രാമായണവും വിമാനവും എന്നുള്ള ചര്‍ച്ചയില്‍ ഉമേഷിന്റെ സ്വന്തം നിലപാട് താഴെപ്പറയുന്ന കൊട്ടേഷനില്‍ അടങ്ങിയിരിയ്ക്കുന്നു എന്നു കരുതുന്നു.
രാമായണത്തില്‍ വിമാനത്തെപ്പറ്റി പറയുന്നുണ്ടു്. അതിനു സംശയമില്ല. അതിന്റെ അടിസ്ഥാനത്തില്‍ “പ്രാചീനഭാരതത്തില്‍ വിമാനമുണ്ടായിരുന്നു. അതിന്റെ വ്യക്തമായ തെളിവു് രാമായണത്തിലുണ്ടു്” എന്നു പറയുന്നതിനോടാണു ഞാന്‍ പ്രതികരിച്ചതു്. ഇതു് രാമായണത്തിന്റെ മാഹാത്മ്യം കുറച്ചുകാണിക്കാനോ വാല്‌മീകിയെ അധിക്ഷേപിക്കാനോ ഭാരതീയപൈതൃകത്തിന്റെ ഉപാലംഭമോ ഒന്നുമല്ല. കാര്യം അറിയാതെ ഇങ്ങനെയുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെ മാത്രമാണു് ഞാന്‍ വിമര്‍ശിച്ചതു്.
വിമാനം പ്രാചീന ഭാരതത്തില്‍ ഉണ്ടായിരുന്നുവോ എന്നുള്ളത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥനത്തില്‍ മാത്രമേ സമര്‍ത്ഥിയ്ക്കാനാകൂ എന്നുള്ളതാണല്ലോ ഉമേഷിന്റെ നിലപാട്. അതിനോടു ഞാനും യോജിയ്ക്കുന്നു. പക്ഷെ രാമായണത്തിലെ വിമാനത്തിന്റെ വിവരങ്ങളടങ്ങുന്ന കുറച്ചു വരികളില്‍ ഒതുക്കിനിര്‍ത്താതെ ആ ശാസ്ത്രീയ അന്വേഷണം പുറത്തേക്കു കടക്കണമെന്നാഗ്രഹിയ്ക്കയും ചെയ്യുന്നു.
കാരണം രാമായണവും അതുപോലുള്ള ഗ്രന്ഥങ്ങളും പൊതുവെ തരുന്ന വിവരങ്ങളുടെ അടിസ്ഥനത്തില്‍ മാത്രം എത്തിച്ചേരുന്ന ഭാരതീയ സംസ്കാര-ശാസ്ത്രങ്ങളേക്കുറിച്ചുള്ള നിഗമനങ്ങള്‍ എത്രമാത്രം സത്യസന്ധമായിരിയ്ക്കുമെന്നുള്ള സംശയം തന്നെ. അതിനു കാരണം രാമായണം ഒരു ചരിത്രകഥയാണോ എന്നുള്ള തര്‍ക്കമല്ല.
രാമായണം ഒരു ചരിത്രകഥയായി അംഗീകരിയ്ക്കത്തക്ക ഉപാധികള്‍ അതിലുണ്ടെന്നു വിശ്വസിയ്ക്കാന്‍ പ്രയാസമാണ്. എന്നു പറഞ്ഞാല്‍ ഒരു സംഭവത്തിന്റെ വസ്തുനിഷ്ഠമായ വിവരണത്തെയാണ് ചരിത്രം എന്ന ആശയം കോണ്ടു വിവക്ഷിയ്ക്കുന്നത്.
എന്നിരുന്നാലും രാമായണത്തില്‍ ഇന്ത്യന്‍ ജനതയുടെ വായ്ത്താരിയിലൂടെ കാലങ്ങള്‍ പിന്നിട്ടു കടന്നു വന്ന ഒരു ചരിത്രത്തിന്റെ വികലമായ ആവിഷ്കാരമുണ്ട്, അശാസ്ത്രീയതയും വര്‍ഗ്ഗീയതയും, രാഷ്ട്രീയവുമുണ്ട്.
അതുകൊണ്ടു അതാര്, എന്ന്, എങ്ങനെ, എന്തിനുവേണ്ടി എഴുതി എന്നുള്ളത് അതിന്റെ തന്നെ ചരിത്രത്തിലേക്കുള്ള ഒരു ശാസ്ത്രീയ അന്വേഷണത്തെ പ്രോല്‍സാഹിപ്പിയ്ക്കുന്നു. വിമാനത്തെക്കുറിച്ചു പറയുന്നതിനിടയില്‍ വര്‍ഗ്ഗീയത കുത്തിത്തിരുകുന്നു എന്നാരെങ്കിലും ആക്ഷേപിച്ചാല്‍ എനിക്കൊന്നേ പറയാനുള്ളൂ:വര്‍ഗ്ഗിയ-ജാതി മേല്‍ക്കോയ്മകള്‍ ഇന്ത്യയുടെ ആത്മാവിലടിച്ചേല്‍പ്പിക്കപ്പെട്ട ശാപവും വ്യാഥിയുമാണ്. ഒരു ബക്കറ്റു വെള്ളം ഒഴിച്ചാല്‍ എവിടെയെങ്കിലും പതിഞ്ഞ ചെളി ഒഴുകിപ്പോകുന്നതു പോലെ അതു വെറുതെ അങ്ങൊഴുകിപ്പോകുകയില്ല. അതു മനുഷ്യരുടെ മനസില്‍ പതിഞ്ഞിരിയ്ക്കുന്ന അവസ്തകളാണ്.
ഹേയ് വര്‍ഗ്ഗീയ ജാതി മേല്‍ക്കൊയ്മയോ ഇവിടെ അതൊന്നും നടന്നിട്ടില്ലല്ലോ, ഇന്ത്യയുടെ കോണ്‍സ്റ്റിറ്റൂഷനൊന്നു നോക്കിയ്ക്കേ ജാതി-വര്‍ഗ്ഗീയത എന്നേ ഉച്ചാടനം ചെയ്തു, പിന്നെ വര്‍ണ്ണ വ്യത്യാസം അതു ശാസ്ത്രീയമാണ്.
എന്നിങ്ങനെ പറഞ്ഞുകൊണ്ട് അതിനൊക്കെ ഉത്തരവാദികളായവര്‍ ഒഴിഞ്ഞുമാറിയതുകൊണ്ടൊന്നും അതടിച്ചേല്‍പ്പിച്ച അവസ്ഥകള്‍ അവയനുഭവിച്ച ആളുകളുടെ മനസില്‍ നിന്നും ഒഴുകിപ്പോകുകയില്ല. അതിനുത്തരവാദപ്പെട്ടവര്‍ സ്വയം കുറ്റമേറ്റെടുക്കുന്നിടം വരെ ഇന്ത്യയുടെ പ്രാചീനതയെ ചുറ്റിപ്പറ്റിയുള്ള ആശയസംവേദനമുണ്ടാകുന്ന എല്ലാ സന്ദര്‍ഭങ്ങളിലും അതിന്റെ വര്‍ഗ്ഗ-ജാതീയ പശ്ചാത്തലത്തേക്കുറിച്ചുള്ള ചിന്തകള്‍ ഉയര്‍ന്നുവന്നുകൊണ്ടേയിരിയ്ക്കും എന്നുള്ളതു വേദനാജനകമായ ഒരു സത്യമാണ്.
തന്നെയുമല്ല ആ വര്‍ഗജാതി രാഷ്ട്രീയം ഇന്ത്യയുടെ കടിഞ്ഞാണ്‍ വലിയ്കാന്‍ തുടങ്ങിയ അന്നു മുതല്‍ ഇന്ത്യയിലുണ്ടായിട്ടുള്ള എല്ലാ സങ്കേതങ്ങളും പ്രസ്ഥാനങ്ങളും പിന്നീടു പഠനവിഷയമാക്കുമ്പോള്‍, അതൊരു വര്‍ഗീയ ശൂന്യതയിലാകുന്നതില്‍ നീതിയോ ഔചിത്യമോ ഇല്ല. രാമായണവും അത്തരത്തിലുള്ള ഒരു പ്രസ്ഥാനമായാണ് രൂപം കൊണ്ടത്. അതുകൊണ്ട് അതിലേക്കുള്ള ശാസ്ത്രാനേഷി ചരിത്രാന്വേഷിയും സത്യാന്വേഷിയുമായിരിയ്ക്കണം.
രാമായണത്തിന്റെ കാവ്യഭംഗിയില്‍ കുമ്പിട്ടുപോകാത്ത ഭാരതീയ ശിരസ്സില്ല.
പക്ഷെ രാമന്റെ ആജ്ഞാനുവര്‍ത്തികളായിത്തീര്‍ന്ന കുരങ്ങന്മാര്‍, അവരാരായിരുന്നു? അവര്‍ ഇന്ത്യയുടെ തെക്കുഭാഗത്തുണ്ടായിരുന്ന ജനങ്ങളായിരുന്നു എന്നു സംശയിയ്ക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? അവരുടെ ബുദ്ധിപ്രഭാവവും, സ്നേഹവും, കരുണയും സാഹോദര്യവും,സാമൂഹ്യതയും, യുദ്ധവീര്യവും, ആത്മാര്‍ഥതയും മന:ശക്തിയും ഒക്കെ രാമന്‍ വേണ്ടുവോളം ഉപയോഗിച്ചു, പക്ഷെ രാമായണത്തിന്റെ ആശയധാരയില്‍ അവര്‍ വെറും കുരങ്ങന്മാരും, കരടികളും, കാട്ടുജന്തുക്കളൂം ഒക്കെയായി.
രാമായണം ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളേക്കുറിച്ചു വളരെക്കുറച്ചേ പറയുന്നുള്ളു.
ഇന്ത്യയില്‍ കുടിയേറിയവരുടെ (ഇവര്‍ 19 -ആം നൂറ്റാണ്ടിനു ശേഷം മാക്സു മുള്ളരുടെ ആശയാനുസരണം ആര്യന്മാരായി) തെക്കോട്ടുള്ള വ്യാപനമാണ് രാമായണത്തിന്റെ ചരിത്രം എന്നുള്ളതു പൊതുവെ അറിയപ്പെടുന്ന ഒരു കാര്യമാണ്. എന്നാല്‍ ഉത്തമപുരുഷനായ രാമന്റെ കാനനത്തിലെ തിരോധാന ജീവിതമായാണ് അതിന്റെ ഭൂരിഭാഗവും അവതരിപ്പിച്ചിരിയ്ക്കുന്നത്. സീതാപഹരണവും രാവണ-രാമ യുദ്ധവും വികാരപ്പൊലിമയോടെ അവതരിപ്പിച്ച്, രാമന്റെ വ്യക്തിപ്രഭാവത്തില്‍ കീഴ്പ്പെട്ടു പോയ കുരങ്ങന്മാരെയും അതില്‍ കീഴ്പെടാന്‍ തയ്യാറാകാഞ്ഞ അധര്‍മ്മികളെ യുദ്ധം ചെയ്തു കീഴ്പ്പെടുത്തി യതുമായുള്ള കഥകളാണല്ലോ രാമായണത്തിന്റെ കഥാതന്തു.
ഈ കാരണങ്ങളാലാണ് രാമായണമെന്ന കൃതി, ഇതിഹാസമെന്ന കാറ്റിഗറിയിലുള്‍ക്കൊള്ളിച്ച് ഇവിടെ ‘ഇങ്ങനെ നടന്നിരുന്നു ’ എന്നാളുകള്‍ ഉല്‍ഘോഷിയ്ക്കുമ്പോളും ഇവിടെ നടന്നിട്ടുള്ള കാര്യങ്ങളുമായി അഥവാ ഇന്ത്യയുടെ പ്രാചീന ചരിത്രസത്യങ്ങളുമായി ഇതിനെത്ര സാമ്യമുണ്ട് എന്നുള്ളതൊരു സംശയമാകുന്നത്.
ഈ വലിയ സംശയകാന്‍വാസ്സിലെ ചെറിയ ഒരു കോറല്‍ മാത്രമാണ് വിമാനവിവരണം ഉള്‍ക്കൊള്ളുന്ന രാമായണത്തിന്റെ വരികള്‍.
രാമായണം എഴുതി എന്നു പറയുന്ന വാല്‍മീകിയുടെ കാര്യത്തിലുമില്ലേ ഈ അശാസ്ത്രീയത. ഒരു വേടനായി ജനിച്ച് വാല്‍മീകത്തിനുള്ളില്‍ തപസു ചെയ്തു ബ്രഹ്മത്വം പൂകി എന്നു പറയുന്നു. രഘുവംശം എഴുതിയ കാളിദാസനും ഇങ്ങനെയൊരു രണ്ടാം ജന്മ്നുണ്ടായി എന്നു കഥകള്‍ പറയുന്നു. നിരക്ഷരകുക്ഷിയായ ഒരാട്ടിടയന്റെ നാവില്‍ കാളീഭഗവതി നാരായം കൊണ്ടു ഹരി:ശ്രീ എന്നെഴുതിയെന്നും അങ്ങനെ കാളിയുടെ ദാസന്‍ കാളിദാസന്‍ ആയി എന്നും കഥ.
ഇന്നറിയുന്ന രാമായണങ്ങള്‍ എഴുതപ്പെട്ട സംസ്കൃത ഭാഷയുടെ ആവിര്‍ഭാവത്തെക്കുറിച്ചുമുണ്ടല്ലോ സംശയങ്ങള്‍; അതൊരു കപടഭാഷയായി സ്വാര്‍ത്ഥ-തല്പരകക്ഷികള്‍ രുപപ്പെടുത്തിയെടുത്തതാണെന്നും മറ്റും.
രാമായണത്തിലെ സ്വഭാവരൂപീകരണങ്ങളിലുമുണ്ടല്ലോ അശാസ്ത്രീയത. സീതാപരിത്യാഗം വരെ രാമന്‍ സ്വന്തമായി എടുത്ത തീരുമാനങ്ങളെല്ലാം ഉദാത്തങ്ങളായിരിയ്ക്കെ, സീതാപരിത്യാഗത്തിലെത്തുമ്പോള്‍ സ്വന്തം ഭാര്യ പിഴച്ചവളാണ് എന്നന്യര്‍ പറയുന്നതുകേട്ടു നട്ടെല്ലു വളയുന്ന ഒരു വെറും ശുംഭനായി മാറുകയാണദ്ദേഹം. സീത പ്രതിനിധാനം ചെയ്യുന്ന ഇന്ത്യയുടെ സ്ത്രീത്വം രാമായണമെഴുതിയ കാലഘട്ടത്തില്‍ അനാഥമാകുന്നു. കൈകേയിയുടെ സ്ത്രീപ്രഭാവമുള്‍ക്കൊള്ളുന്ന ആ കാലഘട്ടത്തിന്‍് സീതയുടെ സ്ത്രീത്വം ഉള്ക്കൊള്ളാന്‍ കഴിയതെ വന്നതല്ലേ അതിനു കാരണം. ഭാരതീയ സ്ത്രീസത്വം സീതയില്‍ നിന്നും കൈകേയിമാരിലേക്കു കൈമാറ്റപ്പെടുന്നതിന്റെ തുടക്കം കൂടിയാണത്.
പറഞ്ഞുവരുന്നത് പുരാതന ഭാരതത്തിന്റെ ശാസ്ത്ര-സാങ്കേതികനൈപുണ്യം രാമായണത്തിന്റെ വിമാന വരികളില്‍ തട്ടി ജഡായുവിന്റെ ചിറകുകള്‍ പോലെ കരിഞ്ഞു വീഴുന്ന ഒന്നല്ല എന്നാണ്.
ആ വിഷയത്തിലേക്ക് ഒരല്‍പം കടക്കുന്നതിനു മുന്‍പായി ഒന്നു പറയട്ടെ, മനുഷ്യ ചരിത്രത്തില്‍ സ്ഥിരമായുള്ളത് അസ്ഥിരതയണ്. എന്നു പറഞ്ഞാല്‍ എല്ലാം എപ്പോഴും മാറിക്കോണ്ടേയിരിയ്ക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍, നമ്മളേക്കാള്‍ പ്രതിഭാധനന്മാരായിരുന്ന ഒരു ജനത ഇതിനു മുന്‍പ് ഈ ലോകത്തില്‍ ജീവിച്ചിരുന്നിരിയ്കാം എന്നുള്ളതൊരു സാദ്ധ്യതയാണ്. തെളിവില്ലാത്തതുകൊണ്‍ട് അതൊരു conjecture ആയേക്കാം എന്നാലും ഒരു delusion ആകാന്‍ വഴിയില്ല.
പരേതനായ കേരള സാഹിത്യസാമ്രാട്ട് ഓ. വി.വിജയന്‍ എഴുപതുകളില്‍ ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്‍ഡ്യയില്‍ ഒരു റഷ്യന്‍ ആര്‍ക്കിയോളജിസ്റ്റ് ആയ Dr.A Gorbovsky യുടെ ‘Ancient India may have had n-arms ’ എന്ന ലേഖനത്തെ അടിസ്ഥാനപ്പെടുത്തി ഒരു ലേഖനം എഴുതിയിരുന്നു. ഇതിന്റെ ഭാഗങ്ങള്‍ രാമായണത്തിന്റെ ഒരു വെബ് പരിഭാഷയില്‍ ഞാന്‍ വായിച്ചതായി ഓര്‍ക്കുന്നു.
താഴെപ്പറയുന്ന ഒരു ലിങ്കില്‍ അടുത്തകാലത്തായി ഇതിനെക്കുറിച്ചുള്ള ഒരു ലേഖനം വായിയ്ക്കുകയുണ്ടായി.
:http://www.nexusmagazine.com/articles/ancatomicwar2.html
ഇവിടെയും ഉമേഷിന്റെ പോസ്റ്റില്‍ ജോയിയുടെ കമന്റിലെ ലിങ്കില്‍ ഉള്ളതുപോലെ Atlantisഉം പുരാതന രാമരാജ്യവും സാമകാലീന രാജ്യശക്തികളായിരുന്നു എന്നു പറയുന്നു.
പുരാതന ഭാരതത്തിന്റെ ചരിത്രത്തിന് ആഗോള ചരിത്രത്തില്‍ നിന്നും വ്യതിരക്തമായ ഒരു നിലനില്‍പ്പില്ല. ആഗോള ചരിത്ര വീക്ഷണത്തില്‍ ഇന്നു വരെ നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യവര്‍ഗത്തിന്റെ ഉല്‍ഭവം ഉണ്ടായത് ആഫ്രിയ്ക്കന്‍ ഭൂഖണ്ഡത്തിലാണ്. ആഫ്രിയ്ക്കയില്‍ നിന്നും ഏഷ്യയിലേക്കും യൂറോപ്പിലേക്കും 70000ത്തിനും 30000ത്തിനും വര്‍ഷങ്ങള്‍ക്കിടയില്‍ കുടിയേറിയവരുടെ ഒരു കൂട്ടമാണ് ഭാരതത്തിലെത്തിയത്. ഭാരതത്തിന്റെ തന്നെയല്ല ലോകത്തിന്റെ തന്നെ ഭൂപ്രകൃതി ഇന്നു കാണുന്നതിലും വളരെ വ്യത്യസ്ഥമായിരുന്നു അന്ന്. ഭാരത, ഈജിപ്ഷ്യന്‍, മായന്‍ തുടങ്ങിയ സംസ്കാരങ്ങള്‍ ആ അതിപുരാതന ജനതകള്‍ സൃഷ്ടിച്ചെടുത്തവയാണ്‍്. ആ സംസ്കാരങ്ങള്‍ തമ്മില്‍ വ്യാപാര വ്യവസായ ജ്ഞാന സമ്പര്‍ക്കങ്ങളും കൈമാറ്റങ്ങളുമുണ്ടായിരുന്നു.
ആത്മീയതയും ഭൌതികതയും തമ്മിലുള്ള ഭര്‍ത്സനം അഥവാ the clash of civilisation, അത് ആധുനിക കാലത്തിന്റെ മാത്രം സൃഷ്ടിയാണെന്നു കണക്കാക്കാന്‍ പറ്റുമോ?
ഇന്ത്യയുടെ വികസനം ആത്മീയമായിരുന്നു എന്ന് ഇന്ത്യയുടെ സംസ്കാരം നിലകൊള്ളുന്ന മനസ്സുകള്‍ക്കറിയാം. ലോക ജനതയില്‍ ഇന്നും ഇന്ത്യന്‍ ജനതയുടെ uniquness നും ഇതു തന്നെ കാരണം. ആത്മീയതയുടെ നേരെ ആഞ്ഞടിയ്ക്കുന്ന ഭൌതികതയുടെ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഭാരതചരിത്രം മാത്രമല്ല ലോക ചരിത്രം തന്നെ എക്കാലവും പഠനവിഷയമാകേണ്ടത്. കാലാകാലങ്ങളീല്‍ ഈ പോരാട്ടത്തിനു വര്‍ണ്ണ, വര്‍ഗ, ജാതി, രാഷ്രീയ പരിവേഷങ്ങള്‍ ചാര്‍ത്തപ്പെട്ടു എന്നു മാത്രം.
ഈ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ പുരാതന സാംസ്കാരിക-ശാസ്ത്രീയ-വികസനത്തിന്റെ കാലഘട്ടത്തെക്കുറിച്ചു കൃത്യമായ പഠനങ്ങള്‍ ഇനിയും നടക്കുന്നതേയുള്ളൂ. പക്ഷെ ഈ പഠനങ്ങളീല്‍ ഇന്ത്യാക്കരന്റെ വ്യക്തിപ്രഭാവം ഏതളവു വരെ പതിഞ്ഞിരിയ്ക്കുന്നു എന്നുള്ളതു രാജ്യത്തെ കുറിച്ചഭിമാനം കൊള്ളുന്ന ഏതു വ്യക്തിയും ശദ്ധിച്ചു മനസ്സിലാക്കേണ്ടിയിരിയ്ക്കുന്നു. ആഫ്രോ, ചൈനീസു തുടങ്ങിയ സംസ്കാര ജനതകളെല്ലാം, സ്വന്തം സംസ്കാരത്തെക്കുരിച്ചു സ്വന്തമായ നിലയില്‍ പഠനം നടത്തുമ്പോള്‍, ഇന്ത്യാക്കാരന്‍ മാത്രം ഇന്നും വര്‍ഗ്ഗീയതയില്‍ നല്ല ഒരംശം വരെ മൂക്കു കുത്തി നില്‍ക്കുന്ന പാശ്ചാത്യനെ ആ ജോലി ഏല്‍പ്പിച്ചിട്ട് അതില്‍ നിന്നു വീണു കിട്ടുന്ന ഉഛിഷ്ടത്തില്‍ ഭൃഷ്ടാന്നഭോജനം നടത്തി ഏമ്പക്കം വിടുന്നു.
ഇന്നറിയപ്പെടുന്നതില്‍ ഏറ്റവും പുരാതനമായ ഇന്ത്യന്‍-സിന്ധു നാഗരികത മുകളില്‍ പറഞ്ഞ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏതാണ്ടു 7000ത്തില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിന്റെ ഉച്ചകോടിയെ പ്രാപിച്ചിരുന്നു എന്നുള്ളതിനെ ഇന്നെതിര്‍ക്കാന്‍ കഴിയാത്ത ഒരു നിലയില്‍ എത്തിച്ചേന്നിരിയ്ക്കുന്നു. ഈ സാംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങളെ മാറ്റിമറിച്ച് പശുവിനെ കുതിരയാക്കാനും, ആനയെ തേടാനും പരാക്രമം കാട്ടുന്ന ഒരു ഭൌതിക വര്‍ഗ ശക്തി, ഈ സംസ്കാരത്തിന്റെ ആത്മീയതയ്ക്കു മുകളില്‍ ഇന്നും ആധിപത്യത്തിനു ശ്രമിയ്ക്കുന്നു എന്നുള്ളത് ഇതിനെക്കുറിച്ചു പഠിയ്ക്കുന്ന ആരും തള്ളിക്കളയാവുന്ന ഒന്നല്ല.
ഭാരതത്തിന്റെ പുരാതനത്വത്തെക്കുറിച്ചു പഠിയ്ക്കാനൊരുങ്ങുന്ന ഏതൊരാളും മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ എവിടെയൊക്കെയോ വഴിമുട്ടി നില്‍ക്കേണ്ടിവരുന്നു. ശാസ്ത്രീയത ഇവിടെ ഈ തരത്തില്‍ എത്രമാത്രം പ്രായോഗികമാകാം എന്നുള്ളതും ഒരു ചിന്താവിഷയമായി മാറും. എന്നിരുന്നാലും ചരിത്രം സയന്‍സില്‍ നിന്നും വളരെ വ്യത്യസ്തവുമാണ്. ചരിത്രത്തില്‍ rational ആയ വായ്ത്താരികളും കേട്ടുകേള്‍വികളും പ്രാധാന്യമര്‍ഹിയ്ക്കുന്നതീക്കാരണത്താലാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ രാമനും, കൃഷ്ണനും ഒരു കാലത്ത് ഇന്ത്യയുടെ ഭാഗധേയത്വം തീരുമാനിച്ച ചരിത്ര പുരുഷാന്മാരായിരുന്നു എന്നു ചിന്തിയ്ക്കുന്നത് സത്യത്തില്‍ നിന്നും അത്ര അകലത്തിലായിരിയ്ക്കുകയില്ല എന്നു തോന്നുന്നു. പക്ഷെ അവരു ജീവിച്ചിരുന്നതോ പ്രവര്‍ത്തിച്ചിരുന്നതോ രാമായണവും ഭാരതവുമെഴുതപ്പെട്ട കാലഘട്ടത്തിനു വളരെ വളരെ പിന്നിലായിരുന്നു എന്നു മാത്രം. രാമായണം ത്രേതായുഗത്തിലേയും മഹാഭാരതം ദ്വാപരയുഗത്തിലേയും സംഭവങ്ങളാണെന്നു പറയുന്നുണ്ടല്ലോ? പക്ഷേ വാല്‍മീകിരാമായണം എഴുതപ്പെട്ടതു ബി. സി. മൂന്നാം നൂറ്റാണ്ടിലും മഹാഭാരതം എഴുതപ്പെട്ടതു ബി.സി രണ്ടാം നൂറ്റാണ്ടിനു മുന്‍പുമാണ് (Ancient India by V.D. Mahajan). അതും അന്നെഴുതപെട്ടത് ഏതു ഭാഷയിലായിരുന്നു എന്നുള്ളതൊരു ചിന്താവിഷയമാണ്. ഇന്നത്തേക്കേതാണ്ട് അയിരത്തില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പു മാത്രമേ സംസ്കൃതത്തിന്റെ ലിപിയായ ദേവനാഗരി ലിപി രൂപം കൊണ്ടിരുന്നുള്ളു എന്നാണെന്റെ അറിവ്.
ഇന്ത്യയുടെ പുരാതന സാംസ്കാരിക ചരിത്ര നായകന്മാരെ ഉപയോഗിച്ച്, പിന്നീടു കുടിയേറിവന്ന വര്‍ഗ്ഗീയ-ഭൌതീക-പ്രമാണിമാര്‍, അവരുടെ രാഷ്ട്രീയ സ്വേഛാധിപത്യത്തിനു വേണ്ടി എങ്ങനെ ഇവിടെ അറിവിന്റെ രാഷ്ട്രീയം രൂപപ്പെടുത്തി എന്നുള്ളതാണ് രാമായണ, മഹാഭാരത കൃതികളുടെ ചരിത്ര-ശാസ്ത്രീയ അന്തര്‍ധാര. ഈ വിഷയത്തെ ഒഴിച്ചു നിര്‍ത്തി രാമായണത്തിന്റെ ചില വരികളീല്‍ മാത്രം ശാസ്ത്രീയത തേടുന്നത് ആശയങ്ങളുടെ ഒരു വിഷമ വൃത്തത്തിലേക്കു നയിയ്ക്കുമെന്നല്ലാതെ എന്തെങ്കിലും ക്രിയാത്മക സൃഷ്ടിയിലെക്കതു വഴി തെളിയ്ക്കുമോ എന്നുള്ളതു കാത്തിരുന്നു കാണേണ്ടിയിരിയ്ക്കുന്നു.
പുരാതന ഭാരതത്തിന്റെ നേട്ടങ്ങളെക്കുറിച്ചു വസ്തുനിഷ്ഠമല്ലാത്ത അറിവുകള്‍ കൊടുത്ത് അതിന്റെ ആധികാരികതയെ മലിനപ്പെടുത്തുന്നു എന്നു വിഷമിയ്ക്കുന്ന ഏതൊരു കൂട്ടായ്മയും അതിലേക്കുള്ള സത്യസന്ധമായ ഒരു സമ്പൂര്‍ണ്ണ അനേഷണത്തിനു പരിപാടികളൊരുക്കുകയാണു വേണ്ടത്. അങ്ങനെയൊന്നിനു വേണ്ടി മുന്നോട്ടു വരേണ്ട സമയം ഇപ്പോള്‍ തന്നെ വല്ലാതെ അതിക്രമിച്ചിരിയ്ക്കുന്നു.
15 comments:
വിമാനം പ്രാചീന ഭാരതത്തില്‍ ഉണ്ടായിരുന്നുവോ എന്നുള്ളത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥനത്തില്‍ മാത്രമേ സമര്‍ത്ഥിയ്ക്കാനാകൂ എന്നുള്ളതാണല്ലോ ഉമേഷിന്റെ നിലപാട്. അതിനോടു ഞാനും യോജിയ്ക്കുന്നു. പക്ഷെ രാമായണത്തിലെ വിമാനത്തിന്റെ വിവരങ്ങളടങ്ങുന്ന കുറച്ചു വരികളില്‍ ഒതുക്കിനിര്‍ത്താതെ ആ ശാസ്ത്രീയ അന്വേഷണം പുറത്തേക്കു കടക്കണമെന്നാഗ്രഹിയ്ക്കയും ചെയ്യുന്നു.
ഇന്നത്തേക്കേതാണ്ട് അയിരത്തില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പു മാത്രമേ സംസ്കൃതത്തിന്റെ ലിപിയായ ദേവനാഗരി ലിപി രൂപം കൊണ്ടിരുന്നുള്ളു എന്നാണെന്റെ അറിവ്.
---
സംസ്കൃതത്തിനങ്ങിനെ ഒരു പ്രത്യേകം ലിപിയൊന്നുമില്ലായിരുന്നു മാഷേ. ഭാരതം അതിന്റെ കഥ പറയുന്നതു തന്നെ, പലരാലും ആഖ്യാനം ചെയ്യപ്പെട്ടു വന്നതു തുടര്‍ന്നാഖ്യാനം ചെയ്യുന്നു എന്ന മട്ടിലാണു്. ജനമേജയന്റെ സര്‍പ്പയജ്ഞത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടതാകാം ഒരു പക്ഷെ പ്രക്ഷിപ്തങ്ങള്‍ ഒഴിച്ചു നിര്‍ത്തിയ ഇന്നത്തെ ഭാരതം. പറഞ്ഞു വന്നതു്, സംസ്കൃതം ശ്രുതിയുമായി ബന്ധപ്പെട്ടു വായ്‌മൊഴിയിലൂടെ വളര്‍ന്ന ഭാഷയായിരുന്നു. കാലാകാലങ്ങളില്‍ ദേശങ്ങളില്‍ സംസ്കൃതം എഴുതപ്പെട്ടത് വ്യത്യസ്ത ലിപികളിലായിരുന്നു. ബ്രഹ്മിയും, പ്രാകൃതവും, നാഗരിയും, ഗ്രന്ഥവും, മലയാളവുമെല്ലാം സംസ്കൃതം എഴുതുവാന്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ടു്. അതുപോലെ ഇതിഹാസങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍ ത്രേതായുഗം എന്നൊന്നും പറയുന്നതില്‍ അര്‍ഥമില്ല, വിമാനമെന്ന ആശയത്തെ കാല്പനികം എന്നു വിവക്ഷിക്കുമ്പോള്‍ മന്വന്തരമെന്ന യുഗഗണിതത്തെ അതികാല്പനികത എന്നു വിവക്ഷിക്കണം, എന്നാലേ ചര്‍ച്ച അതിന്റെ യഥാര്‍ഥ ലക്ഷ്യം കാണൂ. ലേഖനം നന്നായി, അല്പം ബ്ലോട്ടഡ് ആയി തോന്നിയെങ്കിലും.
ലേഖനം വളരെ വസ്തുനിഷ്ഠവും പഠനാര്‍ഹവുമാണു്.
സിന്ധു നാഗരികത പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏതാണ്ടു 7000ത്തില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിന്റെ ഉച്ചകോടിയെ പ്രാപിച്ചിരുന്നു എന്നറിവു പകര്‍ന്നു തന്നതു പോലുള്ള പഠനങ്ങളിലൂടെ പുതിയ അറിവുകള്‍ ഉണ്ടാവട്ടെ. മവേലി ചിന്തോദ്ദീപകം.
ബെന്നീ
ആശയങ്ങളോട് അനുകൂലമായ നിലപാട് പ്രോത്സാഹനജനകമാണ്.സന്തോഷം
പെരിങ്ങോടന്‍,
കമന്റിന്റെ വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പ്, എന്നെ എന്തിനാണ്‍് ‘മാഷ്’ എന്നു വിളിച്ചിരിയ്ക്കുന്നത്. മാവേലികേരളം എന്ന ബ്ലോഗു പേരു കാണ്ടിട്ടാണോ, പക്ഷെ എന്റെ പ്രൊഫൈല്‍ നോക്കിയില്ലേ? അതോ നിങ്ങട സ്ഥലത്ത് സ്ത്രീകളെ ‘മാഷ്’ എന്നോണോ വിളിയ്ക്കുന്നത്. അപ്പോ മാഷ്മാരെ എന്താ വിളിയ്ക്ക.
പിന്നെ ഒരിയ്ക്കല്‍ നടന്ന സംഭവങ്ങള്‍ പിന്നീടുരേഖപ്പെടുത്തുമ്പോള്‍ ആ കാലഘട്ടത്തിന്റെ സാമൂഹ്യ-വര്‍ഗ്ഗ-രാഷ്ട്രീയതകളായിരിയ്ക്കും അതില്‍ പതിച്ചുവയ്ക്കുക എനുള്ള ആശയമാണല്ലോ ഞാന്‍ മുന്നോട്ടു വച്ചത്. ഇന്നു നാം കാണുന്ന രാമായണവും ഭാരതവുമൊക്കെ ദേവനാഗരി ലിപിയില്‍ എഴുതപ്പെട്ടതല്ലേ? അങ്ങനെയെങ്കില്‍ അതെഴുതപ്പെട്ട കാലത്തിന്റെ രാഷ്ട്രീയവും അതില്‍ പതിഞ്ഞിട്ടുണ്ടെ എന്നാണ് ഞാന്‍ എഴുതിയത്.
പിന്നെ യുഗഗണിതം എങ്ങനെയാണ് അശാസ്ത്രീയമായത്? കാലം മാറുകയും എല്ലാം വളരുകയും നശിയ്ക്കുകയും ചെയ്യുന്നു എന്നുള്ളതു ശാസ്ത്രീയമല്ലേ? അറിയാന്‍ ചോദിയ്ക്കുകയാണ്.
വേണുവിന്
സ്ഥിരമായി തരുന്ന പോത്സാഹനത്തിനു വളരെ സന്തോഷം.
hcsysorry for disturbance. this is not an ad.,only a test to pinmozhi.kindly remove this after u read.
പ്രിയ ബ്ലോഗ്ഗ് വായനക്കാരെ,
ബൂലൊകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ചിലരുടെ ശ്രമഫലമായി ചിത്രകാരന്റെ ബ്ലൊഗിലെ കമന്റുകളൊന്നും പിന്മൊഴികളില്‍ തെളിയുന്നില്ല.
സുഖിപ്പിക്കല്‍ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ ബാലിശമായ ഈ നിലപാട് അവരുടെ ഇടുങ്ങിയമനസിന് ആശ്വാസം നല്‍കട്ടെ എന്നാശിക്കാം.മലയാള ബ്ലൊഗ് ലോകത്തെ ഒരു നേഴ്സറി സ്കൂളിന്റെ വലിപ്പാത്തിനപ്പുറം (ബ്ലൊഗ് അംഗസംഖ്യയില്‍)വികസിക്കാന്‍ അനുവദിക്കാത്ത ചില ബാലമനസുകളുടെ ഈ വിക്രിയയെ മലയാള ബ്ലൊഗ് കുത്തകവല്‍ക്കരണ ശ്രമമായി തന്നെ കാണെണ്ടിയിരിക്കുന്നു. നിലവിലുള്ള നന്മനിറഞ്ഞ മലയാളം ബ്ലൊഗ് വഴികാട്ടികള്‍ക്കു പുറമെ ഭാവിയില്‍ ഇനിയും നല്ല സാങ്കേതിക പരിജ്ഞാനമുള്ളവരും സഹിഷ്ണുതയുള്ളവരുമായ മനുഷ്യര്‍ മുന്നൊട്ടു വരാന്‍ ഇത്തരം ഗ്രൂപ് കുതന്ത്രങ്ങള്‍ക്ക് കഴിയട്ടെ !!!!!യൂണിക്കൊട് മലയാളം കെരളത്തിലെ ഇന്റര്‍നെറ്റ് കഫെകളിലൂടെ വ്യാപകമാക്കുന്നതിലൂടെ മലയാളബൂലൊകത്തിന് "പ സു"ക്കളുടെ തൊഴുത്തില്‍നിന്നും മോചനം ലഭിക്കുന്ന തരത്തില്‍ ഒരു വികാസം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പൊള്‍ കഫെകളില്‍ അശ്ലീലത്തില്‍ മുങ്ങിത്തഴുന്ന കുട്ടികള്‍ക്ക് ആകര്‍ഷകവും ക്രിയാത്മകവുമായ ഒരു ലൊകം പകരം നല്‍കാനും ഇതിലൂടെ സാധിക്കും.
http://chithrakaran.blogspot.com
മാവേലി കേരളം സ്ത്രീയാണെന്നറിഞ്ഞില്ല, മാഷ് വിളി ഒരു അബദ്ധമായി, ഇനി ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കാം. ഭാരതം രേഖപ്പെടുത്തിയ കാലത്തെ സാമൂഹിക-രാഷ്ട്രീയക്രമങ്ങള്‍ അതില്‍ പ്രക്ഷിപ്തങ്ങളായി പതിഞ്ഞു കാണുമെന്നുള്ളതില്‍ സംശയമില്ല, അതില്‍ പക്ഷെ ആയിത്തഞ്ഞൂറു കൊല്ലം മുമ്പത്തെ ദേവനാഗരിയുടെ പ്രഭാവം മനസ്സിലായില്ല.
ചില കാര്യങ്ങള്‍ പറയട്ടെ,
1. ഭാരതവും രാമായണവും എഴുതപ്പെട്ട ഭാഷ സംസ്കൃതമാണെങ്കിലും ലിപി ദേവനാഗരിയല്ല, പിന്നീട് പല ലിപിയിലും പകര്‍ത്തെഴുതപ്പെട്ടിട്ടുണ്ട്.
2. 7000 കൊല്ലം മുമ്പുമാത്രം പാകമായ സംസ്കൃതിയില്‍ ത്രേതായുഗത്തിലെ (2 കോടി കൊല്ലങ്ങള്‍ക്കു മുമ്പ്) രാമനെങ്ങനെ ഉണ്ടാകുന്നു എന്നുള്ളതു വളരെ യുക്തിയുള്ള ചോദ്യമാണു്, അതേ സമയം ഇതിഹാസത്തിനെ തരം പോലെ കാല്പനികമായും തരം പോലെ ചരിത്രമായും വായിക്കുന്നതില്‍ സംഭവിക്കുന്ന അബദ്ധവുമാണു്.
kpപെരിങ്ങോടരേ ക്ഷമിയ്ക്കണം,
ഇവിടെ സ്കൂളിലും വീട്ടിലുമുള്ള പണി കാരണം ബ്ലോഗിലോട്ടൊന്നു മനസിരുത്തി ചിന്തിയ്ക്കാന്‍ നേരം കിട്ടിയില്ല.
ആദ്യമൊരു സംശയം. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന രാമായണവും ഭാരതവുമൊക്കെ ദേവനാഗരി ലിപിയിലല്ലേ എഴുതിയിരിയ്ക്കുന്നത്. അതേതു കാലഘട്ടത്തിലാണ് എഴുതിയത്? എന്റെ അറിവില്‍ അതു പന്ത്രണ്ടാം നൂറ്റാണ്ടില്‍, ഇന്ത്യയുടെ വര്‍ഗാധിപത്യത്തിനൊരു പുതിയ മാനം ഉണ്ടാക്കിയ വിജയനഗരസാമ്രാജ്യത്തിന്റെ പ്രഭാവകാലതതാണ്. പണ്ടെവിടെയോ വായിച്ചതാണ്‍്. ഇപ്പോല്‍ ref ചെയ്യാന്‍ കഴിയുന്നില്ല. ര്‍ക്ക് വേദവും (ദേവനാഗരിയില്‍)എഴുതപ്പെട്ടതതേതാണ്ടാ കാലഘട്ടമാണെന്നു പറയുന്നു. ര്‍ക്കുവേദത്തില്‍ ധാരാളം തിരിമറികള്‍ നടന്നിട്ടുള്ളതായി ചരിത്രകാരനന്മാര്‍ രേഖപ്പെടുത്തുന്നു. അപ്പോല്‍ പിന്നെ അത്തരം മാറ്റങ്ങള്‍ രാമായണത്തിലും ഭാരതത്തിലും ഉണ്ടാകാമല്ലോ
പിന്നെ ഈ ത്രേതായുഗം 2 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളതാണ് എന്നതെവിടുണ്ടായ കണക്കാ?
തല്‍ക്കാലം നിര്‍ത്തട്ടെ. സംവാദം തുടരട്ടെ
അണ്ണ എല്ലാം കൊള്ളാം, ബെസ്റ്റ കേട്ട.
എല്ലം വായിച്ചില്ല.
അതെങ്ങന. വരികള്‍ക്കെല്ലാം നീളം ഇത്തിരി കൂടുതല്‍. ഉമേഷ് അണ്ണന്റെ "ബസില്സ്" ഇതിലും എളുപ്പമല്ലെ.
ഉദാഹരണം:
ഇതു അണ്ണന്റെ ഒരു വരി.
"കാരണം രാമായണവും അതുപോലുള്ള ഗ്രന്ഥങ്ങളും പൊതുവെ തരുന്ന വിവരങ്ങളുടെ അടിസ്ഥനത്തില്‍ മാത്രം എത്തിച്ചേരുന്ന ഭാരതീയ സംസ്കാര-ശാസ്ത്രങ്ങളേക്കുറിച്ചുള്ള നിഗമനങ്ങള്‍ എത്രമാത്രം സത്യസന്ധമായിരിയ്ക്കുമെന്നുള്ള സംശയം തന്നെ."
വയനക്കരുടെ തലച്ചോറിനെ ഇങ്ങനെ rubber band പോലെ വലിച്ച് നീട്ടി അതില്‍ കയറി ഊഞ്ഞാലാടണോ. ഇത്രയും കഷ്ടപെടുത്തണോ. എന്തരെല്ലാം ചെയ്യാം ആ നേരം കൊണ്ടു.
വരികളുടെ നീളം ഇത്തിരി കുറക്കു അണ്ണ. പറയാനുള്ളത് "ദേ ഇഞ്ഞോട്ട്... ഇതാണു കാര്യം കേട്ട..." എന്നു പറയണ്ണം. ചുറ്റി ചുറ്റി തലകറക്കല്ലെ.
പിന്ന ഇതെല്ലാം ഒരു part part അയിറ്റ് എഴുത്. ഇത് ഒരുമാതിരി ലാവമ്മാര മെഗ സീരിയലു കണക്കാങ്ങ് പോവെല്ലെ. ജോലികളു് തെറിക്കണത് ചുമ്മേണ?
കൈപ്പള്ളീ
പരാതികളൊക്കെ വരവു വച്ചു. ഇനി എഴുതുമ്പോള്‍ ആക്കര്യങ്ങള്‍ പ്രത്യേകം പരിഗണയിലെടുക്കാം, പരിഹരിയ്ക്കാം.
പിന്നെ വേറൊരു കാര്യം കൈപ്പള്ളീ, ഈ ബ്ലോഗിലെ ചിലര്‍ക്കൊക്കെ എന്താ ഒരു gender confusion.
ഈപോസ്റ്റിന്റെ കമന്റില്‍ തന്നെ പെരിങ്ങോടരോടു ഞാന്‍ ചോദിച്ചിരുന്നു ഇതു പോലൊരു ചോദ്യം. എന്നെ എന്തിനാ മാഷേ എന്നു വിളിയ്ക്കുന്നത് എന്ന്? കൈപ്പള്ളീ അതു കണ്ടില്ലേ?
അതു കണ്ടിട്ടാണെങ്കില്‍ ഈ അണ്ണാ വിളീ വീണ്ടും എന്തു കോണ്ട്?
ബ്ലോഗിലൊക്കെ gender confusion ഒരു serious വിഷയമണെന്നു തോന്നുന്നു.
എന്താ കൈപ്പള്ളീ എന്റെ പേരിലീ confusion ന്റെ കാരണം.വിശദമാക്കുമല്ലോ
ആ വിളി ക്ഷമിക്കത്തക്കതല്ലേ, മാവേലീ?
വായനക്കാരെല്ലാരും പ്രൊഫൈലില്‍ പോയി ആണോ പെണ്ണോ എന്നു നോക്കിയായിരിക്കില്ലല്ലോ മറുപടി എഴുതുന്നത്? മാവേലി എന്നു കേട്ടാല്‍ ആണാണെന്ന് തോന്നിപ്പോവുന്നത് സാധാരണമല്ലേ? അതുകൊണ്ട്, മാഷേന്നും സാറേന്നും പിന്നെ കൈപ്പള്ളി സ്വതസിദ്ധമായി അണ്ണാന്നും വിളിച്ചു എന്നാണ് എനിക്കു തോന്നുന്നത്.
ഇതൊക്കെ നീയെന്തിനാ ഏറ്റുപിടിക്കുന്നതെന്നു ചോദിച്ചാല്‍, ഉത്തരം മുട്ടി:)
ശേ. ഇത്രയും കാലം മാവേലി ഒരു പുരു"സ"ന്‍ എന്നാണു ഞാന്‍ നിനൈച്ചത്.
സന്തോഷ് പറഞ്ഞത് വളരെ ശരി. സന്തോഷെ: ഡാങ്സ്.
gender confusion ഉണ്ടാക്കിയത് ഞാനാണോ? ചേച്ചിയല്ലെ?
മാവേലി is a പുരുഷന്‍. അപ്പോള്‍ ആ പേരു ഉപയോഗിച്ച് എഴുതുന്ന ആളും is also a പുരുഷന്‍ എന്നല്ലെ (എന്നെപ്പോലെ) വിവരം ഇല്ലാത്തവര്‍ കരുതു.
Rani of Jhansi എന്നു പേര്‍ വെച്ച് ആണുങ്ങള്‍ എഴുതിയാല്‍ അവനെ എന്തു വിളിക്കും? അവനു തന്നെ gender confusion ഉള്ളവനാണെന്നല്ലെ പറയു.
ഹേ! താങ്കള്‍ അങ്ങനെയാണെന്നു ഉദ്ദേശിച്ചിട്ടില്ല. എല്ലാവരും എന്നെപോലെ ആവണം എന്നില്ലല്ലോ? യേത്?
സഹോദരി മണ്ണിക്കണം. ഈ pseodonym അത്രക്ക് ഏക്കണില്ല. അയലുവക്കകാര്‍ എന്തരെങ്കിലും പറയും. മ്വശം.
പിന്ന ആദ്യം പറഞ്ഞ കാര്യം മറക്കണ്ട. :) അതാണു് പ്രധനം. മാവേലിയായലും ഝാന്സി റാണിയായാലും എഴുത്ത് നന്നായ മതി.
സസ്നേഹം
കൈപ്പള്ളി
സന്തോഷേ, കൈപ്പള്ളീ
ഒരു clarification അത്രേ ഉദ്ദേശിച്ചുള്ളു.
ബ്ലോഗില്‍ ചേരുമ്പോള്‍ ഞാന്‍ ചോദിച്ച പേര്‍് കമ്പുട്ടറു തന്നില്ല. ബ്ലോഗ് ഒരു വിശ്വാസത്തിന്റെ ആവിഷ്കാരമായി വരുമ്പോള്‍ അതു വെറുമൊരു പേരായിക്കൂടാ. നമ്മുടെ നാടിനു നഷ്ടമായ ഒരു ചരിത്രത്തിന്റെ ഓര്‍മ്മകള്‍ക്കു പുതിയ ജീവന്‍ കൊടുക്കുക അന്ന ആഗ്രഹമയിരുന്നു. അതുകോണ്ടാകാം ഞാനപ്പോള്‍ പുതിയ ഒരു ചരിത്ര നാമം തേടിയത്. കമ്പ്യൂട്ടറതു കനിഞ്ഞുതരുകയും ചെയ്തപ്പോല്‍ കൂടുതലായി ഒന്നും ആലോചിച്ചില്ല.
അല്ലെങ്കില്‍ തന്നെ എതെല്ലാം വിളിപ്പേരുകളാണ് ബ്ലോഗില്‍
മാവേലിയെ ഏതര്‍ത്ഥത്തിലാണ് ഞനെടുത്തത് എന്നൊരു ബ്ലോഗു ഞാന്‍ പോസ്റ്റു ചെയ്തിരുന്നു. ‘മാവേലി ഒരു രാജാവോ ചരിത്ര സത്യമോ‘ എന്ന പേരില്‍. മാവേലിയുടെ ആ നല്ല നാളുകളുടെ ഒരു പ്രതി നിധീകരണം മാത്രാമാണു ഞാന്‍.
പിന്നെ മാഷേ, ചേട്ടാ അണ്ണം എന്നൊക്കെ വിളിച്ചാ പേരുകള്‍ അങ്ങുറച്ചുകഴിഞ്ഞാല്‍ ഒരു കാലത്തു നേരില്‍ കാണാനിടയായി എന്നു വയ്ക്കുക.
അതുകൊണ്ടു പരഞ്ഞു എന്നു മാത്രം
Post a Comment