Tuesday, December 26, 2006

അവന്റെ കൊച്ചുവര്‍ത്തമാനം

ഡാഡിയുടെ അലമാരയിലിരിയ്ക്കുന്ന ചൂണ്ടയെക്കുറിച്ചാണ്‌ കെവിന്‍, സീനയെ കണ്ടപ്പോള്‍ ഓര്‍ത്തത്‌.

പെണ്ണിനെ വളച്ചൊടിയ്ക്കാനും ഒരു ചൂണ്ടയുണ്ടായിരുന്നെങ്കില്‍, അവനോര്‍ത്തു. കേരളത്തിന്റെ ടെക്നോളജി ബ്രയിനില്‍ അങ്ങനെ ഒന്നു ഭാവിയില്‍ രൂപപ്പെട്ടേക്കാം എന്നു സമാധാനിച്ചെങ്കിലും ഇപ്പോളതില്ലല്ലോ എന്നോര്‍ത്തവന്‍ ദുഖത്തിലാണ്ടു.

എന്നാലിനി സീനയുടെ മുന്‍പില്‍ സ്വയമൊരു ചൂണ്ട ആയാലോ? അതിനെക്കുറിച്ചായി പിന്നീടവന്റെ ചിന്ത. ചൂണ്ടയുടെ പായ്ക്കറ്റിലുണ്ടായിരുന്ന പ്രത്യേക ഫ്ലൈയറിലേക്കവന്‍ നോക്കി. ചിത്രവര്‍ണ്ണാങ്കിതമായ തൂവലുകള്‍ ചേര്‍ത്തു കെട്ടി, ഒരു പൂച്ചിയുടെ രൂപത്തിലുണ്ടാക്കിയ അതിലേക്കവന്‍ താദാമ്യം പ്രാപിച്ചു.
അതു ട്രൗട്ടുകള്‍ പോലെയുള്ള അസാധാരണ മീനുകളെ പിടിയ്ക്കുന്നതിനുപയോഗിയ്ക്കുന്നതാണ്‌, ഡാഡിയ്ക്കതു സമ്മാനമായി കൊടുത്ത രോഷിയാന്റി പറഞ്ഞതവനോര്‍ത്തു.

നീലയും ചുവപ്പും ഇടകളര്‍ന്ന പൂച്ചിയെ അനുകരിയ്ക്കുന്ന ഒരു ഷര്‍ട്ടും, നിറമുള്ള ഒരു പാന്റ്സും ധരിച്ച്‌, അവന്‍ അടുത്ത ദിവസം സീനയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ തിരക്കുപിടിച്ചു കമ്പ്യൂട്ടര്‍ ലാബിലേക്കു നടക്കുകയായിരുന്നു. ലാബിന്റെ മൂലയ്കല്‍ ഒരു ഫ്രാങ്കിപ്പാനി മരമുണ്ട്‌. അതിന്റെ തണലില്‍ അല്‍പ്പം പ്രൈവസിയും.

അവള്‍ അടുത്തെത്തിയപ്പോള്‍ അവന്‍ ട്രൗട്ടിന്റെ മുന്നിലെ പൂച്ചിയേപ്പോലെ ഒന്നോളം വെട്ടി.

അവന്റെ ആഫ്റ്റര്‍ഷേവിന്റെ രൂക്ഷ ഗന്ധം അവളുടെ തലച്ചോറിലെ രാസപദാര്‍ഥങ്ങള്‍ക്ക്‌ അനുകൂലമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമെന്നും അതിനനുസരിച്ചവളുടെ നെഞ്ചിടിപ്പും നാടിമിടിപ്പും ദ്രുതഗതിയിലാകുമെന്നും ലക്മെ കൂട്ടക്സിട്ട തള്ളവിരല്‍ നിലത്തു കോറി നാണത്തൊടെ കുനിഞ്ഞു നില്‍ക്കുമെന്നും ഒക്കെ പ്രതീക്ഷിച്ചവങ്ങനെ നില്‍ക്കവെ...,

'താനെന്തിനാ വിറയ്ക്കുന്നത്‌. ഫീവറുണ്ടെങ്കില്‍ രണ്ടനാസിന്‍ വാങ്ങിക്കഴിയ്ക്കൂ..'അവള്‍ നടന്നകന്നു കഴിഞ്ഞു.

ശെ താന്‍ വിറച്ചിരുന്നുവോ, അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ അവന്‍ ആത്മാന്വേഷണം നടത്തി.പൂച്ചിയുടെ വര്‍ണപ്പകിട്ടുള്ള ഉടുപ്പിലേക്കവന്‍ നോക്കി, ദേഹത്തൊട്ടിപ്പിടിയ്ക്കുന്നു, പനികഴിഞ്ഞു വിയര്‍ത്തപോലെ.

അടുത്ത തവണ അവളെക്കണ്ടപ്പോള്‍ വലിയ തിരക്കില്‍ ഇംഗ്ലീഷ്‌ ഡിപ്പാര്‍ട്ടുമെന്റിലേക്കോടുകയായിരുന്നു. തിരക്കുകൂട്ടി ഓടുമ്പോള്‍ അവളുടെ മുഖത്തു കൂടി അമ്മിക്കല്ലോടുന്ന മട്ടാണ്‌. കവിളും മൂക്കുമൊക്കെ ചുവന്നു തുടുത്ത്‌, അപ്പോഴവളെ കാണാന്‍ നല്ല ചേലുമാണ്‌.

അടുത്ത തവണ കാണുമ്പോള്‍ അവള്‍ കമ്പ്യൂലാബ്ബിന്റെ പുറത്തെ പുല്‍ത്തകിടിയില്‍ ഒരു സ്ലൊ മൂഡില്‍ ഇരിയ്ക്കുകയായിൂരുന്നു.

'കമ്പ്യൂട്ടര്‍ എന്‍-ജിനീയറിങ്ങിനാണോ' അവന്‍‍ അടുത്തുചെന്നിട്ടാരാഞ്ഞു.

'ഹെ ഇന്നു മൂന്നാമത്തെ ആളാ എന്നോടു ചോദിയ്ക്കുന്നതു കമ്പൂട്ടര്‍ എന്‍-ജിനീയറിങ്ങിനാന്നോ എന്ന്. അതല്ലാതെ ഇവിടെ വേറൊരു കോഴ്സുമില്ലേ‍?'

‘കഴിഞ്ഞ തവണ കമ്പ്യൂട്ടര്‍ ലാബിലേക്കു പോകുന്നതു കണ്ട്‌..' അവനൊരു വിശദീകരണമായി അറിയിച്ചു.

‘ഞാന്‍ ഇന്‍-ഗ്ലീഷ്‌ ലിറ്ററേച്ചര്‍ ബിയേയ്ക്കാ'

'അതെന്താ മറ്റൊന്നിനും കിട്ടിയില്ലേ?'

അവളുടെ മുഖത്തു കൂടി ഇത്തവണ ഓടിപ്പോയതൊരു റോക്കറ്റാണെന്നവനു തോന്നി‌.

'ശ്ശൊ' എന്നവന്‍ ഊള്ളില്‍പറഞ്ഞപ്പോഴേക്കും.

'കിട്ടിയില്ലേ എന്നല്ല ഞാനൊന്നിനും അപേക്ഷിച്ചില്ല, മൈ കോള്‍ ഇസ്‌ ഫോര്‍ ഐ.എ എസ്‌'

അത്രയും പറഞ്ഞവള്‍ നീരസത്തോടെ എഴുനേറ്റപ്പോള്‍ അവന്‍‍ ക്ഷമാപണത്തോടെ പറഞ്ഞു,'ഞാന്‍ വെറുതെ ചോദിച്ചതാണ്‌ മറ്റൂള്ളവരേപ്പോലെ.‘

അവള്‍ നടന്നു കഴിഞ്ഞു

'എന്റെ പേരു കെവിന്‍‘ ‍ പുറകെ ചെന്നവന്‍ പറഞ്ഞു.

''ഞാന്‍ സീന..'

'എനിയ്ക്കറിയാം. ഇംഗ്ലിഷ്‌ പോയട്രി ക്ലാസില്‍ സ്ഥിരം മുന്‍ നിരയില്‍ മൂന്നാമത്തെ സീറ്റിലല്ലേ ഇരിയ്ക്കാറ്‌.'

‘ഗുഡ്‌ ഒബ്സെര്‍വേഷന്‍'

'താങ്ക്സ്‌..'
‘.....'

‘പിന്നെ ഈ ഐ.എ എസ്‌ ഒരു വിളിയാണെന്നൊക്കെ പറഞ്ഞല്ലോ‌, ഐ എ എസ്‌ ഫാമിലിയിലേതാണോ, ഈ അപ്പനപ്പൂപ്പന്മ്മാരൊക്കെ ഐ എ സു കരാകുന്ന ഫാമിലി..?`

'എന്റഛന്‍ ഏജീസ്‌ ഓഫീസിലെ ഒരു ക്ലാര്‍ക്കാണ്‌'

'ഓ സൊറി'

'നോട്ടറ്റോള്‍'

അടുത്ത ദിവസം അവള്‍ കമ്പ്യൂട്ടര്‍ ലാബിലായിരുന്നപ്പോള്‍ അടുത്തുചെന്നിരുന്നൊരു സംസാരം വെറുതെയങ്ങു തുടങ്ങാന്‍ അവനു യാതൊരു ഔപചാരികതയും ആവശ്യമായിരുന്നില്ല. സംസാരം തുടങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു

'ഈ പുരാവസ്തുക്കളെക്കുറിച്ചെന്തെങ്കിലും അറിയാമോ‍'

'പുരാവസ്തുക്കള്‍?'

'ഞാനതിനേക്കുറിച്ചൊരു ഗവേഷണം നടത്തുന്നു. ടൂറിസത്തിലൊരു പ്രോജെക്ട്‌. എന്തെങ്കിലും വിവരമറിയാമെങ്കില്‍, വല്ല നാണയമോ, ചെമ്പു തകിടോ..'

പിറ്റേദിവസം വീക്കെന്റു തുടങ്ങുകയായിരുന്നു. കെവിന്റെ മനസ്സു മുഴുവന്‍ പുരാവസ്തുക്കളെകുറിച്ചുള്ള ചിന്തകളായിരുന്നു. പണ്ടുവല്യപ്പന്‍ പറഞ്ഞു കേട്ടിട്ടുള്ള കഥയവനോര്‍ത്തു. ‘അറയ്ക്കല്‍ ശേഖരത്തിനു രാജാ ചെങ്കുട്ടവന്റെ കൈയ്യില്‍ നിന്നൊരു ചെമ്പുതകിടു കിട്ടിയിട്ടുണ്ട്. നമ്മളും ആ തറവാട്ടുകാരാ'

പിറ്റേന്നു രാവിലെ അവന്‍ വാഴാനപ്പള്ളിയിലേക്കു ബസു കയറി. തറവാട്ടില്‍ ഇനിയും ബാക്കിയുള്ള മുത്തമ്മ അവിടെയാണു താമസിയ്ക്കുന്നത്‌.

മുത്തമ്മയ്ക്കു കെവിനെ കണ്ടപ്പോഴേ വളരെ സന്തോഷമായി.

പക്ഷെ പുരാവസ്തുവിന്റെ കാര്യം ചോദിച്ചപ്പോള്‍ അവര്‍ക്കൊരു പിടിയുമില്ലാതായി.

'വല്ല നാണയം അതുപോലൊക്കെ'

‘നിന്റെ മൂത്തപ്പന്റെ കൈയ്യിലൊണ്ടാര്‍ന്ന നാണയൊക്കെ എന്റേല്‍ തന്നു. അതീപ്പോ മക്കളൊക്കെ മേടിച്ചെടുത്തു'.

'അതല്ല പുരാതനമായിട്ടൊള്ളതു വല്ലതും'

'പുരാതനമെന്നു വച്ചാല്‍, കര്‍ത്താവീശോമിശിഹായേ ഒറ്റിക്കൊടുത്തേച്ചു യൂദാസു മുപ്പതു വെള്ളി നാണയം..അതിപ്പോ എവിടാന്നര്‍ക്കറിയാം'

പിന്നീടു മൂന്നാഴ്ത്തേക്ക്‌ സീനയെക്കാണാതെ ഒളിച്ചു നടക്കുകയായിരുന്നു കെവിന്‍. ഒടുവില്‍ ലൈബ്രറിയില്‍ വച്ച്‌ അവളുടെ മുന്‍പില്‍ പെട്ടുപോയപ്പോള്‍ രക്ഷപെടാന്‍ കഴിഞ്ഞില്ല.

'സോറി, ഞാനിപ്പോഴും അന്വേഷിയ്ക്കയാ..'അവന്‍ ക്ഷമാപണത്തോടെ പറഞ്ഞു.

'എന്ത്‌?'

'പുരാവസ്തുക്കള്‍'

'ഓ സാരമില്ല.. ഇന്നാ ഇതൊന്നു വായിച്ചു നോക്ക്‌' അവള്‍ സഞ്ചിയില്‍ നിന്നും ഒരു ചെറിയ ഫയലെടുത്ത്‌ അവന്റെ നേര്‍ക്കു നീട്ടിക്കൊണ്ടു പറഞ്ഞു 'എന്റെ പ്രോജക്റ്റ്‌ റൈറ്റപ്പാ. ഒന്നു നോക്കി കറക്ഷനുണ്ടെങ്കില്‍ പറയുമല്ലോ?'

'ഷുവര്‍..'

അതും വാങ്ങി‌ ഒന്നും പറയാന്‍ നില്‍ക്കാതെ അവന്‍ സ്ഥലം വിട്ടു.

'നിന്റെ പ്രോജക്റ്റ്‌ നീ സബ്‌-മിറ്റു ചെയ്തില്ലേ'സീനയുടെ കൂട്ടുകാരി ചിന്നു അവളെ ശ്രദ്ധിച്ചിട്ടു ചോദിച്ചു'

‘ചെയ്തു'

'പിന്നിപ്പം നടന്ന ആ നാടകം?'

'അതോ. ചിലരെയൊക്കെ ഒഴിവാക്കാന്‍ ചിലപ്പോള്‍ അങ്ങനത്ത ചില നാടകങ്ങളൊക്കെ കളിയ്ക്കേണ്ടി വരും...കുറെ നാളായി എന്റെ പിറകെ നടക്കുന്നു..എന്നോടു മിണ്ടരുത്‌ എനിയ്ക്കു വേറെ പണിയുണ്ട്‌ എന്നൊക്കെപ്പറഞ്ഞല്‍ പിന്നെ വിലാപമായി. ശോകമായി, കുറ്റപ്പെടുത്തലായി ഒരു പക്ഷെ പ്രതികാരവുമാകും.ആദ്യമൊരു ടെസ്റ്റു കൊടുത്തു. അതു സക്സസ്‌. മൂന്നാഴ്ച്ചത്തേക്കു പിന്നെ കണ്ടില്ല. അല്ലെങ്കില്‍ ദിവസേന നോക്കി നിന്നു പുറകേ കൂടുന്ന പാര്‍ട്ടിയാ. ഇനിയിപ്പോ അതിന്റെ കമന്റ്‌, നൊ ഈ ജന്മത്തേക്കിനി ശല്യം ഉണ്ടാവില്ല.

'അതെന്തോ സൈക്കോളജിയാ മോളേ?' ചിന്നു ചോദിച്ചു.

'സൈക്കോളജിയോ, സുവോളജിയോ, അതൊന്നും എനിയ്ക്കറിഞ്ഞുകൂടാ,പക്ഷെ ഞാന്‍ ബെറ്റു വയ്ക്കുന്നു നോക്കിയ്ക്കോ ഇനിയവന്‍ എന്റടുത്തു കൊച്ചുവര്‍ത്താനത്തിനു വരൂല്ല..'
">Link

18 comments:

Maveli Keralam said...

അവന്റെ കൊച്ചുവര്‍ത്തമാനം

സാരംഗി said...

'കൊച്ചുവര്‍ത്തമാനം' ഇഷ്ടമായി. സീനയെപ്പോലെ സ്മാര്‍ട്ട്‌ പെമ്പിള്ളാരുണ്ടെങ്കില്‍ കുറേ ക്യാമ്പസ്‌ പൂവാല ശല്യം ഒഴിവായിക്കിട്ടും. ബൗദ്ധികമായ വെല്ലുവിളി അതിജീവിയ്ക്കാന്‍ വളരെക്കുറച്ചു പൂവാല്‍സിനേ കഴിയാറുള്ളു, പുരാണത്തിലെ 'ഗാര്‍ഗി' യെപ്പോലെ.

ദില്‍ബാസുരന്‍ said...

എന്നാലും ക്രൂരമായിപ്പോയില്ലേ... :-)

ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട് ലവളുടെയൊക്കെ പിറകേ നടന്ന് മുട്ടായിയും ഐസ്ക്രീമും വാങ്ങിത്തിന്ന് ഷോപ്പിങ് നടത്തി ബോറഡിച്ച്... എന്ത് കാര്യത്തിനാണെന്ന്. ആ നേരം വല്ല പുസ്തകവും വായിച്ച്, ക്രിക്കറ്റും കളിച്ച്, പാട്ടും കേട്ട്.. പക്ഷേ പറ്റണ്ടേ?ഇതിനാവും ബയോളജിക്കല്‍ വാര്‍ഫേര്‍ എന്ന് പറയുന്നത് അല്ലേ?

അരവിന്ദ് :: aravind said...

കലക്കി!

(ഓ.ടോ : അയ്യോ പണ്ട് ലവള്‍ അവളുടെ പ്രൊജക്റ്റിനു നല്ല സ്റ്റൈലില്‍ ഒരു ഇന്റ്ര്രോഡക്ഷനും, അക്‍നോളജുമെന്റും എഴുതിക്കൊടുക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടത് ഇതിനായിരുന്നോ, നേരെ പറഞ്ഞാല്‍ പോരേ..സില്ലി ഗേള്‍..:-))

കുറുമാന്‍ said...

ഇവളുമാരുടേയൊക്കെ തണ്ട് കുറക്കാന്‍ തണ്ടലു തല്ലിയൊടിക്കണം. അഹങ്കാരികള്‍!!

ചുമ്മാതാ :)

പച്ചാളം : pachalam said...

ലവള്‍ട മൂക്ക് കാണാന്‍ ഒരു ലുക്കുമില്ല.

ഇനിയാര് പ്രൊജക്ട് റൈറ്റപ്പ് തന്നാലും വാങ്ങണ പ്രശ്നമുദിക്കുന്നില്ല :)


(പോസ്റ്റ് കൊള്ളാട്ടോ)

ബയാന്‍ said...

ക്ലാസ്‌ ടീച്ചറെ വരെ വിട്ടിട്ടില്ല, പിന്നെയല്ലെ, ലവളുമാരുടെ ഒരു സൈകോളജി, ഇതെല്ലാം ചുമ്മാ ദിവാസ്വപ്നം...പ്രോജക്ട്‌ രൈറ്റപ്‌, വേരൊണ്ണത്തിയെ കൊണ്ടു എഴുതിപ്പിച്ചാല്‍ മതിയായിരുന്നു, മുങ്ങിയതല്ലെ.. ഒരിക്കല്‍ പൊങ്ങാതിരിക്കില്ല.... കഥ നന്നായിരിക്കുന്നു, ഇനിയും വരട്ടെ.

ബയാന്‍ said...

ക്ലാസ്‌ ടീച്ചറെ വരെ വിട്ടിട്ടില്ല, പിന്നെയല്ലെ, ലവളുമാരുടെ ഒരു സൈകോളജി, ഇതെല്ലാം ചുമ്മാ ദിവാസ്വപ്നം...പ്രോജക്ട്‌ രൈറ്റപ്‌, വേരൊണ്ണത്തിയെ കൊണ്ടു എഴുതിപ്പിച്ചാല്‍ മതിയായിരുന്നു, മുങ്ങിയതല്ലെ.. ഒരിക്കല്‍ പൊങ്ങാതിരിക്കില്ല.... കഥ നന്നായിരിക്കുന്നു, ഇനിയും വരട്ടെ.

kaithamullu - കൈതമുള്ള് said...

വായിച്ചപ്പോള്‍ തലയില്‍ ഒരു മിന്നല്‍:
(ഫ്ലാഷ് ബാക്ക്)

ക്രൈസ്റ്റ് കോളേജില്‍ ഫൈനല്‍ ഇയര്‍.ക്ലാസ് കട്ട് ഹോബി.വെള്ളിയാഴ്ച ഒഴിച്ച് (അന്നാണല്ലോ പുതിയ പടം റിലീസ്)ബാക്കി മിക്ക ദിവസങ്ങളിലും സച്ചിസാറിന്റെ (കവി സച്ചിദാനന്ദന്‍)പാടത്തിന്‍ കരയിലുള്ള വീട്ടില്‍ സദസ്സ്. ടോപിക്: കമ്മ്യുണിസവും നവീന കവിതയും.

അവിടെ വച്ചാണവളെ പരിചയപ്പെട്ടത്. ഒരു അള്‍ട്രാ മോഡേണ്‍ എലുമ്പി. ഞാനാണെങ്കില്‍ അറിയപ്പെടുന്ന ഒരു കഥാകൃത്ത്.(കുങ്കുമത്തില്‍ ഒരു കഥ പ്രസിദ്ധീകരിച്ച ഖ്യാതി)

വളച്ചു കെട്ടാതെ കാര്യത്തിലേക്ക്:

-ഒരു ദിവസം നമ്രമുഖിയായി പ്രേമപൂര്‍വം, ഒരു ഫയല്‍ എന്റെ കയ്യില്‍ തന്നുകൊണ്ടവള്‍ പറഞ്ഞു: ‘എന്റെ ഒരു കഥയാ, ഒന്നു കറക്റ്റ് ചെയ്ത് തരണം.‘

തലക്കനത്തിനിനിയെന്തു വേണം?
അന്നു തന്നെ തുടങ്ങി ഓപെറേഷന്‍ എഡിടിംഗ്. കഥയുടെ പേരില്‍ നിന്നു തന്നെ തുടങ്ങി, വാക്കു വാക്കായി, വരി വരിയായി....

അവസാനം വായിച്ചു നോ‍ക്കി. കൊള്ളാം, കലക്കന്‍ സാധനം.

പക്ഷേ, അവളെഴുതിയ കഥയെവിടെ, ഈ കഥയെവിടെ? രണ്ടും തമ്മില്‍ അജഗജാന്തര
’വ്യത്യാസം.‘

രണ്ടാം വായനയും മൂന്നാം വായനയും പിന്നിട്ടപ്പോള്‍ തോന്നി: ‘ഈ കഥയെന്തിനവള്‍ക്കു കൊടുക്കണം? ഇതിപ്പോള്‍ എന്റെ കഥയല്ലേ?‘

- അന്നു തന്നെ കഥ ഞാന്‍ കുങ്കുമത്തിനയച്ചുകൊടുത്തു.

( പ്രസിദ്ധികരിക്കാതെ തിരിച്ചു വന്ന ആ കഥ-സ്റ്റാമ്പൊട്ടിച്ച കവറുകള്‍ പലതും പിന്നിട്ട്-
ഒല്ലൂര്‍ നിന്നും പ്രസിദ്ധീകരണമാരംഭിച്ച് വാര്‍ഷികം പോലും കാണാതെ അകാല ചരമമടഞ്ഞ ഒരു മാസികയില്‍ വെളിച്ചം കണ്ടു)

പക്ഷേ അതല്ലല്ലോ പ്രശ്നം: അവളെ എങ്ങനെ അഭിമുഖീകരിക്കും?

-വളരെ കാലത്തെ ഒളിച്ചു കളിക്കു ശേഷം ഒരു നാള്‍ പിടിക്കപ്പെട്ടപ്പോള്‍ വളരെ കൂള്‍ ആയി ഞാന്‍ പറഞ്ഞു: ‘ആ ഫയല്‍ കളഞ്ഞു പോയി‘.

(ഇനി അഥവാ എന്റെ കഥ അവള്‍ വായിച്ചാലും- സാദ്ധ്യത കുറവാ‍ണ്,സര്‍കുലേഷന്‍ അത്രയൊക്കെയേ കാണൂ - കുഴപ്പമില്ല, കഥ അവളുടേതല്ലല്ലോ?)

Maveli Keralam said...

സാരംഗി, കഥ ഇഷ്ടമായതില്‍ വളരെ സന്തോഷം,പൂവാല ശല്യത്തിനെതിരെ കഥയ്ക്കുള്ള സധ്യത മനസിലാക്കിയതില്‍ അതിലും സന്തോഷം
ദില്‍ബാസുരന്‍, കമന്റില്‍ സന്തോഷം.ഒരു ബയോളജിക്കല്‍ വാര്‍ഫേറിനുള്ള സാധ്യത കാണുന്നുണ്ടോ?
അരവിന്ദ്, കമന്റില്‍ സന്തോഷം, അപ്പൊ ഇതു ഞാന്‍ പണ്ടേ എഴുതേണ്യിയിരുന്നു അല്ലേ?
കുറുമാന്‍ സന്തോഷം,ഈ ഫിസിക്കല്‍ അബ്യൂസിനുള്ള ആ ഇന്‍സ്റ്റിക്റ്റ് എത്ര ശ്രമിച്ചാലും പിന്നേം ബാക്കി..
പച്ചാളം, സന്തോഷം, തീരുമാനത്തിനു അഭിനന്ദനം.
ബയാന്‍, സന്തോഷമുണ്ട്, പാവം ക്ലാസ് ടീച്ചര്‍
കൈതമുള്ള്, സന്തോഷം,കഥേട ജീനോം മാറ്റിമറിച്ചില്ലേ,ഇനി കുഴപ്പമില്ല.

വേണു venu said...

കൊച്ചുവര്‍ത്തമാനം ഇഷ്ടപ്പെട്ടു.

Maveli Keralam said...

വേണുവിന്, കമന്റയച്ചതില്‍ സന്തോഷം

Peelikkutty!!!!! said...

കൊച്ചുവര്‍‌ത്താനം ഇഷ്ടായി:)

വിചാരം said...
This comment has been removed by a blog administrator.
ഇത്തിരിവെട്ടം|Ithiri said...

കൊച്ചുവര്‍ത്തമാനം കൊള്ളാട്ടോ... ഈ ബാച്ചികളുടെ ഒരു കാര്യം

Maveli Keralam said...

പീ‍ലിക്കുട്ടീ,
ഇത്തിരിവെട്ടം
കഥയ്ക് ആസ്വാസനം അയച്ചതില്‍ വളരെ സന്തോഷം

chithrakaranചിത്രകാരന്‍ said...

വളരെ നന്നയിരിക്കുന്നു മാവേലി.
മവേലി കഥ എഴുതുംബൊള്‍ പൊലും സഹജീവികള്‍ക്ക്‌ ഒരു ശാസ്ത്ര സ്ന്ദേശം നല്‍കുനുണ്ട്‌. ജീവിതത്തെ പ്രായൊഗിക സാസ്ത്രമായി മനുഷ്യത്വത്തിനു മുതല്‍കൂട്ടുന്ന താങ്കളൊട്‌ നന്ദിപറയട്ടെ.

Maveli Keralam said...

ചിത്രകാരാ appreciation വളരെ നാന്നായിരിയ്ക്കുന്നു.എഴുതുന്ന ആള്‍ എന്തുദ്ദേശിയ്ക്കുന്നോ അതു വായിയ്ക്കുന്ന ആളിനു മനസ്സിലാകുന്നെന്നു ബോധ്യപ്പെടുമ്പോഴാണ്‍് സൃഷ്ടിയുടെ സന്തോഷം യദ്ധാര്‍ഥത്തില്‍ അനുഭവമാ‍ാകുന്നത്.
നന്ദി