Friday, March 30, 2007

കേപ് ടൌണ്‍ (സൌത്താഫ്രിയ്ക) ലോക സ്ഞ്ചാരികളുടെ ഒരു സ്വപ്നം: ഭാഗം 1












കേപ്പ് പോയിന്റ് ഒരു ദൂരക്കാഴ്ച



(ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പില്‍ 2005 സെപ്റ്റംബറില്‍ ‍ എന്റെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ഇതു പല ഭാഗങ്ങളായി എഴുതുമ്പോള്‍ അതില്‍ നിന്നും ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. രാഷ്ട്രീയ,ചരിത്ര, സാംസ്കാരിക പശ്ചാത്തലങ്ങളില്‍ സമാനതകളും അസമാനതകളും ഉള്ള രണ്ടു രാജ്യങ്ങളാണ്‌ ഇന്‍ഡ്യയും സൗത്താഫ്രിയ്ക്കയും. ഈ സമാനതകളിലേക്കും അസമാനതകളിലേക്കും ഉള്ള ഒരെത്തിനോട്ടം കൂടിയാണ്‌ ഈ പരമ്പര)
യൂറോപ്പിന്റെ അധിനിവേശ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ്‌ സൗത്താഫ്രിയ്ക്കയുടെ തെക്കെ അറ്റത്തെ മുനമ്പായ കേപ്‌.

ആ ചരിത്രത്തിന്റെ അഗ്രഗാമിയായ പോര്‍ട്ടുഗീസ്‌ വാസ്കോടിഗാമ, 1498ല്‍ അന്നു കിഴക്കിന്റെ സമൃദ്ധിയായ ഇന്‍ഡ്യ തേടി വന്ന ജലയാത്രയില്‍ കേപ്‌ മുനമ്പിനെ കണ്ടു നിവൃതി നേടിയതും അതിനെ ആശയുടെ മുനമ്പ്‌ (കേപ്‌ ഓഫ്‌ ഗുഡ്‌ ഹോപ്‌) എന്നു വിളിച്ചതുമായ കഥകള്‍ കേരളത്തിലെ ചരിത്ര ബാലപാഠമായിരുന്നു ഒരുകാലത്ത്‌.

പിന്നീടു കൊളോണിയല്‍ ഭരണം ശക്തിപ്പെട്ടുവന്നപ്പോള്‍ സൗത്താഫ്രിയ്ക്കയുടെ തെക്കു ഭാഗത്തെ ഭൂപ്രദേശങ്ങളെല്ലാം കൂടി കേപ്‌ എന്നറിയപ്പെട്ടു.

1994 ലെ അതിന്റെ സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം ഈ പ്രദേശങ്ങളെ പല ഭരണ മേഘലകളായി വിഭജിയ്ക്കപ്പെട്ടു.

ഇന്നു കേപ്‌ ഒഫ്‌ ഗുഡ്‌ ഹോപ്പും കേപ്‌ പെനിന്‍സുല എന്നറിയപ്പെടുന്ന അതിന്റെ ചുറ്റുപ്രദേശങ്ങളും വെസ്റ്റേണ്‍ കേപ്‌ എന്ന ഭരണമേഘലയിലാണ്‌.




മുനമ്പ്‌ എന്നു പറയുന്നെങ്കിലും ഇതൊരു പര്‍വതമാണ്‌. ഗുഡ്‌ ഹോപ്പു മുനമ്പിനെ കൂടാതെ അടുത്തായി വേറെ രണ്ടു മുനമ്പുകള്‍ കൂടിയുണ്ട്‌. കേപ്പ്‌ മുനമ്പും, കേപ്‌ മക്ലിയറും.

സമുദ്ര നിരപ്പില്‍ നിന്നും 200ല്‍ പരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കേപ്പ്‌ മുനമ്പിന്റെ നിറുകയില്‍ കഴിഞ്ഞ ദിവസം കയറി നിന്നപ്പോള്‍ ഒരിയ്ക്കല്‍ ചരിത്രം പഠിപ്പിച്ചിരുന്ന അദ്ധ്യാപകനും ഗ്രമാന്തരീക്ഷത്തിലെ ജനകീയ വിദ്യാലയവും അവിടെ തുടങ്ങിയ ബൗദ്ധിക കാല്‍ വയ്പ്പുകളും ഓര്‍മ്മയുടെ
പലേ ആവിഷ്കാരങ്ങളണിഞ്ഞു മനസ്സിലേക്കോടിയെത്തി.

പ്രകൃതിയെ കീഴടക്കാനുള്ള മനുഷ്യന്റെ ആവേശത്തിന്റെ പ്രതീകം കൂടിയാണ്‌ മുനമ്പിന്റെ നിറുകയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലൈറ്റ്‌-ഹൗസ്‌.

മുനമ്പിന്റെ മറ്റൊരു ദൃശ്യം



ഗതകാല ശ്രേയസിന്റെ ഓര്‍മ്മകളുമായി നില്‍ക്കുന്ന ആവൃദ്ധസ്മാരകം ലണ്ടനില്‍ നിര്‍മ്മിച്ചു കൊണ്ടുവന്നതാണെന്നൊരാലേഖനം സൂചിപ്പിയ്ക്കുന്നു.




1860 മുതല്‍ 1919 വരെയായിരുന്നു ഇതിന്റെ ഉപയോഗ കാലഘട്ടം. 67 കിലോമീറ്റര്‍ അകലെയുള്ള കപ്പലിനു വരെ കാണത്തക്ക വിധത്തിലായിരുന്നു ഇതിന്റെ വെളിച്ച സൗകര്യമെങ്കിലും സദാ മൂടല്‍ മഞ്ഞും മേഘങ്ങളും മൂടിക്കിടന്നിരുന്ന കാരണത്താല്‍ അതു കപ്പല്‍ക്കാര്‍ക്കു ധാരാളം വിഷമതകള്‍ ഉണ്ടാക്കിയിരുന്നു. 1911ലെ പോര്‍ട്ടുഗീസു കപ്പല്‍ ലുസിറ്റാനിയായുടെ തകര്‍ച്ചയോടെ ഇവിടെതന്നെ 87 മീറ്റര്‍ ഉയരത്തില്‍ മറ്റൊരു ലൈറ്റ്‌-ഹൗസ്‌ പണിഞ്ഞു. അതോടെ ഇതൊരു ചരിത്രസ്മാരകമായി മാറി.


ഒച്ചയോ അനക്കമോ മനുഷ്യവാസമോ ഇല്ലാത്ത ആ മലയുടെ മുകളില്‍ ആ വിളക്കുമാടം ഒരാശ്രമം പോലെ നിന്നു.

അതിന്റെ മുകള്‍പ്പരപ്പു മുഴുവന്‍ പലതരം സസ്യങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. അതില്‍ നിന്നുതിര്‍ന്നു വീണ ഒരു കാനന സൗരഭ്യം അവിടമാകെ പരന്നിരുന്നു.

എങ്കിലും ഒരു കാലത്ത്‌ ആ ദീപ സ്തംഭത്തിന്റെ ഉള്ളിലിരുന്ന് ചിലരൊക്കെ ലോകത്തിന്റ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കടല്‍ക്കച്ചവടവും അതു വഴി അവരുടെ ജീവിതവും നിയന്ത്രിച്ചിരുന്നു എന്നത്‌ അസുഖകരമായ ഒരു ചിന്തയായി ഒരു നിമിഷം മനസ്സിലേക്കു കടന്നു വന്നു.

പതിനെട്ടാം നൂറ്റാണ്ടോടെ കൊളോണിയല്‍ വ്യാപാരം കൂടുതല്‍ വികസിച്ചപ്പോള്‍ കേപ്പിന്റെ തീരം വഴിയുള്ള കടല്‍ ഗതാഗതവും കണക്കിലധികം വര്‍ദ്ധിച്ചു.

ഇന്ത്യയില്‍ നിന്ന് പ്രകൃതി-മാനവ വിഭവങ്ങള്‍ മറ്റു സ്ഥലത്തേക്കും തിരിച്ചു സംസ്കൃത പദാര്‍ത്ഥങ്ങള്‍ ഇന്ത്യയിലേക്കും കടത്തിയ ആ വ്യാപാര ശൃംഘലയില്‍ ആദ്യം ഒരു ചിന്ന ഇടത്താവളം എന്ന നിലയിലാണ്‌ സൗത്താഫ്രിയ്ക്കയിലെ കേപിനു രംഗപ്രവേശമുണ്ടായത്‌.

പിന്നീടു വന്‍ തോതിലുള്ള അവിടുത്തെ പ്രകൃതി വിഭവങ്ങളുടെ സാധ്യത മനസിലാക്കിയതോടെയാണ് അതൊരു കച്ചവടക്കോളണിയായി വികസിയ്ക്കപ്പെട്ടത്.

തൊണ്ണൂറുകളില്‍ കോളണികള്‍ മോചിപ്പിയ്ക്കാന്‍ തുടങ്ങിയതോടെയും ലോകത്തിന്റെ ധന വ്യാപാര വ്യവസായ തുലനം പടിഞ്ഞാറോട്ടുതിരിയുകയും ചെയ്തതോടെ
കേപ്പിലൂടെയുള്ള കൊളോണിയല്‍ കപ്പല്‍ വ്യാപാരത്തിനറുതി വന്നു.


ഈ ലൈറ്റു ഹൗസു കൂടാതെ കേപ്‌ പോയിന്റില്‍ പ്രധാനമായി കാണാനുള്ളത്‌ ചുറും 7750 ഹെക്റ്റാര്‍ വിസ്താരത്തില്‍ കിടക്കുന്ന ടേബിള്‍ മൗണ്ടന്‍ നാഷനല്‍ പാര്‍ക്കിന്റെ ഭാഗങ്ങളാണ്‌. ലോകത്തിലെ അമൂല്യ സസ്യ മൃഗ സമ്പത്തുകളുടെ കലവറ കൂടിയാണ് ഈ പാര്‍ക്ക്.

കേപ്‌ പൊയിന്റിന്റെ അടിവാരം വരെ മാത്രമേ വാഹനങ്ങള്‍ അനുവദിച്ചിട്ടുള്ളു. അതുകഴിഞ്ഞു കുത്തനെ മുകളിലേക്കുള്ള യാത്ര കാല്‍നടയിലാണ്‌. സ്റ്റേറ്റ്‌ വിനോദസഞ്ചാര വകുപ്പിന്റെ വക ട്രയിനുകള്‍ വഴി മുകളിലേക്കു പോകാമെങ്കിലും അധികമാളുകളും ഒരു തീര്‍ത്ഥയാത്രയുടെ അനുഭവം തരുന്ന കാല്‍നടയാണ്‌ ഇഷ്ടപ്പെടുന്നത്‌.


ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ളവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. കുട്ടികളും, യുവാക്കളും, മദ്ധ്യവയസ്കാരും, വൃദ്ധരും.

ദിവസേന നൂറുകണക്കിനു യാത്രക്കാര്‍ നടന്നു പോകുന്ന ആ വഴിത്താരകളില്‍ ഒരു മുട്ടായിയുടെ പ്ലാസ്റ്റിക്കു പോലും വീണു കിടപ്പില്ലായിരുന്നു എന്നുള്ളത്‌, കേരളത്തില്‍ നിന്നായിരുന്നതുകൊണ്ടാകാം ഞങ്ങള്‍ക്ക്‌ അതിശയമായിതോന്നിയത്‌.

(അടുത്ത ഭാഗം കേപ്‌ ടൗണിന്റെ ചരിത്രോല്‍പത്തിയുടെ ചില ഭാഗങ്ങള്‍)



">Link





1 comment:

മാവേലികേരളം(Maveli Keralam) said...

കേപ് ടൌണ്‍ ലോക സഞ്ചാരികളുടെ ഒരു സ്വപ്നം

(ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പില്‍ 2005 സെപ്റ്റംബറില്‍ ‍ എന്റെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ഇതു പല ഭാഗങ്ങളായി എഴുതുമ്പോള്‍ അതില്‍ നിന്നും ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. രാഷ്ട്രീയ,ചരിത്ര, സാംസ്കാരിക പശ്ചാത്തലങ്ങളില്‍ സമാനതകളും അസമാനതകളും ഉള്ള രണ്ടു രാജ്യങ്ങളാണ്‌ ഇന്‍ഡ്യയും സൗത്താഫ്രിയ്ക്കയും. ഈ സമാനതകളിലേക്കും അസമാനതകളിലേക്കും ഉള്ള ഒരെത്തിനോട്ടം കൂടിയാണ്‌ ഈ പരമ്പര)