‍ ഗ്രുഹാതുരത്വം കൂടുതലാണ് എന്നുള്ളതൊരു സത്യമാണല്ലോ


തല്‍ഫലമായി അറിവും വിവരങ്ങളും വളരെ വേഗത്തില്‍ സ്വകാര്യതലത്തില്‍ തന്നെ കൈമാറാന്‍ കഴിയുന്ന ബ്ലോഗിന്റെ മാധ്യമത്തെ ഈ സംസ്കാരിക-ദേശീയ ഭാഷാ ചുറ്റുപാടുകളെ കൈമാറുന്നതിനും ആഘോഷിക്കുന്നതിനുമാണ് മലയാളികള്‍ നല്ലൊരു ശതമാനം വരെ ഉപയോഗിക്കുന്നത്.


അതിനാല്‍ മലയാളി ജീവിതത്തിന്റെ ഒരു സത്യസന്ധമായ പ്രതിഫലനമായാണ് മലയാളം ബ്ലോഗുകള്‍ രൂപം പ്രാപിച്ചിരിക്കുന്നത് എന്നാണു എന്റെ തോന്നല്‍.


അതിനാല്‍ മലയാളി സാംസ്കാരികതയും, പാരമ്പര്യങ്ങളും, ആചാരങ്ങളും, കഥപറച്ചിലും, സംഗീതവും, ജാടയും തൊഴുത്തില്‍ കുത്തും, അസൂയയും ഫാക്‍ഷനിസവും (അതോ ഘെട്ടോയിസമോ), പാസിവിറ്റിയും, ഞാന്‍ മറ്റവനില്‍ നിന്നു വ്യത്യസ്ഥനായ ആഢ്യനാണ് എന്ന ഭാ‍വവും എല്ലാം ഇന്നു പൊതു ജീവിതത്തിലേപ്പോ‍ലെ ബ്ലോഗിലും ഉണ്ട് . അളവുകള്‍ക്കു വ്യത്യാസം ഉണ്ടാകാം എന്നു മാത്രം.


അതുകൊണ്ടാണ് ഒരു ബ്ലോഗര്‍ എന്തെഴുതുന്നു എന്നതിലുപരി, ആ വ്യക്തിയുടെ പേരും ജെന്‍ഡറും പലര്‍ക്കും വിഷയമാകുന്നത്. അതായത് വ്യക്തിബദ്ധമാണ്‍് പൊതുവെ മലയാളം ബ്ലോഗുകള്‍ വിഷയബദ്ധമാകുന്നതിനു പകരം.


മുകളില്‍ പറഞ്ഞ പ്രാത്യേകതകള്‍ക്കെല്ലാം ഉതകുന്ന വിധത്തിലാണ്‍് പൊതുവെ നമ്മള്‍ ബ്ലോഗും കൈകാര്യം ചെയ്യുന്നത്. ബ്ലോഗിലൂടെ ആളുകളെ പരിചയപ്പെടുക, പിന്നീ‍ട് ചാറ്റിംഗിലേക്കും ടോക്കിലേക്കും ഇ- മെയിലിലേക്കും ആ‍ പരിചയം വ്യാ‍പിപ്പിക്കുക ഇതേതാ‍ണ്ടൊരു പാറ്റേണായി മാറിയിരിയ്ക്കുന്നു.


ഈ സൌഹൃദത്തിന്റെ ആഘോഷമായി, ചിലരൊക്കെ ബ്ലോ‍ഗു കൂ‍ടിക്കാഴ്ചകളും അതിനോടനുബന്ധിച്ച് ഈറ്റിഗും മറ്റും സംഘടിപ്പിക്കുന്നു. എല്ലാവരും പരസ്പരം കാണുന്നു. വീട്ടുകാര്‍ക്കും കുഞ്ഞുകുട്ടികള്‍ക്കും ആഘോഷത്തിനുള്ള അവസരം ഉണ്ടാകുന്നു; നല്ലതു തന്നെ.എന്നാല്‍ ഈ കൂടിക്കാഴ്ചയും ആഘോഷവും ബ്ലോഗു വായനയേയും കമന്‍റ്റിനെയും ബാധിക്കാനിടയായാല്‍ (ഇന്നലേം കൂടി നമ്മളൊരുമിച്ചിരുന്നു ചായ കുടിച്ചതല്ലേ അദ്ദേഹത്തിന്റെ പോസ്റ്റിലൊരു നല്ല കമന്റിടാതെയിരിയ്ക്കുന്നതെങ്ങനെ എന്നു തോന്നുന്ന വിധേയത്വം, ഇന്നലേയും ‍ ചാറ്റു ചെയ്തപ്പോള്‍ എന്റെ പോസ്റ്റിനെക്കുറിച്ചു പറഞ്ഞതാണല്ലോ എന്നിട്ടും അതിനൊരു കമന്റിട്ടില്ലല്ലോ‍ എന്നുള്ള പരിഭവങ്ങള്‍,‍ അവന്‍ / അവള്‍ എഴുതിവച്ചിരിക്കുന്നതു കണ്ടില്ലേ എന്നു തുടങ്ങുന്ന സംഘം ചേരലിന്റെ ആഹ്വാനങ്ങള്‍) അതൊക്കെ ബ്ലോഗു സ്വാതന്ത്യത്തെ ബാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ ബ്ലോഗു മീറ്റില്‍ ആളുകളെ ബിംബവല്‍ക്കരിയ്ക്കുന്ന വിധത്തിലുള്ള എഴുത്തും, കമന്റും പുതിയ ബ്ലോഗേഴ്സിനെയെങ്കിലും ഒരു പരിധിവരെ തെറ്റിദ്ധരിപ്പിക്കാനിടയാക്കില്ലേ എന്നും സംശയിക്കുന്നു.


അതുപോലെ മുഖ്യധാര ആശയങ്ങളെ ലാക്കാക്കാത്ത, മത, ജാതി, ഫണ്ടമെന്റലിസ്റ്റു ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോഗുകള്‍ ബ്ലോഗു സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു.


മതപരമായ ആ‍ശയങ്ങള്‍ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നല്ല അര്‍ത്ഥമാക്കുന്നത്. കേരളത്തിന്റേതുപോലെയുള്ള ഒരു സാമൂഹ്യതയില്‍ ജാതി-മതപരമായ സത്യങ്ങളേക്കുറിച്ച് ഇനിയും തീ‍രുമാനമായിട്ടില്ലാത്തതിനാല്‍ അവ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ആവശ്യമാണ്. എന്നാ‍ല്‍ അവ മുഖ്യധാരയെ ലക്‍ഷ്യം വച്ചുള്ളതാകുമ്പോള്‍ അത്തരം ചര്‍ച്ചകളില്‍ വ്യക്തി സ്വാതന്ത്ര്യമുണ്ടാകുന്നു. അതായത്, ക്രിസ്ത്യാനിയുടേയും, ഹിന്ദുവിന്റെയും, മുസല്‍മാന്റയും സ്ഥാപന സ്വഭാവങ്ങളും വളര്‍ച്ചയും കേരളത്തിന്റെ മുഖ്യധാരാനിലനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. മറിച്ച് ഇവയുടെ ആഢ്യതയെ പുകഴ്ത്തി പറയാ‍നുദ്ദേശിയ്ക്കുന്ന ബ്ലോഗുകള്‍ സ്വാതന്ത്യത്തെ ഹനിക്കുന്നു.


അതുപോലെ പൊതുവെ ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടുന്ന ആശയങ്ങളും കമന്റു പാറ്റേണുകളും അതുവഴി ഉടലെടുക്കുന്ന കമന്റു ധ്രുവീകരണങ്ങളും ശ്രദ്ധിച്ചു പഠിച്ചാല്‍ അവയുടെ സംഘടനാസ്വഭാവം മനസിലാക്കാന്‍ സാധിയ്ക്കും. ഇതു കൂടാതെ ചില വ്യക്തികളുടെ കമന്റു വായിക്കുമ്പോഴും അവരുടെ സംഘടനാസ്വഭാവം മനസിലാക്കാന്‍ സാധിക്കും.

ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍, പ്രത്യക്ഷത്തില്‍ സംഘടനയോ ഗ്രൂപ്പോ ഒന്നുമില്ലാതെ നിലനില്‍ക്കുന്ന ഇന്നത്തെ മലയാളം ബ്ലോ‍ഗവസ്ഥയില്‍ ബ്ലോഗു സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ട്, അതുപോലെ സംഘടനാസ്വഭാവമുള്ള ബ്ലോഗുകളുമുണ്ട്.


ബ്ലോഗു സ്വാതന്ത്ര്യം എന്നാല്‍ എന്ത്?


ഇനിയും ബ്ലോഗു സ്വാതന്ത്ര്യം എന്നാല്‍ എന്ത്, എന്നാരെങ്കിലും ചോദിച്ചാല്‍, എന്റെ അഭിപ്രായത്തില്‍, സ്വന്തമായ ഇഷ്ടവും രുചിയുമനുസരിച്ച് ബ്ലോഗുവാ‍യിക്കുക, അഭിപ്രായങ്ങള്‍ രൂപീകരിക്കുക, നിരൂപണം നടത്തുക. പരപ്രേരണയോ, ആശ്രിതത്വമോ, ബിംബവല്‍ക്കരണമോ, വ്യക്തി/സംഘടന ആഢ്യത്വമോ ബ്ലോഗാന്ന്തരീക്ഷത്തില്‍ ഉണ്ടാകാതിരിക്കുക. അതുപോലെ സ്വന്തം സമൂഹത്തിന്റേയും നാടിന്റേയും തന്റേയും ആത്മാവിനെ തൊട്ടറിഞ്ഞ് മറ്റുള്ളവര്‍ എന്തു പറയും എന്നു ചിന്തിക്കാ‍തെ കമന്റിന്റെ എണ്ണം എത്രയാകുമെന്നു വ്യാകുലപ്പെടാതെ പോസ്റ്റുകള്‍ എഴുതാ‍നുള്ള സ്വതന്ത്ര ചിന്ത.


എന്നു പറയുമ്പോള്‍ ബ്ലോഗ് അഗ്രിഗേറ്ററുകളും, വായനാ ലിസ്റ്റുകളും ബ്ലോഗു സ്വാതന്ത്യത്തെ അതിന്റെ പരമകാഷ്ഠയില്‍ ബാധീക്കുന്നു എന്നു വരുന്നു. ഇതിനോടു ധാരാളം പേര്‍ എത്രിക്കുമെങ്കിലും.


2. ബ്ലോഗ് അക്കാഡമിയുടെ പശ്ചാത്തലത്തില്‍ അടുത്തകാലത്തു നടന്ന ചര്‍ച്ചകള്‍.


ബെര്‍ളി തോമസ് എന്ന ബ്ലോഗറുടെ ഒരു പോസ്റ്റിലാണു ആദ്യമായി ബ്ലോഗു അക്കാദമിയെക്കുറിച്ചുള്ള ആശങ്കകള്‍ വായിക്കാനിടയായത്. ‘ബ്ലൊഗ് അക്കാദമികൊണ്ട് എന്തു പ്രയോജനം’ ‘
http://berlythomas.blogspot.com/2008/04/blog-post_20.html

ബ്ലോഗ് അക്കാദമിക്കു സംഘടനാസ്വഭാവം ആരോപിച്ചുകൊണ്ട് അദ്ദേഹം വ്യസനിക്കുന്നത് അതിന്റെ പ്രവര്‍ത്തനസ്വഭാവം ബ്ലോഗു സ്വാതന്ത്ര്യത്തെ ദോഷമായി ബാദ്ധിയ്ക്കുമെന്നാ‍ണ്‍് എന്നു കരുതുന്നു.

:ബ്ലോഗെന്നാല്‍ എന്ത്?


ബെര്‍ളിയുടെ പോസ്റ്റിലെ കമന്റുകളില്‍ ഉരുത്തിരിഞ്ഞു വന്ന ഒരു പ്രധാന ആശയമായിരുന്നു ബ്ലോഗ് ഒരു തുറന്ന ഡയറിക്കുറിപ്പാണ് എന്നത്. ഉദാ: ‘.... blog is more of an open diary concept, where an individual (or a countable group of people can jot down their thoughts on anything & everything) -പ്രമോദ്


ഒരു വ്യക്തി തന്റെ സ്വകാര്യ അനുഭവങ്ങള്‍, യത്രാക്കുറിപ്പുകള്‍, സംബന്ധിച്ച പാര്‍ട്ടി‍, അടുക്കളയില്‍ നടത്തിയ പാചകം തുടങ്ങി എന്തിനേക്കുറിച്ചും എഴുതി പരസ്യപ്പെടുത്തുന്നതിനുള്ള ഒരുപാധിയാണ്‍് ബ്ലോഗെന്ന്.


മറ്റു ഭാഷയിലുള്ള ബ്ലോഗുകള്‍ പ്രത്യേകിച്ച് ഇംഗ്ലീഷ് ബ്ലോഗുകള്‍ പൊതുവെ ഇത്തരത്തിലുള്ളവയാണ്‍്. എന്റെ പട്ടി, ഹോബി, എന്റെ പ്രശ്നപരിഹാരം തുടങ്ങി ലൈംഗിക അനുഭവങ്ങള്‍ വരെ അവയില്‍ എഴുതപ്പെടുന്നു.ഇത്തരം ബ്ലോഗുകളില്‍ പൊതുവെ മത-സാമൂഹ്യ പ്രീണനങ്ങളുടേയും പ്രേരണകളുടെയും അഭാവം ഒരു പ്രത്യേകതയാണ്‍്. എന്നു പറഞ്ഞാല്‍ ഇത്തരം ബ്ലോഗെഴുത്തുകാരില്‍ സ്വതവേ സമൂഹപ്രീണനങ്ങള്‍ക്കാതീതമായ വ്യക്തി സ്വാതന്ത്ര്യബോധം രൂപം കൊണ്ടിട്ടുണ്ട് എന്നു കാണാം. വര്‍ണവിവേചനത്തേയും കുത്തക മുതലാളിത്തത്തേയും അമേരിക്കന്‍ സാമ്രാജ്യവാദത്തേയും മാര്‍ക്സിസത്തേയും സംവരണത്തേയും കുറിച്ച് അവര്‍ സ്വാതന്ത്യബുദ്ധിയോടെ എഴുതുന്നു.


ഇത്തരം ബ്ലോഗുകളില്‍ നല്ല ഒര്രു വിഭഗം ‍ പ്രശ്നപര്രിഹാരാധിഷ്ഠിധമാ‍യിരിക്ക്കും. ഉദാ: എന്റെ കുട്ടിയ്ക്ക് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല, എന്റെ കുട്ടിക്കു ഭയങ്കര വാശിയും ദേഷ്യവുമാണ്‍്, അതിനെന്തു ചെയ്യണം, അല്ലെങ്കില്‍ അതു ഞാനെങ്ങനെ പരിഹരിച്ചു? അല്ലെങ്കില്‍ അതെങ്ങനെ നിങ്ങള്‍ക്കു പരിഹരിയ്ക്കാന്‍ സാധിയ്ക്കും എന്നതിനേക്കുറിച്ചൊരു ശാസ്ത്രീയ അവലോകനം.

ഇനി മലയാളം ബ്ലോഗിലേക്കു വന്നാല്‍, മുകളില്‍ പറഞ്ഞ വിഭാഗത്തിലുള്ള ബ്ലോഗുകള്‍ എത്ര എണ്ണം നമുക്കു കാണാന്‍ കഴിയും? വിഷയഗതമായ കാര്യങ്ങളെക്കുറിച്ചു പ്രശ്ന പരിഹാരാടിസ്ഥാ‍നത്തില്‍‍ എഴുതിയാല്‍ തന്നെ വൈകാരികമായ പ്രതികരണത്തിനപ്പുറത്തുകടന്ന് പ്രായോഗികമായ ഒരു പ്രശ്നപരിഹാരവും ആരും പറയാറില്ല. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്ന ബ്ലാങ്ക് വോയ്സ് പോലെയുള്ള സംഘടിത പ്രവര്‍ത്തനങ്ങള്‍ കേരളമണ്ണില്‍ വളര്‍ന്നു വികസിയ്ക്കാത്തതിന്റെ കാരണവും ഒരു പക്ഷെ ഇതു തന്നെയായിരിയ്ക്കും. സാ‍ക്ഷര കേരളത്തിലെ സ്ത്രീസ്വതന്ത്ര്യം വെറുമൊരു മിത്ത് മാത്രമാണെന്ന് കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് വെബ് സൈറ്റില്‍ വായിച്ചതിനെ ഖണ്ഡിയ്ക്കുവാന്‍ കഴിഞ്ഞില്ല.

ജീവിതത്തില്‍ ഞാന്‍ എങ്ങനെ ഒരു പ്രശ്നം പരിഹരിച്ചു എന്നുള്ളത് ഒരു ടോപ്പ് സീക്രറ്റായേ മലയാളി വക്കാറുള്ളു. ഞാന്‍ ഇന്നാരുടെ ഇന്നാരായതു കൊണ്ട് എന്റെ ഇന്നാരു അവിടെ ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ അതു പരിഹരിച്ചു എന്നേ പറയാറുള്ളു. ഇത് അത്തരം ഇന്നാരുകള്‍ ഇല്ലാത്തവരെ കൊച്ചാക്കുന്നതിനുപകരിക്കുന്ന ഒരു ജാടയാണെന്ന് ആര്‍ക്കാണു അറിഞ്ഞുകൂടാത്തത്? ഇത്തരം മനോഭാവങ്ങളാണ്‍് ബ്ലോഗിലും വച്ചു പുലര്‍ത്തുന്നത്.


അനേക ജാട മൂടുപടങ്ങള്‍ക്കുള്ളില്‍ ഒരേസമയം ഒളിച്ചിരിക്കുന്ന ഒരു മലയാളിക്കു വിഷയനിഷ്ഠമാ‍യി അഭിപ്രായങ്ങളും ആശയങ്ങളും കൈകാര്യം ചെയ്യുന്നതില്‍ വിഷമമുണ്ടാകുന്നതു സ്വാഭാവികമാണ്. താന്‍ ഒരു വ്യക്തിയല്ല, സമൂഹആചാരങ്ങള്‍ കൊണ്ടു തീരുമാനിയ്ക്കപ്പെട്ട ഒരു ചട്ടക്കൂടാണ്‍് എന്നു വിശ്വാസിക്കുന്ന മലയാളിയുടെ എണ്ണം കൂടുന്നതല്ലാ‍തെ കുറയുന്നില്ല. അങ്ങനെയല്ലാത്ത മലയാളിക്കു മാത്രമേ സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി ബ്ലോഗെഴുതാനും കഴിയൂ.


സമൂഹം വേണ്ട എന്നല്ല പറഞ്ഞത്. സമൂഹവും വ്യക്തിയും തമ്മില്‍ ക്രിയാത്മകമായി സംവേദിക്കണം. സാമൂഹ്യമായ കടപ്പാടും കടമയും നിറവേറ്റിക്കൊണ്ടു തന്നെ, സമൂഹത്തില്‍ നിന്നു മാ‍റി നിന്നു വ്യക്തി സ്വതന്ത്രമായി ചിന്തിക്കണം(ഇപ്പോഴത്തെ നിലയില്‍ ആരങ്കിലും ഒരു കാര്യം പറഞ്ഞു കൊടുത്ത് മറ്റൊരാളെ സഹായിച്ചു എന്നു വക്കുക. അതിന്റെ പേരില്‍ അയാള്‍എല്ലാ നാളും മറ്റെയാളിന്റെ മുന്‍പില്‍ സ്വാതന്ത്ര്യം അടിയറ വക്കേണ്ടതായി വരും. അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്തു ചവിട്ടി എന്നു പറയും. (വീണ്ടും പ്രമോദിനോടു കടപ്പാട്). ഇത്തരത്തില്‍ ചിന്തിക്കാത്ത മലയാളികളും ഉണ്ട്. പക്ഷെ അവരൊരു ന്യൂനപക്ഷമാണെന്നു മാത്രം. ബ്ലോഗിനൊരു മാലയാളം വേര്‍ഷന്‍ ഉണ്ടാക്കീത്തന്ന മലയാളികളെ ഇത്തരുണത്തില്‍ പ്രത്യേകം
സ്മരിയ്ക്കേണ്ടിയിരിയ്ക്കുന്നു).


മറ്റുള്ളവരുമായി തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കിടുക, അവയ്ക്കു പൊതുവായ പരിഹാരം കാണുക വഴി മനുഷ്യര്‍ തമ്മിലുള്ള സാമൂഹ്യ അകലം ഇല്ലാതാക്കുക തുടങ്ങിയ സ്വതന്ത്രവും മാനുഷീക മൂല്യാധിഷ്ഠീധവൂമാ‍യ പ്രശ്ന പരിഹാരരീതികള്‍ പൊതുവെ മലയാളി അനുവര്‍ത്തിയ്ക്കാറില്ല.‍


ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍ സ്വതന്ത്ര ബ്ലോഗിംഗ് എന്ന ആശയം മലയാളബ്ലോഗില്‍ അത്ര പ്രചാരം സിദ്ധിയ്ക്ക്കാത്തതിന്റ് കാരണങ്ങള്‍ (1)മലയാളി ഇനിയും പൊതുവെ സമൂഹ്യചട്ടക്കൂട്ടുകളില്‍ ന്നിന്നു മോചിതനായിട്ടീല്ല (2) മാനുഷിക മൂല്യങ്ങളിലധിഷ്ഠിധമായ വ്യക്തിസ്വാതന്ത്ര്യം മലയാ‍ളി ജീവിതത്തിന്റെ ഭാഗാമായിട്ടില്ല.അതായത് ബ്ലോഗേഴ്സ്, ബ്ലോഗ് അക്കാഡമി വഴി വന്നാലും അല്ലാതെ വന്നാലും ഈ പ്രശ്നം നിലനില്‍ക്കുന്നു. ഇത് ബ്ലോഗ് അക്കാദമിയുടെ പ്രശ്നമാണോ?


മുകളില്‍ പറഞ്ഞ സാഹചര്യത്തില്‍ ബ്ലോഗ് അക്കാദമി ചെയ്യുന്നത് വളരെ ശ്ലാ‍ഘനീയമായ ഒരു കാര്യം തന്നെയാണ്. ബ്ലോഗിന്റെ സാങ്കേതിക വശങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവരുടെ ഇടയിലേക്ക് ആ സഹായം എത്തിച്ചുകൊടുക്കുന്നു. മലയാളം ബ്ലോഗിന്റെ ചരിത്രത്തിലാദ്യമായി ഒരു പ്രായോഗിക പ്രശ്ന പരിഹാരത്തിനായി കുറച്ചു ബ്ലോഗേഴ്സ് തയ്യാറായിരിയ്ക്കുന്നു.


ബ്ലോഗ് അക്കാദമിയിലൂ‍ടെ ബ്ലോഗില്‍ കൊണ്ടുവരുന്ന ആളുകളെ തങ്ങളുടെ ഉപഗ്രഹങ്ങളായി നിര്‍ത്താനുള്ള മൊഹം അതിന്റെ പ്രവര്‍ത്തകര്‍ക്കുണ്ട് എന്നു തോന്നുന്നില്ല. തോന്നിയാലും സ്വതന്ത്രബുദ്ധീയുള്ളവര്‍ അതിനു പൂറത്തു ചാടും.


കമ്പ്യൂട്ടറെന്നു പറഞ്ഞാല്‍ ബ്ലോഗെഴുത്തല്ല എന്നാ‍രും ആരോടും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അതങ്ങനെയാണെന്നാ‍രെങ്കിലും ധരിച്ചു വശായി എങ്കില്‍ അതിനു ബ്ലോഗ് അക്കാദമിക്ക് ഉത്തരവാദിത്വവുമില്ല. അതുപോലെ വേലേം കൂ‍ലീമില്ലാത്തവന്‍ ബ്ലോഗെഴുതി സമയം കളയുന്നതിന്റെയും ഉത്തരവാദികള്‍ ബ്ലോഗക്കാദമി ആയിരിക്കില്ല. സ്വന്തം സമയത്തിന്റേയും പണത്തിന്റേയും ഉപയോഗം എങ്ങനെ പ്രയോറിറ്റൈസ് ചെയ്യണമെന്നറിയാത്തവര്‍ക്കു ബ്ലോഗിലായാലും പുറത്തായാലും പ്രശ്നങ്ങളുണ്ടാകും.


എന്റെ മറ്റൊരു ഭയം, പുതിയതായി എന്തെങ്കിലും പഠിക്കണം മനസിലാക്കണം എന്നുള്ള ഒരു താല്പര്യം ഉള്ളവരാണ് ബ്ലോഗെഴുതാ‍ന്‍ തയ്യാറായി വരുന്നവര്‍. കുറച്ചെങ്കിലും സ്വതന്ത്രചിന്തയുള്ളവര്‍ എന്നു വിവക്ഷ. അവര്‍ക്ക് ഇന്നത്തെ മലയാളി ബ്ലോഗാന്തരീക്ഷം എന്തു മോഡലാണു നല്‍കുന്നത്?

വിശാലമനസ്കനും കൊച്ചു ത്രേസ്യായുമാണോ അവര്‍ക്കു മോഡലാകുന്നത്, ബെര്‍ലിയുടെ കാഴ്ചപ്പാടനുസരിച്ച്? (എനിക്കു വളരെ ഇഷ്ടപ്പെട്ട രണ്ടു ബ്ലോഗേഴ്സ് ആണ് അവര്‍ ; സംശയമില്ല ) . വ്യക്തിയല്ല ബ്ലോഗിന്റെ മോഡല്‍, ബ്ലോഗെഴുത്തിന്റെ പ്രിന്‍സിപ്പിള്‍സ്(തത്വങ്ങള്‍‍) ആണ്.

അതു പോലെ സാഹിത്യം ബ്ലോഗിന്റെ ഒരു ശാഖമാത്രമാണ്‍്. എന്റെര്‍റ്റെയ്ന്‍-മെന്റ്സും, സ്പോര്‍ട്സും, സിനിമയും സാംഗീതവും പോലെ.

ചെറിയ കുട്ടികള്‍ തൊട്ടു പ്രായമായവര്‍ വരെ കൊഴിക്കോടു ശില്‍പ്പശാ‍ലയില്‍ പങ്കെടുത്തു. ഓട്ടോ റിക്ഷക്കാരും അദ്ധ്യാപകരും ഡോക്ടര്‍മാരുമടങ്ങൂന്ന ഒരു ജനകീയക്കൂ‍ട്ടം. അവര്‍ക്കു സ്വതന്ത്രമായി ചിന്തിയ്ക്കാനും സ്വതന്ത്രബുദ്ധിയോടെ ബ്ലോഗെഴുതാനും കഴിയട്ടെ എന്നാശംസിയ്ക്കുന്നു.

ഇനി ബ്ലോഗ് അക്കാദമിക്കു സംഘടനാസ്വഭാവമുണ്ടോ എന്ന ഭയം.

കേരളത്തിലെ എല്ലാപ്രസ്ഥാനങ്ങളും സംഘടനയുടെ പേരിലാണ് നശിച്ചതെന്നു ബെര്‍ലി തോമസ് പറയുന്നു. ഏതാണീ സംഘടനകളെന്നദ്ദേഹം പറഞ്ഞില്ല.


സൌത്താഫ്രിക്കയില്‍‍ ഇപ്പോള്‍ മലയാളി സംഘടനകളില്ല, ആരെങ്കിലും മരിക്കുക തുടങ്ങിയ അത്യാഹിതങ്ങള്‍ക്കു പിരിവെടുക്കുന്നതല്ലാതെ. പണ്ടു പലയിടത്തും അതുണ്ടായിരുന്നൂ. അന്നത്തെ സംഘടനാവീരന്‍‌മാരായ തച്ചോളി ഒതേനന്‍‌മാരുടെ അങ്കപ്പയറ്റുകളെക്കുറിച്ച് എഴുതിയാല്‍ തീരില്ല.


എന്നാല്‍ ഇവിടെ ഘാന, നൈജീരിയ, ഉഗാണ്ട, കെനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കെല്ലാം തന്നെ നല്ല നിലയിലുള്ള സംഘടനകളുണ്ട്. സംഘടന വഴി അവരുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നുമുണ്ട്. തുടര്‍ച്ചയായ കൂ‍ട്ടായ്മയില്‍ പങ്കെടുക്കുന്നത് അവര്‍ക്കു സന്തോ‍ഷവും ഉന്മേഷവും പകരുന്നു.


അപ്പോള്‍ സംഘടന എന്ന ആശയത്തിനല്ല തെറ്റ്, അതെങ്ങനെ ആരു ഉപയോഗിയ്ക്കുന്നു എന്നതിലാണ്‍്. ഇതു പറഞ്ഞതുകൊണ്ട് ബ്ലോഗ് അക്കാദമി ഒരു സംഘടനയാണെന്നു ഞാന്‍ വിവക്ഷിക്കയല്ല. സംഘടന എന്ന ആശയം ആരോപിച്ച്, ഒരുകൂട്ടരെ മോശക്കാരാക്കരുത് എന്നേ പറയുന്നുള്ളു.


സംഘടന അണികളെ നിരത്താന്‍ ഉണ്ടാക്കുന്നതു കൊണ്ടുമാത്രമല്ല പരാജയപ്പെടുന്നത് അണികളായി നില്‍ക്കാന്‍ ഒരൂകൂ‍ട്ടര്‍ തയ്യാറായി നില്‍ക്കുന്നതു കൊണ്ടു കൂടിയാണ്. ഞാനും മറ്റുള്ളവരും തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഘടന വിജയിക്കുന്നത്.

പിന്നെ എന്തു പ്രസ്ഥാനത്തേക്കുറിച്ചു ചിന്തിക്കുമ്പോ‍ഴും നാം നമുക്കു ചുറ്റും നിലനില്‍ക്കുന്ന ദേശീയ-ആഗോള രാ‍ഷ്ട്രീയ സാമ്പത്തിക കാലാവസ്ഥയെക്കുറിച്ചു ബോധവാന്മാരാകണമെന്നുള്ളത് സ്വതന്ത്രചിന്തയുള്ളവര്‍ക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണ്‍്.


ഇന്നു ‍കച്ചവട മുതലാളിത്വം ഏറ്റവും ഭയക്കുന്ന ഒന്നാണ് സംഘടന. സംഘടനയുടെ നേതാക്കളെ പ്രീ‍ണനങ്ങളുപയോഗിച്ചൂ മരവിപ്പിക്കുക മൂതലാളിത്വത്തിന്റെ ഒരു തന്ത്രമാണ്‍്. അവിടെയും സ്വതന്ത്രബുദ്ധിയുള്ള സംഘടനാനേതാക്കള്‍ക്കു പലതും ചെയ്യാന്‍ സാദ്ധിയ്ക്കും

ബ്ലോഗിലൂടെ സ്വതന്ത്രബുദ്ധി എന്താണെന്നൂ മലയാളിക്കു മനസ്സിലാക്കാന്‍ കഴീ‍ഞ്ഞാല്‍ അതുവഴി നല്ല സംഘടനകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍, ഇന്നത്തെ ദുഷിച്ചു നാറിയ സ്ഥാ‍പനവല്‍കൃത സംഘടനകള്‍ക്ക് ഒരു ആള്‍ട്ടര്‍‍നേറ്റീവ് അതു വഴി ഉണ്ടാകാന്‍ കഴിഞ്ഞാല്‍ അതു നല്ലതല്ലേ ബെര്‍ലീ? . അങ്ങനെ ആകാ‍നും ആകാതിരിക്കാനും സാധ്യതയുണ്ട്, ശരിയാണ്. എന്നാലും നല്ലതിനു വേണ്ടി ആശിയ്ക്കാം.


ചുരുക്കം


1.ബ്ലോഗെന്നാല്‍ വ്യക്തിനിഷ്ടമായ ആശയങ്ങളെ സ്വതന്ത്രബുദ്ധിയോടെ അവതരിപ്പിക്കാനുള്ളതാകുന്നു.


2.എന്റെ അഭിപ്രായത്തില്‍, ഇന്നത്തെ മലയാളം ബ്ലോഗാന്തരീക്ഷത്തില്‍ സ്വതന്ത്രബ്ലോഗിന്റെ ഈ ആശയം പൊതുവെ പ്രാവര്‍ത്തികമായിട്ടില്ല. കാരണം മലയാളി പൊതുവെ അവന്റെ സാമൂഹ്യ ദേശീയ ചട്ടക്കൂട്ടിന്റെ പ്യൂപ്പപൊട്ടിച്ച് ഒരു സ്വതന്ത്രചീത്രശലഭമായി പുറത്തു വന്നിട്ടില്ല.


3.ബ്ലൊഗു കൂട്ടായ്മയിലും അതുമൂലമുണ്ടാകുന്ന സുഹ്രുദ് ബന്ധങ്ങളിലും യാതൊരു തെറ്റും എനിയ്ക്കു കാണാന്‍ കഴിയുന്നില്ല.4ബ്ലോഗക്കാഡമിയുടെ ഇടപെടല്‍ ബ്ലോഗു സ്വാതന്ത്ര്യത്തെ ദോഷമായി ബാധിക്കും എന്നുള്ള ആശങ്കയില്‍ വലിയ കാര്യമില്ല.


5ബ്ലോഗക്കാദമിയുടെ ഉദ്യമത്തിലൂടെ സ്വതന്ത്രബുദ്ധിയുള്ള ബ്ലോഗേഴ്സ് കൂടാനുള്ള സാദ്ധ്യതയുണ്ട്. എങ്കില്‍ അതൊരു നല്ല നാളേയേക്കുറീച്ച് ആശിയ്ക്കാനുള്ള
വക തരുന്നു.