Thursday, April 12, 2007

വിഷു-കേരളത്തിന്റെ പുതു വര്‍ഷദിനം


കൊന്നപ്പൂക്കള്‍
ഈ വര്‍ഷം എപ്രില്‍ 15 നാണല്ലോ കേരളത്തിന്റെ പുതുവര്‍ഷ ദിനമായ വിഷു.


സൂര്യന്‍ പന്ത്രണ്ടു രാശികളില്‍ ആദ്യത്തേതായ മേഷയില്‍ പ്രവേശിയ്ക്കുന്ന സമയമാണ്‌ കേരളീയര്‍ വിഷുവായി ആഘാഷിയ്കുന്നത്‌.
വിഷുക്കണി

വിഷു ആഘോഷം തുടങ്ങുന്നത്‌ ബ്രാഹ്മമുഹൂര്‍ത്തത്തിലെ (വെളുപ്പിനു 3 മുതല്‍ 6 വരെ) വിഷുക്കണി കാണലോടെയാണ്‌.


കാലികമായി ലഭിയ്ക്കുന്ന പ്രകൃതി വിഭവങ്ങളെ ഉപയോഗപ്പെടുത്തിയാണ്‌ കണി ഒരുക്കുന്നത്‌.

തലേദിവസം എല്ലാവരും ഉറങ്ങിക്കഴിഞ്ഞ ശേഷമാണ്‌ വീട്ടിലെ പ്രധാന സ്ത്രീ, അമ്മ ഇതൊരുക്കുന്നത്‌. സ്വര്‍ണ നിറമുള്ള പച്ചക്കറികള്‍, പഴങ്ങള്‍, അരി (നെല്ല്) കൊന്നപ്പൂവ്‌ മുണ്ട്‌, തേങ്ങാപകുതി, വെറ്റില, പുസ്തകം, നാണയം, വൃത്താകൃതിയിലുള്ള കണ്ണാടി, സ്വര്‍ണം ഇവയാണ്‌ കണിയ്ക്കു സാധാരണ വേണ്ടുന്ന വകകള്‍.

ഇനി കണിയെങ്ങനെ ഒരുക്കാം

ആദ്യം ഒരു ചെറിയ ഉരുളി എടുക്കുക (വൃത്താകൃതിയിലുള്ള എതെങ്കിലുമൊരു പാത്രം). അതിന്റെ നടുവില്‍ നെല്ല് (അരി) വിതര്‍ത്തിയിടുക.

തേങ്ങമുറിയില്‍ എണ്ണയൊഴിച്ച്‌ അതില്‍ കനമുള്ള ഒരു പഞ്ഞിത്തിരി തെറുത്ത്‌ താഴ്ത്തി വയ്ക്കുക. ഇത്‌ അരിയുടെ മുകളില്‍ പാത്രത്തിന്റെ നടുവിലായി ഉറപ്പിച്ചു വയ്ക്കുക.

മറ്റുള്ള സാധനങ്ങളെല്ലാം ഇതിനു ചുറ്റുമായി ഭംഗിയില്‍ അലങ്കരിച്ചു വയ്ക്കുക. കണ്ണാടി നേരേ പുറകില്‍ തന്നെ വയ്ക്കണം.

കണി ഒരുക്കി പൂജാമുറിയില്‍ വയ്ക്കുക.

അടുത്ത ദിവസം വെളുപ്പിനെ തേങ്ങാവിളക്കിലെ തിരി കത്തിച്ചു കഴിഞ്ഞാല്‍ വിഷു കാഴ്ചയ്ക്കു തയ്യാറായി.

വീട്ടിലെ ഓരോരുത്തരേയും വിളിച്ചുണര്‍ത്തി കണ്ണുകെട്ടിയാണ്‌ കണികാണാനായി പൂജാമുറിയിലേക്കു കൊണ്ടു വരുക.

കണ്ണാടിയില്‍ കൂടി പ്രതിബിംബിച്ചു വരുന്ന വിളക്കിന്റെ പ്രഭയില്‍ തിളങ്ങിവരുന്ന മഞ്ഞഗോളം ഒരു സൂര്യോദയമായി തോന്നുന്നു. ഈ സങ്കല്‍പ്പ സൂര്യ ദര്‍ശനമാണ്‌ വിഷുക്കണി.

കേരളത്തിന്റെ പലാഭാഗങ്ങളിലുമുള്ളവര്‍ വിഷുക്കണി പല രീതിയിലാണ്‌ ഒരുക്കുന്നത്‌.

വിഷുകൈനീട്ടമാണ്‌ ആഘോഷത്തിന്റെ രണ്ടാം ഭാഗം. വീട്ടിലെ പ്രധാനപ്പെട്ട പുരുഷന്‍, അച്ഛനാണ്‌ ഈ ചടങ്ങു വിര്‍വഹിയ്ക്കുന്നത്‌.

അതുകഴിഞ്ഞാല്‍ കുട്ടികള്‍ പടക്കം പൊട്ടിയ്ക്കാനായി ഒത്തുകൂടും, സ്ത്രീകള്‍ പാചകത്തിനും. കേരളത്തിന്റെ തനതായ ചതുര്‍ രസങ്ങളടങ്ങുന്ന വിഭവങ്ങളാണ്‌ സാധാരണ തയ്യാറാക്കുന്നത്‌.

ഊണു കഴിയ്ക്കുന്നതു സാധാരണ വാഴയിലയിലാണ്‌. വീട്ടിലെ എല്ലാവരും ഒന്നിച്ചാണ്‌ ഊണു കഴിയ്ക്കുന്നത്‌. ഊണിനു ശേഷമുള്ള സമയം ബന്ധു,സാമൂഹ്യസന്ദര്‍ശനം, കായിക വിനോദങ്ങള്‍ ഇവയ്കായിട്ടണ്‌ ചിലവഴിയ്ക്കുന്നത്‌.

ഭൗതിക തലത്തില്‍ വിഷു വ്യക്തിയുടെ കുടുംബ സാമൂഹ്യ ബന്ധങ്ങളേയും മനോവ്യാപരങ്ങളേയും കണക്കിലെടുക്കുമ്പോള്‍ ആത്മീയ തലത്തില്‍ അതു പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ശുദ്ധമായ ഏകത്വത്തിലേക്കു വിരല്‍ ചൂണ്ടുന്നു.

സൂര്യന്‍ മേഷ രാശിയില്‍ പ്രവേശിയ്ക്കുന്നതു പ്രകൃതിയിലെ അതിപ്രധാനമായ ഒരു ചാക്രിക സംഭവമാണ്‌. അതു പ്രകൃതിയെ ആശ്രയിച്ചു ജീവിയ്ക്കുന്ന എല്ല ജീവജാലങ്ങളുടെയും ജീവക്രമങ്ങളുടെ പലവിധ സൂചനകള്‍ ഉള്‍ക്കൊള്ളുന്നു. അതിനെക്കുറിച്ച്‌ അറിവുള്ളവര്‍ വെളിപ്പെടുത്തുന്നതിനെയാണ്‌ വിഷുഫലം പറയല്‍ എന്നു പറയുന്നത്‌.

വിഷു ഒരു മതേതര ആഘോഷം.

വിഷുവിന്റെ വിവരങ്ങളിലൊന്നും മതസൂചനകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നും ഇത്‌ അതിപുരാതനമായ ഒരു മതേതര ആഘോഷമാണ്‌ എന്നു മനസിലാക്കേണ്ടിയിരിയ്ക്കുന്നു. പക്ഷെ അടുത്ത കാലത്തായി ചില കേരളക്ഷേത്രങ്ങളില്‍ വിഷുവിനെ പരദേവതകളും ദേവന്മാരുമായി ബന്ധിച്ചു നിര്‍ത്താന്‍ ശ്രമം കാണുന്നു.

മാര്‍ച്ചു മുതല്‍ ഏപ്രില്‍ വരെയുള്ള കല ഘട്ടത്തില്‍ ഇന്ത്യയുടെ പലഭാഗങ്ങളിലുള്ള ആളുകള്‍ അവരുടെ പുതുവല്‍സരങ്ങള്‍ ആഘോഷിയ്ക്കുന്നുണ്ട്‌.

കേരളത്തിന്റെ ഈ പുതുവല്‍സരാഘോഷം പുതിയതലമുറയുടെ അറിവിലേക്ക്‌ എത്തിച്ചു കൊടുക്കുക ഒരാവശ്യമാണ്‌.

ലോകത്തിന്റെ എതുഭാഗത്തായാലും ഈ വിഷുക്കണി ഒരുക്കുന്നതിനു പ്രയാസമില്ല. കേരളത്തിന്റെ തനതായ വിഭവങ്ങള്‍ കിട്ടാനില്ലാത്ത സ്ഥലങ്ങളില്‍ കിട്ടാവുന്നവയെ ഉപയോഗിച്ച്‌ ഇതു ചെയ്യാവുന്നതാണ്‌. തേങ്ങാമുറി വിളക്കിനു പകരം ഒരു ചെറിയ വിളക്കു മതിയാകും.

കേരളത്തിലും ലോകത്തിന്റെ നാനാഭങ്ങളിലുമുള്ള എല്ലാ കേരളീയര്‍ക്കും എന്റെ പുതുവല്‍സരാശംസകള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

(If you have any problem in understanding Malyalalam, go to my English blog. Click on the link MKERALAM given in my Malyalam blog)

">Link


6 comments:

മാവേലികേരളം(Maveli Keralam) said...

വിഷു കേരളത്തിന്റെ പുതുവര്‍ഷ ദിനം

ഇനി കണിയെങ്ങനെ ഒരുക്കാം

ആദ്യം ഒരു ചെറിയ ഉരുളി എടുക്കുക (വൃത്താകൃതിയിലുള്ള എതെങ്കിലുമൊരു പാത്രം). അതിന്റെ നടുവില്‍ നെല്ല് (അരി) വിതര്‍ത്തിയിടുക.

പ്രിയംവദ-priyamvada said...

വിഷു ആശംസകള്‍
qw_er_ty

കേരളീയന്‍ said...

വസന്തത്തിന്റെ ഉത്സവം എല്ലാവരിലും സ്വപ്നങ്ങള്‍ നിറക്കട്ടെ...

പക്ഷെ, വിഷു കേരളത്തിന്റെ പുതു വര്‍ഷമായി പറയുന്നത് വസ്തുതാ പരമായി തെറ്റല്ലേ. പണ്ടു കാലത്ത് ആയിരുന്നിരിക്കാം. എന്നാല്‍ നാം സ്വീകരിച്ചിരിക്കുന്ന കൊല്ല വര്‍ഷം അനുസരിച്ച് ചിങ്ങം 1 ആണ്‍ പുതു വര്‍ഷം. കേരളത്തില്‍ ശക വര്‍ഷം പ്രചാരത്തിലില്ലല്ലോ.

Typist | എഴുത്തുകാരി said...

വിഷുവിന്റെ വരവറിയിച്ചുകൊണ്ട്‌ കണിക്കൊന്ന പൂക്കുമ്പോഴേ, മനസ്സിലൊരു ഉത്സാഹം തോന്നുന്നില്ലേ? പ്രക്രുതിയുടെ ഉത്സവം തന്നെയാണ് വിഷു.

എഴുത്തുകാരി.

വിചാരം said...

ഏതെങ്കിലും ഒരു മതത്തിന്‍റെ ദേവന്‍റേയോ ദേവിയുടേയോ ക്ഷേത്രങ്ങളുടേയൊ സന്നിധിയില്‍ തളച്ചിടേണ്ട ഒന്നല്ല വിഷു എന്ന കേരളീയ സാംസ്ക്കാരിക തനിമ ഉണര്‍ത്തുന്ന ആഘോഷം ഇതെല്ലാവരുടേയും മനസ്സിലേക്കും വീടുകളിലേക്കും പറിച്ച് നടേണ്ടവയാണ് അതായിരിക്കും കാലഘട്ടത്തിന്‍റെ ആവശ്യം സങ്കുചിത മനോഭാവത്തില്‍ നിന്ന് വിശാലതയുടെ തീരത്ത് വിഷു ഒരാഘോഷമായി തീരട്ടെ എന്നാശിക്കുന്നു .. ഏവര്‍ക്കും വിഷു ദിനാശംസകള്‍

മാവേലികേരളം(Maveli Keralam) said...

പ്രിയംവദ

ഞങ്ങളുടെ വിഷു ആശംസകള്‍
കേരളീയന്‍
വിഷുവിന്റെ പ്രാധാന്യം എന്തെന്നാല്‍ അതു രാശി ശാസ്ത്രപ്രകാരം സൂര്യന്‍ ആദ്യ രാശിയിലേക്കു വീണ്ടും പ്രവേശിയ്ക്കുന്നു എന്നുള്ളതാണ്. അവിടെ അതൊരു പുതുമ അല്ലേ?
അത് അതി പുരാതനമായ ഒരു ആചാരവുമാണ്.

എഴുത്തുകാരീ ശരിയാണ്
ആ ഒരു ഉത്സാഹം ഇന്നു കടലും കടന്നു പോകുന്നു.

വിചാരം

അതെന്നേ ജനങ്ങളുടെ ആഘോഷമാണ്. എല്ലാവരും ഒത്തുകൂടി ആഘോഷിയ്ക്കേണ്ട് ഒന്നാണത്.

കമന്റെഴുതിയവര്‍ക്കും എഴുതാത്തവര്‍ക്കും എന്റെ വിഷു ആശംസകള്‍.

ഈ അവസരത്തില്‍ നമ്മളെല്ലാവരും വിഷമിച്ചു കൊണ്ടിരിയ്ക്കുന്ന ശിവപ്രസാദിനും കുടുംബത്തിനും എല്ലാ പ്രശ്നങ്ങളും മാറി നല്ലതു വരട്ടെ എന്നു പ്രത്യാശിയ്ക്കുന്നു.