Sunday, August 26, 2007

ഈ ഉത്രാട രാത്രിയില്‍

പണ്ട്‌ ഓണത്തപ്പനെ കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിയ്ക്കുമായിരുന്നു‌, ഉത്രാട രാത്രിയില്‍ (തിരുവോണത്തിന്റെ തലേന്ന്)‍. അന്നു രാവിലെ മുതല്‍ക്കാണ് ഉപ്പേരി വറുക്കുന്നതും ഊഞ്ഞാലു കെട്ടുന്നതും. ഊഞ്ഞാലിലാടിയാടി ഉപ്പേരി തിന്നു തിന്ന് തലയ്ക്കൊരുതരം മത്തു പിടിച്ച അവസ്ഥയിലാണ്, പടികടന്നു വരുന്ന മാവേലിയെ കാണാന്‍ സന്ധ്യയാകുമ്പോഴേക്കും ഞങ്ങള്‍ വീടിന്റെ ഉമ്മറത്തു കാത്തിരിയ്ക്കുമായിരുന്നത്.

എപ്പോഴാണ് മാവേലി വരുന്നത് എന്നു ചോദിയ്ക്കുമ്പോള്‍ അമ്മ പറയും “അങ്ങനെ പറയാന്‍ പറ്റില്ല, ഏതു നിമിഷവും വരാം".

അപ്പോള്‍ അമ്മയോടു പറയും, ‘ഞങ്ങളീ രാത്രി മുഴുവന്‍ കാത്തിരിയ്ക്കും‘ എന്ന്.


പക്ഷെ പിറ്റേ ദിവസം ഉണരുമ്പോഴായിരിക്കും പിന്നെ മാവേലിയേക്കുറിച്ചോര്‍ക്കുന്നത്.


ഉറക്കച്ചടവൊടെ ‘മാവേലി വന്നോ‘ എന്നന്വേഷിക്കുമ്പോള്‍, ‘ഞങ്ങള്‍ കണ്ടുവല്ലോ’ എന്നമ്മ പറയും. ഒരു ചെറിയ പുഞ്ചിരി തൂകി അച്ഛന്‍ അമ്മയെ അനുകൂലിയ്‍ക്കും‍. അപ്പോള്‍ മനസ്താപത്തോടെ ഞങ്ങള്‍ വീണ്ടും ശപഥം ചെയ്യും, ‘അടുത്ത ആണ്ടു വരട്ടെ ഞങ്ങളുറങ്ങാതിരിയ്ക്കും‘.



അമ്മ പറഞ്ഞതു നേരാണോ എന്ന സംശയം, ഏയ് ഒരിയ്ക്കലുമുണ്ടായിട്ടില്ല മനസില്‍. സംശയം ബാല്യത്തിനു പറഞ്ഞിട്ടുള്ളതല്ലല്ലോ. ആരാനുമെങ്ങാന്‍ സംശയിച്ചാല്‍, സംശയത്തിന്റെ മരം വയറ്റില്‍ വളര്‍ന്ന്, അതിന്റെ കൊമ്പുകള്‍ വായിലൂടെ വളര്‍ന്ന് കണ്ണിലും മൂക്കിലും കൂടി ഇറങ്ങി, ഹൊ, എന്തൊരു വൃത്തികേട്, ആളുകളെന്തു പറയും വലിയവരെ സംശയിയ്ക്കുന്ന കുട്ടി, ഛേ!

പക്ഷെ ഞങ്ങള്‍ വളര്‍ന്നപ്പോള്‍ മാവേലിയും വളര്‍ന്നു.

‍ പഠിച്ച പുസ്തകങ്ങളില്‍, കേട്ടറിഞ്ഞ അറിവുകളില്‍, പ്രസംഗങ്ങളില്‍, കോളേജു ഡിബേറ്റുകളില്‍, ഒക്കെക്കൂടി, ഒരണുവില്‍ നിന്നും വളര്‍ന്നു വലുതായ പ്രപഞ്ചം പോലെ മാവേലിയും ഞങ്ങള്‍‍ക്കു വലുതായി. കടംകഥകളുടെ വ്യാളിക്കുപ്പികളില്‍ നിന്ന് അപ്പോഴേക്ക് മാവേലി സ്വതന്ത്രമായിരുന്നു.

പകരം, കാലത്തിനു തിരശ്ചീനമായി ഇന്നിനെ ശുദ്ധീകരിയ്ക്കാന്‍ പിന്നില്‍ നിന്നുതിര്‍ക്കുന്ന നന്മയുടെ ഒരു വന്‍ പ്രവാഹമായി, കേരളക്കരയുടെ കൂട്ട മനസാക്ഷിയായി, നാളെയുടെ ആവിഷ്കാരമായി, മനസിന്റെ അനുഭവമായി, മാവേലി മാറി.

കുറേക്കൂടി വളര്‍ന്നപ്പോള്‍, മാവേലി ഒരു ചോദ്യമായി, അധിനിവേശത്തിന്റെ വാമന സ്വരൂപങ്ങള്‍ക്കു മുന്‍പില്‍ സ്വയം ബലിയായ നാടിന്റെ ചരിത്രമായി. അന്നു തൊട്ട് ഓണത്തിന്റെ ഒരുക്കങ്ങള്‍ മരിച്ചുപോയ ചരിത്രപിതാമഹനര്‍പ്പിയ്ക്കുന്ന ദര്‍ഭയും ബലിച്ചോറുമായി.

ഉത്രാടരാത്രിയില്‍ പിന്നീടു മാവേലിയെ കാത്തിരുന്നിട്ടില്ല, നഷ്ടമായ ബാല്യത്തിന്റെ കാത്തിരിപ്പ് മധുരമായ ഒരു വേദനയായി ഉള്ളില്‍‍ അവശേഷിച്ചു.

എന്നിട്ടും ഞങ്ങളുടെ മക്കളോടെ അവരുടെ ബാല്യത്തില്‍ ഞാന്‍ പറഞ്ഞത്, എന്റെ അമ്മ ബാല്യത്തില്‍ പറഞ്ഞുതന്ന അതേ കഥകളായിരുന്നു.

പക്ഷെ അവര്‍ മാവേലിയെ കാത്തിരുന്നത്, കേരളത്തിന്റെ ഓണത്തുമ്പികള്‍ പാറിനടന്ന, മരക്കൊമ്പില്‍ ഊഞ്ഞാലും, മുറ്റത്തെ അവസാന ചപ്പും തൂത്തുവാരി വെള്ളം തളിച്ച് മൂശേട്ട ഭഗവതിയെ ഉച്ചാടനം ചെയ്ത, ഉത്രാട സന്ധ്യയിലെ ഉമ്മറത്തായിരുന്നില്ല.

അച്ചനുമമ്മയും പ്രവാസികളായിരുന്ന ആഫ്രിയ്ക്കയിലായിരുന്നു.

കോളോണിയല്‍ കാലഘട്ടത്തിന്റെ ബാക്കിപത്രമായി നിന്ന കോളജു കാമ്പസിലെ വിക്റ്റോറിയന്‍ വീടിന്റെ ഉമ്മറത്ത്, പടിയ്ക്കലെ കൂറ്റന്‍ ഇരുമ്പു കവാടം കടന്നു വരുന്ന മാവേലിയെ കാത്ത്. പക്ഷെ എന്നേപോലെ അവരും ‘രാത്രിയില്‍ വന്നിരുന്ന’ മാവേലിയെ കണ്ടീല്ല.

അവിടെ ആഫ്രിക്കന്‍ മണ്ണു കുഴച്ചവര്‍ ഓണത്തപ്പനെ ഉണ്ടാക്കി. തെക്കന്‍ കേരളത്തിന്റെ വടക്കു നിന്നുള്ള എനിയ്ക്ക് ഓണത്തപ്പന്‍ അപരിചിതനായിരുന്നെങ്കിലും മദ്ധ്യകേരളത്തില്‍ നിന്നുള്ള അവരുടെ അച്ഛന് ഓണത്തപ്പന്‍ പ്രിയനായിരുന്നു.

ആഫ്രിക്കന്‍ പൂക്കള്‍ പറിച്ചെടുത്ത് അവര്‍ വീടിന്റെ തിരുമുറ്റത്ത് ഓണപ്പൂവിട്ടു. ഒരിക്കല്‍ കൊളോണിയലിസത്തിന്റെ പൊങ്ങച്ചച്ചുവടുകളും പിന്നെ ആഫിയ്ക്കന്‍ നൃത്തത്തിന്റെ വന്യതാളങ്ങളും പതിഞ്ഞിരുന്ന ആ മുറ്റത്ത് മലയാളത്തിന്റെ അടയാളങ്ങളും വീണപ്പോള്‍, കാലത്തിന്റെ ക്ഷേത്രത്തില്‍ ഒരു പുതിയ പൂജ തുടങ്ങുകയായിരുന്നു.

അവിടെയും മലയാളിക്കൂട്ടായ്മകള്‍ ഓണത്തിന്റെ ചമയങ്ങള്‍ ഒരുക്കി. അവരൊരുക്കിയ ഓണത്തിന്റെ വേദികളില്‍ മറ്റു മലയാളിമക്കളോടൊപ്പം ഞങ്ങളുടെ മക്കളും മാവേലിയുടെ കഥകള്‍ കേട്ടു, മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുത്തു.

അത്തരം കൂട്ടായ്മകളില്‍ മുതിര്‍ന്നവര്‍ പൊതുവെ പരാതി പറഞ്ഞു , ‘ഇതെന്ത് ഓണമാ, വീട്ടിലൊക്കെ എന്തായിരുന്നു, ആര്‍പ്പും കുരവേം, തുമ്പിതുള്ളലും, കടുവാകളിയും, ഊഞ്ഞാലാട്ടവും. ഇതിപ്പോ....’പക്ഷെ ഒരു കാര്യം പറയാനും ഓര്‍മ്മിക്കാനും അവര്‍ പൊതുവെ താല്‍‌പര്യം കാണിച്ചില്ല, തങ്ങളേക്കാള്‍ നഷ്ടം തങ്ങളുടെ മക്കള്‍ക്കാണെന്ന്.

എന്നിട്ടും മക്കള്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം, അവര്‍ക്ക് ഓണം ഒരാചാരത്തേക്കാള്‍ വലുതായി ഒരാഘോഷമായിരുന്നു.

കാലം കടന്നു പോയപ്പോള്‍, ഞങ്ങളുടെ മക്കള്‍ക്കും, മാവേലി വളരുന്ന ഒരു പ്രപഞ്ചമായി. അവരും സ്വയം മനസിലാക്കി, മാവേലി ഒരു രാജാവിന്റെ കഥയല്ല, ഒരു ദേശത്തിന്റെ കഥയാണ്, ചരിത്രമാണ് എന്ന്. ചരിത്രമറിയാത്ത പമ്പരവിഡ്ഡികള്‍, അറിവുള്ളവര്‍ പണ്ടു ത്രിവിക്രമനെന്നു വിശേഷിപ്പിച്ച സൂര്യനെ വിഷ്ണുവാക്കി, അവതാരത്തിന്റെ കെട്ടുകഥ ചമച്ച്, ആ ദേശത്തിന്റെ ചാരുതയില്‍ കളങ്കം ചാര്‍ത്തി എന്നും.

അങ്ങനെ മാവേലി അവരുടെയും മനസിന്റെ ഒരനുഭവമായി, അന്ത:ക്കരണത്തിന്റെ ശ്രീകോവിലില്‍ മിന്നുന്ന ഒരു സ്വര്‍ണ്ണമുത്തായി അതു തിളങ്ങി.

നാളെ അവരുടെ മക്കള്‍ക്കും അവര്‍ പറഞ്ഞുകൊടുക്കും, മാവേലിയുടെ കഥ. ആ കഥകള്‍ കേട്ട് ഉമ്മറത്തു ഉറങ്ങാതിരിക്കും അവരും മാവേലിയെ കാത്ത്, വളരുമ്പോള്‍ അവരും തിരിച്ചറിയും മാവേലി ഒരു ദേശത്തിന്റെ കഥയായിരുന്നു എന്ന്. അങ്ങനെ ചരിത്രം ഒരാചാര‍ത്തിലൂടെ സത്യത്തിന്റെ അന്വേഷണമാകുന്നു, ഒരനുഭവമാകുന്നു.

അവരെപ്പോലെ എത്രയെത്ര മക്കള്‍ എവിടെയെല്ലാം കാത്തിരിക്കുന്നുണ്ടാവും മാവേലിയെത്തേടി, ഇന്നത്തെ ഈ ഉത്രാട രാത്രിയില്‍....

വാല്‍ക്കഷണം

കേരളക്കരയുടെ ചരിത്രത്തെ വൈകാരികമായ ഒരനുഭവമാക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും ഓണം ഒരു മതേതര ആഘോഷമായി കാണാന്‍ കഴിയും. ചിന്തിയ്ക്കാന്‍ കഴിവുള്ള ആര്‍ക്കും മാവേലിയെ മിത്തിന്റെ (കെട്ടുകഥയുടെ) വേലിക്കെട്ടില്‍ നിന്നു പുറത്തെടുത്ത് നാടിന്റെ ചരിത്രമായി കാണാനും കഴിയും.

ഓണാശംസകള്‍
ഈ മലയാളം ബ്ലോഗു കൂട്ടായ്മയില്‍ കൂടി അനേകം ആളുകളെ പരിചയപ്പെടുവാന്‍ കഴിഞ്ഞു. എല്ലാവര്‍ക്കും എപ്പോഴും കമന്റുകള്‍ എഴുതാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ എല്ലാവരേയും തന്നെ അവരുടെ ആശയത്തിലൂടെ അറിയാന്‍ കുറെയൊക്കെ കഴിഞ്ഞു.

ഈ ഓണാഘോഷവേളയില്‍, ഈ മലയാളം ബ്ലോഗു കൂട്ടായ്മയില്‍ ഉള്ള എല്ലാവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും, ഈ ഉത്രാട സന്ധ്യയില്‍ ഓണത്തപ്പനെ കാത്തിരിയ്ക്കുന്ന അവരുടെ മക്കള്‍ക്കും, ‍സൌത്താഫ്രിക്കയില്‍ നിന്നുള്ള ഞങ്ങളുടെ ഓണാശംസകള്‍.


ആവനാഴി, മാവേലി, പ്രിയ, പ്രഭ



10 comments:

മാവേലികേരളം(Maveli Keralam) said...

സൌത്ത് ആഫ്രിക്കയില്‍ നിന്നു ഓണാശംസകള്‍!

Unknown said...

ഓണാശംസകളും , അഭിനന്ദനങ്ങളും !!

വിഷ്ണു പ്രസാദ് said...

ഓണക്കുറിപ്പ് നന്നായി.
ചേച്ചിക്കും കുടുംബത്തിനും ഓണാശംസകള്‍

സുല്‍ |Sul said...

നല്ല കുറിപ്പ്.

ഓണാശംസകള്‍!!!!
-സുല്‍
വേഡ് വെരി : mr xscyf (എന്റെ പേര് സുല്‍ :))

രാജ് said...

ഓണാശംസകള്‍.

പ്രിയംവദ-priyamvada said...

സിംഹപുരിയില്‍ നിന്നു ഓണാശംസകള്‍!

ചീര I Cheera said...

ഓണാശംസകള്‍.. kuRippishTamaayi..

chithrakaran ചിത്രകാരന്‍ said...

പ്രിയ മവേലി കേരളം,
ഓണത്തേയും,മഹാബലി എന്ന കേരളത്തിന്റെ ചവിട്ടിത്താഴ്ത്തപ്പെട്ട ചരി‍ത്രത്തിന്റെ ഫോസിലിനേയും ഇത്ര മനോഹരമായി ... ഹൃദ്യമായി സ്വന്തം ജീവിതത്തോട് തുന്നിച്ചേര്‍ത്ത... അഥവ ജീവന്റെ ഭാഗമാണെന്നു തിരിച്ചറിവു നേടിയ മവേലി കേരളത്തിന്റെ ഈ പോസ്റ്റ് ചിത്രകാരനു വളരെ ഇഷ്റ്റപ്പെട്ടിരിക്കുന്നു.
മാവേലിയുടെ സാന്നിദ്ധ്യത്താല്‍ ബൂലൊകം ധന്യമായിരിക്കുന്നു.
മാവേലിക്കും കുടുംബത്തിനും ചിത്രകാരന്റേയും കുടുംബത്തിന്റേയും ഓണാശംസകള്‍ ...!!!

chithrakaran ചിത്രകാരന്‍ said...

പ്രിയ മവേലി,
ചിത്രകാരന് ഇഷ്റ്റപ്പെടാത്ത ഒരു പ്രയോഗം താങ്കളുടെ ശ്രദ്ധയില്പെടുത്തട്ടെ.

“അധിനിവേശത്തിന്റെ ചണ്ഡാല സ്വരൂപങ്ങള്‍ക്കു മുന്‍പില്‍ “

ഇതിലെ “ചണ്ഡാലന്‍” ചിത്രകാരന്‍ ഈശ്വര സമാനമായി ബഹുമാനിക്കുന്ന നാമമാണ്. അത് നീചമായ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നത് ഉചിതമല്ല. പരിശോധിച്ച് വിശദീ‍കരിക്കുമല്ലോ.
സസ്നേഹം ,
ചിത്രകാരന്‍.

മാവേലി കേരളം said...

പ്രിയ സുകുമാരന്‍ മാഷേ

ഓണാശംസകള്‍ വായിച്ചതിനും അഭിനന്ദനങ്ങള്‍ അറിയിച്ചതിലും സന്തോഷിയ്ക്കുന്നു.

പ്രിയ വിഷ്ണുപ്രസാദ്,

ഓണക്കുറിപ്പു വായിച്ചതില്‍ അതിയായി സന്തോഷിയ്ക്കുന്നു.

പ്രിയ സുല്‍

ഓണക്കുറിപ്പു വായിച്ചഅതില്‍ അതിയായ സ്ന്തോഷം.വേര്‍ഡു വേരിയോടിത്ര വിരോധമാണോ? ശരി മാറ്റിയേക്കാം.

പെരിങ്ങോടരേ

ഓണാശംസകള്‍ വായിച്ചതില്‍ സന്തോഷം


പ്രിയം വദ

ഓണക്കുറിപ്പു വായിച്ചതില്‍ സന്തോഷം. സിംഹപുരിയില്‍ ഓണം കേമമായിരുന്നു എന്നു കരുതുന്നു.

p.r
കുറിപ്പിഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷിയ്ക്കുന്നു.


ചിത്രകാരന്‍
എന്റെ ഓണക്കുറിപ്പിനൊരു സമ്പൂര്‍ണ അവലോകനം എഴുതിയതില്‍ വളരെ അന്തോഷമുണ്ട്. അതിന്റെ അര്‍ത്ഥത്തെ അതുപോലെ സംശീകരിച്ചിട്ടുണ്ട്.

അതുപോലെ നിരൂപണത്തിലും .

ശരിയാണ്, ചിത്രകാരന്റെ നിരൂപണം ശ്രിയാണ്. എന്റെ പ്രയോഗം ശരിയല്ല. അതില്‍ ക്ഷമിയ്ക്കുക. ചിത്രകാരന്റെ വിഷമത്തിനിടയായതില്‍ ഖേദിയ്ക്കുന്നു.

അതു ഞാന്‍ തിരുത്തുന്നുണ്ട്.