പൂങ്കാവില്‍ തറവാടിന്റെ പൂമുഖത്തു കാലെടുത്തു വച്ചപ്പോഴുണ്ടായ രോമാഞ്ചം മറച്ചു പിടിച്ച്, പകലോന്‍ അവിടെ ഉപകരണമായി ആകെയുണ്ടായിരുന്ന ഒരു നാറിയ സ്റ്റൂളില്‍ ഉപവിഷ്ടനായി.
അത്, അവിടെ കാലൊടിഞ്ഞ ചാരുകസേരയില്‍ മലര്‍ന്നു കിടന്ന കുറുപ്പിനെ അലോസരപ്പെടുത്തുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അങ്ങനെയുണ്ടായില്ല.
പകരം 'പകലോനേ' എന്നു വിളിച്ചു കുറുപ്പയാളെ ഹാര്‍ദ്ദവമായി സ്വീകരിച്ചു.
'വരാന്‍ പറഞ്ഞാളുവിട്ടിരുന്നുവോ?'
'ഉവ്വ്'
'നമുക്കൊന്നു നടക്കാം', കുറുപ്പു പുറത്തേക്കു കൈ ചൂണ്ടി.
മുറ്റത്തെ മണ്ണില്‍ ആഞ്ഞുചവിട്ടി നീങ്ങിയപ്പോള്‍ കാല്‍ക്കീഴിലെ 'കരുകര' ശബ്ദം ഒരു ദുര്‍ന്നിമിത്തമായി പകലോനു തോന്നി.
“പഹയന്‍ വാക്കു മാറുമോ?”, അയാളുടെ മനോഗതി വേഗതയാര്‍ന്നു.
അഞ്ചു ലക്ഷം അച്ചാരം വാങ്ങിയതാണ്. വാക്കു തെറ്റിച്ചാല്‍ പിഴയായി പത്തു ലക്ഷം തിരിച്ചു തരണം. മറ്റേതെങ്കിലും പണച്ചാക്ക് ആ നഷ്ടവും നികത്താന്‍ തയ്യാറായി വന്നിട്ടുണ്ടാവുമോ. വാക്കിനേക്കാളും, പ്രമാണത്തേക്കാളും പച്ചനോട്ടിനു വിലയുള്ള കാലമാ.
പകലോന്‍ മനസ്താപത്തോടെ ആ തറവാടു പിതാമഹനെ ഒന്നു നോക്കി നെടുവീര്‍പ്പിട്ടു.
സാറായുടെ ഒരു വലിയ മോഹമായിരുന്നു, ഒരു ട്രഡീഷണല്‍ തറവാടു വീട്. ചിക്കാഗോയിലെ അപ്പാര്‍ട്ടുമെന്റില്‍ നീണ്ട ദിവസത്തെ ജോലി കഴിഞ്ഞു തളര്‍ന്നു വീഴുമ്പോഴും ഫോണിലെ സന്ദേശമായി അവളതുള്‍ക്കോള്ളിയ്ക്കാറുണ്ട്.
“അതെ ഒരു സോഷ്യല്‍ റിഫോമേഷന്‍. എകണോമിക്ക് റവലൂഷന്‍ എന്നു വേണമെങ്കിലും പറയാം. നാട്ടു പ്രമാണിമാരു വെറുതെ അപഹരിച്ചു സ്വന്തമാക്കിയതല്ലേ, ജനങ്ങളില്‍ നിന്ന്.എന്നാലും വെറുതെ തരണ്ട. കൈ നിറച്ചു കാശു കൊടുക്കാം. ”
“അതിന്റെയൊക്കെ അകത്തളങ്ങളില്‍ വ്യഭിചാരത്തിന്റെയും പിടിച്ചു പറിയുടെയും ചോര മണമുണ്ടാകാം. കൊത്തിക്കൊന്ന മനുഷേന്മാരട ഗതികിട്ടാത്ത ആത്മാക്കളെ ആവാഹിച്ചുവച്ചിരിയ്ക്കുന്ന ഇരുട്ടുമുറികളും. എനിയ്ക്കാ പ്രേതങ്ങളെ ഒക്കെ തുറന്നുവിടുന്നതൊരു ത്രില്ലാണ് ”
ഇയാളു വാക്കു മാറാനാണു ഭാവമെങ്കില്‍ സാറായെന്തു പറയും, പകലോനോര്‍ത്തു. ഒരു ന്യായ യുദ്ധത്തിനാഹ്വാനം ചെയ്യും. തീര്‍ച്ച.
'പകലോനേ'
ഓ നടന്നു മാന്തോപ്പിലെത്തിയിരിയ്ക്കുന്നു. പലജാതി മാമ്പഴങ്ങളുടെ തരളിതമായ ഗന്ധം ഒരു നഷ്ടബോദ്ധത്തിന്റെ മുന്നണിപ്പടയാളികളേപ്പോലെ അയാളുടെ മനസ്സില്‍ തിരയടിച്ചു.
'പകലോനെ ഒരു കാര്യം അറിയാന്‍ വിളിപ്പിച്ചതാ'
-പറഞ്ഞോളു കുറുപ്പേ എത്രലക്ഷം കൂടി ഞാന്‍ തരണം, വാക്കിനു വിലയില്ലാത്ത പരട്ടക്കുറുപ്പേ?- അണപൊട്ടാന്‍ തയ്യാറായി നിന്ന ആത്മഗതം. പക്ഷെ പുറത്തേക്കു വന്നില്ല.
ഊഹത്തിന്റെ പേരില്‍ നിരത്തുന്ന കരുക്കള്‍ പെട്ടെന്നു പ്രയോഗിയ്ക്കരുതെന്നു സാറ പറയാറുള്ളതയാളോര്‍ത്തു.സത്യം പ്രതിയോഗിയുടെ വായില്‍ നിന്നു തന്നെ പുറത്തുവരുന്നിടം വരെ ക്ഷമയോടെ കാത്തിരിയ്ക്കണം.
'പകലോനേ എനിയ്ക്കൊന്നു പറഞ്ഞു തരുമോ നിങ്ങളെങ്ങനെയാണ് ജീവിതത്തിലിത്രയും വിജയിച്ചതെന്ന്.ഈ പുറമുറ്റത്തെ പൂഴിമണ്ണില്‍ കോട്ടി വച്ച വാഴയിലയില്‍ നിങ്ങളു കഞ്ഞി കുടിച്ചിരുന്നതു ഞാനിപ്പോഴും ഓര്‍ക്കൂന്നു. ഇന്നിപ്പോ ലക്ഷങ്ങള്‍ തന്നു നിങ്ങളീ തറവാടു സ്വന്തമാക്കാന്‍ പോകുന്നു'.
വെട്ടാനോങ്ങി വച്ച ആയുധം പെട്ടെന്നു കൈയ്യില്‍ നിന്നു തെറിച്ചു പോയ അനുഭവത്തില്‍ പകലോന്‍ അന്തം വിട്ടുനിന്നു.
മാഞ്ചോട്ടില്‍ കിടന്നിരുന്ന ഒരു പഴയ ചാരു ബഞ്ചില്‍ കുറുപ്പു ചാരിയിരുന്നു.
-എങ്ങനെ ജയിച്ചു ഞാന്‍? കുറുപ്പു ചോദിച്ചതു ശരിയാണ്. പക്ഷെ അതെങ്ങനെ സാധിച്ചു. ഇതു വരെ അങ്ങനെയൊരു ചോദ്യം ആരും ചോദിച്ചിട്ടില്ല, അതുകൊണ്ടൊരുത്തരം പെട്ടെന്നങ്ങോട്ടു വരുന്നുമില്ല.
സാറ; അതെ അവളാണെന്റെ ജയം. നേഴ്സിഗ് ജോലിയ്ക്കായി അവള്‍ ചിക്കാഗോയിലെത്തിയില്ലായിരുന്നെങ്കില്‍? പകലോനിന്നുമൊരടിയാന്‍ മാത്രമായി കഴിഞ്ഞേനേ-
'കുറുപ്പേ ഒന്നുമെന്റെ ജയമല്ല. ഒക്കെ എന്റെ മകളു സാറയുണ്ടാക്കിത്തന്നതാ.
'അതെ മക്കട ജയം അതു രക്ഷാകര്‍ത്താക്കടജയമാണ്'
‘പഠിയ്ക്കുന്ന കാലത്ത് അവള്‍ വലിയ സമര്‍ദ്ധയായിരുന്നോ?' അല്‍പനേരത്തെ നിശബ്ദതയ്ക്കു ശേഷം കുറുപ്പു ചോദിച്ചു.
'അത്രയ്ക്കു മിടുക്കിയൊന്നുമായിരുന്നില്ല കുറുപ്പേ. പ്രീഡിഗ്രിയ്ക്കു രണ്ടു തവണ തോറ്റു'.
'എന്നിട്ട്'
'തോറ്റപ്പോള്‍ എനിയ്ക്കു ദേഷ്യം വന്നു.കൊറെ ചീത്തേം പള്ളുമൊക്കെ ആദ്യം പറഞ്ഞു.പക്ഷെ പിന്നെ ഞാന്‍ തന്നെ സമാധാനിപ്പിച്ചു. അടുത്ത തവണ തീര്‍ച്ചയായും ജയിയ്ക്കുമെന്നു പറഞ്ഞു പ്രോല്‍സാഹിപ്പിച്ചു ധൈര്യം കൊടുത്തു. ഒടുവില്‍ പ്രീ ഡിഗ്രി ജയിച്ചപ്പോള്‍ ഇടവകേലേ കപ്യാരുടെ ശുപാര്‍ശമേല്‍ അച്ചന്‍ കന്യാമേരീ നേഴ്സിഗ് സ്കൂളിലേക്കൊരു കത്തു കൊടുത്തു. അവിടുന്നു നേഴ്സിംഗ് ജയിച്ചിട്ടു നേരേ ബോംബെയ്ക്കു പോയി.’
‘അവിടേം ദുരിതമായിരുന്നു കുറുപ്പേ.കാലത്തു തൊട്ടു വൈകുന്നിടം വരെ കഫോം പഴുപ്പും കോരിയാല്‍ അഷ്ടിയ്ക്കുള്ളതു കിട്ടുമായിരുന്നില്ല. അവിടെക്കിടന്നെത്രകൊല്ലം കഷ്ടപ്പെട്ടിട്ടാ ഒടുവില്‍ എന്റെ കുട്ടി ചിക്കാഗോയിലെത്തിപ്പെട്ടത് ’.
നരച്ച രോമങ്ങള്‍ കൈയ്യേറിയ കുറുപ്പിന്റെ മുഖത്തെ ആലസ്യം അപ്പോഴാണു പകലോന്‍ ശ്രദ്ധിച്ചത്.
'അങ്ങനെയൊന്നുമല്ലായിരുന്നു ഈ വീട്ടിനുള്ളിലെ ജീവിതം. ഇവിടെയുള്ളവര്‍ പരസ്പരം നേര്‍ക്കു നേര്‍ക്കു കാണൂക കൂടി ചെയ്തിട്ടില്ല, സംസാരോമില്ല. ’
‘പൂമുഖത്തെ ആ ചാരു കസേരയില്‍ ഞാനങ്ങനെ കിടക്കും, ഉദയം തൊട്ടസ്തമനം വരെ ഒരു കാവല്‍നായയെപ്പോലെ. അകത്ത് ആരൊക്കെയാണ് എന്തൊക്കെയാണ് ഞാനൊന്നുമറിഞ്ഞിരുന്നില്ല'.
പകലോനത്ഭുതപ്പെട്ടു,ഇങ്ങനെയൊക്കെ സാറ പറയാറുണ്ടായിരുന്നു, അവളിതൊക്കെ എങ്ങനെ അറിഞ്ഞു?
കുറുപ്പു ഒരു മയക്കത്തിലാഴ്ന്നപോലെ കിടന്നു.
-അയാളുടെ മനസില്‍ കെട്ടിയലങ്കരിച്ച സപ്രമഞ്ചക്കിടക്ക,അതില്‍ അയാളങ്ങനെ കിടക്കുന്നു. രാത്രിയുടെ അന്ത്യയാമങ്ങള്‍. പാലപ്പൂവിന്റെ മൂക്കു തുളയ്ക്കുന്ന ഗന്ധം. കാല്‍പെരുമാറ്റമറിയിയ്കാതെ ഒരു സ്ത്രീരൂപം തന്നിലേക്കു പരതിക്കയറുന്നു. തന്റെ ജീവനീരൂറ്റിക്കുടിച്ചവള്‍ വന്നപോലെ അപ്രത്യക്ഷയാകുന്നു. അവളാരായിരുന്നു? തന്നെ വേളി കഴിച്ചിവിടെക്കൊണ്ടുവന്ന കൈകേയിക്കുഞ്ഞമ്മയോ അതോ....
കുഞ്ഞമ്മയുടെ യാതോരു ഭൗതിക അടയാളങ്ങളും തനിയ്ക്കു വ്യക്തമല്ലായിരുന്നല്ലോ, ഒരു സ്ത്രീയായിരിയ്ക്കാമെന്നുള്ളതൊഴിച്ച്. അതുകൊണ്ടു അതുകുഞ്ഞമ്മതന്നെ ആയിരുന്നു എന്നുറപ്പിയ്കാന്‍ തരമില്ല. കുഞ്ഞമ്മ നാലു മക്കളെ പ്രസവിച്ചു. അതിനിടെ കറവക്കാരന്‍ നാണുവിനു തൊഴുത്തില്‍ നിന്നന്തപുരത്തിലേക്കൊരൂടു പാതയുണ്ടായിരുന്നെന്നും കേട്ടിരുന്നു.
കുട്ടികളൊത്തിരിയായിരുന്നല്ലോ തറവാട്ടില്‍. കുഞ്ഞമ്മയുടെയും അവരുടെ അനിയത്തിമാരുടേയും. കുഞ്ഞമ്മയുടെ മൂന്നു പെണ്മക്കളും വിവാഹിതരായി. മരുമക്കത്തായമൊക്കെ മാറി അവരിപ്പോള്‍ വിദേശത്തെവിടെയൊക്കെയോ ആണല്ലോ-
'ഈ വീട് ഒരു ശാപമാണു പകലോനേ, അതുകൂടി പറയാനാണു ഞാന്‍ വിളിച്ചത്' കുറുപ്പു സ്വപ്നത്തില്‍ നിന്നും എഴുനേറ്റു.
'തന്റെ കുട്ടിയ്ക്കതൊന്നുമറിയില്ല. പിന്നീടു വെറുതെ മന:സ്താപത്തിനിടയാകരുത്'.
'അവള്‍ക്കൊക്കെ അറിയാം കുറുപ്പേ'പകലോന്‍ കുറുപ്പിനെ ആശ്വസിപ്പിച്ചു
'ഉവ്വോ. മിടുക്കി...പകലോനേ നിങ്ങളോടെനിയ്ക്കിപ്പോ അസൂയ തോന്നുന്നു'
പകലോനു വിശ്വസിയ്കാന്‍ കഴിഞ്ഞില്ല, ഇത്രേം വലിയ സ്വത്തുക്കളുള്ള കുറുപ്പിനു തന്നോടസൂയയോ?
'ഈ വീട്ടില്‍ സ്നേഹമെന്നു പറയുന്നതൊന്നില്ല പകലോനേ. പകലോനതൊന്നും മനസിലാവേല്ല'.
കുറുപ്പു വീണ്ടും സ്വപ്നത്തിലാണ്ടു.
-സ്നേഹിച്ചിരുന്നില്ലേ തന്നെ ഒരാള്‍, അടുക്കളക്കാരി കാര്‍ത്തു. അവളെ പ്രാപിയ്കാന്‍ സപ്രമഞ്ചം വിട്ടു ഉരപ്പുരയിലേക്കു ചെന്നിരുന്നില്ലേ. അവളുടെ കൊച്ചുകൊച്ചു കിന്നാരങ്ങളില്‍ ചിരിച്ചു രസിച്ച് സ്നേഹമെന്തെന്നാദ്യമായും അവസാനമായും അറിഞ്ഞ്, ഒടുവില്‍ അവള്‍ പ്രസവിച്ച മകന്റെ പിതൃത്വം പ്രശ്നമായപ്പോള്‍ അവളുടെ മുഖത്തു നോക്കി അക്രോശിച്ചു,'ഇവനെന്റെ മോനാണോടി' എന്ന്.
`അല്ല' എന്നു പറഞ്ഞവള്‍ നാടു വിട്ടു. എവിടയാണവളിപ്പോള്‍? എന്റെ മകനും?-
'അതൊക്കെ പഴേ കാര്യങ്ങളല്ലേ കുറുപ്പേ കള' പകലോന്‍ കുറുപ്പിനെ ഉപദേശിയ്ക്കാന്‍ ഒരു പാഴ്ശ്രമം നടത്തി.
'കുഞ്ഞമ്മയുടെ മകന്‍ വിദ്യാധരന്‍. എന്തായിരുന്നു ഞാനും അവനും തമ്മിലുള്ള ബന്ധം'
'അതു നിങ്ങളച്ഛനും മോനും തമ്മിലെന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായിക്കാണും, അതൊക്കെ മറക്കു കുറുപ്പേ'
'ഉം നാളേക്കൊണ്ടെല്ലാം അവസാനിക്കുകയാണു പകലോനേ. നാളെ കുഞ്ഞമ്മയുടെ മകന് എല്ലാം നഷ്ടപ്പെടുകയാണ്'
'വീടിനു പകരം നാല്‍പ്പത്തചുലക്ഷം ഞാനങ്ങോട്ടു തരുന്നില്ലേ കുറുപ്പേ?'
'പക്ഷെ അതിനേക്കാള്‍ കൂടുതല്‍ കടമാണവന്'.
പകലോനതു വിശ്വസിയ്കാനായില്ല.
'നാളെ രെജിസ്റ്റ്രേഷന്‍ കഴിഞ്ഞാല്‍ പിന്നെ അവന്‍ വഴീലാ'
'അയ്യോ കുറുപ്പേ ഞാനെന്റെ മോളോടു പറയാം, അവളു വരുന്നിടം വരെ നിങ്ങളിവിടെ താമസിച്ചോളൂ'
'മണ്ടത്തരം പറയാതിരിയ്ക്കു പകലോനേ. അവനെ ഇവിടെ താമസിപ്പിച്ചാല്‍ പിന്നെ അവനിവിടുന്നെറങ്ങൂല്ല'
'വേണ്ട കുറുപ്പിനെ വഴിലാക്കീട്ട് എന്റെ സാറയെന്നോടു പൊറുക്കില്ല'
'ഞാന്‍ വഴീലാവില്ല പകലോനേ, എനിയ്ക്കെന്റെ ഓഹരിയുണ്ട്. പമ്പാടില്,ഒരഞ്ചു സെന്റും, ഒരു ചെറിയ വീടും'.
പിന്നെയും കുറുപ്പു സ്വപ്നത്തിലാണ്ടു. സ്വപ്നത്തില്‍ നിന്നുണര്‍ന്നു പിന്നെയും പകലോനോടു പലതും പറഞ്ഞു, പൂങ്കാവു തറവാടിന്റെ ഒത്തിരി ഒത്തിരി കഥകള്‍. കഥകള്‍ കേട്ടു കേട്ടു പകലോന്‍ ഇടയ്ക്കൊക്കെ ഞെട്ടി.
രാവേറെ ചെല്ലുന്നിടം വരെ അയാളാ കഥകള്‍ കേട്ടിരുന്നു.
">Link