Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

Sunday, July 08, 2007

കേപ് ടൌണ്‍ (സൌത്താഫ്രിയ്ക) ലോക സ്ഞ്ചാരികളുടെ സ്വപ്നം ഭാഗം-5

ബൊക്കാപ്പു മ്യൂസിയം















സിഗ്നല്‍ മലയുടെ ചരിവില്‍ കേപ്‌-ടൗണ്‍ പട്ടണത്തെ ആകമാനം വീക്ഷിച്ചു നില്‍ക്കുന്ന ബൊക്കാപ്പ്‌ മ്യുസിയം സൗത്താഫ്രിയ്ക്കയുടെ അടിമച്ചരിത്രത്തിന്റെ മറ്റൊരുഭാഗം കാട്ടിത്തരുന്നു എന്നു പറഞ്ഞുകൊണ്ടാണല്ലോ കഴിഞ്ഞ ഭാഗം അവസാനിച്ചത്‌.


ആരായിരുന്നു ബൊക്കാപ്പിലെ ആ അടിമകള്‍?


അധിനിവേശമേല്‍പ്പിച്ച നിരാശ്രയത്വത്താല്‍, ചരിത്രത്തിന്റെ വഴിതെറ്റി സഞ്ചരിയ്കേണ്ടി വന്ന കുറെ ഹതഭാഗ്യരായിരുന്നു അവര്‍. കേപ്പിന്റെ കൊളോണിയല്‍ വികസനത്തിനായി, ഇന്‍ഡ്യ, സിലോണ്‍, ഇന്‍ഡോനേഷ്യ തുടങ്ങിയ യൂറോപ്യന്‍ കോളനികളില്‍ നിന്ന് ആളുകളെ അടിമകളാക്കി ഇങ്ങോട്ടു കൊണ്ടുവന്നിരുന്നു എന്ന് ഇതിനു മുന്‍പു സൂചിപ്പിച്ചിരുന്നുവല്ലോ


അവര്‍ പല ആചാരങ്ങളിലും മതങ്ങളിലും അനുഷ്ടാനങ്ങളിലും പെട്ടവരായിരുന്നു. എന്നാല്‍ ആ ആചാരങ്ങളില്‍ നിന്നും അനുഷ്ടാനങ്ങളില്‍ നിന്നും അവരെ വെട്ടിയകത്തി സേവന യോഗ്യരായ വെറും ശരീരങ്ങള്‍ മാത്രമാക്കുകയായിരുന്നു കേപ്പിലെ കൊളോണിയല്‍ യജമാനന്മരുടെ ലക്-ഷ്യം.










അതിനു വേണ്ടി അചാരങ്ങള്‍ മാത്രമല്ല, സ്വന്തം പേരു പോലും അടിമകള്‍ക്ക്‌ അവര്‍ നിഷേധിച്ചു. അതു പോലെ വിവാഹവും മറ്റു സാമൂഹ്യ വ്യവസ്ഥകളും. വ്യവസ്ഥകളില്ലാതെ കന്നുകാലികളേപ്പോലെ അവര്‍ ഇണചേര്‍ന്നു. അതില്‍ ജനിച്ച ജന്മങ്ങളെ അവര്‍ക്കറിയാമായിരുന്ന ഒരേ ഒരു രക്ഷകര്‍ത്താവായ അമ്മയില്‍ നിന്നു മാറ്റി നിര്‍ത്തി. അമ്മയുടെ സ്നേഹം അവരിലെ മനുഷ്യത്വത്തിന്റെ ഉറവകള്‍ തേടി അലഞ്ഞെങ്കിലോ എന്നു ഭയന്ന്.


ഈ അടിമവ്യവസ്ഥ ഏതാണ്ടു മൂന്നു നൂറ്റണ്ടുകളോളം തുടര്‍ന്നിട്ടുണ്ടാവാം.


1834ല്‍ അടിമക്കച്ചവടം ലോകവ്യാപകമായി നിരോധിച്ചതോടെ സൗത്താഫ്രിയ്ക്കയിലെ അടിമകളേയും കൊളോണിയന്‍ യജമാനന്മാര്‍ക്കു സ്വതന്ത്രരാക്കേണ്ടി വന്നു.


കാലില്‍ നിന്നും കഴുത്തില്‍ നിന്നും അടിമത്വത്തിന്റെ അടയാളങ്ങള്‍ ഈരിവിട്ടതൊഴികെ മാനവിക ചൈതന്യത്തിന്റെ കണിക പോലും ‍ ബാക്കിയില്ലാതിരുന്ന അവരില്‍ ആത്മീയതയുടെ കൈത്തിരിയുമയി കടന്നു വന്നതായിരുന്നു അവര്‍ക്കിടയിലേക്ക് ഇസ്ലാം മതം.


അതിനു മുന്‍പേ ഇസ്ലാം കേപ്പില്‍ ശക്തമായിരുന്നു. പതിനഞ്ചാം നൂറ്റണ്ടില്‍ ഇന്‍ഡോനേഷ്യയിലും മലയന്‍ ആര്‍ച്ചിപെലാഗോയിലും മുസ്ലീംങ്ങള്‍ ഡച്ച്‌ അധിനിവേശത്തെ എതിര്‍ത്തപ്പോള്‍ അവരെ നാടു കടത്തി അയച്ചിരുന്നതു കേപ്പിലേക്കായിരുന്നു. കാലക്രമേണ സ്വതന്ത്രരായതിനു ശേഷം അവരും കേപ്പില്‍ സ്ഥിരതാമസമായി. അവരുടെയും, അവരില്‍ നിന്ന് ഇസ്ലാം മതം സ്വികരിച്ച അടിമകളുടെയും പിന്‍-ഗാമികളാണ്‌ ഇന്നു ബൊക്കാപ്പില്‍ താമസിയ്ക്കുന്ന കേപ്‌ മുസ്ലീങ്ങള്‍. ഇവര്‍ പൊതുവെ കേപ്‌ മലൈകള്‍ എന്നാണ് ഇന്നറിയപ്പെടുന്നത്‌.


അടിമവേല കൂടാതെ, കേപ്പിന്റെ വ്യാപാര വ്യവസായ രംഗങ്ങളിലും സജ്ജീവമായി പങ്കെടുത്ത് അതിന്റെ കൊളോണിയല്‍ സമ്പത്തു വളര്‍ത്തി ഇന്നത്തെ നിലയിലാക്കുന്നതില്‍ കേപ് മലൈകള്‍ വഹിച്ച പങ്ക് അതി പ്രധാനമാണ്. കൂടാതെ രാജ്യത്തിന്റെ പ്രാചീന പാചകരീതികള്‍ എന്നപേരില്‍ സൗത്താഫ്രിയ്ക്ക ഇന്നവകാശപ്പെടുന്നത്‌ കേപ്പ്‌-മലൈ പാചകരീതികള്‍ ആണ്‌.


ബൊക്കാപ്പ്‌ മ്യൂസിയത്തിന്റെ പ്രദര്‍ശന ഹാളില്‍, അടുത്ത കാലം വരെ ചരിത്രം അറിയാതെ കിടന്നിരുന്ന മലയ്‌ പൂര്‍വീകരുടെ കുറെ തെളിയാത്ത കൂട്ടചിത്രങ്ങള്‍ കാണാം.


ആ ചിത്രങ്ങളില്‍ നോക്കി നിന്നപ്പോള്‍ അസ്വസ്ഥമായ മനസു ചോദിച്ചു, പുറത്ത്‌ ഊതിയടിയ്ക്കുന്ന കാറ്റിന്റെ മര്‍മരങ്ങളില്‍ ഇപ്പോഴും ഓളിഞ്ഞിരിപ്പില്ലേ അവരുടെ നിലവിളികള്‍,... ആ തെളിയാത്ത ചിത്രങ്ങളില്‍ ആരെങ്കിലുമൊക്കെ അറിഞ്ഞു കൂടാത്ത പൂര്‍വ്വീക ബന്ധുക്കളോ, ദേശക്കാരോ‍ ആയിരിയ്ക്കില്ലേ.....?

Tuesday, June 19, 2007

കേപ്-ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-4












കേപ് ഒഫ് ഗുഡ്-ഹോപ് മ്യൂസിയം
1652ല്‍ ജാന്‍-വാന്‍ റിബക്കിന്റ് വരവോടെ സ്ഥാപിതമായ ഒരു കോട്ട.
അംഗവൈകല്യം സംഭവിച്ചവരുടേതുള്‍പ്പെടെ ഏതാണ്ട്‌ 7000ത്തോളം വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ്‌ സൗകര്യമുള്ള ഈ അഴിമുഖം ഒരാധുനിക വ്യപര-വ്യവസായ കേന്ദ്രം കൂടിയാണ്‌. യാത്രാനേഷണങ്ങളും, വൈദ്യസഹായവും തൊട്ട്‌ കളവും മറ്റു കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി വരെ സെക്യുരിറ്റി ഇരുപത്തിനാലു മണിക്കൂറും ഇവിടെ ജാഗരൂപകാണ്‌. ഇത്തരം സൗകര്യങ്ങള്‍ ഈ അഴിമുഖത്തു മാത്രമല്ല സൗത്താഫ്രിയ്ക്കയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ലഭ്യമാണ്‌.

സൗത്താഫ്രിയ്കയിലെ അവികസിതരും പിന്നോക്കരുമായ ഭൂരിപക്ഷത്തെ ഉദ്ധരിയ്ക്കുന്നതിനുള്ള സംവരണം മുതലായ ഉപാധികള്‍ മറ്റ്‌ വ്യാപാര രംഗങ്ങളിലുമെന്നപോലെ വിനോദസഞ്ചാരത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ടു ആധുനിക ടൂറിസ്റ്റ്‌-വ്യാപാര സംരംഭങ്ങള്‍ക്കു സമാന്തരമായി ധാരാളം ആഫ്രിയ്ക്കന്‍ സംരംഭങ്ങളും കാണാവുന്നതാണ്‌.







ഗോള്‍ഡ് ഒഫ് ആഫ്രിയ്ക്ക മ്യൂസിയം.

വെസ്റ്റ് ആഫ്രിയക്കയുടെ പുരാതന ധനവും പ്രഭുത്വവും വെളിവാക്കുന്ന അനേകം സ്വര്‍ണ സ്മാരകങ്ങള്‍ ഇവിടെ കാണാം‍

ആധുനികതയുടെയും സമകാലീനജനാധിപത്യത്തിന്റെയും അകമ്പടിയോടെ പുനരുജ്ജീവനം പ്രാപിച്ച്‌ ദേശീയ സ്മാരകങ്ങളായി മാറിയ സൗത്താഫ്രിയ്ക്കന്‍ ചരിത്രത്തിന്റെ അടയാളങ്ങള്‍‍‍ കാത്തുസൂക്ഷിയ്ക്കുന്ന മ്യൂസിയങ്ങളാണ്‌ ഇവിടെ ടൂറിസത്തിന്റെ വേറൊരാകര്‍ഷണം.

കളിമണ്‍ പാത്രങ്ങള്‍ തൊട്ട്‌ ചുവര്‍ ചിത്രങ്ങള്‍ വരെ കാലത്തിന്റെ വിരലടയാളം പതിഞ്ഞതെന്തും അവിടെ ഭഗിയോടെ കാത്തു സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. അവയുടെ നിശബ്ദതയില്‍ ഈ ദേശത്തിന്റെ ചരിത്രമുണ്ട്‌, അതിലെ ദുഖ കാണ്ഡത്തിന്റെ ഏടുകളുണ്ട്‌, പ്രഭുത്വത്തിന്റെ ക്രൂരതയും, പതിത്വത്തിന്റെ രോദനങ്ങളുമുണ്ട്‌.












ഗോള്‍ഡ് ഒഫ് ആഫ്രിയ്ക്കയില്‍ കാണാവുന്ന ഒരു സ്വര്‍ണ നിര്‍മ്മിതി
സൌത്താഫ്രിയ്ക്കന്‍ മാരിറ്റൈം മ്യൂസിയം, കാസില്‍ ഓഫ്‌ ഗുഡ്‌ഹോപ്പിലെ ലാന്‍-ഡ്‌ മാര്‍ക്കു മ്യൂസിയം, ഗോള്‍ഡ്‌ ഓഫ്‌ ആഫ്രിയ്ക്ക മ്യൂസിയം, സ്ലേവ്‌ ലോഡ്ജ്‌ മ്യൂസിയം, സൗത്താഫ്രിയ്ക്കന്‍ ആര്‍ട്ട്‌ ഗാലറി എന്നിവ കേപ്‌ പട്ടണത്തില്‍ തന്നെ ഉള്ള എതാനും മ്യൂസിയങ്ങളാണ്‌. ഇത്തരം പതിനഞ്ചു മ്യൂസിയങ്ങള്‍ ഒരുമിച്ച്‌ ഇസിക്കോ മ്യൂസിയങ്ങള്‍ എന്നാണറിയപ്പെടുന്നത്‌.






ക്രൂരമായ കൊളോണിയല്‍ അധിനിവേശത്തിന്റെ കഥകള്‍ കറുത്ത ചാന്തു പോലെ തൂവിക്കിടക്കുന്ന ഈ ദേശത്തിന്റെ ചരിത്രത്തിലേക്കുള്ള ഒരു മൂന്നു മണിക്കര്‍ ഓട്ട പ്രദക്ഷിണമാണ് ഫുട്സ്റ്റെപ്സ്‌ റ്റു ഫ്രീഡം എന്ന ഇസിക്കോയുടെ മറ്റൊരാകര്‍ഷണം.

പട്ടണത്തെ ആകമാനം വീക്ഷിച്ച്‌ അതിന്റെ മുകളെടുപ്പുപോലെ നില്‍ക്കുന്ന സിഗ്നല്‍ ഹില്ലിലെ മറ്റൊരു മ്യൂസിയമാണ്‌, ബോക്കാപ്പ്‌ മ്യൂസിയം. ഇത്‌ ഇവിടുത്തെ അടിമച്ചരിത്രത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നു.

(ആരായിരുന്നു ബൊക്കാപ്പിലെ ആ അടിമകള്‍? അടുത്ത ലക്കം...)
">Link

Thursday, June 14, 2007

കേപ് ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-3






ഇന്നത്തെ കേപ്‌ പെനിന്‍സുല ഈ ജനകീയ ഭരണത്തിന്റെ കീഴില്‍ അതിശീഘ്രം ലോക ശ്രദ്ധയാകര്‍ഷിയ്ക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിയ്ക്കുന്നു. ദീര്‍ഘദൃഷ്ടിയോടെ അവധാനപൂര്‍വം പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയിരിയ്ക്കുന്ന ടുറിസം ഇവിടെ ഒരാശയവും പുരോഗമന പ്രസ്ഥാനവും തൊഴിലവസരവുമാണ്‌. ഗവണ്മെന്റിലായാലും, സ്വകാര്യ ഉടമയിലായാലും, രണ്ടിന്റയും കൂട്ടായ്മയിലായാലും ഉടലെടുക്കുന്ന ഓരോ ടൂറിസ്റ്റു സംരംഭങ്ങളും ലോകത്തിന്റെ ആകര്‍ഷങ്ങളാകുന്നത്‌ അവയുടെ കര്‍ക്കശമായ ഗുണമേന്മയും, ആതിഥ്യ മര്യാദയും സൗമ്യതയും മൂലമാണ്‌.

ഈസ്റ്റര്‍ ക്രിസ്തുമസ്‌ ആഘോഷകാലത്ത്‌ തിരക്കു ക്രമാതീതമായി വര്‍ദ്ധിയ്ക്കുമ്പോഴും, കേപ്‌-ടൗണ്‍ പട്ടണത്തിന്റെ വൃത്തിയിലും വെടുപ്പിലും യാതൊരു മാറ്റവുമുണ്ടാകുന്നില്ല. ഇപ്പോള്‍ ദീപാവലിയും മറ്റു ഹിന്ദു വിശേഷ ദിവസങ്ങളൂം ഇവിടെ വര്‍ണ്ണശബളാഭമായ അഘോഷങ്ങളാണ്‌.


അപരിചിതര്‍ക്കു പോലും വഴി തെറ്റാതെ യാത്രചെയ്യാന്‍ കഴിയുന്ന വിധത്തിലാണ്‌ ഏതു തെരുവിലും,വളവിലും, തിരിവിലും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിയ്ക്കുന്നത്‌.

യാത്രക്കാരും വാഹനങ്ങളും ഒരുപോലെ ഈ സൈന്‍ ബോര്‍ഡുകളേയും, മറ്റു യാത്രാ നിയമങ്ങളേയും ബഹുമാനിയ്ക്കുന്നതു കാരണം ഒരേ സമയത്തു നൂറു കണക്കിനുവാഹനങ്ങള്‍ നീങ്ങുന്ന ഈ പട്ടണത്തിലെ ഗതാഗതം ചിട്ടപ്പെടുത്തിയ ഒരു സംഗീതം പോലെ ഒഴുകുന്നു.

കേപ്‌ ടൗണ്‍ നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ്‌ ആകര്‍ഷണമായ വിക്ടോറിയ ആന്‍ഡ്‌ ആല്‍ബേര്‍ട്‌ വാട്ടര്‍ ഫ്രണ്ടു സന്ദര്‍ശകരുടെ വിനോദഭാവനകളെ യാധര്‍ത്ഥ്യമാക്കുന്നു.



വി&ഏ ഷെമ്പെയ്ന്‍ ക്രുയ്സ്


അസ്തമനം തേടി കടലിന്റെ ഉള്ളിലേക്കൊരു യാത്ര, നുരഞ്ഞുപതിയുന്ന ഷെമ്പെയില്‍ നുണഞ്ഞു കൊണ്ട്(വേണ്ടവര്‍ക്ക്). സൂര്യന്‍ ഒരു വലിയ ചെമ്പു താലമായി, സിന്ദൂരശ്ചവി തൂകിയ ചക്രവാളച്ചരിവിലേക്കു താഴുമ്പോള്‍, ഇരുട്ടിനെ ഭയന്നു നിശബ്ദമായി കേഴുന്നു കടല്‍...
അറ്റ്‌-ലാന്റിക്കിന്റെ തീരത്ത്‌ വിക്ടോറിയ, ആല്‍ബേര്‍ട്‌ എന്നീ സമുദ്ര തടങ്ങളെ സംയോജിപ്പിച്ച്‌ വികസിപ്പിച്ചെടുത്ത ഈ അഴിമുഖം വെസ്റ്റേണ്‍ കേപ്പിലെ ആറു പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളില്‍ ഒന്നാണ്‌.

സമുദ്രജീവിതവും തുറമുഖവും മല്‍സ്യബന്ധനവും ബോട്ടു യാത്രയും സൂര്യാസ്തമനവും തുടങ്ങി കടലിനെ ചുറ്റിപ്പറ്റിയ എല്ലാ അനുഭവങ്ങളും മേന്മയുടെ ഉച്ച നിലവാരത്തില്‍ സഞ്ചാരികള്‍ക്കനുഭവവേദ്യമാകുന്ന വിധത്തിലാണ്‌ ഇവിടെ എല്ലാ വിനോദ സംരംഭങ്ങളും ഒരുക്കിയിരിയ്ക്കുന്നത്‌.









ഹാര്‍ബര്‍ ക്രൂയ്സ്
വി&എ വാട്ടര്‍ഫ്രണ്ടിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളും പണ്ടത്തെ ചരിത്രവും സചാരികള്‍ക്കു പരിചയപ്പെടുത്തുന്ന ഒരു കടല്‍ ചുറ്റല്‍






ചരിത്രവും കലയും ലോകത്തിലെ എല്ലാ വിശിഷ്ട ഭോജ്യങ്ങളുടെ ഗന്ധവും ചാലിച്ചെടുത്ത അറ്റ്‌-ലാന്റിക്കിന്റെ ശീതകാറ്റ്‌ കാഴ്ച്ചക്കരെ നര്‍മ്മഭാവത്തില്‍ തലോടുമ്പോള്‍ അവര്‍ക്കു മറ്റൊരു ലോകത്തിന്റെ അനുഭവമുണ്ടാകുന്നു.









റ്റൂ ഓഷ്യന്‍ അക്വേറിയം-കടലിലേക്കൊരു വാതായനം


മൃഗങ്ങളും, മത്സ്യങ്ങളും. ഉരഗങ്ങളും പക്ഷികളുമടക്കം 3000 ജന്തു ജീവജാലങ്ങളെ നേരില്‍ കാണാന്‍ കഴിയുന്ന കടലിനുള്ളിലെ ഒരു പ്രകൃതിസങ്കേതം


വാട്ടര്‍ഫ്രണ്ടിന്റില്‍ നിരനിരയായി നിന്നു യാത്രക്കാരനു സ്വാഗതമരുളുന്ന ഇവിടുത്തെ ഭോജനാലയങ്ങളില്‍ ഇന്‍ഡ്യന്‍, ഇറ്റാലിയന്‍, ചൈനീസ്‌ തുടങ്ങി ലോകത്തിലെ എല്ലാ ഒന്നാം നമ്പര്‍ പാചകങ്ങളും ലഭ്യമാണ്‌.

തുടരും

ചിത്രങ്ങള്‍ക്കു കടപ്പാട്, http://www.capetownpass.co.za/attractions/attr/twooceansaquarium.asp










">Link

Wednesday, April 18, 2007

കേപ്ടൌണ്‍ (സൌത്താഫ്രിയ്ക്ക) ലോക സഞ്ചാരികളുടെ സ്വപ്നം രണ്ടാം ഭാഗം



ലോകത്തിലെ എല്ലാ പ്രധാന സ്ഥലങ്ങള്‍ക്കും അതിന്റേതായ ഉല്‍ഭവകഥകളുണ്ട്. കേപ് പെനിന്‍സുലയുടെ കാര്യത്തില്‍ ഈ കഥകള്‍ അനേക വൈരുദ്ധ്യങ്ങളെ ഊള്‍ക്കൊള്ളുന്നു. അതിന്റെ പാദങ്ങളില്‍ സംഗമിയ്ക്കുന്ന മഹാസാഗരങ്ങളേപ്പോലെ. ശൈത്യം പകരുന്ന അറ്റ്ലാന്റിയ്ക്കും ഊഷ്മളമായ ഇന്ത്യന്‍‍ മഹാസമുദ്രവും അതിന്റെ തീരങ്ങളില്‍ കൈകോര്‍ത്തു സംഗമിയ്ക്കുന്നു.

ഈ സമുദ്രങ്ങളുടെ തീരങ്ങളും, ഉള്‍ക്കടലുകളും തീരങ്ങളില്‍ നിന്നുയര്‍ന്നു പൊങ്ങുന്ന മലനിരകളും ഈ പട്ടണത്തിനു പ്രത്യേകമായ ഒരു വ്യക്തിത്വമേകുന്നു.




അറ്റ്ലാന്റ്റിക് കടലിടുക്കിലെ തുറമുഖവും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന കേപ് ടൌണ്‍ നഗരവുമാണ് പെനിന്‍സുലയുടെ സിരാകേന്ദ്രം.

അവിടെ നിന്നു തെക്കോട്ട്, അറ്റ്ലാന്റിയ്ക്കിന്റെ ഉള്‍ക്കടല്‍ തീരത്തുകൂടി
യാത്രചെയ്ത്` കേപ്പ് മുനമ്പിലെത്തുമ്പോഴേക്കും അവിടെ തുടങ്ങുകയായി ഇന്ത്യന്‍ മഹാസമുദ്രം.

ഈ ദേശ ചരിത്രത്തില്‍ ഭാഗഭാക്കുകളായ ഇവിടുത്തെ വൈവിധ്യമേറിയ ജനവിഭാഗമാണ് ഇതിന്റെ ഉല്‍പ്പത്തി കഥയീലെ മറ്റു കണ്ണികള്‍.

ഡച്ച് ഈസ്റ്റ് ഇന്‍ഡാക്കമ്പനിയില്‍ ആരംഭിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയില്‍ അവസാനിച്ച ഇന്‍ഡ്യ-യൂറോപ്പ് ജല വ്യാപാര പാതയുടെ സുപ്രധാനമായ ഒരിടത്താവളം എന്ന നിലയിലാണ് കേപ്പിന്റെ കൊളോണിയല്‍ അധിനിവേശം ആരംഭിയ്ക്കുന്നത്.

ഈ വ്യാപാര പാത വഴി കടന്നു പോകുന്ന കപ്പലുകള്‍ക്കു ഭക്ഷണസാധനങ്ങളും വീഞ്ഞും വിതരണം ചെയ്യുന്ന ഒരു വിതരണശാല ഒരുക്കുക എന്ന വെല്ലുവിളിയുമായാണ് 1652 ല്‍ ഡച്ചു ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ കുപ്രസിദ്ധ കമാന്‍-ഡര്‍ ജാന്‍ വാന്‍ റിബക്ക് കേപ്പിലെത്തുന്നത്. അത്‌ അവിടേക്കുള്ള യൂറോപ്യന്‍ കുടിയേറ്റത്തിന്റെ ആരഭം കുറിച്ചു. അതിനു മുന്‍പ് ഇതു കോയിക്കോയികള്‍ എന്നറിയപ്പെടുന്ന ഒരാഫ്രിയ്ക്ന്‍ ജനതയുടെ നാടായിരുന്നു.

ഈ കുടിയേറ്റത്തിന്റെയും വിതരണക്കമ്പനികളുടെയും ഭാഗമായി ഇവിടെ ഉയര്‍ന്നു വന്ന അനേകം പ്രഭു മന്ദിരങ്ങളിലും വൈന്‍ തോട്ടങ്ങളിലും തൊഴിലിന്റയും സേവനത്തിന്റയും ധാരാളം ആവശ്യങ്ങളുണ്ടായി. ആ ആവശ്യങ്ങള്‍ക്കായി മറ്റു കോളനികളില്‍ നിന്നു ധാരാളം ആളുകളെ അടിമകളാക്കി അങ്ങോട്ടു കൊണ്ടു വരപ്പെട്ടു. ഇന്‍ഡ്യ, സിലോണ്‍‍, ഇന്‍ഡോനേഷ്യ, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു അവരിലധികവും.

ഒരു ഭാഗത്തു പ്രഭുത്വവും മറുഭാഗത്തു പതിത്വവും വളര്‍ത്തിയെടുത്ത ഈ സമാന്തരജനാവലികള്‍ കാലക്രമേണ സൌത്താഫ്രിയ്ക്കയുടെ തന്നെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ പ്രകൃതിചിത്രത്തിനു പ്രത്യേക രൂപഭേദങ്ങളും അവസ്ഥാന്തരങ്ങളും സൃഷ്ടിച്ചെടുത്തു.

വെളുത്ത തൊലിയുള്ള വെള്ളക്കാര്‍, വെളുത്തവരല്ലാത്തവരെ അധ:കൃതരായി വിധിയെഴുതുകയും അവര്‍ക്കെതിരെ വര്‍ണ്ണവീവേചനം ഏര്‍പ്പെടുത്തുകയും ചെയ്തു. 1948ല്‍ ഈ വര്‍ണ്ണ വിവേചനം ഇവിടുത്തെ ഭരണഘടനയുടെ നിയമാവലിയിലുള്‍പ്പെടുത്തുകയും ചെയ്തു.

സൌത്താഫ്രിയ്ക്കയിലെ വര്‍ണ്ണവിവേചനവും ഇന്‍ഡ്യയിലെ ചാതുര്‍വണ്യമേല്‍ക്കോയ്മയും തമ്മില്‍ സമാന്തരങ്ങളും അന്തരങ്ങളുമുണ്ട്. രണ്ടും ഭൂരിപക്ഷത്തിന്റെ മേല്‍ ന്യൂനപക്ഷം അടിച്ചേല്‍പ്പിച്ച അന്യായമായിരുന്നെങ്കില്‍, ആദ്യത്തേതു ഭരണാഘടനാവ്യവസ്ഥിതവും രണ്ടാമത്തേത് ജാതി-ദൈവപ്രസ്ഥനവുമായിരുന്നു.

1994 ല്‍ ഒരു ജനാധിപത്യ സ്വതന്ത്ര രാജ്യമായതോടെ, ഈ രാജ്യം വര്‍ണ്ണ വിവേചനത്തിന്റെ ക്രൂരമായ കെടുതികളില്‍ നിന്നും ഭരണഘടനാപരമായി മോചിതമായി. ലോകത്തിലെ ഏറ്റവും പുരോഗമനാത്മകം എന്ന ബഹുമതി നേടിയെടുത്ത ഇതിന്റെ ഭര‍ണഘടന വര്‍ഗ്ഗീയ രാഷ്ട്രീയത്തിനു നേരെ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചു. അതോടെ വര്‍ഗ്ഗിയത പൊതുരംഗങ്ങളില്‍ നിന്നു പിന്‍-വാങ്ങി എന്നു മാത്രമല്ല അതു മാന്യതയുടെയും മനുഷ്യത്വത്തിന്റയും ലക്ഷണമല്ല എന്ന ഒരവബോധവും സവര്‍ണ്ണരില്‍ ഉണ്ടാക്കി. പക്ഷെ ദൈവത്തിന്റെ വകുപ്പില്‍ പെട്ടു പോയതുകൊണ്ട് വിവേചനം ഇന്‍ഡ്യയിലിന്നും ഭരണഘടനയ്ക്കതീതമായി മനുഷ്യന്റെ മനസ്സുകളിലല്‍ ഇന്നും പ്രതിഷ്ഠമായിരിയ്ക്കുന്നു.

(അടുത്തത് കേപ്പ് പെനിന്‍സുലയൂടെ വിനോദസഞ്ചാരാകര്‍ഷണങ്ങള്‍)


">Link


Friday, March 30, 2007

കേപ് ടൌണ്‍ (സൌത്താഫ്രിയ്ക) ലോക സ്ഞ്ചാരികളുടെ ഒരു സ്വപ്നം: ഭാഗം 1












കേപ്പ് പോയിന്റ് ഒരു ദൂരക്കാഴ്ച



(ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പില്‍ 2005 സെപ്റ്റംബറില്‍ ‍ എന്റെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ഇതു പല ഭാഗങ്ങളായി എഴുതുമ്പോള്‍ അതില്‍ നിന്നും ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. രാഷ്ട്രീയ,ചരിത്ര, സാംസ്കാരിക പശ്ചാത്തലങ്ങളില്‍ സമാനതകളും അസമാനതകളും ഉള്ള രണ്ടു രാജ്യങ്ങളാണ്‌ ഇന്‍ഡ്യയും സൗത്താഫ്രിയ്ക്കയും. ഈ സമാനതകളിലേക്കും അസമാനതകളിലേക്കും ഉള്ള ഒരെത്തിനോട്ടം കൂടിയാണ്‌ ഈ പരമ്പര)
യൂറോപ്പിന്റെ അധിനിവേശ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ്‌ സൗത്താഫ്രിയ്ക്കയുടെ തെക്കെ അറ്റത്തെ മുനമ്പായ കേപ്‌.

ആ ചരിത്രത്തിന്റെ അഗ്രഗാമിയായ പോര്‍ട്ടുഗീസ്‌ വാസ്കോടിഗാമ, 1498ല്‍ അന്നു കിഴക്കിന്റെ സമൃദ്ധിയായ ഇന്‍ഡ്യ തേടി വന്ന ജലയാത്രയില്‍ കേപ്‌ മുനമ്പിനെ കണ്ടു നിവൃതി നേടിയതും അതിനെ ആശയുടെ മുനമ്പ്‌ (കേപ്‌ ഓഫ്‌ ഗുഡ്‌ ഹോപ്‌) എന്നു വിളിച്ചതുമായ കഥകള്‍ കേരളത്തിലെ ചരിത്ര ബാലപാഠമായിരുന്നു ഒരുകാലത്ത്‌.

പിന്നീടു കൊളോണിയല്‍ ഭരണം ശക്തിപ്പെട്ടുവന്നപ്പോള്‍ സൗത്താഫ്രിയ്ക്കയുടെ തെക്കു ഭാഗത്തെ ഭൂപ്രദേശങ്ങളെല്ലാം കൂടി കേപ്‌ എന്നറിയപ്പെട്ടു.

1994 ലെ അതിന്റെ സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം ഈ പ്രദേശങ്ങളെ പല ഭരണ മേഘലകളായി വിഭജിയ്ക്കപ്പെട്ടു.

ഇന്നു കേപ്‌ ഒഫ്‌ ഗുഡ്‌ ഹോപ്പും കേപ്‌ പെനിന്‍സുല എന്നറിയപ്പെടുന്ന അതിന്റെ ചുറ്റുപ്രദേശങ്ങളും വെസ്റ്റേണ്‍ കേപ്‌ എന്ന ഭരണമേഘലയിലാണ്‌.




മുനമ്പ്‌ എന്നു പറയുന്നെങ്കിലും ഇതൊരു പര്‍വതമാണ്‌. ഗുഡ്‌ ഹോപ്പു മുനമ്പിനെ കൂടാതെ അടുത്തായി വേറെ രണ്ടു മുനമ്പുകള്‍ കൂടിയുണ്ട്‌. കേപ്പ്‌ മുനമ്പും, കേപ്‌ മക്ലിയറും.

സമുദ്ര നിരപ്പില്‍ നിന്നും 200ല്‍ പരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കേപ്പ്‌ മുനമ്പിന്റെ നിറുകയില്‍ കഴിഞ്ഞ ദിവസം കയറി നിന്നപ്പോള്‍ ഒരിയ്ക്കല്‍ ചരിത്രം പഠിപ്പിച്ചിരുന്ന അദ്ധ്യാപകനും ഗ്രമാന്തരീക്ഷത്തിലെ ജനകീയ വിദ്യാലയവും അവിടെ തുടങ്ങിയ ബൗദ്ധിക കാല്‍ വയ്പ്പുകളും ഓര്‍മ്മയുടെ
പലേ ആവിഷ്കാരങ്ങളണിഞ്ഞു മനസ്സിലേക്കോടിയെത്തി.

പ്രകൃതിയെ കീഴടക്കാനുള്ള മനുഷ്യന്റെ ആവേശത്തിന്റെ പ്രതീകം കൂടിയാണ്‌ മുനമ്പിന്റെ നിറുകയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലൈറ്റ്‌-ഹൗസ്‌.

മുനമ്പിന്റെ മറ്റൊരു ദൃശ്യം



ഗതകാല ശ്രേയസിന്റെ ഓര്‍മ്മകളുമായി നില്‍ക്കുന്ന ആവൃദ്ധസ്മാരകം ലണ്ടനില്‍ നിര്‍മ്മിച്ചു കൊണ്ടുവന്നതാണെന്നൊരാലേഖനം സൂചിപ്പിയ്ക്കുന്നു.




1860 മുതല്‍ 1919 വരെയായിരുന്നു ഇതിന്റെ ഉപയോഗ കാലഘട്ടം. 67 കിലോമീറ്റര്‍ അകലെയുള്ള കപ്പലിനു വരെ കാണത്തക്ക വിധത്തിലായിരുന്നു ഇതിന്റെ വെളിച്ച സൗകര്യമെങ്കിലും സദാ മൂടല്‍ മഞ്ഞും മേഘങ്ങളും മൂടിക്കിടന്നിരുന്ന കാരണത്താല്‍ അതു കപ്പല്‍ക്കാര്‍ക്കു ധാരാളം വിഷമതകള്‍ ഉണ്ടാക്കിയിരുന്നു. 1911ലെ പോര്‍ട്ടുഗീസു കപ്പല്‍ ലുസിറ്റാനിയായുടെ തകര്‍ച്ചയോടെ ഇവിടെതന്നെ 87 മീറ്റര്‍ ഉയരത്തില്‍ മറ്റൊരു ലൈറ്റ്‌-ഹൗസ്‌ പണിഞ്ഞു. അതോടെ ഇതൊരു ചരിത്രസ്മാരകമായി മാറി.


ഒച്ചയോ അനക്കമോ മനുഷ്യവാസമോ ഇല്ലാത്ത ആ മലയുടെ മുകളില്‍ ആ വിളക്കുമാടം ഒരാശ്രമം പോലെ നിന്നു.

അതിന്റെ മുകള്‍പ്പരപ്പു മുഴുവന്‍ പലതരം സസ്യങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. അതില്‍ നിന്നുതിര്‍ന്നു വീണ ഒരു കാനന സൗരഭ്യം അവിടമാകെ പരന്നിരുന്നു.

എങ്കിലും ഒരു കാലത്ത്‌ ആ ദീപ സ്തംഭത്തിന്റെ ഉള്ളിലിരുന്ന് ചിലരൊക്കെ ലോകത്തിന്റ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കടല്‍ക്കച്ചവടവും അതു വഴി അവരുടെ ജീവിതവും നിയന്ത്രിച്ചിരുന്നു എന്നത്‌ അസുഖകരമായ ഒരു ചിന്തയായി ഒരു നിമിഷം മനസ്സിലേക്കു കടന്നു വന്നു.

പതിനെട്ടാം നൂറ്റാണ്ടോടെ കൊളോണിയല്‍ വ്യാപാരം കൂടുതല്‍ വികസിച്ചപ്പോള്‍ കേപ്പിന്റെ തീരം വഴിയുള്ള കടല്‍ ഗതാഗതവും കണക്കിലധികം വര്‍ദ്ധിച്ചു.

ഇന്ത്യയില്‍ നിന്ന് പ്രകൃതി-മാനവ വിഭവങ്ങള്‍ മറ്റു സ്ഥലത്തേക്കും തിരിച്ചു സംസ്കൃത പദാര്‍ത്ഥങ്ങള്‍ ഇന്ത്യയിലേക്കും കടത്തിയ ആ വ്യാപാര ശൃംഘലയില്‍ ആദ്യം ഒരു ചിന്ന ഇടത്താവളം എന്ന നിലയിലാണ്‌ സൗത്താഫ്രിയ്ക്കയിലെ കേപിനു രംഗപ്രവേശമുണ്ടായത്‌.

പിന്നീടു വന്‍ തോതിലുള്ള അവിടുത്തെ പ്രകൃതി വിഭവങ്ങളുടെ സാധ്യത മനസിലാക്കിയതോടെയാണ് അതൊരു കച്ചവടക്കോളണിയായി വികസിയ്ക്കപ്പെട്ടത്.

തൊണ്ണൂറുകളില്‍ കോളണികള്‍ മോചിപ്പിയ്ക്കാന്‍ തുടങ്ങിയതോടെയും ലോകത്തിന്റെ ധന വ്യാപാര വ്യവസായ തുലനം പടിഞ്ഞാറോട്ടുതിരിയുകയും ചെയ്തതോടെ
കേപ്പിലൂടെയുള്ള കൊളോണിയല്‍ കപ്പല്‍ വ്യാപാരത്തിനറുതി വന്നു.


ഈ ലൈറ്റു ഹൗസു കൂടാതെ കേപ്‌ പോയിന്റില്‍ പ്രധാനമായി കാണാനുള്ളത്‌ ചുറും 7750 ഹെക്റ്റാര്‍ വിസ്താരത്തില്‍ കിടക്കുന്ന ടേബിള്‍ മൗണ്ടന്‍ നാഷനല്‍ പാര്‍ക്കിന്റെ ഭാഗങ്ങളാണ്‌. ലോകത്തിലെ അമൂല്യ സസ്യ മൃഗ സമ്പത്തുകളുടെ കലവറ കൂടിയാണ് ഈ പാര്‍ക്ക്.

കേപ്‌ പൊയിന്റിന്റെ അടിവാരം വരെ മാത്രമേ വാഹനങ്ങള്‍ അനുവദിച്ചിട്ടുള്ളു. അതുകഴിഞ്ഞു കുത്തനെ മുകളിലേക്കുള്ള യാത്ര കാല്‍നടയിലാണ്‌. സ്റ്റേറ്റ്‌ വിനോദസഞ്ചാര വകുപ്പിന്റെ വക ട്രയിനുകള്‍ വഴി മുകളിലേക്കു പോകാമെങ്കിലും അധികമാളുകളും ഒരു തീര്‍ത്ഥയാത്രയുടെ അനുഭവം തരുന്ന കാല്‍നടയാണ്‌ ഇഷ്ടപ്പെടുന്നത്‌.


ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ളവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. കുട്ടികളും, യുവാക്കളും, മദ്ധ്യവയസ്കാരും, വൃദ്ധരും.

ദിവസേന നൂറുകണക്കിനു യാത്രക്കാര്‍ നടന്നു പോകുന്ന ആ വഴിത്താരകളില്‍ ഒരു മുട്ടായിയുടെ പ്ലാസ്റ്റിക്കു പോലും വീണു കിടപ്പില്ലായിരുന്നു എന്നുള്ളത്‌, കേരളത്തില്‍ നിന്നായിരുന്നതുകൊണ്ടാകാം ഞങ്ങള്‍ക്ക്‌ അതിശയമായിതോന്നിയത്‌.

(അടുത്ത ഭാഗം കേപ്‌ ടൗണിന്റെ ചരിത്രോല്‍പത്തിയുടെ ചില ഭാഗങ്ങള്‍)



">Link