Friday, March 30, 2007

കേപ് ടൌണ്‍ (സൌത്താഫ്രിയ്ക) ലോക സ്ഞ്ചാരികളുടെ ഒരു സ്വപ്നം: ഭാഗം 1












കേപ്പ് പോയിന്റ് ഒരു ദൂരക്കാഴ്ച



(ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പില്‍ 2005 സെപ്റ്റംബറില്‍ ‍ എന്റെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ഇതു പല ഭാഗങ്ങളായി എഴുതുമ്പോള്‍ അതില്‍ നിന്നും ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. രാഷ്ട്രീയ,ചരിത്ര, സാംസ്കാരിക പശ്ചാത്തലങ്ങളില്‍ സമാനതകളും അസമാനതകളും ഉള്ള രണ്ടു രാജ്യങ്ങളാണ്‌ ഇന്‍ഡ്യയും സൗത്താഫ്രിയ്ക്കയും. ഈ സമാനതകളിലേക്കും അസമാനതകളിലേക്കും ഉള്ള ഒരെത്തിനോട്ടം കൂടിയാണ്‌ ഈ പരമ്പര)
യൂറോപ്പിന്റെ അധിനിവേശ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ്‌ സൗത്താഫ്രിയ്ക്കയുടെ തെക്കെ അറ്റത്തെ മുനമ്പായ കേപ്‌.

ആ ചരിത്രത്തിന്റെ അഗ്രഗാമിയായ പോര്‍ട്ടുഗീസ്‌ വാസ്കോടിഗാമ, 1498ല്‍ അന്നു കിഴക്കിന്റെ സമൃദ്ധിയായ ഇന്‍ഡ്യ തേടി വന്ന ജലയാത്രയില്‍ കേപ്‌ മുനമ്പിനെ കണ്ടു നിവൃതി നേടിയതും അതിനെ ആശയുടെ മുനമ്പ്‌ (കേപ്‌ ഓഫ്‌ ഗുഡ്‌ ഹോപ്‌) എന്നു വിളിച്ചതുമായ കഥകള്‍ കേരളത്തിലെ ചരിത്ര ബാലപാഠമായിരുന്നു ഒരുകാലത്ത്‌.

പിന്നീടു കൊളോണിയല്‍ ഭരണം ശക്തിപ്പെട്ടുവന്നപ്പോള്‍ സൗത്താഫ്രിയ്ക്കയുടെ തെക്കു ഭാഗത്തെ ഭൂപ്രദേശങ്ങളെല്ലാം കൂടി കേപ്‌ എന്നറിയപ്പെട്ടു.

1994 ലെ അതിന്റെ സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം ഈ പ്രദേശങ്ങളെ പല ഭരണ മേഘലകളായി വിഭജിയ്ക്കപ്പെട്ടു.

ഇന്നു കേപ്‌ ഒഫ്‌ ഗുഡ്‌ ഹോപ്പും കേപ്‌ പെനിന്‍സുല എന്നറിയപ്പെടുന്ന അതിന്റെ ചുറ്റുപ്രദേശങ്ങളും വെസ്റ്റേണ്‍ കേപ്‌ എന്ന ഭരണമേഘലയിലാണ്‌.




മുനമ്പ്‌ എന്നു പറയുന്നെങ്കിലും ഇതൊരു പര്‍വതമാണ്‌. ഗുഡ്‌ ഹോപ്പു മുനമ്പിനെ കൂടാതെ അടുത്തായി വേറെ രണ്ടു മുനമ്പുകള്‍ കൂടിയുണ്ട്‌. കേപ്പ്‌ മുനമ്പും, കേപ്‌ മക്ലിയറും.

സമുദ്ര നിരപ്പില്‍ നിന്നും 200ല്‍ പരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കേപ്പ്‌ മുനമ്പിന്റെ നിറുകയില്‍ കഴിഞ്ഞ ദിവസം കയറി നിന്നപ്പോള്‍ ഒരിയ്ക്കല്‍ ചരിത്രം പഠിപ്പിച്ചിരുന്ന അദ്ധ്യാപകനും ഗ്രമാന്തരീക്ഷത്തിലെ ജനകീയ വിദ്യാലയവും അവിടെ തുടങ്ങിയ ബൗദ്ധിക കാല്‍ വയ്പ്പുകളും ഓര്‍മ്മയുടെ
പലേ ആവിഷ്കാരങ്ങളണിഞ്ഞു മനസ്സിലേക്കോടിയെത്തി.

പ്രകൃതിയെ കീഴടക്കാനുള്ള മനുഷ്യന്റെ ആവേശത്തിന്റെ പ്രതീകം കൂടിയാണ്‌ മുനമ്പിന്റെ നിറുകയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലൈറ്റ്‌-ഹൗസ്‌.

മുനമ്പിന്റെ മറ്റൊരു ദൃശ്യം



ഗതകാല ശ്രേയസിന്റെ ഓര്‍മ്മകളുമായി നില്‍ക്കുന്ന ആവൃദ്ധസ്മാരകം ലണ്ടനില്‍ നിര്‍മ്മിച്ചു കൊണ്ടുവന്നതാണെന്നൊരാലേഖനം സൂചിപ്പിയ്ക്കുന്നു.




1860 മുതല്‍ 1919 വരെയായിരുന്നു ഇതിന്റെ ഉപയോഗ കാലഘട്ടം. 67 കിലോമീറ്റര്‍ അകലെയുള്ള കപ്പലിനു വരെ കാണത്തക്ക വിധത്തിലായിരുന്നു ഇതിന്റെ വെളിച്ച സൗകര്യമെങ്കിലും സദാ മൂടല്‍ മഞ്ഞും മേഘങ്ങളും മൂടിക്കിടന്നിരുന്ന കാരണത്താല്‍ അതു കപ്പല്‍ക്കാര്‍ക്കു ധാരാളം വിഷമതകള്‍ ഉണ്ടാക്കിയിരുന്നു. 1911ലെ പോര്‍ട്ടുഗീസു കപ്പല്‍ ലുസിറ്റാനിയായുടെ തകര്‍ച്ചയോടെ ഇവിടെതന്നെ 87 മീറ്റര്‍ ഉയരത്തില്‍ മറ്റൊരു ലൈറ്റ്‌-ഹൗസ്‌ പണിഞ്ഞു. അതോടെ ഇതൊരു ചരിത്രസ്മാരകമായി മാറി.


ഒച്ചയോ അനക്കമോ മനുഷ്യവാസമോ ഇല്ലാത്ത ആ മലയുടെ മുകളില്‍ ആ വിളക്കുമാടം ഒരാശ്രമം പോലെ നിന്നു.

അതിന്റെ മുകള്‍പ്പരപ്പു മുഴുവന്‍ പലതരം സസ്യങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. അതില്‍ നിന്നുതിര്‍ന്നു വീണ ഒരു കാനന സൗരഭ്യം അവിടമാകെ പരന്നിരുന്നു.

എങ്കിലും ഒരു കാലത്ത്‌ ആ ദീപ സ്തംഭത്തിന്റെ ഉള്ളിലിരുന്ന് ചിലരൊക്കെ ലോകത്തിന്റ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കടല്‍ക്കച്ചവടവും അതു വഴി അവരുടെ ജീവിതവും നിയന്ത്രിച്ചിരുന്നു എന്നത്‌ അസുഖകരമായ ഒരു ചിന്തയായി ഒരു നിമിഷം മനസ്സിലേക്കു കടന്നു വന്നു.

പതിനെട്ടാം നൂറ്റാണ്ടോടെ കൊളോണിയല്‍ വ്യാപാരം കൂടുതല്‍ വികസിച്ചപ്പോള്‍ കേപ്പിന്റെ തീരം വഴിയുള്ള കടല്‍ ഗതാഗതവും കണക്കിലധികം വര്‍ദ്ധിച്ചു.

ഇന്ത്യയില്‍ നിന്ന് പ്രകൃതി-മാനവ വിഭവങ്ങള്‍ മറ്റു സ്ഥലത്തേക്കും തിരിച്ചു സംസ്കൃത പദാര്‍ത്ഥങ്ങള്‍ ഇന്ത്യയിലേക്കും കടത്തിയ ആ വ്യാപാര ശൃംഘലയില്‍ ആദ്യം ഒരു ചിന്ന ഇടത്താവളം എന്ന നിലയിലാണ്‌ സൗത്താഫ്രിയ്ക്കയിലെ കേപിനു രംഗപ്രവേശമുണ്ടായത്‌.

പിന്നീടു വന്‍ തോതിലുള്ള അവിടുത്തെ പ്രകൃതി വിഭവങ്ങളുടെ സാധ്യത മനസിലാക്കിയതോടെയാണ് അതൊരു കച്ചവടക്കോളണിയായി വികസിയ്ക്കപ്പെട്ടത്.

തൊണ്ണൂറുകളില്‍ കോളണികള്‍ മോചിപ്പിയ്ക്കാന്‍ തുടങ്ങിയതോടെയും ലോകത്തിന്റെ ധന വ്യാപാര വ്യവസായ തുലനം പടിഞ്ഞാറോട്ടുതിരിയുകയും ചെയ്തതോടെ
കേപ്പിലൂടെയുള്ള കൊളോണിയല്‍ കപ്പല്‍ വ്യാപാരത്തിനറുതി വന്നു.


ഈ ലൈറ്റു ഹൗസു കൂടാതെ കേപ്‌ പോയിന്റില്‍ പ്രധാനമായി കാണാനുള്ളത്‌ ചുറും 7750 ഹെക്റ്റാര്‍ വിസ്താരത്തില്‍ കിടക്കുന്ന ടേബിള്‍ മൗണ്ടന്‍ നാഷനല്‍ പാര്‍ക്കിന്റെ ഭാഗങ്ങളാണ്‌. ലോകത്തിലെ അമൂല്യ സസ്യ മൃഗ സമ്പത്തുകളുടെ കലവറ കൂടിയാണ് ഈ പാര്‍ക്ക്.

കേപ്‌ പൊയിന്റിന്റെ അടിവാരം വരെ മാത്രമേ വാഹനങ്ങള്‍ അനുവദിച്ചിട്ടുള്ളു. അതുകഴിഞ്ഞു കുത്തനെ മുകളിലേക്കുള്ള യാത്ര കാല്‍നടയിലാണ്‌. സ്റ്റേറ്റ്‌ വിനോദസഞ്ചാര വകുപ്പിന്റെ വക ട്രയിനുകള്‍ വഴി മുകളിലേക്കു പോകാമെങ്കിലും അധികമാളുകളും ഒരു തീര്‍ത്ഥയാത്രയുടെ അനുഭവം തരുന്ന കാല്‍നടയാണ്‌ ഇഷ്ടപ്പെടുന്നത്‌.


ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ളവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. കുട്ടികളും, യുവാക്കളും, മദ്ധ്യവയസ്കാരും, വൃദ്ധരും.

ദിവസേന നൂറുകണക്കിനു യാത്രക്കാര്‍ നടന്നു പോകുന്ന ആ വഴിത്താരകളില്‍ ഒരു മുട്ടായിയുടെ പ്ലാസ്റ്റിക്കു പോലും വീണു കിടപ്പില്ലായിരുന്നു എന്നുള്ളത്‌, കേരളത്തില്‍ നിന്നായിരുന്നതുകൊണ്ടാകാം ഞങ്ങള്‍ക്ക്‌ അതിശയമായിതോന്നിയത്‌.

(അടുത്ത ഭാഗം കേപ്‌ ടൗണിന്റെ ചരിത്രോല്‍പത്തിയുടെ ചില ഭാഗങ്ങള്‍)



">Link





Saturday, March 24, 2007

നമ്മുടേതൊരു പ്രോഗ്രസ്സിവ് രാജ്യം...

'ഇതു നിന്റഛനാണോ?'
'അ-ല്ല... ഗാര്‍ഡിയനാ'
'നിന്റെ സ്കൂള്‍ രജിസ്റ്റ്രേഷന്‍ ഫോമില്‍ ഒപ്പിട്ട ഗാര്‍ഡിയന്‍?'

താണ്ടി പ്രിന്‍സിപ്പലിന്റെ മുഖത്തേക്കു സംശയത്തോടെ നോക്കി. അങ്ങനെയുമുണ്ടോ ഒരു ഗാര്‍ഡിയന്‍?

താന്‍ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ ഗാര്‍ഡിയനായി ആരായിരുന്നു കൂടെ വന്നത്‌?

ഗ്രാന്‍ഡ്മായായിരുന്നോ?പക്ഷെ ഗ്രാന്മയ്ക്കൊപ്പിടാനറിയില്ലല്ലോ.

'ഇയാളു നിന്റെയാരാ?' തന്റെ പ്രൈവസിയിലേക്കു നുഴഞ്ഞുകയറുന്ന പ്രിന്‍സിപ്പലിന്റെ ചോദ്യം അവളെ അല്‍പം അലോസരപ്പെടുത്തി.

'ഇവളുടെ അമ്മ എന്റെ ഗേള്‍ഫ്രണ്ടായിരുന്നു'അല്‍പം അഭിമാനത്തോടെ ഗാര്‍ഡിയന്‍ പറഞ്ഞു.

അതു വളരെ ഉദാരമായ ഒരു കാര്യമാണല്ലോ,പ്രിന്‍സിപ്പല്‍ ഓര്‍ത്തു. അമ്മ ഗേള്‍ഫ്രണ്ടാകുമ്പോള്‍ ഇവനച്ഛന്റെ സ്ഥാനം ഉണ്ടെന്നു പറയാം. പക്ഷെ അങ്ങനെ അയിരുന്നെന്നല്ലേ ഇവന്‍ പറയുന്നത്‌'

'നീ പോ എന്നിട്ട്‌ നിന്റെ യഥാര്‍‌ത്ഥ ഗാര്‍ഡിയനെ കൊണ്ടുവാ'പ്രിന്‍സിപ്പല്‍ ഒട്ടും ദാക്ഷിണ്യം കൂടാതെ പറഞ്ഞു.

അപ്പോഴവള്‍ കൂസലില്ലാതെ പ്രിന്‍സിപ്പലിന്റെ മുറി വിട്ട്‌ പുറത്തേക്കു നടന്നു. കൂടെ അയാളും.

നടന്നപ്പോള്‍ അവളൂടെ ഗില്ലറ്റിന്റെകൂര്‍ത്ത മുന മേനി കുറഞ്ഞ തറയെ കുത്തി വേദനിപ്പിച്ചു.ശരീരത്തോടിണങ്ങാതെ നിന്ന പൃഷ്ടത്തിന്റെ പീഠനത്തില്‍ ധരിച്ചിരുന്ന ലെതര്‍ മിനിയുടെ നാഡിഞ്ഞരമ്പുകള്‍ ശ്വാസം മുട്ടി.

പോയിക്കഴിഞ്ഞിട്ടും അവളുടെ പെര്‍ഫ്യുമിന്റ ഗന്ധം പ്രിന്‍സിപ്പലിന്റെ മുറിയില്‍ ബാക്കി നിന്നു.

'വിതൗട്ട്‌ എ ബാട്ടില്‍ ആന്‍ഡ്‌ എ മാന്‍, ദീസ്‌ ഗേള്‍സ്‌ തിങ്ക് ലൈഫ്‌ ഇസ്‌ വര്‍ത്‌-ലെസ്സ്‌', പ്രിന്‍സിപ്പല്‍ മാലതിയുടെ നേര്‍ക്കു തിരിഞ്ഞു പറഞ്ഞു.

മാലതിയുടെ ഡിപ്പാര്‍ട്ടുമെന്റിന്റെ ശ്രദ്ധയില്‍ ഇങ്ങനെ എത്ര കേസുകളാണ്‌ ക്ലാസ്സ്‌ ടീച്ചേഴ്സ്‌ കൊണ്ടുവരുന്നത്‌. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇതു നാലാമത്തെ കേസ്സാണ്‌.

പെണ്‍കുട്ടികള്‍ പെട്ടെന്നു ക്ലാസില്‍ വരാതിരിയ്ക്കുക.രണ്ടും മൂന്നും ആഴ്ചകളോളം ചിലപ്പോള്‍ മാസങ്ങളോളം.

അവിടുത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടമനുസരിച്ച്‌ ഒരു വിദ്യാര്‍ത്ഥി ഒരാഴ്ചയില്‍ കൂടുതല്‍ ക്ലാസില്‍ വരാതിരുന്നാല്‍ ഉടന്‍ തന്നെ ക്ലാസ്‌ രജിസ്റ്ററില്‍ നിന്നു പേരു വെട്ടണം.

ഒരിയ്ക്കല്‍ ലിസ്റ്റില്‍ നിന്നു പേരു വെട്ടിയാല്‍ പിന്നീടു വീണ്ടും രജിസ്റ്റര്‍‍ ചെയ്യാതെ അവരെ തിരിച്ചെടുക്കാനാവില്ല. അതിനു വീണ്ടും രക്ഷകര്‍ത്താകളോ ഗാര്‍ഡിയനോ വരണം.

എന്നാല്‍ രക്ഷകര്‍ത്താക്കാളുടെ ധാരണ കുട്ടികളെ ഒരിയ്ക്കല്‍ സ്കൂളില്‍ ചേര്‍ത്താല്‍ പിന്നെ ആവഴി തിരിഞ്ഞു നോക്കേണ്ടാ എന്നാണ്‌.

ഈ സാഹചര്യത്തില്‍ കുട്ടികളുടെ പേരു വെട്ടിയാല്‍ അതദ്ധ്യാപകരെത്തന്നെയാണ്‌ ദോഷമായി ബാധിയ്ക്കുന്നത്‌.കുട്ടികള്‍ ക്ലാസിലില്ലാതെ വന്നാല്‍ അവരുടെ ജോലിക്കു കുഴപ്പമാകും.

പെണ്‍കുട്ടികള്‍ ക്ലാസില്‍ വരാത്തതിനു പൊതുവെ കാരണം ആണ്‍കൂട്ടുകാരുടെ കൂടെ താമസിയ്ക്കുന്നതായിരിയ്ക്കും, ചിലപ്പോള്‍ അവരുടെ കൂടെ എവിടെയെങ്കിലും കറങ്ങിത്തിരിഞ്ഞു നടക്കുകയായിരിയ്ക്കും.

ആഫ്രിയ്ക്കന്‍ ജനതയുടെ പൗരാണിക സംസ്കാരമനുസരിച്ച്‌ ആണ്‍കുട്ടികള്‍ വളര്‍ന്നാല്‍ അവര്‍ക്കു സ്വന്തം ഇഷ്ടമനുസരിച്ച്‌ ഏതു പെണ്‍കുട്ടിയുടെ കൂടെയും ജീവിയ്ക്കാം. മുതിര്‍ന്നവര്‍ അതിലൊക്കെ ഇടപെടുന്നത്‌,ആഫ്രിയ്ക്കന്‍ രീതികളോടുള്ള നിഷേധമാണെന്നവര്‍ വിശ്വസിയ്ക്കുന്നു.

എന്നാല്‍ പുതുതായ ജനാധിപത്യ സമ്പ്രദായം വ്യക്തിയില്‍ നിന്നു പ്രതീക്ഷിയ്ക്കുന്നത്‌ ഉത്തരവാദിത്വത്തോടെയുള്ള സ്വാതന്ത്ര്യമാണ്‌.

ഇത്തരമൊരു സ്വാതന്ത്ര്യത്തെക്കുറിച്ച്‌ എല്ലാവരും ഘോരഘോരം സംസാരിയ്ക്കാറുണ്ട്‌. മാലതിയുടെ ഡിപ്പര്‍ട്ടുമെന്റല്‍ മീറ്റിങ്ങിലും. എന്നാല്‍ അതൊന്നും യാതൊരു പ്രശ്ന പരിഹാരത്തിനും ഉതകാറില്ല.

അതുകൊണ്ട്‌ ചില അദ്ധ്യാപകര്‍ രഹസ്യപോലീസിന്റെ ജോലികള്‍ ചെയ്യാറുണ്ട്‌.

അങ്ങനെയാണ്‌ ഒരദ്ധ്യാപിക താണ്ടിയുടെ ഒളിത്താവളം കണ്ടെത്തിയതും, മാലതിയോടു പറഞ്ഞതും, മാലതി അതു പ്രിന്‍സിപ്പലിനെ അറിയിച്ചതും, പ്രിന്‍സിപ്പല്‍ ആളെ വിട്ട്‌ അവളോട്‌ രക്ഷകര്‍ത്താവിനെ കൊണ്ടു വരാന്‍ പറഞ്ഞതും.

സ്കൂളിലേക്കു വന്ന വഴിയില്‍ കണ്ട ഒരാളെ ഗാര്‍ഡിയനായി അവള്‍ വിളിച്ചുകൊണ്ടു വന്നു.

അല്ലാതെ ന്യായമായി അവള്‍ക്കെന്തു ചെയ്യാന്‍ കഴിയും?

രക്ഷകര്‍ത്താവായി ആകെ അവള്‍ക്കറിയാവുന്നത്‌ അവളുടെ ഗ്രാന്‍ഡ്മ മാത്രമാണ്‌.

അമ്മയാരാണെന്നറിയാമെങ്കിലും അവരുമായി അടുപ്പമോ പരിചയമോ ഇല്ല. അച്ഛനാരാണെന്ന് ഇതുവരെ ആരോടും അന്വേഷിച്ചിട്ടുമില്ല.

ടാന്‍ഡി അവളുടെ അമ്മ നൊലീസയ്ക്കു പതിനഞ്ചാമത്തെ വയസില്‍ പിറന്ന മകളാണ്‌.

ടാന്‍ഡി പിറന്നു രണ്ടാഴ്ച കഴിഞ്ഞ്‌ നൊലീസ അവളെ വല്ല്യമ്മ വെറോണിയ്ക്കയുടെ കൈയ്യിലേല്‍പ്പിച്ചിട്ട്‌ ഒരു പോക്കു പോയി. അവളുടെയും കൂട്ടുകാരികളുടെയും സ്വപ്നഭൂമിയായിരുന്ന ജോഹന്നസ്‌ ബര്‍ഗിലേക്ക്‌.

അവിടുത്തെ സ്വര്‍ണ്ണ മൈനുകളില്‍ ജോലി ചെയ്തിരുന്ന പുരുഷന്മാരുടെ ജീവിതത്തിലേക്ക്‌.

അവിടെ നീണ്ട പതിനഞ്ചുവര്‍ഷത്തെ ജീവിതം അവള്‍ക്കു നേടിക്കൊടുത്തത്‌ എയിഡ്സ്‌ എന്ന അത്ഭുതരോഗമാണ്‌.

നൊലീസ സ്വന്തം രോഗത്തെക്കുറിച്ചു മനസിലാക്കിയപ്പോഴേക്കും, സൗത്താഫ്രിയ്ക്ക ഒരു സ്വതന്ത്ര രഷ്ട്രമായി കഴിഞ്ഞിരുന്നു.

ജനാധിപത്യത്തിലേക്കു രാജ്യത്തിന്റെ പ്രവേശനമൊരുക്കിയ ഹ്യുമാനിസ്റ്റ്‌ ആശയക്കാരും ലിബറല്‍ പ്രസ്ഥാനക്കാരും പിന്നീടവള്‍ക്ക്‌ മറ്റൊരു സ്വര്‍ണ്ണഖനിയായി.

എയ്ഡ്സ്‌ ആക്റ്റിവിസത്തിന്റെ തലതൊട്ടപ്പന്മാരായിരുന്നു അവരില്‍ പലരും. അവരുടെ ഇടയില്‍ ഒരിയ്ക്കല്‍ തന്റെ വര്‍ഗത്തെ അടിമകളാക്കി ആട്ടിയോടിച്ച വര്‍ഗ്ഗീയ മേലാളന്മാറെ കണ്ടപ്പോള്‍ അവരുടെ ഉപദേശങ്ങള്‍ ചെവിക്കൊണ്ടപ്പോള്‍ നൊലീസ്സ തന്റെ മനസ്സില്‍ ചോദിച്ചു,'ആരു പറഞ്ഞു നമ്മുടെ നാടു പ്രോഗ്രസ്സീവ്‌ അല്ലെന്ന്'.

അവിടുന്ന് ഒരു പടി കഴിഞ്ഞ്‌ നൊലീസ സൗത്ത്‌ ആഫ്രിയ്ക്കന്‍‍ എയ്ഡ്സ്‌ ആക്ടിവിസ്റ്റുകളുടെ ഒരു സജീവ പ്രവര്‍ത്തകയായി.

എയ്ഡ്സിന്റെ വാണിജ്യ സാദ്ധ്യതകളില്‍ കണ്ണുവച്ച മള്‍ട്ടി മില്ല്യന്‍ ഫാര്‍മസുട്ടിക്കല്‍ കമ്പനികളുടെയും അവര്‍ക്കു ചാരവൃത്തി ചെയ്യുന്ന ഹൂമാനിസ്റ്റ്‌ ലിബറലിസ്റ്റു രാജ്യസ്നേഹികളുടെയും മായാലോകത്തിന്‌ അവള്‍ ഒരു കാലാള്‍ പടയാളിയായി.

പ്രതിഫലമായി മള്‍ട്ടീനാഷനുകള്‍ അവള്‍ക്കു വിലകൂടിയ വിറ്റമിന്‍ കഷായങ്ങള്‍ സൗജന്യമായി കൊടുത്തു.മരണത്തെ സ്വപ്നം കാണാന്‍ തുടങ്ങിയ നൊലീസ വീണ്ടും ജീവിതത്തെസ്വപ്നം കണ്ടു തുടങ്ങി.
......

അന്നു രാവിലെ മാന്റലയ്ക്കു നൊലീസയില്‍ നിന്നൊരു തിരക്കിട്ട ടെലിഫോണ്‍ സന്ദേശം ലഭിച്ചു. അടുത്ത ദിവസം പത്തിനും പതിനൊന്നിനും ഇടയ്ക്ക്‌ അവള്‍ സ്കൂളില്‍ വരുന്നുണ്ട്‌ എന്ന്.

ആ സന്ദേശം മാന്റലയുടെ മനസിനെ ആവേശഭരിതമാക്കി.രക്ഷകര്‍ത്താക്കള്‍ മക്കളോടു കാണിയ്ക്കുന്ന നിരുത്തരവാദിത്വത്തില്‍ അയാള്‍ക്കു തോന്നിയിരുന്ന എല്ലാ ആശങ്കകളൂം അസ്ഥാനത്താണെന്ന് ആ ഫോണ്‍ വിളി അയാള്‍ക്കു തോന്നിപ്പിച്ചു.

വളരെ തിരക്കേറിയ ഒരു രക്ഷകര്‍ത്താവാണ്‌ നൊലീസ എന്ന് മാന്റലയ്ക്കു വര്‍ത്തമാനത്തില്‍ നിന്നും മനസ്സിലായി. അവിടെ നിന്നു നൂറ്റിയന്‍പതു കിലോമീറ്റര്‍ ദൂരത്തിലുള്ള ഒരു സ്ഥലത്ത്‌ ഒരു ആക്ടിവിസ്റ്റു വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയിലാണ്‌ അതു വഴി വരുന്നതെന്നവര്‍ പ്രത്യേകം പറഞ്ഞിരുന്നു.

പത്തു മണിയ്ക്കു മുന്‍പു തന്നെ ഈ പ്രത്യേക രക്ഷകര്‍ത്താവിനെ സ്വീകരിയ്ക്കുവാനായി മാന്റല തന്റെ ഓഫിസുമുറിയില്‍ കാത്തിരുപ്പായി.

സ്കൂള്‍മാനേജുമന്റ്‌ അംഗങ്ങളേയും ഡിപ്പാര്‍ടുമെന്റല്‍ മേധാവികളേയും അദ്ദേഹം ആ കൂടിക്കാഴ്ചയിലേക്കു പ്രത്യേകം ക്ഷണിച്ചിരുന്നു. മാലതിയും ആക്കൂട്ടത്തിലുണ്ടായിരുന്നു

കൃത്യം പത്ത്‌ ഇരുപത്തഞ്ചിനു നൊലീസയുടെ ബി.എം.ഡബ്ലിയു സ്കൂള്‍ ഗേറ്റു കടന്നു വന്നു.

മീറ്റിങ്ങില്‍ ഉപചാരവാക്കുകള്‍ വാരിക്കോരി വിളമ്പിയതിനു ശേഷം മാന്റല വിഷയം അവതരിപ്പിച്ചു.

കുട്ടികള്‍ ക്ലാസ്സില്‍ കയറാതെ ഇരുന്നാല്‍ അവരുടെ പരീക്ഷാഫലവും അതുവഴി ഭാവിയും നഷ്ടമാകും എന്നുള്ള ആശങ്കയാണ്‌ സ്കൂളിന്റെ ഭരണാധികളെ ഇത്തരം കൂടിക്കാഴ്ച്ചകള്‍ക്കു പ്രേരിപ്പിയ്ക്കുന്നതെന്നു മാന്റല പ്രത്യേകം പറഞ്ഞിരുന്നു.

എല്ലാം കേട്ടു കഴിഞ്ഞു നൊലീസ മാന്റലയോടു ചോദിച്ചു.

'പ്രിന്‍സിപ്പല്‍ പത്രങ്ങളൊന്നും വായിക്ക്കാറില്ലേ?'

'ഉണ്ട്‌'

'മന്ത്രിമാരുടെ പ്രസ്താവനകളില്‍ അവര്‍ നിരന്തരം പറയുന്നുണ്ടല്ലോ, കുട്ടികളുടെ റിസള്‍ട്ട്‌ സ്കൂളീന്റെ ഉത്തരവാദിത്വമാണെന്ന്?'

'പക്ഷെ കുട്ടികള്‍ ക്ലാസ്സില്‍ കയറുന്നില്ല എങ്കില്‍ സ്കൂളെന്തു ചെയ്യും?'

'കുട്ടികള്‍ ക്ലാസ്സില്‍ കയറാത്തത്‌ അവര്‍ക്കു ക്ലാസുകള്‍ രസപ്രദമാകാത്തതു കൊണ്ടാണ്‌. അതിലേക്കല്ലേ ഗവണ്‍മെന്റ്‌ ഓ-ബി-ഇ (നാട്ടിലെ ഡി-റ്റി-പി-റ്റി പോലൊരു പരിഷ്ക്കാരം)തുടങ്ങിയത്‌. ഇവിടെ ഒ-ബി-ഇ ഇല്ലേ?'

'ഓ-ബി-ഇ താണക്ലാസുകളിലേക്കാണു മേഡം'

'അതു സാരമില്ല, കുറച്ചിവര്‍ക്കും കൊടുക്കണം, അപ്പോള്‍ പ്രശ്നം തീര്‍ന്നില്ലേ'

എല്ലാ പ്രശ്നങ്ങളും അതു വഴി പരിഹരിച്ചെന്ന മട്ടില്‍ നൊലീസ ഇരിപ്പിടത്തു നിന്നും എഴുനേറ്റു എല്ലാരോടുമായി പറഞ്ഞു,'ഞാന്‍ കരുതിയത്‌ താന്‍ഡി വല്ല സീരിയസ്‌ ക്രൈമും ചെയ്തെന്നായിരുന്നു.ഷൂട്ടിംഗ്‌, കില്ലിംഗ്‌ അങ്ങനെ വല്ലതും. ഇന്നത്തെ യുവാക്കളില്‍ ക്രിമിനല്‍ മെന്റാലിറ്റി കൂടുതലാണല്ലോ?'

മുന്‍പേ നടന്ന നൊലീസയെ മാന്റല ഔപചാരികമായി പിന്തുടര്‍ന്നു.

കാറിലേക്കു കയറുന്നതിനു മുന്‍പേ അവര്‍ മാന്റലയ്ക്കൊരുപദേശം കൊടുത്തു:

'മിസ്റ്റര്‍ മാന്റല, കുറ്റങ്ങളും കുറവുകളും മനുഷ്യന്റെ കൂടപ്പിറപ്പുകളാണ്‌.പക്ഷെ നമ്മുടേതൊരു പ്രോഗ്രസ്സീവ്‌ രാജ്യമാണ്‌, നമ്മള്‍ അതിലെ പിന്നോക്കമാക്കപ്പെട്ട ഒരു വര്‍ഗവും. അവസരങ്ങളേക്കുറിച്ചാണ്‌ നമ്മള്‍ ഇപ്പോള്‍ ചിന്തിയ്ക്കേണ്ടത്‌.ആദര്‍ശങ്ങളേക്കുറിച്ചല്ല...'

അവളുടെ കാറു മുന്‍പോട്ടു കുതിച്ചപ്പോള്‍ മാന്റല സമാധാനിച്ചു, 'ഹാവൂ, മറ്റാരും അതു കേട്ടില്ലല്ലോ'














Link

Sunday, March 18, 2007

Saturday, March 10, 2007

ബ്ലോഗിലെ ആള്‍മാറാട്ടം

രാജേഷിന്റെ ‘അപ്പോള്‍ നമ്മള്‍ ‘ജയിച്ചു’ അല്ലേ?’ എന്ന പോസ്റ്റില്‍ എന്റെ (mavelikeralam) പേരില്‍ വന്ന ഒരു വ്യാജ കമന്റാണ് എന്റെ ഈ പോസ്റ്റിന്റെ അടിസ്ഥാനം. പൊസ്റ്റിങ്ങ് ഇവിടെ

ഇതില്‍ രണ്ടാമത്തെ കമന്റാണ് എന്റെ പേരിലെ വ്യാജം. അതില്‍ നിന്നും എന്റെ ബ്ലോഗിലേക്കു വരാന്‍ ഒരു ലിങ്ക് ഇല്ല. എന്നാല്‍ പതിനൊന്നാമത്തെ കമന്റ് ഞാന്‍ അയച്ചതാണ്. അതില്‍ എന്റെ ബ്ലോഗിന്റെ ലിങ്കുമുണ്ട്.

യാഹുവിന്റെ copyright violation ല്‍ എനിയ്ക്കുള്ള പ്രതിഷേധം എന്റെ സ്വന്തം പോസ്റ്റില്‍ ഞാന്‍ അറിയിച്ചതാണ്. എന്നാല്‍ വ്യാജ mavelikerlam കമന്റില്‍ എന്റെ തനതായ ആശയത്തെ പ്രതിലോമകരമായി വളച്ചൊടിച്ചിരിയ്ക്കുന്നു.

ഇതു കൊണ്ടുള്ള ഈ വ്യാജന്റെ ഉദ്ദേശമെന്തായിരിയ്ക്കാം?

ബ്ലോഗില്‍ പരസ്പര സ്പര്‍ദ്ധ ഉണ്ടാക്കി ഒരു പക്ഷെ ഒരു കൂട്ടത്തല്ല് ഇനിയുമുണ്ടാക്കുക, അല്ലെങ്കില്‍ പ്രതിഷേധത്തില്‍ ഒരുമിച്ചു നിന്ന 150/600 ബ്ലൊഗേഴ്സില്‍ ഭിന്നതയുണ്ടാക്കുക, അങ്ങനെ പലതുമാകാം.

സ്വന്തമായ ഒരു identity ഇല്ലാത്തവനേ ഇത്തരം കാര്യത്തിനൊരുമ്പെടൂ എന്നതിനുദാഹരണം കൂടിയാണിത്.

ഗൂഗിള്‍ എന്ന കച്ചവട സാമ്രാട്ട് മൈനോറിറ്റി ഭാഷകളുടെ ഉന്നമനമെന്ന global social responsibility യുടെ പേരില്‍ അനുവദിച്ചു തന്നിട്ടൂള്ളതാണ് മലയാളം ബ്ലൊഗു സ്പേസ്. അതേ social responsibilty തന്നെയാണ് വര‍മൊഴി തുടങ്ങിയവയുടെ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച മലയാളികളും കാണിയ്ക്കുന്നത്. (രണ്ടിനും കച്ചവട സാദ്ധ്യതകളുമുണ്ടാവാം)

എന്നാല്‍ ഈ social responsibilty എന്താണെന്നു തന്നെ മനസിലാക്കാന്‍ പാരമ്പര്യവും വളര്‍ത്തും അനുവദിയ്ക്കാത്ത ഒരു കൂട്ടം മലയാളികള്‍ക്ക് ഈ ബ്ലോഗ്, നിന്ദയും വ്യക്തിഹത്യയുടെ ചേറും പരസ്പരം വാരിയെറിഞ്ഞും അതിലേക്കു പ്രേരണ പകര്‍ന്നും രസിയ്ക്കാനുള്ള ഒരു പുറമ്പോക്കായി തോന്നാം.

വ്യാജന്മാരേ നിങ്ങളേപ്പൊലുള്ളവര്‍ക്കു യോജിയ്ക്കുന്നതല്ല ഈ ബ്ലോഗ്. നിങ്ങള്‍ സ്വന്തമായി വെബ് പേജുണ്ടാക്കി കാശു കൊടുത്തു ഹോസ്റ്റു ചെയ്ത് ബ്ലോഗു കാലിയാക്കൂ.

ഈ ബ്ലോഗു സ്പേസിനിവിടെ വേറെ ആവശ്യമുണ്ട്. നിര്‍വ്യാജമായ ആവശ്യങ്ങള്‍ക്കു വെണ്ടി ഒത്തു ചേരാനും ആശയങ്ങള്‍ കൈമാറാനും, ആത്മപ്രകാശനം നടത്താനും അതിനാവശ്യമുള്ളവര്‍ സമാധാധാനമയി ഇവിടെ നിലനില്‍ക്കട്ടെ.

പിന്നെ രാജേഷിന്റെ,‘‘എന്തേ ഈ മലയാളീസ് ഇങ്ങനെ?’ എന്നുള്ള ബ്ലോഗിലുടെ അദ്ദേഹം മലയാളിയുടെ ജുഗുപ്സാവഹവും പൊതു സാമൂഹ്യനീതിയ്ക്കു നിരക്കാത്തും, ഈഗോ സ്വന്തം തലയില്‍ കയറി പബ്ലിക് ശല്യങ്ങളായി മാറിയിരിയ്ക്കുന്നതുമായ പ്രബുദ്ധരെന്നൂറ്റം കൊള്ളുന്ന ഒരു കൂട്ടം മലയാളി വര്‍ഗ്ഗത്തോടുള്ള പ്രതിഷേധമാണ് വരച്ചു കാട്ടുന്നതു എന്നുള്ളതായിരുന്നു എന്റെ ധാരണ. പക്ഷെ എന്നിട്ടെന്തേ സ്വന്തം ബ്ലോഗില്‍ ഒരു വ്യാജന്‍ കയറി സ്വന്തം മൂല്യങ്ങള്‍ക്കെതിരായി പ്രതിലോമകരമായ അഭിപ്രായമെഴുതിയതില്‍ അദ്ദേഹം മൌനം അവലംബിയ്ക്കുന്നു എന്നൊരു ചൊദ്യവും എനിയ്ക്കുണ്ട്.

പിന്നെ ഈ ബ്ലോഗിന്റെ സുരക്ഷയും അന്തസും കാത്തു സൂക്ഷിയ്ക്കുന്ന ജോലി വഹിയ്ക്കുന്ന ആളുകളേ, ഇത്തരം ക്രമക്കേടുകള്‍ നിങ്ങളുടെ terms and conditions ലെ code of conduct കളെ‍ ഒന്നും ഭേദിയ്ക്കുന്നില്ലേ? അതോ നിങ്ങള്‍ക്കതിനൊന്നും വകുപ്പുകളില്ലേ? ഇല്ലങ്കില്‍ എഴുതിയ്ണ്ടാക്കൂ. എന്തും സൃഷ്ടിച്ചാല്‍ മാത്രം പോരല്ലോ അതിന്റെ സുഗമമായ നടത്തിപ്പും നോക്കേണ്ടേ?

ബ്ലോഗിലെ ആള്‍‍മാറാട്ടക്കേസിലെ അന്വേഷണച്ചുമതല ഞാന്‍ നിങ്ങളെ ഏല്‍പ്പിയ്കുന്നു. നിങ്ങളതേറ്റെടുത്തു പരിഹാരം കാണുമെന്നു വിശ്വസിയ്ക്കുന്നു.





">Link

Monday, March 05, 2007