Wednesday, April 18, 2007

കേപ്ടൌണ്‍ (സൌത്താഫ്രിയ്ക്ക) ലോക സഞ്ചാരികളുടെ സ്വപ്നം രണ്ടാം ഭാഗംലോകത്തിലെ എല്ലാ പ്രധാന സ്ഥലങ്ങള്‍ക്കും അതിന്റേതായ ഉല്‍ഭവകഥകളുണ്ട്. കേപ് പെനിന്‍സുലയുടെ കാര്യത്തില്‍ ഈ കഥകള്‍ അനേക വൈരുദ്ധ്യങ്ങളെ ഊള്‍ക്കൊള്ളുന്നു. അതിന്റെ പാദങ്ങളില്‍ സംഗമിയ്ക്കുന്ന മഹാസാഗരങ്ങളേപ്പോലെ. ശൈത്യം പകരുന്ന അറ്റ്ലാന്റിയ്ക്കും ഊഷ്മളമായ ഇന്ത്യന്‍‍ മഹാസമുദ്രവും അതിന്റെ തീരങ്ങളില്‍ കൈകോര്‍ത്തു സംഗമിയ്ക്കുന്നു.

ഈ സമുദ്രങ്ങളുടെ തീരങ്ങളും, ഉള്‍ക്കടലുകളും തീരങ്ങളില്‍ നിന്നുയര്‍ന്നു പൊങ്ങുന്ന മലനിരകളും ഈ പട്ടണത്തിനു പ്രത്യേകമായ ഒരു വ്യക്തിത്വമേകുന്നു.
അറ്റ്ലാന്റ്റിക് കടലിടുക്കിലെ തുറമുഖവും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന കേപ് ടൌണ്‍ നഗരവുമാണ് പെനിന്‍സുലയുടെ സിരാകേന്ദ്രം.

അവിടെ നിന്നു തെക്കോട്ട്, അറ്റ്ലാന്റിയ്ക്കിന്റെ ഉള്‍ക്കടല്‍ തീരത്തുകൂടി
യാത്രചെയ്ത്` കേപ്പ് മുനമ്പിലെത്തുമ്പോഴേക്കും അവിടെ തുടങ്ങുകയായി ഇന്ത്യന്‍ മഹാസമുദ്രം.

ഈ ദേശ ചരിത്രത്തില്‍ ഭാഗഭാക്കുകളായ ഇവിടുത്തെ വൈവിധ്യമേറിയ ജനവിഭാഗമാണ് ഇതിന്റെ ഉല്‍പ്പത്തി കഥയീലെ മറ്റു കണ്ണികള്‍.

ഡച്ച് ഈസ്റ്റ് ഇന്‍ഡാക്കമ്പനിയില്‍ ആരംഭിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയില്‍ അവസാനിച്ച ഇന്‍ഡ്യ-യൂറോപ്പ് ജല വ്യാപാര പാതയുടെ സുപ്രധാനമായ ഒരിടത്താവളം എന്ന നിലയിലാണ് കേപ്പിന്റെ കൊളോണിയല്‍ അധിനിവേശം ആരംഭിയ്ക്കുന്നത്.

ഈ വ്യാപാര പാത വഴി കടന്നു പോകുന്ന കപ്പലുകള്‍ക്കു ഭക്ഷണസാധനങ്ങളും വീഞ്ഞും വിതരണം ചെയ്യുന്ന ഒരു വിതരണശാല ഒരുക്കുക എന്ന വെല്ലുവിളിയുമായാണ് 1652 ല്‍ ഡച്ചു ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ കുപ്രസിദ്ധ കമാന്‍-ഡര്‍ ജാന്‍ വാന്‍ റിബക്ക് കേപ്പിലെത്തുന്നത്. അത്‌ അവിടേക്കുള്ള യൂറോപ്യന്‍ കുടിയേറ്റത്തിന്റെ ആരഭം കുറിച്ചു. അതിനു മുന്‍പ് ഇതു കോയിക്കോയികള്‍ എന്നറിയപ്പെടുന്ന ഒരാഫ്രിയ്ക്ന്‍ ജനതയുടെ നാടായിരുന്നു.

ഈ കുടിയേറ്റത്തിന്റെയും വിതരണക്കമ്പനികളുടെയും ഭാഗമായി ഇവിടെ ഉയര്‍ന്നു വന്ന അനേകം പ്രഭു മന്ദിരങ്ങളിലും വൈന്‍ തോട്ടങ്ങളിലും തൊഴിലിന്റയും സേവനത്തിന്റയും ധാരാളം ആവശ്യങ്ങളുണ്ടായി. ആ ആവശ്യങ്ങള്‍ക്കായി മറ്റു കോളനികളില്‍ നിന്നു ധാരാളം ആളുകളെ അടിമകളാക്കി അങ്ങോട്ടു കൊണ്ടു വരപ്പെട്ടു. ഇന്‍ഡ്യ, സിലോണ്‍‍, ഇന്‍ഡോനേഷ്യ, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു അവരിലധികവും.

ഒരു ഭാഗത്തു പ്രഭുത്വവും മറുഭാഗത്തു പതിത്വവും വളര്‍ത്തിയെടുത്ത ഈ സമാന്തരജനാവലികള്‍ കാലക്രമേണ സൌത്താഫ്രിയ്ക്കയുടെ തന്നെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ പ്രകൃതിചിത്രത്തിനു പ്രത്യേക രൂപഭേദങ്ങളും അവസ്ഥാന്തരങ്ങളും സൃഷ്ടിച്ചെടുത്തു.

വെളുത്ത തൊലിയുള്ള വെള്ളക്കാര്‍, വെളുത്തവരല്ലാത്തവരെ അധ:കൃതരായി വിധിയെഴുതുകയും അവര്‍ക്കെതിരെ വര്‍ണ്ണവീവേചനം ഏര്‍പ്പെടുത്തുകയും ചെയ്തു. 1948ല്‍ ഈ വര്‍ണ്ണ വിവേചനം ഇവിടുത്തെ ഭരണഘടനയുടെ നിയമാവലിയിലുള്‍പ്പെടുത്തുകയും ചെയ്തു.

സൌത്താഫ്രിയ്ക്കയിലെ വര്‍ണ്ണവിവേചനവും ഇന്‍ഡ്യയിലെ ചാതുര്‍വണ്യമേല്‍ക്കോയ്മയും തമ്മില്‍ സമാന്തരങ്ങളും അന്തരങ്ങളുമുണ്ട്. രണ്ടും ഭൂരിപക്ഷത്തിന്റെ മേല്‍ ന്യൂനപക്ഷം അടിച്ചേല്‍പ്പിച്ച അന്യായമായിരുന്നെങ്കില്‍, ആദ്യത്തേതു ഭരണാഘടനാവ്യവസ്ഥിതവും രണ്ടാമത്തേത് ജാതി-ദൈവപ്രസ്ഥനവുമായിരുന്നു.

1994 ല്‍ ഒരു ജനാധിപത്യ സ്വതന്ത്ര രാജ്യമായതോടെ, ഈ രാജ്യം വര്‍ണ്ണ വിവേചനത്തിന്റെ ക്രൂരമായ കെടുതികളില്‍ നിന്നും ഭരണഘടനാപരമായി മോചിതമായി. ലോകത്തിലെ ഏറ്റവും പുരോഗമനാത്മകം എന്ന ബഹുമതി നേടിയെടുത്ത ഇതിന്റെ ഭര‍ണഘടന വര്‍ഗ്ഗീയ രാഷ്ട്രീയത്തിനു നേരെ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചു. അതോടെ വര്‍ഗ്ഗിയത പൊതുരംഗങ്ങളില്‍ നിന്നു പിന്‍-വാങ്ങി എന്നു മാത്രമല്ല അതു മാന്യതയുടെയും മനുഷ്യത്വത്തിന്റയും ലക്ഷണമല്ല എന്ന ഒരവബോധവും സവര്‍ണ്ണരില്‍ ഉണ്ടാക്കി. പക്ഷെ ദൈവത്തിന്റെ വകുപ്പില്‍ പെട്ടു പോയതുകൊണ്ട് വിവേചനം ഇന്‍ഡ്യയിലിന്നും ഭരണഘടനയ്ക്കതീതമായി മനുഷ്യന്റെ മനസ്സുകളിലല്‍ ഇന്നും പ്രതിഷ്ഠമായിരിയ്ക്കുന്നു.

(അടുത്തത് കേപ്പ് പെനിന്‍സുലയൂടെ വിനോദസഞ്ചാരാകര്‍ഷണങ്ങള്‍)


">Link


12 comments:

Maveli Keralam said...

ഒരു ഭാഗത്തു പ്രഭുത്വവും മറുഭാഗത്തു പതിത്വവും വളര്‍ത്തിയെടുത്ത ഈ സമാന്തരജനാവലികള്‍ കാലക്രമേണ സൌത്താഫ്രിയ്ക്കയുടെ തന്നെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ പ്രകൃതിചിത്രത്തിനു പ്രത്യേക രൂപഭേദങ്ങളും അവസ്ഥാന്തരങ്ങളും സൃഷ്ടിച്ചെടുത്തു.

SAJAN | സാജന്‍ said...

ഇത്തരം കാണാത്ത കേള്‍ക്കാത്ത.. ഇന്‍ഫോ ഒക്കെ വായിക്കുന്നത് ഒരു പ്രത്യേക രസാ..
സൌത് ആഫ്രിക്ക ഒന്നു കാണണമെന്നുണ്ട്.. ഈ ജന്മത്തില്‍ ഒന്നു നടക്കുവോ ആവോ..:)

Maveli Keralam said...

സാജന്‍ അതിനിപ്പോ ഇത്ര നടക്കാത്തതാണ് എന്നു തോന്നുന്നില്ല. വന്നാല്‍ ഞങ്ങട വീട്ടില്‍ അക്കൊമൊഡേഷന്‍ റഡി.നേരത്തെ ഒന്നറിയിച്ചാല്‍ മതി.

അപ്പോള്‍ കാണാം

Biby Cletus said...

Nice post, its a really cool blog that you have here, keep up the good work, will be back.

Warm Regards

Biby Cletus - Blog

Maveli Keralam said...

Dear Biby'

എന്റെ ബ്ലോഗു സന്ദര്‍ശിച്ചതിനും നല്ല അഭിപ്രായത്തിനും വളരെ സന്തോഷം. ശരി. വീണ്ടും വരൂ.

Inji Pennu said...

വളര നന്നായിട്ടുണ്ട് പ്രിയ മാവേലി കേരളമേ. കേപ്പ് ടൌണ്ണ്, സൌത്ത് ആഫ്രിക്ക എന്റെയും ഒരു പ്രിയപ്പെട്ട സ്ഥലമാണ് പല കാരണങ്ങള്‍ കൊണ്ടും..

ഇനിയും എഴുതൂ....ഇനിയും പടങ്ങള്‍ ഒക്കെ വേണം. അവിടുത്ത സാധാരണ മനുഷ്യരുടെ ആചാരങ്ങള്‍..അങ്ങിനെ ഒക്കെ...

കുതിരവട്ടന്‍ | kuthiravattan said...

മുഴുവന്‍ വായിച്ചു, അവസാന വാചകം മാത്രം ഇഷ്ടപ്പെട്ടില്ല.
പക്ഷെ ദൈവത്തിന്റെ വകുപ്പില്‍ പെട്ടു പോയതുകൊണ്ട് വിവേചനം ഇന്‍ഡ്യയിലിന്നും ഭരണഘടനയ്ക്കതീതമായി മനുഷ്യന്റെ മനസ്സുകളിലല്‍ ഇന്നും പ്രതിഷ്ഠമായിരിയ്ക്കുന്നു.
ശരിക്കും ഇങ്ങനെയാണു വേണ്ടത്,
പക്ഷേ വിവേചനം ഭരണഘടനയുടെ വകുപ്പില്‍ പെട്ടു പോയതു കൊണ്ട് ഇന്‍ഡ്യയിലിന്നും ദൈവത്തിനതീതമായി മനുഷ്യ മനസ്സുകളില്‍ പ്രതിഷ്ഠിതമായിരിക്കുന്നു.
ഒരു ഫുള്‍ ഓടൊ വിന് മാപ്പ്.

qw_er_ty

വേണു venu said...

പല കാര്യങ്ങളും അറിയാന്‍ കഴിഞ്ഞു.ഇനിയും പലതും പ്രതീക്ഷിക്കുന്നു.:)

Maveli Keralam said...

പ്രിയ ഇഞ്ചിപ്പെണ്ണേ

എന്റെ ബ്ലോഗ്ഗു സന്ദര്‍ശിച്ചതില്‍ സന്തോഷം. കേപ്ടൌണ്‍ ഇഞ്ചിയ്ക്കും പ്രിയപ്പെട്ട സ്ഥലമാണെന്നറിഞ്ഞതില്‍ അതിലും സന്തോഷം.

എഴുതാം ചിതങ്ങളൊക്കെ വച്ച് എല്ലാം എഴുതാം.

അഭിപ്രായങ്ങള്‍ക്കു നന്ദി.

Maveli Keralam said...

കുതിരവട്ടാ

അനിയന്റ അകക്കാമ്പു പിടികിട്ടി. പക്ഷെ ഞാനെഴുതിയതില്‍ മാറ്റം വരുത്തേണ്ടാ എന്നുള്ളതാണ് എന്റെ തീരുമാനം. കാരണം അതാണു സത്യം.

വിശദീകരിയ്ക്കാം.

1948ല്‍ വര്‍ണ്ണവിവേചനം അന്നത്തെ ഭരണകര്‍ത്താക്കളായിരുന്ന വെള്ളാക്കാര്‍ ഇവിടുത്തെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. അപ്പോള്‍ പൊതു നിരത്ത്, കക്കൂസുകള് തുടങ്ങി, ഹോട്ടലുകള്‍, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ പൊതു രംഗങ്ങളില്‍ നിന്നും ‘അധകൃതന്‍‘ നിയമ സാധുതയോടെ നിഷ്കാസിതരായി.

ഇന്‍ഡ്യയില്‍ അങ്ങനെ ഉണ്ടായില്ല.അവതാര പുരുഷന്റെ അധോഭാഗങ്ങളില്‍ നിന്നും ഉല്‍ഭവിച്ചതുകൊണ്ടും ചാതുര്‍വര്‍ണ്ണ്യം തന്നാല്‍ സൃഷ്ടിതം എന്നദ്ദേഹം പറഞ്ഞതുകൊണ്ടുമാണ് ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങള്‍ സവര്‍ണ്ണാന്റ ആ ജിമിക്കില്‍ വിശ്വസിച്ചത്.

ആളുകേറന്‍ പെട്ടികളീല്‍ ബൈബിളിന്റെ കോപ്പികളുമായി ഇവിടെയെത്തിയ ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇവിടുത്തെ വര്‍ണവിവേചനത്തിന്റെ മുഖ്യ ചെണകൊട്ടുകാരായിരുന്നു എങ്കിലും, ബൈബിളിലെ സുവിശേഷമാണു വര്‍ണ്ണവിവേചനം എന്നു ന്യായീകരിച്ചില്ല.

ഇവിടെയാണ് വ്യത്യാസസം.

എന്നാലും ആശയപ്രകടത്തില്‍ സന്തോഷമുണ്ട്.

ഇനിയും കാണാം.

Maveli Keralam said...

വേണു

നിരന്തര്അമായി തരുന്ന സപ്പോര്‍ട്ടിനു കടപ്പടുണ്ട്.

എഴുതാം. പറഞതു പോലെ.

കുതിരവട്ടന്‍ | kuthiravattan said...

:-( ആശയപ്രകടനമൊന്നുമല്ല മാവേലി, ഒരു സംശയം ചോദിച്ചൂ എന്നു വിചാരിച്ചാ മതി. അപ്പോ അതാണ് ശങ്കരന്‍ ചേട്ടനെ ചീത്തവിളിക്കാന്‍ കാരണം എന്നു മനസ്സിലായി ;-)