Friday, September 28, 2007

"ഇടയലേഖനം : തെറ്റിദ്ധരിപ്പിച്ചതില്‍ മാപ്പ്‌" എന്ന കിരണ്‍ തോമസ് തോപ്പിലിന്റെ പോസ്റ്റിനൊരു മറുപടി

പ്രിയ ജോജൂ, മാരീചാ

'ഔദ്യോഗികരേഖയെ അടിസ്ഥാ‍നപ്പെടുത്തി വന്ന തെറ്റിദ്ധാരണാജനകമായ ഒരു പത്രവാര്‍ത്തയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പോസ്റ്റുതന്നെ. തെറ്റിദ്ധാരണമാറ്റുകമാത്രമാണ് മാരീചന്‍ ചെയ്തത്'(ജോജു)

സമ്മതിച്ചു. അങ്ങനെ ഒരുദ്ദേശമാണ് കിരണിനുള്ളത് എന്നു കിരണ്‍ വ്യക്തമാക്കിയിട്ടൂണ്ടല്ലോ. അതനുസരിച്ച് മാരീചനും പിന്നിട് കിരണും ഇടയലേഖനം പ്രസിദ്ധീകരിയ്ക്കയും ചെയ്തു.

അതിന്റെ ഉദ്ദേശം ആ ‘തെറ്റിദ്ധരിയ്ക്കപ്പെട്ടു’ എന്നു കിരണ്‍ പറഞ്ഞ പത്രവര്‍ത്തയും ആ ഇടയലേഖനവും മറ്റുള്ളവര്‍ വായിച്ചു മാസിലാക്കുക എന്നതായിരുന്നല്ലോ.

ഏതു ലേഖനവും വയിയ്ക്കുന്നതിനു മുന്‍പ് അതിന്റെ authenticity യേകുറിച്ചു ചിന്തിയ്ക്കുക ഒരപരാധമാണോ? അതിനെ മാരീചന്‍ വ്യക്തിപരമായി എടുക്കേണ്ട കാര്യമില്ല.

യദ്ധാര്‍ഥ ജീവിതത്തിലും ബ്ലോഗിലും കൊടുക്കുന്ന തെളിവുകള്‍ക്ക് authenticity ഉണ്ടോ എന്ന് എല്ലാവരും ശ്രദ്ധിയ്ക്കുന്ന കാര്യമാണ് എന്നാണ് എന്റെ തോന്നല്‍. കുറ്റസമ്മതമായാലും, സ്വന്തം ഭാഗം സ്ഥാപിയ്ക്കാനായാലും ആര്‍ഗുമെന്റിനായാലും എല്ലാം. ഈ ഒരു പതിവ് മാറരുത് എന്നാണ് precedence കോണ്ട് ഉദ്ദേശിച്ചത് എന്നു വ്യക്ത്മാക്കട്ടെ.

ഇനി കാര്യത്തിലേക്കു കടക്കട്ടെ.

ഇടയലേഖനവും പത്രവാര്‍ത്തയും വായിച്ചു കഴിഞ്ഞു. ഇനിയും മംഗളം പത്രം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവോ എന്നു ചിന്തിയ്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടല്ലോ. അല്ലാതെ ഇതാകെ തെറ്റിദ്ധാരണയാണ് എന്നു കിരണ്‍ തോമസ് എഴുതിയതുകൊണ്ട്‍ എല്ലാവരും അതു വിശ്വസിച്ചോണം എന്നാരും പറയുകയില്ലല്ലോ?

ഒരുകാര്യത്തെ കാര്യാകാരണസഹിതം വിശദീകരിച്ചു മനസിലാക്കുകയാണ് ചിന്താസ്വാതന്ത്ര്യം.

പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ തുടങ്ങുന്നു.

“സംസ്ഥാനത്തു ക്രൈസ്തവരുടെ ജനസംഖ്യ ആനുപാതികമായി കുറയുകയാണെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും വ്യക്തമാക്കുന്ന ത്രുശൂര്‍ ആര്‍ച്ചുബിഷൊപ്പ് ആന്‍ഡ്രൂസ് താഴ്ത്തിന്റെ ഇടയലേഖനം പള്ളികളില്‍ വായിച്ചു“ ലേഖനം തുടരുന്നു. (ഇതിന്റെ ബാക്കി ഭാഗങ്ങള്‍ കിരണിന്റെ പോസ്റ്റില്‍ നിന്നു വായിയ്ക്കാം.)

ഇനി ഈ മുകളില്‍ പറയുന്ന വര്‍ത്തയെ ഇടയലേഖനം എവിടെയെങ്കിലും സ്ഥിരീകരിയ്ക്കുന്നുവോ ഇല്ലയോ എന്നു നോക്കിയാല്‍ താഴെപറയുന്ന ഇടയലേഖനത്തിന്റ് ഭാഗത്തെത്തും.

(തീര്‍ശ്ചയായും ഇടയലേഖനം തുടങ്ങുന്നത് ജീവന്റെ മൂല്യത്തെക്കുറിച്ചുല്‍ബോധിപ്പിച്ചുകൊണ്ടാണ്. ഇന്നു ജീവന്റെ നിലനില്‍പ്പിനെതിരായി സമൂഹത്തില്‍ നടമാടുന്ന പല വിധ ദോഷങ്ങളേക്കുറിച്ചും ലേഖനം പറയൂണ്ട്. അതു തുടര്‍ന്നു പോകുന്നതിനിടയില്‍ മുകളില്‍ സൂചിപ്പിച്ച ഭാഗത്തെത്തും)

അതിങ്ങനെയാണ്:“ജീവനെതിരെയുള്ള ഈ തിന്മയെ ഒരു കാരണം കൊണ്ടും ന്യായീകരിയ്ക്കാനാവില്ല. കേരളത്തില്‍ മാത്രം പ്രതിദിനം നൂറുകണക്കിനു കുഞ്ഞുങ്ങളാണ് ഗര്‍ഭ്ഭശ്ചിദ്രത്തിലൂടെ കൊല്ലപ്പെടുന്നത് എന്നുള്ളത് ഈ തിന്മയുടെ ഭീകരത വെളിപ്പെടുത്തുന്നു. കഴിഞ്ഞ അന്‍പതു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ക്രൈസ്തവരുടെ ജനസംഖ്യ 24 ശതമാനത്തില്‍‍ നിന്ന് 19 ശതമാനമായി കുറഞ്ഞത് ഏവരുടെയും കണ്ണു തുറപ്പിയ്ക്കേണ്ടതാണ്. അതിനാല്‍ അമ്മയുടെ ഉദരം ജീവന്റ് സംരക്ഷണയ്ക്കുവേണ്ടി, ദൈവം നല്‍കിയ രക്ഷാപേടകമാണ് എന്ന തിരിച്ചറിവോടെ ഓരോ മനുഷ്യ ജീവനേയും വളര്‍ത്താന്‍ മാതാപിതാക്കള്‍ തയ്യാറാകണം”

അതായത് ജീവന്റെ നിലനില്‍പ്പിനെ ഉല്‍ബോധിപ്പിയ്ക്കുന്ന ലേഖനം വളരെ സമര്‍ദ്ധമായി, കേരളത്തിലെ ക്രിസ്ത്യാനിയുടെ demographic deterioration ലേക്കു കടക്കുന്നു. തന്നെയുമല്ല ആ deterioration ന്റെ നേര്‍ക്ക് എല്ലാവരുടെയും കണ്ണു തുറപ്പിയ്ക്കണമെന്നും പറയുന്നു. (അല്ലാതെ പപപുണ്യചിന്ത്യിലേക്കല്ല). അതുകൊണ്ടാണ് അമ്മയുടെ ഉദരം ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി ഉപയോഗിയ്ക്കേണ്ടത് എന്നു പറയുന്നത്.

ഇതു തന്നെയല്ലേ മംഗളം പത്രവും പറഞ്ഞിരിയ്ക്കുന്നത്. അല്ലെങ്കില്‍ ഇതില്‍ നിന്നു വ്യത്യസ്ഥമായി എന്തെങ്കിലും മംഗളം പറഞ്ഞോ?

ജനനം, മരണം, ഈ രണ്ടു പ്രക്രിയകളേയും മനുഷ്യജീവിതത്തിന്റെ അനേകതലങ്ങള്‍ കൈകാര്യംചെയ്യുന്നുണ്ട്. ഉദ്. ഗവണ്മെന്റ്, കുടുംബം, വൈദ്യശാസ്ത്രം, സമൂഹം, സംസ്കാരികസംഘടനകള്‍, മതം, രാഷ്ട്ര്രിയം അങ്ങനെ പോകുന്നു ആ ലിസ്റ്റ്.

എന്നാല്‍ ഇതില്‍ ഗവണ്മെന്റു കൈകാര്യം ചെയ്യുന്ന കാര്യങ്ങളല്ല, വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്നത്. അതുപോലെ മതം കൈകാര്ര്യം ചെയ്യുന്നത് വേറെകാര്യങ്ങളാണ്. ജനനത്തിന്റെയും മരണത്തിന്റെയും ഇടയ്ക്കുള്ള ആത്മീയവും, ധാര്‍മ്മികവുമായ കാര്യങ്ങളാണ് അതു കൈകാര്യം ചെയ്യുന്നത്.

Theology, morality and church discipline,western culture's moral degradation, salvation, evil of postivism and materialism, pacification ഇവയുടെയൊക്കെ പരിധിയ്ക്കുള്ളില്‍ നിന്നുകൊണ്ടാണ് ജീവന്റെ മഹത്വത്തേക്കുറിച്ചെന്നല്ല ഏതുവിഷയത്തെക്കുറിച്ചും മതം കൈകാര്യം ചെയ്യേണ്ടത്.

ഈ തല‍ങ്ങളിലുള്ള ധാര്‍മ്മികതയെ ആത്മീയബോധങ്ങളായ പാപപുണ്യങ്ങളുമായി ബന്ധിപ്പിച്ച് ദൈവബോധമുണ്ടാക്കുകയാണ് മതങ്ങളുടെ പൊതുവായ ലക്ഷ്യം.

അതിനപ്പുറത്തു കടന്ന് വിശ്വാസികളെ അവരു‍ള്‍ക്കൊള്ളുന്ന ജനതയുടെ ഒരു പ്രത്യേകഭാഗമായിക്കണ്ട്, അവരുടെ കുറയുന്ന എണ്ണത്തില്‍ ‘കണ്ണൂതുറക്കണമെന്നു‘ പറഞ്ഞ്, അതുകോണ്ട് മാതാവിന്റെ ഉദരം ജീവന്റെ നില‍നില്‍പ്പിനു വേണ്ടി ദൈവം നല്‍കിയ രക്ഷാപേടകമായി കണക്കാക്കണമെന്നു പറയുമ്പോഴാണ്, അതില്‍ കല്ലുകടി അനുഭവപ്പെടുന്നത്. അപ്പോഴാണ്, അതു ഗവണ്മെന്റിന്റയും മറ്റു ഭരണസംവിധാനങ്ങളുടെയും നേര്‍ക്കു കാട്ടുന്ന മതത്തിന്റെ കൈകടത്തലായി തോ‍ന്നുന്നതും അതിനോടു ജനം‍ പ്രതികരിയ്ക്കുന്നതും.

ചുരുക്കീപ്പറഞ്ഞാല്‍: കിരണ്‍ തോമ‍സ് മംഗളത്തില്‍ വന്ന പത്രവാര്‍ത്തയെ അടിസ്താനമാക്കി ഇട്ട ആദ്യപോസ്റ്റ് ഒരു തെറ്റുദ്ധാരണയാണെന്ന് പറയുന്നത് ‍ convincing ആയി എനിയ്ക്കു തോന്നുന്നില്ല.

കിരന്‍ തോമസിന്റെ പോസ്റ്റ് ഇവീടെ

Sunday, September 16, 2007

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഭാഗം 2

ദേവദാസി- സ്മ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഒന്നാം ഭാഗത്തോടുണ്ടായ പ്രതികരണങ്ങള്‍

ആദ്യമായി, ഒന്നാം ഭാഗത്തോടുണ്ടായ പ്രതികരണത്തേക്കുറിച്ച് ചിലതെഴുതട്ടെ.

ഇന്‍ഡ്യന്‍ സത്രീത്വത്തിന്റെ തീഷ്ണവും പീഢിതവും തനതുമായ രൂപങ്ങളെ ഒന്നു മനസിലാക്കാനുള്ള ശ്രമമാണ് ഈ പൊസ്റ്റ്കളുടെ ഉദ്ദേശം എന്നു ഞാന്‍ ഒന്നാം ഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ.

കേവലം ജനനം കൊണ്ടു മാത്രം ‘പരിശുദ്ധവേശ്യകളും‘ ലൈഗീക അടിമകളും ആകേണ്ടി വന്ന/വരുന്ന ഒരു വിഭാഗം ഇന്‍ഡ്യന്‍ സ്ത്രീകള്‍, എന്റേതും കൂടിയായ ഒരു ദൈവ-മതവ്യവസ്ഥയുടെ മന:പ്പൂര്‍വ സൃഷ്ടികളാണെന്നറിഞ്ഞപ്പോള്‍ എനിയ്ക്കു അതില്‍ അതിയായ ജാള്യതയും വേദനയും അനുഭവപ്പട്ടു. എന്നാല്‍ അതില്‍ സ്ത്രീ ബ്ലോഗേഴ്സിന്റെ പ്രതികരണം ഉണ്ടായില്ല എന്നു തന്നെ പറയാം.

നാമടങ്ങുന്ന ഒരു മതസമ്പ്രദായം കളങ്കപ്പെടുത്തിയ അവരോട് കരുണ തോന്നുക, നമ്മുടെ മാനവികതയുടെ ഭാഗമായി പലരും കാണുന്നില്ലേ? ജീവിതത്തിന്റെ പല സൌകര്യങ്ങളും അനുഭവിയ്ക്കുന്നവര്‍ അതു നിഷേധിയ്ക്കപ്പെട്ടവരെ, ദൈവദോഷികള്‍, ശാപം കിട്ടിയവര്‍, പാപികള്‍ എന്നൊക്കെ വിളിയ്ക്ക വഴിയാണല്ലോ അവരുടെ ജന്മത്തിന്റെ മഹത്വം കൂടുതല്‍ വെളിപ്പെടുത്തുന്നത്.

അങ്ങനെ ഒക്കെ സംശയിച്ചിരുന്ന അവസര‍ത്തിലാണ് ഞാന്‍ കഴിഞ്ഞദിവസം, വിധവകള്‍ നേരിടുന്ന സാമുഹ്യപ്രശ്നങ്ങളേക്കുറിച്ച് കേരള വനിതാകമ്മീഷന്‍ മെംബര്‍, ടി. ദേവി ദേശഭിമാനിയുടെ, ‘സ്ത്രീ‘ പംക്തിയില്‍ എഴുതിയ ഒരു ലേഖനം വായിച്ചത്. (
http://www.deshabhimani.com/specials/stree/cover.htm)

സ്ത്രീയുടെ വൈധവ്യം മുന്‍-ജന്മദോഷമാണ് എന്നുപറഞ്ഞ് അവരെ പാപികളായി കണക്കാക്കുന്ന മത ആഡ്യതയുടെ പുണ്യ-പാപ ജാഡയിലേക്കാണ് ദേവിയുടെ ലേഖനം വിരല്‍ ചൂണ്ടുന്നത്. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ എന്റെ പ്രശ്നങ്ങളല്ല എന്ന മലയാളിയുടെ ക്രൂര മനോഭാവത്തേക്കുറിച്ച് അവര്‍ അതില്‍ വ്യക്തമാക്കുന്നുണ്ട്.

വിധവകളുടെ സംഘടനകളേക്കുറിച്ചു സംസാരിയ്ക്കുമ്പോള്‍ വിധവകളല്ലാത്തവരുടെ പരിഹാസ്യമായ പ്രതികരണങ്ങള്‍‍ അവര്‍ രേഖപ്പെടുത്തുന്നു. ”ഞങ്ങള്‍ക്കിതൊന്നും കേള്‍ക്കേണ്ട്. ഞങ്ങള്‍ വിധവകളല്ല. ഞങ്ങള്‍ക്കു ഭര്‍ത്താവുണ്ട്“.


വിധവയുടെ മകന്‍ പറയുന്നു,”വിധവകളെന്നു പറഞ്ഞ് വീട്ടില്‍ പ്രശനമുണ്ടാക്കല്ലെ! ഞങ്ങളുടെ വീട്ടില്‍ വിധവയ്ക്ക് ഒരു പ്രശ്നവുമില്ല"

ഇനി ഭാഗം രണ്ടിലേക്കു കടക്കട്ടെ.


“ചുരുക്കത്തില്‍ ബ്രാഹ്മണാധിപത്യത്തോടെ ഇന്ത്യയില്‍ ജന്മമെടുത്ത ദേവദാസി സമ്പ്രദായം കാലത്തിനും മത-വിവേചന-രാഷ്ട്രീയ- രാജ പ്രഭുത്വത്തിനുമൊപ്പം വളര്‍ന്ന് ഫ്യൂഡല്‍ വ്യവസ്ഥയുടെ ചേരിയിലെത്തിയപ്പോഴേക്ക് കുറേശെ ജനകീയമാകാന്‍ തുടങ്ങി“ എന്നു പറഞ്ഞാണല്ലോ കഴിഞ്ഞഭാഗം നിര്‍ത്തിയത്

എന്നാല്‍ കേരളത്തില്‍ ഇന്ത്യയുടെ മറ്റു തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു ‍ വ്യത്യസ്തമായാണ് അനുഭവങ്ങള്‍ ഉണ്ടായത്. അതായത് കേരളത്തിലെ ക്തേത്ര വളപ്പുകളില്‍ ബ്രാഹ്മണന്റെ പരിശുദ്ധവേശ്യകളായി അവിടുത്തെ അധ:ക്രൂതര്‍ക്കു മാറേണ്ടി വന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ എന്തോ കേരളത്തിലെ സാമൂഹ്യ സാഹചര്യത്തില്‍ ഉണ്ടായിരുന്നു എന്നു വ്യക്തം

ആ വ്യത്യസ്ഥമായ കാരണങ്ങള്‍ എന്തായിരിയ്ക്കാം?


ഒരു പക്ഷെ കേരളത്തില്‍ നിലനിന്നിരുന്ന സംബന്ധവ്യവസ്ഥ ആയിരിയ്ക്കാം അതിനു കാരണം. മറ്റൊന്ന്, കേരളത്തിലെ ബുദ്ധഭിക്ഷുകിനികള്‍ മറ്റെവിടേക്കോ ഓടി രക്ഷപ്പെട്ടിരുന്നിരിയ്ക്കാം. സിലോണിലേക്കു രക്ഷപ്പെടുക അവര്‍ക്കെളുപ്പമായിരുന്നല്ലോ.

എങ്കിലും കേരളത്തിലെ അധ:ക്രുതരും പിന്നോക്കരും ‍ മുകളില്‍ പറഞ്ഞ ദേവദാസി സമ്പ്രദായത്തിന്റെ ജനകീയരൂപത്തില്‍‍ നിന്നു മോചിതമായിരുന്നു എന്നു പറയാന്‍ സാധിയ്ക്കുകയില്ല.

പുരോഹിത-രാജ-പടയാളി കൂട്ടായ്മ തെക്കന്‍ സംസ്ഥാനങ്ങളിലേക്കു കുടിയേറാന്‍ തുടങ്ങിയ ആറാം നൂറ്റാണ്ടുകള്‍‍ക്കു ശേഷമാണ് ഇന്ത്യയില്‍‍ ദേവദാസി സമ്പ്രദായത്തിന്റെ ഉദയം ഉണ്ടായത് എന്നു കഴിഞ്ഞഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ.

ഈ കുടിയേറ്റം കേരളത്തില്‍ ഒരു ‘ജാതി-ജന്മി-നാടുവാഴി‘ സമ്പ്രദായമാണല്ലോ ഉണ്ടാക്കിയത്. ജന്മി-കുടിയാന്‍ സമ്പ്രദായത്തില്‍, കുടിയാന്‍ സ്ത്രീയും ജന്മിയുടെ സ്വകാര്യസ്വത്തായിരുന്നു.


മലയപ്പുലയന്, മനതാരില്‍ ആശപോലെ വളര്‍ന്നു വന്ന വാഴക്കുലയും അകത്തെ പുലകിപ്പെണ്ണും, പറമ്പിലെ പശുവും, ഒന്നു പോലെയായിരുന്നു, ജന്മി കണ്ണുവച്ചാല്‍ നഷ്ടപ്പെടാനുള്ളവ. പക്ഷെ കേരളത്തിലെ ജന്മികളും നാടുവാഴികളും ബ്രാഹ്മണര്‍ ആയിരുന്നില്ല. ഡോക്ടര്‍, കെ. ജംനദാസ് എഴുതുന്നതു പോലെ, ഗുജറാത്തില്‍ യുവതികള്‍ വിവാഹത്തിനു മുന്‍പ് പൂജാരിയുടെ കൂടെ ഒരു രാത്രി ചിലവ്ഴിയ്ക്കണമായിരുന്നു, അതുപോലെ ‘നവരാത്രി‘ ആഘോഷങ്ങളില്‍ ഒരോ ദിവസവും ഓരോവീട്ടില്‍ നിന്ന് പുരോഹിതനു കൂട്ടു കിടക്കാന്‍ ഓരോ സ്ത്രീ പോകണമായിരുന്നു.

പക്ഷെ കേരളത്തില്‍ പുരോഹിതന്മാര്‍ക്കു സംബന്ധമുണ്ടായിരുന്നുവല്ലോ. അതിനാല്‍ കുടിയാന്‍ സ്ത്രിയില്‍ അവകാശം, നാട്ടുവാഴികള്‍ക്കും ജന്മികള്‍ക്കുമായിരുന്നു. കുടിയാന്‍ വിവാഹം കഴിച്ചു കൊണ്ടുവന്നാല്‍ അവളെ ജന്മിയ്ക്കു കാഴ്ച വയ്ക്കുക, കേരളത്തില്‍ പതിവായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞിട്ടിട്ടുണ്ട്. കുടിയാന്‍ സ്ത്രീകള്‍ മാറുമറ്യക്കരുത് എന്നുള്ളതും ജന്മിയുടെ തീരുമാനമായിരുന്നല്ലോ

പക്ഷെ ഇന്നു കേരളത്തില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥ ഇല്ല. ജനാധിപത്യഭരണ സമ്പ്രദായം ജന്മി കുടിയാന്‍ വ്യവസ്ഥയെ നിയമപരമായി അസാധുവാക്കി. പക്ഷെ സ്തീയെ സ്വകാര്യസ്വത്തായി കണ്ടിരുന്ന ജന്മി മനസിനെന്തുപറ്റി? ആ മന‍സ് അതു നിയമപരമയോ, സാമൂഹികമായോ, രഷ്ട്രീയമായോ അസാധുവാണെന്ന്‌ അംഗീകരിച്ചോ?


അതുപോലെ, സ്വന്തം സൌന്ദര്യവും, സ്ത്രീത്വത്തിന്റെ സുകുമാരതയും ഉപഗോഗിച്ച് പുരുഷനെ (ബ്രാഹ്മണനെ) പാട്ടിലാക്കുന്നത് ആചാരമാക്കിയ കേരളത്തിലെ സംബന്ധസ്ത്രീ മനസിനെന്തു പറ്റി?

ഇന്നു കേരളത്തില്‍ നായരോ നമ്പൂതിരിയോ ആകണമെന്നില്ല സ്ത്രീയെ സ്വകാര്യസ്വത്തായി കാണാന്‍‍, അതു പോലെ നായരു സ്ത്രീ ആകണമെന്നില്ല, സംബന്ധത്തിന്റെ മനസുണ്ടാകുവാന്‍.

ഇന്നത്തെ നാനാജാതി മതസ്ഥരേയും എടുത്താല്‍, വ്യക്തി ജീവിതത്തില്‍ സ്ത്രീയെ സ്വകാര്യസ്വത്തായി കാണാത്ത എത്ര പുരുഷന്മാരുണ്ട് കേരളത്തില്‍? (ഭാര്യയെ ഒരു മൈനര്‍ അല്ലാതെ തുല്യപങ്കാളിയായി കാണുന്നവര്‍) അധികാരവും സ്വത്തും ‘ക്ലാസും‘ ഉള്ള ആണിന് പൊതുജീവിതത്തിലും സ്ത്രീയെ സ്വകാര്യസ്വത്തായി കണക്കാക്കുന്നതില്‍ തെറ്റില്ല എന്നുള്ള ധാരണയും വളരുന്നു. അഥവാ ആരും അതിനെ ചോദ്യം ചെയ്യുന്നില്ല.

ചുരുക്കം പറഞ്ഞാല്‍, ഇന്ത്യന്‍ സമൂഹം കഴിഞ്ഞ ഒന്നൊന്നര സഹസ്രാബ്ദത്തിനുള്ളില്‍ അതിന്റെ വിവിധ അധിനിവേശ-ഭരണ-വര്‍ഗ-രാഷ്ട്രീയ-തലങ്ങളിലൂടെ കാലം പൂകി ആനുകാലിക ലിബറലിസത്തില്‍ എത്തിനില്‍ക്കുമ്പോഴും, അത്രയും തന്നെ പഴക്കമുള്ള സംബന്ധ-ദേവദാസി സമ്പ്രദായങ്ങള്‍ സ്വയം വളര്‍ന്നു കുടുതല്‍ ജനകീയമായതല്ലാതെ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിന്റെ വ്യക്തിമനസുകളില്‍ അവ വേര്‍‌പിരിയ്ക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്നിരിയ്ക്കുന്നു എന്നു തന്നെ പറയാം.

സൂര്യനെല്ലിയും, വിദുരയും, കിളിരൂരും, കവിയൂരും പിന്നെ കേരളത്തില്‍ ഇന്നു കുടില്‍ വ്യവസായം പോലെ പെരുകുന്ന പെണ്‍-വാണിഭങ്ങളും ഇതല്ലേ സൂചിപ്പിയ്ക്കുന്നത്. അതും കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്ത പുരുഷന്മാരെ ശിക്ഷിയ്ക്കുന്നതില്‍ സമൂഹമോ നീതിന്യായവകുപ്പോ മാത്രുകാപരമായ നിലപാടുകള്‍ എടുക്കാറുമില്ല. ക്രൂരതയ്ക്കു വിധേയമാക്കപ്പെട്ട പെണ്‍കികുട്ടികളാണ് വീണ്ടും അപഹാസ്യരാകുന്നത്.

കിളിരൂരില്‍ ശാരി എന്ന പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ പെണ്‍‌വണിഭക്കേസില്‍ രസകരമായ രാഷ്ട്രീയ വിവാദങ്ങള്‍ അരങ്ങേറുകയാണല്ലോ ഇപ്പോള്‍ കേരളത്തില്‍. സ്ത്രീത്വത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹരിയ്ക്കുന്നതിനും വേണ്ടിയെന്ന ജാഡയില്‍ പ്രവര്‍‌ത്തിയ്ക്കുന്ന രണ്‍‌ടു സ്ത്രീ സംഘടനകളെ (ജനാധിപത്യ മഹിളാ സംഘടനയും മഹിളാകോണ്‍ഗ്രസും) പ്രോക്സിയാക്കി കളിയ്ക്കുകയാണ് ഭരണവും പ്രതിപക്ഷവും. പ്രതിസ്ഥാനത്ത് ഒരു വനിതാ മന്ത്രി-അരോഗ്യമന്ത്രി, ശ്രീമതി. ശ്രീമതി.

പക്ഷെ ആ പെണ്‍കുട്ടിയുടെ ജീവിതത്തെ നിഷ്ടരം പിച്ചിച്ചീന്തിയ, പുരുഷന്മാരേക്കുറിച്ച് ഒന്നും കേള്‍ക്കുന്നില്ല. അതുപോലെ അവളെ പഴനി, കുമളി, ആലപ്പുഴ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ വ്യഭിചാരവ്യാപാ‍രത്തിനായി കൂട്ടിക്കൊടുത്തവരേയും കൊണ്ടു നടന്നവരേക്കുറിച്ചും കേള്‍ക്കുന്നില്ല.

വനിതാക്കമ്മിഷനും രംഗത്തുണ്ട്. 2004ല്‍ നടന്ന സംഭവത്തില്‍ മൊഴിയെടുത്ത ‍അന്നത്തെ വനിതാകമ്മീഷണര്‍ മരിയ്ക്കുന്നതിനു മുന്‍പ് ശാരിയുടെ മൊഴിയേടുത്തിരുന്നു എന്നു പറയുന്നു.‍ മൊഴിയില്‍ ധാരാളം വി.ഐ.പി കളുടെ പേരുകള്‍ അടങ്ങിയിരുന്നു എന്നും.



ഇനി ഈ പ്രശ്നത്തിന്റെ ഏറ്റവും കാതലായ ഭാഗത്തേക്കു വന്നാല്‍; ഈ പെണ്‍കുട്ടിയുടെ കൂട്ടിക്കൊടുപ്പുകാരി മറ്റൊരു സ്തീയാണ്, പെണ്‍കുട്ടിയുടെ ബന്ധത്തിലുള്ളവര്‍, പ്രായപൂര്‍ത്തിയായ, അമ്മയുടെ സ്ഥാനമുള്ള ഒരു സ്ത്രീ.




സ്വന്തം മകള്‍ കുറഞ്ഞത് ഒന്‍‌പതു മാസക്കാലമെങ്കിലും വ്യഭിചാരവസ്തുവായി ഉപയോഗിയ്ക്കപ്പെട്ടിരുന്നത് അറിഞ്ഞില്ല എന്നു പറയുന്നു മാതാപിതാക്കള്‍. ഇതയും കാലം വ്യഭിചാരവസ്തുവായി ജീവിച്ച സ്വന്തം മകളുടെ മുഖത്തു നോക്കി അവളുടെ വേദന മനസിലാ‍ക്കാന്‍ കഴിയാതെ പോയ അമ്മയെ ഒരമ്മയെന്നെങ്ങനെ വിളിയ്ക്കാന്‍ കഴിയും എന്നു ചോദിച്ചാല്‍ വിവാദമാകും എന്നറിയാം എങ്കിലും സത്യത്തിന്റെ പേരില്‍ അതു ചോദിയ്ക്കാതിരിയ്കാന്‍ കഴിയുന്നില്ല. ആ അമ്മയും മകളും തമ്മിലുള്ള ബന്ധമെന്തായിരുന്നു? ഒരു മകള്‍ ഏറ്റവും കൂടുതല്‍ വിശ്വസിയ്ക്കേണ്ട് വ്യക്തിയാണ് അമ്മ.




ഒന്നു കൂടി ചോദിയ്ക്കട്ടെ, ശാരി എന്ന പെണ്‍കുട്ടിയ്ക്ക് അവളെ ഉപയോഗിച്ച ഏതെങ്കിലും ഒരു ഉന്നതന്റെ സഹായത്താല്‍ ഒരു സീരിയല്‍ നടിയുടെ തൊഴില്‍ തരപ്പെട്ടിരുന്നെങ്കില്‍ അവളും ഒരു മാന്യമായ കുടുംബത്തിലെ വ്യക്തിയായി മത്രമല്ലേ ഇന്നറിയപ്പെടുമായിരുന്നുള്ളു. പൊള്ളയായ ആത്മാവും പേറി എത്രയോ പെണ്‍കുട്ടികള്‍ വീട്ടുകാരുടെ അന്നം നടത്തുമ്പോളും അവളുടെ വേദനയില്‍ അവരാരെങ്കിലും പങ്കുകാരാകാറുണ്ടോ?




അതുപോലെ ശാരിയെ കൂടെക്കൊണ്ടു നടന്നതു പുരനിറഞ്ഞുനിന്നിരുന്ന ഭാ‍ര്യയും മക്കളും സ്വന്തമായുള്ള പുരുഷന്മാരാണ്. അവരുടെ കുടുംബങ്ങളിലെ ഭാര്യ-ഭര്‍ത്തൃബന്ധങ്ങള്‍ക്ക്, രക്ഷകര്‍തൃബന്ധങ്ങള്‍ക്ക് എന്തു വിലയാണുള്ളത്? ആകുടൂംബങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ക്കുണ്ടകാനിടയുള്ള ലൈംഗികവികലതയ്ക്കുത്തരവാദി ആ മാതാപിതാക്കള്‍ തന്നെയാണ്.‍




പൊതുവെ പറഞ്ഞാല്‍ സ്ത്രീ-പുരുഷ ബന്ധത്തിന്റെ വികലമായ വശങ്ങള്‍ വ്യക്തി സ്വഭാവത്തിന്റെ ഭാഗമാകുന്നതിനുള്ള ഒരു പ്രധാന കാരണം അവരവരുടെ ബാല്യകാലങ്ങളില്‍ കുടുംബങ്ങളില്‍ നിന്നുണ്ടാകുന്ന അനുഭവങ്ങളും മാതാപിതാക്കളുടെ പെരുമാറ്റങ്ങളും, ലൈംഗിക അരാജകത്വങ്ങളും മനോഭാവങ്ങളും, ജീവിതരീതികളും ഒക്കെയാണ്.




പക്ഷെ നമ്മളു വല്യ പാരമ്പര്യവും, കുലമഹിമയും, കുടുംബശ്രേഷ്ടതയും, ദൈവഭയവും ഉള്ളവരാണ് എന്നൊക്കെയുള്ള ജാടയിറക്കി സ്വയം സൃഷ്ടിയ്ക്കുന്ന ഒരു വിഡ്ഡിലോകത്താണ് ‍ ജീവിയ്ക്കുന്നത്. മക്കളു കള്ളുകുടിയന്മാരും, പെണ്ണുപിടിയന്മാരും, ആണു പിടയകളും ഒക്കെയായി മാറുമ്പോഴും പല മാതാപിതാക്കളും വേവലാതി കൊള്ളുന്നത്, ആരെങ്കിലും അറിഞ്ഞോ, തറവാടിന്റെ മാനം(?) കളഞ്ഞോഎന്നൊക്കെ ആയിരിയ്ക്കും. മലയാളികള്‍ എന്തിനാണ് ഇത്രയധികം പരസ്പരം ഭയക്കുന്നത്? മലയാളിക്കൂട്ടായ്മ എന്നു പറഞ്ഞാല്‍ എന്താണ്? പരസ്പരം ഭയക്കുകയും വിശ്വാസിയ്കാത്തവരുമായ ആളുകള്‍‍ ഒരു മേശയ്ക്കപ്പുറത്തുമിപ്പുറത്തുമിരുന്നു ചിരിച്ചു കളിച്ച് സ്വയം മറയിടുന്നു എന്നാണോ?

ചുരുക്കത്തില്‍: സ്ത്രീത്വത്തിന്റെ പ്രശ്നം പുരുഷന്റയും കുട്ടികളുടേയും പ്രശ്നമാണ്. സ്ത്രീയ്ക്കു പ്രത്യേകമായി പ്രശ്നങ്ങളില്ല. ഇന്നു സ്തീസ്വാതന്ത്യത്തിന്റെ പേരില്‍ രൂപം കൊണ്ടിരിയ്ക്കുന്ന വനിതാകമ്മീഷനുകളും, സ്തീ സംഘടനകളും രാഷ്ട്രീയ, മുതലാളിത്ത ചേരികളില്‍ നില്‍ക്കുന്നിടത്തോളം കാലം അവര്‍ക്കു സ്ത്രീത്വത്തിന്റെ യദ്ധര്‍ത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിയ്ക്കാനോ അതിനു പ്രതിവിധി കാണാനോ കഴിയുകയില്ല. മലയാളിയുടെ കുടുംബം അവന്റെ തന്നെ ചുമതലയാണ്. പക്ഷെ ഇല്ലാത്ത ആഡ്യതയുടെയും പാരമ്പര്യത്തിന്റെയും ജാഡയില്‍ ഒളിച്ചിരിയ്ക്കാതെ സ്വന്തം മക്കളുടെ പ്രശ്നങ്ങള്‍ക്കു നേരെ റിയലിസ്റ്റിക്കായ മനോഭാവം അവര്‍ കൈവരിയ്ക്കേണ്ടിയിരിയ്കുന്നു. അതിലേക്ക് അവര്‍ സാമൂഹ്യമായി കൂടുതല്‍, സ്നേഹവും, സാഹോദര്യവും, ബഹുമാനവും, മാനവികതയും ഉള്ളവരാകേണ്ടിയിരിയ്ക്കുന്നു.

ഇതിലേക്ക് ബ്ലോഗേഴ്സ് കൂട്ടായ്മയ്ക്ക് എന്തു ചെയ്യാന്‍ കഴിയും?

മാന്യവായനക്കാരുടെ അഭിപ്രായം വിലപ്പെട്ടതാണ്.
(തുടരും)

പകര്‍പ്പവകാശം: മാവേലികേരളം (Prasannakumary Raghavan).
(ലേഖികയുടെ അനുവാദം കൂടാതെ ഈ പോസ്റ്റ് പൂര്‍ണമായോ ഭാഗികമായോ പകര്‍ത്തപ്പെടുവാന്‍ പാടുള്ളതല്ല)