Thursday, June 14, 2007

കേപ് ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-3






ഇന്നത്തെ കേപ്‌ പെനിന്‍സുല ഈ ജനകീയ ഭരണത്തിന്റെ കീഴില്‍ അതിശീഘ്രം ലോക ശ്രദ്ധയാകര്‍ഷിയ്ക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിയ്ക്കുന്നു. ദീര്‍ഘദൃഷ്ടിയോടെ അവധാനപൂര്‍വം പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയിരിയ്ക്കുന്ന ടുറിസം ഇവിടെ ഒരാശയവും പുരോഗമന പ്രസ്ഥാനവും തൊഴിലവസരവുമാണ്‌. ഗവണ്മെന്റിലായാലും, സ്വകാര്യ ഉടമയിലായാലും, രണ്ടിന്റയും കൂട്ടായ്മയിലായാലും ഉടലെടുക്കുന്ന ഓരോ ടൂറിസ്റ്റു സംരംഭങ്ങളും ലോകത്തിന്റെ ആകര്‍ഷങ്ങളാകുന്നത്‌ അവയുടെ കര്‍ക്കശമായ ഗുണമേന്മയും, ആതിഥ്യ മര്യാദയും സൗമ്യതയും മൂലമാണ്‌.

ഈസ്റ്റര്‍ ക്രിസ്തുമസ്‌ ആഘോഷകാലത്ത്‌ തിരക്കു ക്രമാതീതമായി വര്‍ദ്ധിയ്ക്കുമ്പോഴും, കേപ്‌-ടൗണ്‍ പട്ടണത്തിന്റെ വൃത്തിയിലും വെടുപ്പിലും യാതൊരു മാറ്റവുമുണ്ടാകുന്നില്ല. ഇപ്പോള്‍ ദീപാവലിയും മറ്റു ഹിന്ദു വിശേഷ ദിവസങ്ങളൂം ഇവിടെ വര്‍ണ്ണശബളാഭമായ അഘോഷങ്ങളാണ്‌.


അപരിചിതര്‍ക്കു പോലും വഴി തെറ്റാതെ യാത്രചെയ്യാന്‍ കഴിയുന്ന വിധത്തിലാണ്‌ ഏതു തെരുവിലും,വളവിലും, തിരിവിലും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിയ്ക്കുന്നത്‌.

യാത്രക്കാരും വാഹനങ്ങളും ഒരുപോലെ ഈ സൈന്‍ ബോര്‍ഡുകളേയും, മറ്റു യാത്രാ നിയമങ്ങളേയും ബഹുമാനിയ്ക്കുന്നതു കാരണം ഒരേ സമയത്തു നൂറു കണക്കിനുവാഹനങ്ങള്‍ നീങ്ങുന്ന ഈ പട്ടണത്തിലെ ഗതാഗതം ചിട്ടപ്പെടുത്തിയ ഒരു സംഗീതം പോലെ ഒഴുകുന്നു.

കേപ്‌ ടൗണ്‍ നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ്‌ ആകര്‍ഷണമായ വിക്ടോറിയ ആന്‍ഡ്‌ ആല്‍ബേര്‍ട്‌ വാട്ടര്‍ ഫ്രണ്ടു സന്ദര്‍ശകരുടെ വിനോദഭാവനകളെ യാധര്‍ത്ഥ്യമാക്കുന്നു.



വി&ഏ ഷെമ്പെയ്ന്‍ ക്രുയ്സ്


അസ്തമനം തേടി കടലിന്റെ ഉള്ളിലേക്കൊരു യാത്ര, നുരഞ്ഞുപതിയുന്ന ഷെമ്പെയില്‍ നുണഞ്ഞു കൊണ്ട്(വേണ്ടവര്‍ക്ക്). സൂര്യന്‍ ഒരു വലിയ ചെമ്പു താലമായി, സിന്ദൂരശ്ചവി തൂകിയ ചക്രവാളച്ചരിവിലേക്കു താഴുമ്പോള്‍, ഇരുട്ടിനെ ഭയന്നു നിശബ്ദമായി കേഴുന്നു കടല്‍...
അറ്റ്‌-ലാന്റിക്കിന്റെ തീരത്ത്‌ വിക്ടോറിയ, ആല്‍ബേര്‍ട്‌ എന്നീ സമുദ്ര തടങ്ങളെ സംയോജിപ്പിച്ച്‌ വികസിപ്പിച്ചെടുത്ത ഈ അഴിമുഖം വെസ്റ്റേണ്‍ കേപ്പിലെ ആറു പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളില്‍ ഒന്നാണ്‌.

സമുദ്രജീവിതവും തുറമുഖവും മല്‍സ്യബന്ധനവും ബോട്ടു യാത്രയും സൂര്യാസ്തമനവും തുടങ്ങി കടലിനെ ചുറ്റിപ്പറ്റിയ എല്ലാ അനുഭവങ്ങളും മേന്മയുടെ ഉച്ച നിലവാരത്തില്‍ സഞ്ചാരികള്‍ക്കനുഭവവേദ്യമാകുന്ന വിധത്തിലാണ്‌ ഇവിടെ എല്ലാ വിനോദ സംരംഭങ്ങളും ഒരുക്കിയിരിയ്ക്കുന്നത്‌.









ഹാര്‍ബര്‍ ക്രൂയ്സ്
വി&എ വാട്ടര്‍ഫ്രണ്ടിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളും പണ്ടത്തെ ചരിത്രവും സചാരികള്‍ക്കു പരിചയപ്പെടുത്തുന്ന ഒരു കടല്‍ ചുറ്റല്‍






ചരിത്രവും കലയും ലോകത്തിലെ എല്ലാ വിശിഷ്ട ഭോജ്യങ്ങളുടെ ഗന്ധവും ചാലിച്ചെടുത്ത അറ്റ്‌-ലാന്റിക്കിന്റെ ശീതകാറ്റ്‌ കാഴ്ച്ചക്കരെ നര്‍മ്മഭാവത്തില്‍ തലോടുമ്പോള്‍ അവര്‍ക്കു മറ്റൊരു ലോകത്തിന്റെ അനുഭവമുണ്ടാകുന്നു.









റ്റൂ ഓഷ്യന്‍ അക്വേറിയം-കടലിലേക്കൊരു വാതായനം


മൃഗങ്ങളും, മത്സ്യങ്ങളും. ഉരഗങ്ങളും പക്ഷികളുമടക്കം 3000 ജന്തു ജീവജാലങ്ങളെ നേരില്‍ കാണാന്‍ കഴിയുന്ന കടലിനുള്ളിലെ ഒരു പ്രകൃതിസങ്കേതം


വാട്ടര്‍ഫ്രണ്ടിന്റില്‍ നിരനിരയായി നിന്നു യാത്രക്കാരനു സ്വാഗതമരുളുന്ന ഇവിടുത്തെ ഭോജനാലയങ്ങളില്‍ ഇന്‍ഡ്യന്‍, ഇറ്റാലിയന്‍, ചൈനീസ്‌ തുടങ്ങി ലോകത്തിലെ എല്ലാ ഒന്നാം നമ്പര്‍ പാചകങ്ങളും ലഭ്യമാണ്‌.

തുടരും

ചിത്രങ്ങള്‍ക്കു കടപ്പാട്, http://www.capetownpass.co.za/attractions/attr/twooceansaquarium.asp










">Link

3 comments:

മാവേലികേരളം(Maveli Keralam) said...

ഒരു ഇടവേളയ്ക്കു ശേഷം തുടരുന്നു.

എന്റെ കേപ്ടൌണ്‍ യാത്രാവിവരണം

chithrakaran ചിത്രകാരന്‍ said...

മവേലി,
യാത്രാവിവരണം നന്നായിരിക്കുന്നു.
നമ്മുടെ രാജ്യവും ജനങ്ങളും എന്നാണാവോ ആ സാംസ്കാരിക നിലവാരത്തിലേക്ക്‌ ഉയരുക.

മാവേലി കേരളം said...

ചിത്രകാരാ

അതൊരു മില്യണ്‍ ഡോളര്‍ ചോദ്യമാണ്.
കഴിഞ്ഞ ആഴ്ച്ചത്തെ Time വീക്കിലിയില്‍ ഇന്ത്യ സന്ദര്‍ശിയ്ക്കുന്ന ഒരു ആഫ്രിയ്ക്കക്കാരന്‍, എഴുതിയിട്ടുണ്ട്, India Shining എന്നത് വെറുമൊരു പ്രൊപ്പഗാന്‍ഡ മാത്രമാണെന്ന്.