Saturday, November 04, 2006

കേരള മോഡല്‍- ഒരു ചരിത്ര വീക്ഷണം

വിസ്താരത്തില്‍ ഇന്ത്യയുടെ തൊണ്ണൂറിലൊന്നു ഭാഗവും ജനസംഖ്യയില്‍ മൂപ്പതിലൊന്നു ഭാഗവുമുള്ള കേരളം (എന്റെ അറിവനുസരിച്ച്‌) എങ്ങനെ ഇന്ത്യയുടെ മറ്റു സംസ്ഥാങ്ങളെ എന്നല്ല ലോകത്തിലെ മറ്റു വികസ്വര രാജ്യങ്ങളെപ്പോലും വികസന നിലവാരത്തില്‍ പിന്നിലാക്കിക്കൊണ്ട്‌ ചില വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തി എന്നുള്ളത്‌ അടുത്ത കാലത്തായി ആഗോള ചിന്തയിലെത്തിയ ഒരു വിഷയമാണല്ലോ? കേരള പ്രതിഭാസം,കേരള മോഡല്‍ എന്നൊക്കെ വിശേഷിപ്പിയ്ക്കുന്ന ഈ വികസനത്തിന്റെ പൊരുളും രഹസ്യങ്ങളുമറിയാന്‍, വികസിത രാജ്യങ്ങളില്‍ നിന്നു പലരും കേരളത്തിലെത്തി പഠനം നടത്തി എന്നുള്ളതും കേരളീയര്‍ക്കെല്ലാം അറിവുള്ള കാര്യങ്ങളാണ്‌. അമേരിയ്ക്കയില്‍ നിന്നെത്തിയ റിച്ചാര്‍ഡു ഫ്രാങ്കി എന്ന നരവംശ ശാസ്ത്രജ്ഞന്‍ അവരില്‍ ഒരു പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ കേരളമോഡല്‍ പഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിയ്ക്കാന്‍ താഴെക്കൊടുത്തിരിയ്ക്കുന്ന ലിങ്ക് സഹായിയ്ക്കും.‍

http://www.chss.montclair.edu/anthro/augpap.html

മനുഷ്യന്റെ മാനവിക-സാമൂഹിക വികസനം അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ക്കനുസരണമായിരിയ്ക്കും എന്നുള്ളതൊരു സാധാരണ സമ്പല്‍ പരികല്‍പ്പനയാണ്‌. അതിനെയാണ് കേരളത്തിലെ സമ്പത്തിക വികസന അനുഭവങ്ങള്‍ തള്ളിക്കളഞ്ഞത്. അതായത്‌ കേരളത്തിലെ ആളുകളുടെ സാമൂഹിക വികാസനിരക്ക്‌ അവരുടെ സാമ്പത്തിക വികാസ നിരക്കിനു മേലെയാണ്‌ എന്ന്.

ആധുനികതയുടെ സജ്ജീകരണങ്ങളും ഉപകരണങ്ങളുമില്ലാതിരുന്നിട്ടും കേരളത്തിലെ പാവപ്പെട്ട ആളുകള്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു തുല്ല്യമായ മനുഷ്യ വികസനം നേടിയെടുത്തു എന്നുള്ളതു ഫ്രാങ്കിയെ മാത്രമല്ല ലോകത്തെ മുഴുക്കെ അത്ഭുതപ്പെടുത്തി. അങ്ങനെ ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ കൊച്ചു കേരളം ഇന്‍ഡ്യയ്ക്കു പൊതുവെ അഭിമാനം പ്രദാനം ചെയ്തു എന്നുള്ളതില്‍ സംശയമില്ല. സാധാരണക്കാരും അല്ലാത്തവരുമായ കേരളിയര്‍ക്ക്‌ ഇതു തങ്ങള്‍ക്കു ലഭിച്ച അപൂര്‍വമായ ഒരംഗീകാരത്തിന്റെ അറിവായിരുന്നു. പ്രവാസി ലോകത്ത്‌ കേരളീയന്‌ അതൊരു പുതിയ സ്ഥാനവും മാനവും നേടിക്കൊടുത്തു എന്നുള്ളതിലും സംശയമില്ല.

എന്നാല്‍ ഈ പരികല്‍പനയെ ഒന്നു തല തിരിച്ചു നിര്‍ത്തിയാല്‍, അതായത്‌ മനുഷ്യന്റെ സാമ്പത്തിക വികസനം അവരുടെ മാനവിക വികസനത്തെ ആശ്രയിച്ചിരിയ്ക്കുന്നു എന്നു കല്‍പ്പിയ്ക്കുമ്പോള്‍ കേരളമോഡലിന്റെ അത്ഭുതങ്ങളെല്ലാം നഷ്ടപ്പെടുന്നു. അതായത് കേരളം ആര്‍ജ്ജിച്ച സാമൂഹ്യവികസനത്തിനനുസരണമായുള്ള സാമ്പത്തിക വികസനം അതിനു കൈവന്നിട്ടില്ല. ഇതാണ്‌ഫ്രാങ്കിയുടെ ഒരു പ്രതിയോഗിയായ ജോസഫ്‌ താരമംഗലത്തിന്റെ വീക്ഷണം.

ഈ രണ്ടു വീക്ഷണങ്ങളേയും കേരളത്തിന്റെ യഥാര്‍ഥ ചരിത്ര, സസ്കാരിക, മാനവിക മൂല്യങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണ്‌ മാവേലികേരളത്തിന്റെ ഒരു ലക്ഷ്യം.

സന്ദര്‍ഭം:

ഫ്രാങ്കിയുടെ പഠനകാലം പിന്നിട്ട്‌ കേരളമിന്ന് ഗ്ലോബലിസത്തിന്റെയും മാര്‍ക്കറ്റ്‌ എക്കോണമിയുടെയും കാലഘട്ടത്തിലെത്തി നില്‍ക്കുകയാണ്‌. ലോകത്തെ ഏറ്റവും കൂടുതല്‍ വികസിയ്ക്കുന്ന എക്കോണമിയിലൊന്നാണ്‌ ഇന്ത്യ എന്ന്‌ ലോകം മുഴുവന്‍ കൊട്ടിഘോഷിയ്ക്കുന്നു. കേരളവും ഈ വികാസത്തില്‍ ആഘോഷിയ്ക്കുന്നുവെന്നും, അതില്‍ സജീവ പങ്കാളിത്തം നേടുന്നു എന്നും വാര്‍ത്ത കേള്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം കൊണ്ട്‌ ഓഹരി സൂചിക അറുപതു ശതമാനത്തോളം ഉയര്‍ന്നപ്പോള്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വിലയേറിയ ഓഹരി വിപണിയായി ഉയര്‍ന്നു എന്നും വാര്‍ത്തയുണ്ട്‌. എല്ലാത്തിലും അഭിമാനമുണ്ട്‌. എന്നാലതോടൊപ്പം ചില പൊള്ളുന്ന വാര്‍ത്തകളും കേള്‍ക്കുന്നു. ഉദ: 'എന്റെ കരളെരിയുന്നു' എന്ന 'ഒരു കര്‍ഷകന്‍' ബ്ലോഗു വായിയ്ക്കുക.കേരളത്തിലെ ഒരു സാധരണ വ്യക്തി എങ്ങനെ വിഷത്തിന്റെയും, കീടനാശിനികളുടെയും നിരന്തര ഇരയായിക്കൊണ്ടിരിയ്ക്കുന്നു എന്ന വെളിപ്പെടുത്തല്‍ സ്വന്തമായ അനുഭവത്തിലൂടെ അദ്ദേഹം നടത്തുന്നു.

കേരളത്തിലെ ദിനപ്പത്രങ്ങളും മറ്റു മാധ്യമ പ്രസിദ്ധീകരണങ്ങളും, കേരളീയന്‍ ദിവസേന ഭക്ഷണത്തിലൂടെ എത്ര വിഷം അകത്താക്കുന്നു എന്നുള്ളതിന്റെ പല വിവരണങ്ങളും നല്‍കുന്നു. കായ്‌ കനികള്‍ പോലും ഈ വിഷ ലേപനത്തില്‍ നിന്നു രക്ഷപ്പെടുന്നില്ല. മറ്റയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും വന്‍തോതില്‍ ‍ ഈ വിഷങ്ങളുള്‍ക്കൊള്ളുന്നു എന്നു പറയുമ്പോള്‍, ഇത്‌ ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു കൊള്ളയുടെ നേര്‍ക്കുള്ള കണ്ണടയ്ക്കലാണെന്നു കാണാം.

1948നു ശേഷമാണ്‌ ഇന്ത്യയില്‍ മാരകമായ കീടനാശിനികള്‍ ഉപയോഗിയ്ക്കാന്‍ തുടങ്ങിയത്‌ എന്നറിയുന്നു.

അപകടകരമായ കീടനാശിനികളുടെ വിവേചനരഹിതമായ ഉപയോഗം തടയുന്നതിനു കേരളത്തില്‍ നിയമങ്ങളില്ലേ? ഉണ്ട്‌. പക്ഷെ അതു പൗരബോധത്തോടെയും നീതി നിര്‍വഹണബോധത്തോടെയും നടപ്പില്‍ വരുത്താന്‍ കേരളത്തിലെ ഭരണക്കാരോ, ഭരണം നടപ്പിലാക്കുന്നതിനു ചുമതലയേറ്റെടുത്ത സിവില്‍ ഉദ്യാഗസ്ഥന്മാരോ തയ്യാറല്ല. നിയമം സംരക്ഷിയ്ക്കുന്നതിനു പറ്റുന്ന ശമ്പളവും, നിയമ നിഷേധത്തിനു കിട്ടുന്ന കിമ്പളവും അവര്‍ക്കൊരുപോലെ വേണം. ഈ അവസ്ഥ ഇന്നു ഭക്ഷ്യ വിഷത്തിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതുമല്ല.

കൈക്കൂലി വാങ്ങുന്നത്‌ ഇന്നു കേരളത്തിലെ ഒരു ഉദ്യോഗസ്ഥന്റെ സമാര്‍ദ്ധ്യമോ അഥവാ സ്വയം അനുവദിച്ചെടുക്കുന്ന ബോണസോ ആയിരിയ്ക്കുന്നു. കൈക്കൂലിയെ വിമര്‍ശിയ്ക്കുന്നത്‌ ഒരു വലിയ സത്യത്തെ ഭാഗികമായി വീക്ഷിയ്ക്കുന്നതു കൊണ്ടുള്ള കുറ്റപ്പെടുത്തലായി വരെ അതു വാങ്ങുന്നവര്‍ പറയും.

വില്ലേജാഫിസില്‍ കൈക്കൂലിയ്ക്കും ഇപ്പോള്‍ താരിപ്പുണ്ടെന്നു പറഞ്ഞ്‌ കൈക്കൂലി ചോദിച്ച ഒരുദ്യോഗസ്ഥന്‍ അതവിടെ ഫീസു കൊടുക്കാന്‍ കഴിവില്ലാതെ വരുന്ന പാവങ്ങളെ സഹായിയ്ക്കാനാണെന്നാണു ഒരിയ്ക്കല്‍‍‍ പറഞ്ഞത്‌. പക്ഷെ ഇല്ലാത്ത ഫീസുണ്ടാക്കി വില്ലേജാഫീസില്‍ വരുന്ന പാവങ്ങള്‍, കൈക്കൂലി വാങ്ങിച്ചിട്ടും തങ്ങളുടെ പേപ്പറു സമയത്തിനു ചെയ്തുകൊടുക്കാത്ത ഉദ്യോഗസ്ഥന്മാരെക്കുറിച്ചു പരാതിപ്പെടുന്നു.

കൈക്കൂലിയുള്‍പ്പെടെയുള്ള വ്യാപകമായ കറപ്ഷനെക്കുറിച്ചു സംസാരിച്ചാല്‍ കേരളത്തിലെ നല്ല ഒരംശം ആളുകളും പ്രവാസിയോടു കരുണയോടെ സംസാരിച്ചെന്നു വരില്ല. കാരണം കേരളത്തില്‍ പണപ്പെരുപ്പവും കണ്‍സൂമറിസവും തുടങ്ങിവച്ചതു തന്നെ അവരാണെന്നു പറയും. ഇപ്പോള്‍ പിന്നെ മാര്‍ക്കറിന്റെ പ്രലോഭനങ്ങളും കൂടിയായപ്പോള്‍...

ഏതു സാഹചര്യത്തിലായലും പണപ്പെരുപ്പവും കന്‍സ്യൂമറിസവും സ്രിഷ്ടിച്ചതിന്റെ ഉത്തരവാദത്തില്‍ നിന്ന് പ്രവാസിയ്ക്കു പൂര്‍ണ്ണമയും ഒഴിഞ്ഞുമാറാനും പറ്റുകയില്ല. സാമ്പത്തിക ദീര്‍ഘവീക്ഷണവും നേത്രുത്വബോധവുമുള്ള പ്രായപൂര്‍ത്തി വന്ന ഒരു ഭരണ കൂടം കേരള‍ത്തിലുണ്ടായിരുന്നെങ്കില്‍ പ്രവാസിയുടെ പണത്തെ സൃഷ്ടിപരമായി നിക്ഷേപിയ്ക്കാനുള്ള അവഅരങങള്‍ ഒരുക്കുമായിരുന്നു എന്നുള്ളതു ശരിയാണ്‍്. എന്തൊക്കെയായാലും‍ കേരളത്തിലെ അപ്രവാസിയും പ്രവാസിയും തമ്മിലുള്ള സാമൂഹ്യ ബന്ധം ഒരു പഠനത്തിനു വിധേയമാക്കാനുണ്ട് എന്നാണെന്‍റ്റ അഭിപ്രായം.

ഭക് ഷ്യ് വിഷ കൈക്കൂലി മാത്രമല്ല, പൊതുവെ ഏതു വിഷയമെടുത്താലും സ്വന്തം താല്പര്യ ഗ്രൂപ്പിന്റ് മറയ്ക്കുള്ളില്‍ മാത്രം ഒതുങ്ങിനിന്നു അവയെ അഭിസംബോധന ചെയ്യുക കേരളീയന്റെ ഒരു പ്രത്യേകതയാണ്. പ്രവാസികളും അപ്രവാസികളുടെയും അവര്‍ക്കിടയിലുള്ള സബ് ഗ്രൂപ്പുകളും ഇത്തരത്തില്‍ തന്നെയാണ്‍് പ്രവര്‍ത്തിയ്ക്കുകയും ചിന്തിയ്ക്കുകയും ചെയ്യുന്നത്. ഇത്,‌ കേരളത്തിന്റെ വൈവിധ്യമായ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക പാരമ്പര്യത്തെയും അനുഭവങ്ങളേയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വെളിപ്പെടുത്തുകയാണ്‌. ഈ വൈവിധ്യം കേവല ബാഹ്യമായ; സാമ്പത്തിക, മത രാഷ്ട്രീയ വിശ്വാസങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായതുകൊണ്ടു നിസാരമാണെന്നു വാദിയ്ക്കുന്ന ധരാളം ആളുകളുണ്ടാകാം. കേരളത്തില്‍ മത രാഷ്ട്രീയ കാരണങ്ങളാലുണ്ടായ ലഹളകള്‍ അതേ സാഹചര്യത്തിലുള്ള മറ്റു സ്ഥലങ്ങളിലുണ്ടായവയില്‍ നിന്ന് കുറവായതും കേരളത്തിലെ ജനങ്ങള്‍ പൊതുവെ ഇത്തരം വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ പരസ്പരം സഹവര്‍ത്തിച്ചു പോരുന്നു എന്നുള്ളതും ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നതു കൊണ്ടു മാത്രം മലയാളിയുടെ ചരിത്ര സാംസ്കാരിക മേഖലയില്‍ ഒരുകാലത്ത്‌ അതിക്രമിച്ചു കടന്നു വന്ന അധിനിവേശത്തോടനുബമ്ന്ധിച്ചു നടപ്പായ ഉച്ചനീചത്വങ്ങളേയും,സാമ്പത്തിക ചൂഷണങ്ങളേയും അതനുഭവിച്ച ആളുകളുടെ, ബൗദ്ധിക, മാനസിക, ആത്മീയ തലങ്ങളില്‍ അഭിസംബോധന ചെയ്യപ്പെട്ട്‌ അവയ്ക്കു പരിഹാരം കണ്ടു എന്നര്‍ത്ഥമില്ല.

ഒന്നിനു മേലേ ഒന്നായി വന്ന അധിനിവേശ ശ്രുംഖലയില്‍ അവസാനം വിജയിയുടെ വേഷമണിഞ്ഞവര്‍ക്ക്‌ അനുകൂലമായി ചരിത്രം എഴുതിയുണ്ടാക്കുകയാണുണ്ടായത്‌. കേരളത്തിന്റെ മാത്രമല്ല, ഇന്‍ഡ്യയുടെ ചരിത്രത്തിലും ഇതു തന്നെയാണു സംഭവിച്ചത്‌. അതൊന്നും കേവലം യാദൃശ്ചികമായിരുന്നില്ല എന്നു മനസിലാക്കണമെങ്കില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കൊളോണിയ‍-മത- കണ്ണികളേയും കുറിച്ചു മനസിലാക്കേണ്ടിയിരിയ്ക്കുന്നു.

അധിനിവേശത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള കേരളത്തിന്റെ അവസ്ഥാന്തരം സംഘര്‍ഷരഹിതമാകാതിരുന്നതിന്റെ മറ്റൊരു കാരണം കേരളത്തിലെ സോഷ്യലിസ്റ്റു പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം കൂടിയാണെന്നു പറയാം. ശ്രീ നാരായണ ഗുരുവിന്റെ ധര്‍മ്മപരിപാലന യോഗങ്ങളും,കേരളത്തിലെ കമ്മൂണിസ്റ്റു മാര്‍ക്സിസ്റ്റു രാഷ്ട്രീയ പാര്‍ട്ടിയും അധിനിവേശത്തിനിരയായവരുടെ നിരാശകളെ അഭിമുഖീകരിയ്ക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ശ്രീനാരായണ ഗുരുവിന്റെ കാലത്ത്‌ അദ്ദേഹത്തിന്റെ യോഗങ്ങള്‍ക്ക്‌ ജാതീയ സ്വഭാവം കുറവായിരുന്നെങ്കിലും, പിന്നീടതൊരു ജാതീയ യോഗമായി മാറുകയാണുണ്ടായത്‌. മര്‍ക്സിസ്റ്റു കമ്മൂണിസ്റ്റുപാര്‍ട്ടിയും കാലക്രമേണ വെറും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായി മാറി. എങ്കിലും പാവപ്പെട്ടവന്റെ പാര്‍ട്ടി എന്നുള്ള പേരു അതിപ്പോഴും നിലനിര്‍ത്തുന്നതായി പറയുന്നു.


അധിനിവേശത്തിനിരയാകുന്നതിന്റെ ഒരു ഫലം ഇരകള്‍ സമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം തിരിയുകയാണ്‌. ഇന്‍ഡ്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം 1956 ല്‍ ജന്മമെടുത്ത കേരളത്തിന്റെ ഭരണകഷികള്‍ ആ ഇരകളുടെ നിലവിലുണ്ടായിരുന്ന സമ്പത്തിക പിന്നോക്കത്തെ മാത്രമേ സൗകര്യപൂര്‍വ്വം കണക്കിലെടുത്തുള്ളു. അവരെ പട്ടികകളിലും പിന്നോക്കക്കാരുമായി ജാതി വകുപ്പു തിരിച്ച്‌ ആ വകുപ്പില്‍ അവര്‍ക്കു കുറച്ചു ദാനങ്ങളും തരമാക്കി.

പിന്നീട്‌ ഈ പട്ടികകള്‍ക്കും പിന്നോക്കങ്ങള്‍ക്കും കൊടുക്കുന്ന ദാനം തന്നെ രാഷ്ട്രിയപ്പാര്‍ട്ടികള്‍ക്ക്‌ സ്വന്തം നില നില്‍പ്പിനുള്ള കൗശല തന്ത്രങ്ങളായി. കേരളത്തിലെ മാത്രമല്ല ഇത് ഇന്‍ഡ്യയുടെ മുഴുവനായുള്ള രാഷ്ട്രീയ അനുഭവമായിരുന്നു. എങ്കിലും കേരള‍ത്തിലെ ജനത സാമൂഹ്യ വികസനങ്ങളുടെ പേരില്‍ ഇന്‍ഡ്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളേയും പിന്നിലാക്കി. ഇതാണ്‌ കേരള മോഡല്‍ എന്നറിയപ്പെടുന്നത്‌. എന്നാല്‍ കേരളത്തിന്റെ ഈ സാമൂഹ്യ വളര്‍ച്ച അതിനനുസരിച്ച സാമ്പത്തിക വളര്‍ച്ചയ്ക്ക്‌ കാരണമായില്ല എന്നു തന്നെയുമല്ല അതിനെ പ്രതികൂലമായിത്തന്നെ ബാധിച്ചു എന്നുള്ളതാണ്‌ ചിലരുടെ അഭിപ്രായം. അതില്‍ പ്രധാനിയാണ്‌ ജോസഫ്‌ താരമംഗലം (The Perils of Social development Without Economic gowth: The Development Debacle Kerala, India) എന്ന തലക്കെട്ടില്‍ അദ്ദേഹമെഴിതുയ പേപ്പറ് തഴെപ്പറയുന്ന ലിങ്കില്‍ നിന്നു ലഭിയ്ക്കുന്നതാണ്. (
http://scholar.google.com/url?sa=U&q=http://www.infra.kth.se/courses/1H1142/Kerala_Paper_4.pdf. ).

ഈ പേപ്പറില്‍, കേരളത്തിന്റെ സാമ്പത്തിക ദുരവസ്ഥയ്ക്കുള്ള കാരണങ്ങള്‍ അതിന്റെ `മോഡല്‍’ വളര്‍ച്ചയില്‍ തന്നെ ജന്മം കൊണ്ടതാണെന്ന് അതിശക്തിയായി അദ്ദേഹം വാദിയ്ക്കുന്നു. താരംഗലത്തിന്റെ വാദഗതികളോട് ആശയപരമായി അനുകൂലിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ചില ആശയ സങ്കേതങ്ങളെ കേരളിയനു കണ്ടില്ലെന്നു നടിയ്ക്കനാവില്ല.

കേരളത്തിന്റെ സാമ്പത്തിക മരവിപ്പും, സാമൂഹ്യക്രമരാഹിത്യവും, രാഷ്ട്ട്രീയ സമസ്യയും അതിന്റെ സാമൂഹ്യ മോഡല്‍ വികസനത്തിന്റെ തന്നെ അടിസ്ഥാനമായി രൂപപ്പെട്ടുവന്ന സാമൂഹ്യ-സാംസ്കാരിക അവതാളങ്ങളുടെ പ്രതിഫലനങ്ങളല്ലേ എന്നദ്ദേഹം ചോദിയ്ക്കുന്നു. സാമൂഹ്യ ജീവിതത്തിനു രൂപം കൊടുക്കുന്ന നല്ല ആചാരക്രമങ്ങളെ വളര്‍ത്തിയെടുക്കുന്നതും, വ്യക്തികളില്‍ ആവശ്യമായ സാഹസബുദ്ധിയും കര്‍മ്മനിരതയും സൃഷ്ടിച്ചു നിലനിര്‍ത്തുന്നതിനുമായി സമൂഹത്തിന്റെ കൂട്ടായ ലക്ഷ്യങ്ങള്‍ ഒന്നായി അവതരിപ്പിയ്ക്കുന്നതിനും അവയെ ലക്ഷ്യപ്രാപ്തിയിലെത്തിയ്ക്കുന്നതിനും കേരള സമൂഹത്തിന്റെ പിന്നോക്കാവസ്ഥയ്ക്കു കാരണം ഈ അവതാളങ്ങള്‍ തന്നെയാണെന്നദ്ദേഹം അഭിപ്രായപ്പെടുന്നു. സാഹസബുദ്ധിയും കര്‍മ്മനിരതയും കേരളത്തിലെന്നേ അന്യം നിന്നുപോയിരിയ്ക്കുന്നു.

1990 നു ശേഷം കേരളത്തില്‍ നടപ്പാക്കിയ ആഗോളവല്‍ക്കരണം ഇന്നു കേരളത്തിന്റെ സാമ്പത്തിക നിശ്ചലത്യ്ക്കു കുറച്ചൊക്കെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. പക്ഷെ അതില്‍ നിര്‍മ്മാണ രംഗത്ത്‌ കേരളിയന്റെ സാഹസബുദ്ധിയും കര്‍മ്മനിരതയും എത്രകണ്ട്‌ പ്രയോഗക്ഷമമാക്കിയിട്ടുണ്ട്‌.വിദേശിയുടെ സാഹസബുദ്ധിയും കര്‍മ്മനിരതയും ഉപയോഗിച്ച് അവര്‍ നിര്‍മ്മിച്ച തത്വങ്ങളും നിര്‍മ്മിതികളും കടമെടുത്തു പുതുക്കി മിനുക്കി സേവന രംഗത്തെ കച്ചവട ഉപാധികളാക്കി വ്യാപാരം നടത്തുന്നതും അല്ലെങ്കില്‍ വിദേശിയുടെ നിര്‍മ്മാണ വസ്തുക്കള്‍ക്കു മാര്‍ക്കറ്റൊരുക്കുകയും വിദേശ സേവനരംഗത്തു വിലകുറച്ച തൊഴില്‍ ചെയ്യുകയുമല്ലാതെ മറ്റെന്തൊക്കെ മലയാളികള്‍ ഇന്നത്തെ മാര്‍ക്കറ്റധിഷ്ടിധ സമ്പത്ത്‌ വ്യവസ്ഥയില്‍ ചെയ്യുന്നുണ്ട്‌?

സൃഷ്ടിയിലും, കര്‍മ്മത്തിലും ഇന്നു കേരള ജനത പ്രവൃത്തിവൈഭവവും സാഹസികതയും ക്രിയാത്മകതയും നഷ്ട്ടപ്പെട്ട ഒരു ജനതയായി മാറിയിരിയ്ക്കുന്നു. ലോകത്തിന്റെ മുന്നില്‍ ഫ്രാങ്കിയുടെ പഠനം മലയാളിയ്ക്കു പേരുണ്ടാക്കിക്കൊടുത്തു എന്നു പറയുന്നതു ശരി തന്നെ. പക്ഷെ ലോക വേദിയില്‍ കേരളം അഥവാ ഇന്‍ഡ്യ ഒരു കൂട്ടായ വ്യക്തിത്വത്തിന്റെ പേരില്‍ എത്രമാത്രം ബഹുമാനിയ്ക്കപ്പെടുന്നു? തീര്‍ശ്ചയായും ഇന്നത്തെ ലിബറല്‍ ചുറ്റുപാടില്‍, ഒരു‍ ജനത എത്ര കൂട്ടായ്മയോടെ അവരുടെ പ്രശ്ന പരിഹാരങ്ങള്‍ക്കു ശ്രമിയ്ക്കുന്നു എന്നുള്ളതിനെ ആശ്രയിച്ചാണ് അവരുടെ വിജയ സധ്യതകള്‍ തീരുമാനിയ്ക്പ്പെടുന്നത്.

കേരള ജനത പ്രവൃത്തിവൈഭവം നഷ്ട്ടപ്പെട്ട ഒരു ജനതയായി മാറിയിരിയ്ക്കുന്നു എന്നാണല്ലോ പറഞ്ഞുവന്നത്. എന്നു പറഞ്ഞാല്‍ അങ്ങനെയൊരു വൈഭവം പണ്ടുണ്ടായിരുന്നോ എന്നൊരു ചോദ്യം പ്രസക്തമാകുന്നു.

ഇവിടെയാണ്, ചരിത്രത്തിന്റെ തിരിമറവിനു മുന്‍പില്‍ കേരളത്തിന്റെ ഒരു ചരിത്ര വിദ്യാര്‍ത്ഥി പകച്ചു നിന്നു പോകുന്നത്. നിലവിലുള്ള ചരിത്ര പാഠങ്ങളില്‍ ചെല്ലിയിരിയ്ക്കുന്നതും പാടിയിരിയ്ക്കുന്നതും കേട്ട് തിരിച്ചുപോകുന്നയാള്‍ക്ക്, അതിന്റെ പിന്നില്‍ ചൊല്ലാതെയും പാടാതെയും വച്ചിരിയ്ക്കുന്ന പലതും മനസിലാക്കന്‍ കഴിഞ്ഞെന്നു വരില്ല്.

കേരളപ്പിറവി ഉണ്ടായത് 1956 ലാണെങ്കിലും,കേരള ജനതയുടെ ചരിത്രം അതിനു വളരെ മുന്‍പേ തുടങ്ങുന്നു. മുന്‍പേ എന്നു പാറഞ്ഞാലെന്ന്?
സവര്‍ണ്ണ ക്രിസ്ത്യാനിയും, സവര്‍ണ്ണ മുസ്ലീമും, സവര്‍ണ്ണ ബ്രാഹ്മണരും അവരുടെ സേനാനികളും അവിടെ വരുന്നതിനു വളരെ മുമ്പേ. മത കൂട്ടക്കൊലയില്‍നിന്നോടി രക്ഷപ്പെടാനായി സിറിയയില്‍‍ നിന്നും കാനായില്‍ നിന്നും ക്രിസ്ത്യാനികളും യഹൂദരും കേരളത്തിലെത്തുന്നതിനു മുന്‍പേ.

ടിപ്പുവിന്റെ പടയോട്ടക്കാലത്തിനു മുന്‍പേ കേരളത്തില്‍ ‍ മുസ്ലീംഗളുണ്ടായിരുന്നു. അതുപോലെ ബ്രാഹ്മണ മതം കേരളത്തില്‍ അടിച്ചേല്‍പ്പിയ്ക്കുന്നതിനു മുന്‍പ് കേരളത്തിലെ ജനങ്ങള്‍ക്കു വേറെ മതമുണ്ടായിരുന്നു. കടന്നു വന്നവരുടെ ഒക്കെ ഉദ്ദേശം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ അധിപത്യം തന്നെയായിരുന്നു എന്നുള്ളതാണെന്റെ തോന്നല്‍.

അങ്ങനെയുള്ള അനേകം ആധിപത്യ പര‍മ്പരകളുടെ അവസാനം, കടന്നു വന്നവരൊക്കെ ചേര്‍ന്നുണ്ടാക്കിയതാണ് കേരളത്തിന്റെ സംസ്കാരമെന്നാണല്ലോ ആധുനിക കേരള‍ത്തിലെ ഒരു ചരിത്ര വീക്ഷണം. ആ വീക്ഷണത്തിന്റെ മറ്റൊരു വശം എന്താണെന്നു വച്ചാല്‍, എന്തു കൊണ്ടിവരൊക്കെ കേരളത്തിലേക്കു തന്നെ വന്നു എന്നുള്ളതാണ്. അല്ലെങ്കില്‍ എന്തുകൊണ്ട് അഫ്രിയ്ക്കയിലേക്കോ ആസ്ത്രേലിയയിലേക്കോ പോയില്ല. അതിന്റെ കാരണം അവരെയൊക്കെ ആകര്‍ഷിയ്ക്കുന്ന എന്തോ അന്നു കേരളത്തിലുണ്ടായിരുന്നു. കേരളവുമായി അവരുടെ രാജ്യങ്ങള്‍ക്കു വ്യാപാര വ്യവസായ ബന്ധങ്ങള്‍ ഉണ്ടായിരുന്നതു വഴി കേരളത്തിന്റെ സമ്പത്തിക ശേഷിയേക്കുറിച്ചും പ്രകൃതി സമ്പത്തിനേക്കുറിച്ചും എല്ലാത്തിനുമുപരി അവിടുത്തെ ജനതയില്‍ മാനവിക മൂല്യങ്ങള്‍ കുടികൊണ്ടിരുന്നു എന്നതിനേക്കുറിച്ചും അറിവുണ്ടായിരുന്നതു കൊണ്ടാണ് അവരങ്ങോട്ടു വന്നത് എന്നു മനസിലാക്കാന്‍ റോക്കറ്റ് ശാസ്ത്രജ്ഞന്റെ ബുദ്ധിയൊന്നും ആവശ്യമില്ല.

സാഹസബുദ്ധിയും, ക്രിയാത്മകത്വവും, സൃഷ്ടിശേഷിയും സര്‍വ്വോപരി കൂട്ടായ്മയുമുള്ള ഒരു ജനതയ്ക്കു മാത്രം കൈവരിയ്ക്കാന്‍ കഴിയുമായിരുന്ന നേട്ടങ്ങള്‍ അന്നത്തെ കേരള‍ ജനത കൈവരിച്ചിരുന്നു എന്നു മന‍സ്സിലാക്കാന്‍ ‍‍ ഈതെളിവുകളില്‍ കൂടുതല്‍ ആവശ്യമുണ്ടോ.


ജാതിയേയും മതത്തേയും കുറിച്ചു പറഞ്ഞ് വിഭാഗീയത ഇളക്കി വിടുകയല്ല ഈ എഴുത്തിന്റെ ഉദ്ദേശം. തല പോലും അറിയാതെ കേരളീയന്റെ മനസ്സില്‍ ആഴത്തിലാണ്ടു കിടക്കുന്ന വിഭാഗീയതയുടെ വിഷച്ചാലുകളെ പരപ്പിലെത്തിച്ച് അവയെ അഭിമുഖീകരിയ്ക്കുക ആ പ്രശ്നങ്ങള്‍ക്കു സത്യസന്ധമായ ഒരു പരിഹരം കാണാന്‍ സഹായിയ്ക്കുമെന്നുള്ള ഒരു ധാരണ മാത്രമേ ഇതിന്റെ പിന്നിലുള്ളു. അതു കേരളീയന്റെ സത്യമായ കൂട്ടായ്മയിലേക്കും അതുവഴി ക്രിയാത്മകതയിലേക്കും സാഹസിക ബുദ്ധിയില്ര്ക്കും അവരെ നയിയ്ക്കാനുള്ള ഒരു ഉപാധിയൊരുക്കും എന്ന പ്രതീക്ഷയുമുണ്ട്.

No comments: