Thursday, November 09, 2006

ഗാര്‍ഹിക പീഡന നിരോധന നിയമം

'ദയവായി വേഗം വരൂ, എന്നെയും എന്റെ മക്കളേയും അയാള്‍ കൊല്ലാന്‍ പോകുന്നു' മരണത്തെ നേര്‍ മുന്നില്‍ കാണുന്ന ഒരിരയുടെ പ്രാണ വേദന മുഴുവന്‍ ആ അപേക്ഷയില്‍ അടങ്ങിയിരുന്നിട്ടും ക്യാപ്റ്റന്‍ മക്കുംഗ അതു കേട്ട്‌ നിര്‍വികാരനായി ഇരുന്നതേ ഉള്ളു. 'ഇതാ ഉടനെ ക്യാപ്റ്റന്‍ സാന്‍ഡിയേ വിടുന്നു' എന്ന് ആ അപേക്ഷയ്ക്കു മറുപടി പറഞ്ഞത്‌ ഒരു പതിവില്‍‍‍ കവിഞ്ഞൊന്നുമായിരുന്നില്ല. 'ഹൊ ഈ പെണ്ണുങ്ങട കരച്ചിലും വിളിയുമില്ലാത്ത ഒരു ദിവസമുണ്ടായെങ്കില്‍' ഫോണ്‍ താഴെവയ്ക്കുമ്പോള്‍ അദ്ദേഹം പിറുപിറുത്തു.

മൂന്നു ദിവസം കഴിഞ്ഞ്‌ ഒരു സ്ത്രീയുടെയും പുരുഷന്റയും, രണ്ടു കുട്ടികളുടെയും ജഡങ്ങള്‍ പോലീസ്‌ ഒരു വീട്ടില്‍ നിന്ന്, അയല്‍ വക്കക്കാരുടെ പരാതിയേത്തുടര്‍ന്നു കണ്ടെടുത്തു.


തുടര്‍ന്നുള്ള അന്വേഷണഫലമായി, മരണത്തിന്‌ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ്‌ അവരുടെ ഫോണില്‍ നിന്ന് പോലീസ്‌ സ്റ്റേഷനിലേക്കു വിളിച്ചിരുന്നു എന്നും ആ സമയത്തെ ഡ്യൂട്ടി ക്യാപ്റ്റന്‍ മക്കൂംഗ ആയിരുന്നെന്നും, ഭര്‍ത്താവ്‌ ഭാര്യയേയും മക്കളേയും വെടിവച്ചുകൊന്നിട്ട്‌ സ്വയം അത്മഹത്യ ചെയ്തതാണെന്നും പോലീസിനു മനസിലായി.

കൂടാതെ കൊല്ലപ്പെട്ട സ്ത്രീ ഒരാഴ്ചക്കു മുമ്പ് ഡിസ്ട്രിക്ട് ‌ മജിസ്രേട്ടു കോടതിയില്‍ നിന്ന് ഘാതകനായേക്കാവുന്ന ഭര്‍ത്താവിനെതിരെ റെസ്റ്റ്രിക്ഷന്‍ (restriction)‍‍ ഉത്തരവു നേടിയിരുന്നു എന്നും. സൗത്താഫ്രിയ്ക്കയിലെ ഗാര്‍ഹിക പീഠന നിരോധന നിയമമനുസരിച്ച്‌, കലഹമുണ്ടാകുന്ന ദമ്പതികളില്‍ ഒരാള്‍ക്കു ക്രിമിനല്‍ സ്വഭാവസാദ്ധ്യതകളുണ്ടെങ്കില്‍ ആ ആളെ മറ്റേ ആളിന്റെ സമീപത്തു പോലും വരുന്നതില്‍ നിന്നു നിയമപരമായി വിലക്കുന്ന ഉത്തരവാണ്‌ ഈ ഓര്‍ഡര്‍.

പേരുകള്‍ യാത്ഥാര്‍ദ്ധ്യമല്ലെങ്കിലും, മുകളില്‍പ്പറഞ്ഞ സംഭവം യാത്ഥാര്‍ഥ്യമാണ്‌.


ഇന്‍ഡ്യയില്‍ ഗാര്‍ഹിക പീഡന നിരോധന ആക്ട്‌ ഈയിടെ നിയമമായി എന്നു കേട്ടപ്പോള്‍ ഓര്‍ത്തുപോയതാണ് ആ സംഭവം‌. ആ സംഭവത്തിന്റെ തനിപ്പകര്‍പ്പെന്ന നിലയിലാണ് സൌത്താഫ്രിയ്ക്കയില്‍ പീഠനത്തിനിരയാകുന്ന സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നത്. പീഠന നിയമത്തിനു ചെയ്യാനാവുന്ന പരമാവധി കാര്യക്ഷമത ഉണ്ടായിട്ടും മനുഷ്യ മനസിന്റെ പകയ്ക്കു മൂന്നില്‍ അതിനൊന്നുമാകാന്‍ കഴിയാതെ പോകുന്ന അവസ്ഥ. ‍

വളരെ വിപ്ലവകരമെന്ന് ചിലരവകാശപ്പെടുന്ന, കേരളിയന്റെ അധവാ ഇന്ത്യാക്കരന്റെ വ്യക്തി-സാമൂഹ്യ-സാമ്പത്തിക ജീവിതത്തെ, മുഴുവനായി മാറ്റങ്ങള്‍ക്കു വിധേയമാക്കാന്‍ കഴിവുള്ള ഈ നിയമത്തിന്റെ ഫലസാധ്യതകളെക്കുറിച്ചു പക്ഷെ ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ സ്ത്രീ സംഘടനകള്‍ വളരെ കരുതലോടെയാണു സംസാരിയ്ക്കുന്നത്‌. ഈ നിയമം നേരത്തേ നടപ്പിലാക്കിയ സൌത്താഫ്രിയക്കയെ പോലെയുള്ള രാജ്യങ്ങളില്‍ നിന്നു ലഭിയ്ക്കുന്ന വിവരങ്ങള്‍ അവര്‍ ശ്രദ്ധിച്ചു പഠിയ്ക്കുന്നുണ്ടാകാം.

' ഗാര്‍ ഹിക പീഡന നിയമം കൊണ്ടുവന്നതു കൊണ്ടു മാത്രം കാര്യമായില്ല, നിയമം ഉപയോഗിയ്ക്കുവാന്‍ സ്ത്രീകളേയും, സമൂഹത്തേയും ബോധവല്‍ക്കരിക്കുകയാണ്‌ വേണ്ടതെന്ന്` കഴിഞ്ഞ ദിവസം വനിതാ കമ്മീഷനും കേരള സംസ്ഥാന അസൂത്രണ ബോര്‍ഡും ഒന്നിച്ചു തിരുവനന്തപുരത്തു സംഘടിപ്പിച്ച ശില്‍പശാല അഭിപ്രായപ്പെട്ടു‌. ഇന്ത്യയിലെ സ്ത്രീപീഠനം തടയാന്‍ ഇതിനോടകം അറുപത്തിനാലു നിയമങ്ങള്‍ ഉണ്ടായിട്ടും പീഠനത്തിനൊരു കുറവുമുണ്ടയിട്ടില്ലെന്നും, ശില്‍പ്പശലയില്‍ അഭിപ്രായമുണ്ടായി. (ദേശാഭിമാനി ദിനപ്പത്രം 7/11/2006
http://www.deshabhimani.com/archives/07112006/news/k9.htm)

സ്ത്രീയുടെ പീഡനപ്രശ്നം അതു സ്ത്രീയുടെ മാത്രം പ്രശ്നമാണോ? അതു പുരുഷന്റയും സമൂഹത്തിന്റയും പ്രശ്നങ്ങളല്ലേ? അച്ഛനുമമ്മയും
പരസ്പരം കലഹിയ്ക്കുന്ന വീട്ടില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ ബുദ്ധിയിലും, വൈഭവത്തിലും, ലോകത്തെ നേരിടുന്നതിലുള്ള കാര്യക്ഷമതയിലും, പക്വതയിലും പിന്നോക്കം പോകുന്നു എന്നുള്ള അറിവ് അതു കുട്ടികളുടേയും പ്രശ്നമണെന്നു മനസിലാക്കാന്‍ സഹായിയ്ക്കുന്നു.

എന്നാല്‍ സ്ത്രീപുരുഷ ബന്ധത്തില്‍, പ്രത്യേകിച്ചും കേരളത്തില്‍, സ്ത്രീ മാത്രമാണ്‌ എപ്പോഴും പീഡനത്തിനിരയാകുന്നത്‌ എന്നുള്ള ധാരണയും വാസ്തവത്തിനു നിരക്കാത്തതാണ്‌.

സ്ത്രീയെ കീഴ്‌പ്പെടുത്തുന്ന പുരുഷനോ, പുരുഷനെ കീഴ്‌പെടുത്തുന്ന സ്ത്രീയോ സ്ത്രീപുരുഷബന്ധത്തിന്‌റെ അടിസ്ഥാനത്തെ തന്നെ നിഷേധിയ്ക്കുന്നവരാണ്‌ എന്നാണെന്‌റെ അഭിപ്രായം. അടിസ്ഥാനങ്ങളൊക്കെ തെറ്റി, ഈബന്ധം ഇന്നു പല സന്ദര്‍ഭങ്ങളിലും അവതാളത്തിലേക്കു കുതിയ്ക്കാനിടയാകുന്നതിന്റെ കാരണങ്ങള്‍ ഒരു പഠന വിഷയമാക്കാനുണ്ട്.

മനുഷ്യനും മനുഷ്യനും തമ്മിലുണ്ടായിരുന്ന നിര്‍മ്മലമായ ബന്ധത്തില്‍ ആധിപത്യത്തിന്റെ കറുത്ത ഭാരം അടിച്ചേല്‍പ്പിച്ചതാണ് ആ അവതാളത്തിന്റെ തുടക്കമെന്ന് ലോക ചരിത്രവും ഇന്ത്യ-കേരള ചരിത്രവും വ്യക്തമാക്കുന്നു. ആ ഭാരം വീണ്ടും വീണ്ടും തലമുറകളിലേക്കു കടത്തിവിടണോ അതോ ജനതയില്‍ ഇനിയും അവശേഷിയ്ക്കുന്ന മനസിന്റെ ഉപാധികളുപയോഗിച്ച്‌ ഇപ്പോള്‍ത്തന്നെ അതിനെ സ്വയം നേരിടണമോ എന്ന ചോദ്യമാണ്‌ ഗാര്‍ഹിക പീഡന നിരോധന ബില്ലിന്റെ അനിവാര്യമായ പ്രസക്തി. ഈ സഹചര്യത്തിലാണ്‌, ഈ നിയമം മറ്റൊരടിച്ചേല്‍പ്പിയ്കലല്ലാതെ ബോധവല്‍ക്കരണത്തിന്റെ ഒരുപാധിയാകേണ്ടത്.

രാഷ്ട്ട്രീയ-സാമൂഹ്യ-വര്‍ഗ്ഗാധിപത്യം, ബലഹീനരുടെ നേര്‍ക്ക് ഒരു കാലത്തു തുടങ്ങിയ പീഡനം, കാലങ്ങള്‍ക്കു ശേഷം ഇന്നു വ്യക്തിയുടെ മനസിനുള്ളില്‍ ദൈവങ്ങളോടൊപ്പം സ്ഥാനം പിടിച്ചിരിയ്ക്കുന്നു. ഇന്നതു പക്ഷെ ക്ലാസിന്റെയും വര്‍ഗത്തിന്റെയും വര്‍ണ്ണത്തിന്റയും വേലികെട്ടുകള്‍ ചാടിക്കടന്നിരിയ്ക്കുന്നു എന്നുള്ളത് ഒരു വിരോധാഭാസമാണ്. സ്ത്രീയും കുട്ടികളും സമൂഹത്തിലേറ്റവും കൂടുതല്‍ ബലഹീനരാകുന്നതുകൊണ്ട്‌ അവരുടെ നേര്‍ക്കുള്ള പീഠനത്തിനാണ്‌ ഇപ്പോള്‍ കൂടുതല്‍ പ്രസക്തി എന്നു മാത്രം.

നിങ്ങളുടെ അഭിപ്രായത്തില്‍ കേരളീയ സമൂഹത്തില്‍ സ്ത്രീപീഡനം എത്ര പ്രബലമാണ്‌? ഇപ്പോള്‍ പാസ്സാക്കിയ ഗാര്‍ഹിക പീഡന നിരോധന നിയമം അതിനെത്രമാത്രം പ്രതിവിധിയാകാന്‍ കഴിയും? ആ പ്രതിവിധിയുടെ ഒരു ഭാഗമാകാന്‍ കേരള‍ത്തിലെ പ്രബുദ്ധമായ ഒരു വിഭാഗമെന്ന നിലയില്‍ ഈ ബ്ലോഗു കൂട്ടായ്മയ്കെന്തു ചെയ്യാന്‍ ക്ഴിയും?

No comments: