Saturday, November 24, 2007

കേരള ഹിന്ദുവിന്റെ ദൈവബോധങ്ങള്‍

ഹിന്ദുമതവും, ക്ഷേത്ര ദൈവങ്ങളും, അവയുടെ യജമാനസ്ഥാനം വഹിയ്ക്കുന്ന ബ്രാഹ്മണ തന്ത്രികളും, ഇവരുടെയെല്ലാം രാഷ്ട്രീയ മേല്‍കോയ്മ വഹിയ്ക്കുന്ന മത സര്‍വീസ് സംഘടനകളും, ദേവസ്വംബോര്‍ഡും ഇന്നു പല മീഡിയ/ബ്ലോഗു ചര്‍ച്ചകള്‍ക്കും വിഷയമാകുകയാണല്ലോ. അതില്‍ ഏറ്റവും ഒടുവില്‍ നടന്ന ചര്‍ച്ചയാണ് ചൂരീദാര്‍ ചര്‍ച്ച.

മുന്‍പെന്നപോലെ, ഈ ചര്‍ച്ചയിലും ഒരു വിഭാഗം ‘ഹിന്ദു’ക്കള്‍ക്കു മരൊരുവിഭാഗം ‘ഹിന്ദു’ക്കളെ എതിര്‍ക്കേണ്ടി വന്നു. ആദ്യത്തെ വിഭാഗം, അമ്പലത്തില്‍ എത്തുന്ന സ്തീയുടെ വേഷവിധാനത്തില്‍ തന്ത്രികളുടെ യുക്തിഹീനമായ കൈകടത്തല്‍ തനി തോന്ന്യാ‍സവും അനീതിയുമാണെന്നാക്ഷേപിച്ചു. ജോത്സ്യന്റെ‍ പ്രശ്നംവയ്പ്പില്‍ തന്തികള്‍ക്കുള്ള വിശ്വാസം അതേപടി വിശ്വാസികളില്‍ അടിച്ചേല്‍പ്പിയ്ക്കുന്ന അവസ്ഥയെ തന്ത്രമെന്നും, ബലിശമായ അന്ധവിശ്വാസമെന്നും ആ കൂട്ടര്‍ വിലയിരുത്തി.

ഹിന്ദു പ്രമാണികള്‍ എന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന രണ്ടാമത്ത് കൂട്ടര്‍ ഈ ആക്ഷേപത്തെ വസ്തുനിഷ്ഠതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും അഭിമുഖീകരിയ്ക്കുന്നതിനു പകരം കേവലം മേല്‍കോയ്ക കോണ്ട് നേരിടാന്‍ ശ്രമിച്ചു.

യദ്ധാര്‍ഥ ഹിന്ദുമത ധര്‍മ്മങ്ങളോടു യാതൊരു നീതിയും പുലര്‍ത്താത്ത ഇവരുടെ ഇത്തരം എതിപ്പുകളില്‍‍ പൊതുവെ താഴെപ്പറയുന്നവ ‍ ശ്രദ്ധേയമാണ്.


(1)ഇതിഹാസ-കാല്പനിക-മിസ്റ്റിക് വാക്ധാടിയാണ് ഇവരുടെ പടയണിയിലെ ആയുദ്ധങ്ങള്‍. ഹിന്ദു മതത്തിന്റെ സങ്കല്പ തലങ്ങളില്‍ നിലനില്‍ക്കുന്ന ദൈവങ്ങളേയും, ബിംബങ്ങളേയും, അടയാളങ്ങളേയും, ഭാവനകളേയും, ഇതിഹാസങ്ങളേയും കൂടാതെ ഇടയ്ക്കിടയ്ക്ക് വാസ്തവികമായ ഇന്ത്യന്‍ സംസ്കാരങ്ങളേയും അവയുടെ ബിംബങ്ങളേയും കൂട്ടുപിടിച്ചുകൊണ്ടാണ് ഇവര്‍ ഈ വാക്ധാടി നടത്തുന്നത്. ഇതില്‍ കൂടീയാണ് ഇവര്‍ ഹിന്ദുമതത്തിന്റെ മൊത്തം ഒടേരായും വിശ്വാസികളുടെ പ്രമാണിമാരായും ചമയുന്നത്.

(2)സങ്കല്പ-ഇതിഹാസ-ഭക്തി തലങ്ങളില്‍ യുക്തിയില്ല എന്നവര്‍ അരുളിച്ചെയ്യൂന്നു, പകരം അവിടെ വിശ്വാസമേ ഉള്ളു, കണ്ണടച്ച വിശ്വാസം. അതുകൊണ്ട് അവിടെ ചിന്തയോ, യുക്തിയോ, സജീവമായ മനസിന്റെ സൃഷ്ടിപരതയോ പ്രവര്‍ത്തിയ്ക്കാന്‍ സാദ്ധ്യമല്ല.

അതിനാലാണ് യുക്തി ഉപയോഗിച്ചു കേവല ആചാരങ്ങളെ ചോദ്യം ചെയ്യുന്നവരുടെ പുറത്ത് ഇവര്‍ ’അഹിന്ദു’,‘അവിശ്വാസി‘, ‘യുക്തിവാദി‘, ‘കമ്യൂണിസ്റ്റ്’, ‘നിരീശ്വരവാദി’ എന്നിങ്ങനെയുള്ള കുറെ ക്ലീഷേ ലേബലുകള്‍ കുത്തി വയ്ക്കുന്നത്. ഈ ലേബലുകള്‍ ഉപയോഗിച്ച്, അവരുടെ ഹിന്ദുത്വത്തിന് അയോഗ്യത കല്‍പ്പിയ്ക്കുക ഇവരുടെ ഒരാഗോള തന്ത്രമാണ്. ‘ഹിന്ദു‘ മതത്തിന്റെ വകുപ്പില്‍ ഏതു പ്രശ്നത്തെ എവിടെ നേരിടേണ്ടി വന്നാലും ഇവര്‍ ഏതാണ്ടിതേ അടവുകളാണ് പ്രയോഗിയ്ക്കുന്നത്.

(3)ഗുരുവയൂര്‍ ക്ഷേത്രം ഇവരുടെ മുകളില്‍ പറഞ്ഞ ഹിന്ദു കാല്പനിക സങ്കല്പങ്ങളുടെ ഒരു ഫോസിലാണ്. ഗുരുവായൂരില്‍ മാത്രമല്ല, കേരളത്തിലെ വലുതും ചെറുതുമായ എല്ലാ ക്ഷേത്രങ്ങളിലും ഈ കാല്പനിക സങ്കല്‍പ്പങ്ങളുടെ നിര്‍ണ്ണായകത കാണാം. അവിടെയൊക്കെ ഭഗവല്‍ ഭക്തിയ്ക്കു മാറ്റു കൂട്ടുന്ന പറഞ്ഞു പരന്ന ധാരാളം കെട്ടുകഥകളുമുണ്ട്. അവയില്‍ കണ്ണടച്ചു വിശ്വസിയ്ക്കുന്ന ഭക്തജനങ്ങളുമുണ്ട്.

ഗുരുവായൂരിനെ ഇത്തരം ഭക്ത കാല്പനികതയിലൂടെ, പതിനാറാം നൂറ്റാണ്ടിനു ശേഷം പ്രസിദ്ധമാക്കിയ കവി പ്രതിഭകളാണ് മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി, പൂന്താനം, വില്വമംഗലം തുടങ്ങിയവര്‍. ഗുരുവായൂരിലെ ഇവരുടെ ഈശ്വര സങ്കല്‍പ്പങ്ങള്‍ വഴിഞ്ഞൊഴുകുന്ന ഇതിഹാസങ്ങ (legends) ളെക്കുറിച്ച് ക്ഷേത്രത്തിന്റെ വെബ്സൈറ്റില്‍ നിന്ന്‌ ആര്‍ക്കും മനസിലാക്കവുന്നതാണ്.

നാരായണീയത്തേക്കുറിച്ചുള്ള ഈ വെബ്സൈറ്റിലെ ചില വരികള്‍ ശ്രദ്ധിയ്ക്കുക. “As the poet himself has pointed, it is a poetic work of hymn dealing with the story of Narayana, written by Narayana (Melpathur Narayana Bhatathiri). The poet depicts the image of Lord Guruvayurappan, in exemplary terms - "Sammohanam Mohanal Kantham Kanthinidhanathopi, Madhuram Madhurya Dhuryadapi, Soundaryotharathopi Sundaratharam”,

ഗുരുവയൂര്‍ പ്രതിഷ്ടയുടെ കമനീയത ഉള്‍ക്കൊണ്ട ഈ കവിഭാവന, ഭാഗവതമെന്ന മറ്റൊരു കെട്ടുകഥയില്‍ നിന്നു പ്രേരണ കൊണ്ടതാണ്. കൃഷ്ണഭഗവാനെ ഭക്തി-ഭാവനയിലൂടെ യാദ്ധാര്‍ധ്യമാക്കി എന്നവകാശപ്പെടുന്നതാണ് മേല്‍പ്പത്തൂരിന്റെ പ്രത്യേകത. അതദ്ദേഹത്തിന്റെ സ്വാകീയ അനുഭവവുമാണ്. നാരായണീയം ചൊല്ലുകയോ ചൊല്ലുന്നതു കേള്‍ക്കയോ ചെയ്യുന്നവര്‍ക്കു അതേ അനുഭവം കൈവരുമെന്നു ഭക്ത ജനങ്ങള്‍ വിശ്വസിയ്ക്കുന്നു/ അവരെ വിശ്വസിപ്പിയ്ക്കുന്നു. അതുപോലെ ദൈവത്തിനു രൂപം കൊടുത്ത് അതിലേക്കൂതുകയും ഓതുകയും ചെയ്താല്‍ അതിനു ശക്തിയുണ്ടാകുമെന്നും. ഇതാണ് യുരുവായൂരിലെ വിശ്വസ പ്രമാണങ്ങള്‍.

സ്വതന്ത്ര ഇന്ത്യരൂപപ്പെടുത്തിയ മതേതരപ്രമാണങ്ങള്‍ അനുസരിച്ച് അവിടെ‍ ഏതു തര വിശ്വാസങ്ങള്‍ക്കും സ്ഥാനമുണ്ട്. നിര്‍ദ്ദോഷമായ രീതിയില്‍ നിലകൊള്ളുന്ന എല്ലാ ദൈവ സങ്കല്‍പ്പങ്ങളും ആ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അവിടെ നിലകൊള്ളുന്നുമുണ്ട്.

എന്നാല്‍ ഒരേ ഒരു മാര്‍ഗം മത്രമാണ് ദൈവത്തെ അറിയാനുള്ളത്, അതു മാത്രമാണ് ദൈവസങ്കല്പം, അതാണു ദൈവ ക്ഷേത്രത്തിലേക്കു കടക്കാനുള്ള നിയമങ്ങള്‍, എന്നൊക്കെയുള്ള‍ മേല്‍കോയ്മ കാണിച്ച്, ദൈവത്തിനു വേലികെട്ടി മൊത്ത വിലയ്ക്കെടുത്തു സ്ഥാപനവല്‍ക്കരിയ്ക്കുമ്പോള്‍ അതു ഭക്തിയുടെ മാത്രം പ്രശ്നമല്ലാതാകുന്നു; അതൊരു സമൂഹ്യ-രാഷ്ട്രീയ ‍പ്രശ്നമാകുന്നു.

ഈ സാഹചര്യത്തില്‍ കേരളത്തിലെ ഹിന്ദുവിന്റെ ഈശ്വര സങ്കല്‍ലം ഒരു പഠനത്തിനു വിധേയമാകേണ്ടി വരുന്നു.

കേരള ഹിന്ദുവിന്റെ ദൈവ/ ഈശ്വര സങ്കല്പം

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഹിന്ദുവിന്റെ ദൈവസങ്കല്പം‍ എന്താണ് എന്നു ചൊദിച്ചാല്‍ ‍ അതിനു പെട്ടെന്നൊരുത്തരം ലഭിയ്ക്കാന്‍ വിഷമമാണ്. എങ്കിലും പൊതുവെ പറഞ്ഞാല്‍ ഗുരുവായൂര്‍ കേന്ദ്രമാക്കിയ ഭക്തികാല്പനിക-ക്ഷേത്ര ദൈവ സങ്കല്പം അതിലൊന്നാണ്.

ഈ ദൈവ സങ്കല്‍പ്പത്തില്‍ വിശ്വസിയ്ക്കുന്ന എത്ര ഹിന്ദുക്കളുണ്ട് കേരളത്തില്‍ എന്നു ചോദിച്ചാലും ഉത്തരം കിട്ടുക പ്രയാസമാണ്. എന്നാലും കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുക്കളും ഈ ദൈവ സങ്കല്‍പ്പത്തില്‍ വ്യാമോഹിതരായി ക്ഷേത്രസന്ദര്‍ശനം നടത്തുന്നവരാണ് എന്നു കരുതാം. പക്ഷെ മേല്‍പ്പത്തൂരിന്റെയോ, പൂന്താനത്തിന്റയോ ഭാവനാ ദൃഷ്ടാന്തത്തിലൂടെ ദൈവത്തെ കാണുന്ന അനുഭവങ്ങള്‍ ഒന്നും അവര്‍ക്കില്ല. പിന്നെ എന്തിനാണവര്‍ ക്ഷേത്രങ്ങളിലേക്കു പോകുന്നത്?

കേവലം ഭൌതിക നേട്ടങ്ങള്‍ക്കു വേണ്ടി.

എന്നും കാലത്തും വൈകിട്ടും കുളിച്ചു അമ്പലത്തില്‍ പോയാല്‍ ഭഗവാന്‍ അനുഗ്രഹിയ്ക്കും, ഭഗവാന്റെ അനുഗ്രഹം കിട്ടിയാല്‍ എല്ലാം നല്ല പട പടേന്നു നടന്നോളും: നല്ല കൊച്ചുങ്ങളൊണ്ടാകും, അവരുടെ പഠിത്തം, ഉദ്യോഗം, വിദേശജോലി, കല്യാണം, പിന്നെ നാട്ടിലാണെകില്‍ കച്ചവടം, വീടു വയ്പ്, വസ്തുവാങ്ങീര്, ഇതൊക്കെ ആശിയ്ക്കുന്നതു പോലെ നടന്നോളും. എത്രയും കൂടുതല്‍ വഴിപാടുകള്‍ നടത്തുന്നുവോ അത്രയും കൂടുതല്‍ ഭഗവാന്‍ അനുഗ്രഹിയ്ക്കും. അപ്പോള്‍ വഴിപാടുകള്‍ ഒന്നും നടത്തിയില്ലെങ്കിലോ ഗതിയുണ്ടാകില്ല.

മനുഷ്യന്റെ കേവല ദുരകളും ആര്‍ത്തിയും ക്രയം ചെയ്യുകയും അതുവഴി ദൈവങ്ങളുറ്റെ ആസ്തി വര്‍ദ്ധിപ്പിയ്ക്കുകയും മാത്രമാണ് ഈ ദൈവസങ്കല്‍പ്പത്തിന്റെ ഉദ്ദേശം.

അതുകൊണ്ടു കൊല ചെയ്തവന്‍, ശിക്ഷകിട്ടാതിരിയ്ക്കാനും കൊലചെയ്യപ്പെട്ടവന്റെ ‍മക്കള്‍ കൊലയാളിയ്ക്കു പരമാവധി ശിക്ഷകിട്ടാനും ഒരേ ദൈവത്തിന്റെ ഭണ്ടാരപ്പെട്ടിയില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന വിരോധാഭാസം സംജാതമാകുന്നു.

അധികാരമുണ്ട് എന്നു പറയുന്നവന്റെയൊക്കെ മുന്നില്‍‍ മുട്ടുമടക്കുന്ന കേരളീയന്റെ മാന‍സിക അടിമത്തമാണ് ഇത്തരം ഭക്തി സത്യമാണ് എന്നു കരുതാന്‍ വിശ്വാസികളെ പ്രാരിപ്പിയ്ക്കുന്നത്.

ഈ ക്ഷേത്ര ഹിന്ദുക്കളുടേതില്‍ നിന്നു വ്യത്യസ്ഥമായി ഇനി വേറൊരു ദൈവ സങ്കല്‍പ്പമുണ്ട് കേരളത്തില്‍. ശരി, തെറ്റ് ഇവയുടെ അടിസ്ഥാനത്തിലുള്ള ദൈവ സങ്കല്‍പ്പം. വ്യക്തിഗതമായ സ്വഭാവത്തിലും ആത്മീയതയിലും അനുഭവത്തിലും നില‍കൊള്ളുന്ന ഈ ഈശ്വര സങ്കല്പവും മുകളില്‍ പറഞ്ഞ ക്ഷേത്ര-ദൈവ സങ്കല്പവും അവയുടെ ഉല്ഭവത്തിലോ, സാംസ്കാരത്തിലോ, വളര്‍ച്ചയിലോ യാതൊരു സമാനതകളും യോജിപ്പുകളും‍ ഇല്ലാത്തവയാണ്.

ഈ ദൈവ സങ്ക‍ല്പത്തില്‍ നടക്കുന്ന ക്രയവിക്രയങ്ങള്‍ ആത്മിയ-സ്വഭാവ-മന‍സാക്ഷി തലങ്ങളിലാണ്. തനിയ്ക്കു കഴിയാവുന്ന ചെറിയ ഒരു നന്മ അയിലവക്കത്തുകാരനു ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം, ഉള്ളില്‍ ആനന്ദത്തിന്റെ പ്രകാശം പരത്തി, അതു നാളേക്കും ചെയ്യാനുള്ള പ്രചോദനമായി, സ്വഭാവമായി, ആത്മാവിനു സംതൃപ്തിയരുളുന്ന ദൈവീകത. അതുപോലെ, ആത്മ നിഷ്ടയോടെ പഠിച്ചു പരീക്ഷ എഴുതിയാല്‍ ജയിയ്ക്കും എന്നു മക്കളോടു പറഞ്ഞു വിശ്വസിപ്പിയ്ക്കുമ്പോള്‍‍, സ്വന്തം കഴിവും നിഷ്ടയും ഉപയോഗിച്ച് അവര്‍ പഠിയ്ക്കുന്നു ജയിയ്ക്കുന്നു. അതിലൂടെ നാളെയും അങ്ങനെ ചെയ്യാനുള്ള സ്വഭാവം അവരില്‍ ഉണ്ടാകുന്നു. അങ്ങനെ ക്രിയാത്മകത അവരുടെ സ്വഭാവത്തിന്റെ ഭാഗമായി വളരുകയും മറ്റുള്ളവരുടെ ക്രിയാത്മകതയെ അവര്‍ മാനിയ്ക്കാനും ചെയ്യുന്നു. അങ്ങനെ എല്ലാവരും ചിന്തിയ്ക്കുമ്പോള്‍ സമൂഹം മെച്ചപ്പെടുന്നു,രാഷ്ട്രം നന്നാകുന്നു.

ഇങ്ങനെ അനേക സാദ്ധ്യതകളുള്ള ഈ ദൈവ സങ്കല്പത്തിന്റെ ചരിത്ര-സംസ്കൃതിയെക്കുറിച്ചു പറഞ്ഞാല്‍, അത് ഇന്ത്യയുടെ പുരാതന സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നുകാണാം. സംസ്കാരങ്ങള്‍ ഓരോകാലഘട്ടത്തിലും ജീവിച്ചിരുന്നവരുടെ സ്വഭാവ അടയാളങ്ങളാണ്. ഇതുകൊണ്ടാണ് സംസ്കാരങ്ങള്‍ മനുഷ്യന്റെ മനസുമായി വൈകാരികമായി ബന്ധപ്പെട്ടു കിടക്കുന്നത്.

സിന്ധു നദീതട സംസ്കാരങ്ങളില്‍ ഇന്ത്യയിലെ ദൈവസങ്കല്‍പ്പത്തിന്റെ ഉറവും വളര്‍ച്ചയും രേഖപ്പെട്ടു കിടക്കുന്നു. ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ തന്റെ philosophy of India എന്ന ബുക്കിലാണെന്നു തോ‍ന്നുന്നു, എഴുതിയിട്ടുണ്ട്. തെക്കെ ഇന്‍ഡ്യയില്‍ ഇന്നു കാണുന്ന കാവും ഗുരുശാലയും, പൂജാമുറിയും ഒക്കെ സിന്ധൂ നദീതട സംസ്കരത്തിന്റെ ഭാഗങ്ങളാണ് എന്ന്. അതുപോലെ പുരാതന ഇന്ത്യന്‍ ധാര‍ണയനുസരിച്ച് ദൈവവും മനുഷ്യനുമായുള്ള ബന്ധം ഒരു one-to one communication ആയിരുന്നെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഈ പുരാതന ദൈവസങ്കല്പങ്ങള്‍ ഏതാണ്ട് ആറാം നൂറ്റാണ്ടിനു ശേഷം പുരാണങ്ങളിലൂടെ ജന്മമെടുത്ത്, പതിനാറാം നൂറ്റാണ്ടില്‍ മേല്‍പ്പത്തൂരിലൂടെ ഭാവം കൊണ്ട ഗുരുവായൂര്‍‍ ക്ഷേത്രത്തിലില്ല എന്നുള്ളത് ഒരു യാദൃശ്ചികം മാത്രമല്ല. മനുഷ്യന്‍ തമ്മിലുള്ള വിവേചനവും മേല്‍കോയ്മയും മത്സരവും യുക്തിരാഹിത്യവും ആഘോഷിയ്ക്കുന്ന അവിടെ, ദൈവത്തെ മനുഷ്യനില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുമ്പോഴാണ് ദൈവചൈതന്യം കൂടുന്നതെന്നു വിശ്വസിയ്ക്കുന്ന, ഭക്തി ഭ്രാന്തന്മാരുടെ കോലാഹലങ്ങളാണ്.

ആ കോലാഹലങ്ങളില്‍‍ നിന്ന് വളരെ കാതം ദൂരെ നില്‍ക്കുന്നു എല്ലാത്തിലും ദൈവമുണ്ട് എന്ന തത്വമസിയിലെ പുരാതന ഇന്‍ഡ്യന്‍ ദൈവസങ്കല്പം. മറ്റൊരു മനുഷ്യസംസ്കാരത്തിലും ഇന്നു വരെ ജന്മം കൊണ്ടിട്ടില്ലാത്ത ആ ദൈവ സങ്കല്പം ഞാനും ദൈവവും ഒന്നാണ്, അഥവാ എന്നിലും എന്നേപ്പോലെയുള്ള എല്ലാ മനുഷ്യനിലും അടങ്ങിയിരിയ്ക്കുന്ന ദൈവചൈതന്യം ഒന്നു തന്നെയാ‍ണ് എന്നു വിശ്വസിയ്ക്കുന്നു.

ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ സാങ്കേതിക മനുഷ്യന്‍ എത്ര കീണഞ്ഞു ശ്രമിച്ചിട്ടും ഗ്രഹിയ്ക്കാനാവാത്ത ആ പുരാതന മാനവികത, ആ ദൈവ ബോധം, അതു സ്വഭാവത്തിന്റെ ഒരിഴയായി, ആത്മവിന്റെ ഒരു പ്രകാശമായി, ഓരോ വ്യക്തിയ്ക്കും പ്രാപ്യമായ അനുഭവമായിരുന്നു. മേല്‍പ്പത്തൂരിന്റെയോ പൂന്താനത്തിന്റെയോ മദ്ധ്യവര്‍ത്തിത്വം കൂടാതെ സ്വയം നേരീട്ടെത്തിച്ചാരാന്‍ കഴിഞ്ഞിരുന്ന ആ ഈശ്വര ക്ഷേത്രത്തില്‍ ബ്രാഹ്മണ‍-ക്ഷത്രിയ-നായര്‍ മേല്‍കോയ്മയില്ലായിരുന്നു. ചൂരീദാറിന്റ്യോ, കൈലിയുടെയോ പാവാടയുടെയോ പേരില്‍ ആര്‍ക്കും ആ ദൈവ സന്നിധ്യം വിലക്കിയിരുന്നുമില്ല.

പക്ഷെ ആ ദൈവബോധം ഇന്നു മലയാളിയ്ക്കു നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കയാണ്. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ ആ ബോധത്തിന്റെ സാമീപ്യം കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുവിനും തൊട്ടറിയാന്‍ കഴിയുന്നുണ്ട്. അതു കോണ്ടു തന്നെയാണ് കപട ദൈവഭക്തിയുടെ പേരില്‍ ഇന്നു കേരളത്തിലെ ക്ഷേത്രങ്ങളില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ തിരിച്ചറിയാന്‍‍ അവര്‍ക്കു കഴിയുന്നതും അതിനോടു യോജിയ്ക്കാന്‍ കഴിയാതെ കുതറി മാറി നില്‍ക്കുന്നതും. ആ അകല്‍ച്ച സ്വാഭാവികമാണ് ക്രിത്രിമമല്ല.

അമ്പല ദൈവങ്ങളുടെ കച്ചവട സാദ്ധ്യതകള്‍ ഈ മുതലാളിത്തകാലത്ത്, വളരെ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. മനുഷ്യന്റെ ക്ഷേമവും ഐശ്യര്യവും ലാക്കാക്കി നിലകൊള്ളുന്നു എന്ന വിശ്വാസികളുടെ ധാരണയ്ക്കു കടകരിരുദ്ധമായാണ് ഈ ദൈവമുതലാളിമാരുടെ നിലനില്‍പ്പ്. നനാവിധ പീഠനങ്ങളും ദുരിതങ്ങളും നാശങ്ങളും അനുഭവിച്ചു നട്ടം തിരിയുന്ന ഹിന്ദുവിനെ ചൂഷണം ചെയ്യൂകയാണ് അവരുടെ ഉദ്ദേശം. ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയ്ക്കു മുന്നില്‍ തുണിയുരിഞ്ഞുപോയ പോലെ നില്‍ക്കുന്ന ഇന്ത്യന്‍/കേരള രാഷ്ടീയ ചേരികളും ഈ ചൂഷണത്തിന്റെ ഉച്ചിഷ്ടം കൈയ്യിട്ടു വാരുന്നവരാണ്. അതിനാണ് ദേവസ്വം ബോര്‍ഡെന്ന ഒരു കോപ്പ് അവര്‍ തല്ലിക്കൂട്ടിയിരിയ്ക്കുന്നത്.

യഥാര്‍ധ ഹിന്ദുവിന്റെ ഉയര്‍ന്നെഴുനേല്പ്

അമ്പല ദൈവങ്ങളുടെ മറവില്‍ ഭക്തിക്കച്ചവടം നടത്തുന്ന മത-ജാതിക്കോമരങ്ങള്‍ക്കും അവര്‍‍ക്കൊത്താശ ചെയ്യുന്ന രാഷ്ടീയ നപുംസകങ്ങള്‍ക്കും എതിരെയുള്ള ശബ്ദമാണ് ബ്ലോഗിലെ പ്രതിഷേധശബ്ദം. അതിനെ ഭയപ്പെടുന്നതുകൊണ്ടാണ് ഈ കച്ചവടക്കാര്‍ അവരെ ‘അഹിന്ദുക്കള്‍’ ‘കമ്യൂണിസ്റ്റ്കാര്‍’ എന്നൊക്കെ ആക്ഷേപിച്ചു തേജോവധം ചെയ്യാന്‍ ശ്രമിയ്ക്കുന്നത്.
ഭരണഘടനാപരമായും രാഷ്ട്രീയപരമായും സ്ഥാപനവല്‍ക്കരിച്ച ബ്രാഹ്മണ ഹിന്ദുത്വത്തിന്റെ പ്രമാണിമാരാണ് ഈ കച്ചവടാക്കാര്‍. ഭക്തിയുടെ പേരില്‍ കബളിയ്ക്കപ്പെടുന്ന ഓരോ ഹിന്ദുവും ഈ പ്രമാണിത്വത്തെ അംഗീകരിയ്ക്കയാണ്. ഇവരുടെ നീച സ്താപനങ്ങളില്‍ ദൈവമില്ല, ദൈവ ചൈതന്യവുമില്ല.

ഈ സത്യം മനസിലാക്കുകയാണ് ഇവരുടെ പ്രമാണിത്വത്തെ നേരിടുന്നതിനുള്ള യഥാര്‍ഥ മാര്‍ഗം. നിരന്തരം ഈ ക്ഷേത്ര സമുച്ചയങ്ങളിലേക്കു ജോത്സ്യന്റെ ഉപദേശവും പേറി ഓടുന്ന കേരളത്തിലെ ‘ഭക്തര്‍‘ പ്രത്യേകിച്ചു സ്ത്രികള്‍ ശരിയ്ക്കും ആലോചിയ്ക്കുക. നിങ്ങളുടെ ഈ ഭക്തിഭ്രാന്ത് നിങ്ങളുടെയോ നിങ്ങളുടെ കുടുംബങ്ങളുടെയോ പ്രശ്നപരിഹാരങ്ങള്‍ക്കു യഥാര്‍ധത്തില്‍ എത്രമാത്രം സഹായിയ്ക്കുന്നുണ്ട് എന്ന്. കൂടാതെ നിങ്ങട തെക്കേലെ മറിയച്ചേടത്തിയും വടക്കേലേ പാത്തുമ്മബീവിയും അവരുടെ പള്ളികളിലെ ഭാരണ്ടാരത്തില്‍ ഇടുന്ന കാശിനും നിങ്ങള്‍ നിങ്ങട ക്ഷേത്രഭണ്ടാരത്തില്‍ ഇടുന്ന കാശിനും എന്തു സഭവിയ്ക്കുന്നു എന്നും. ഈ മൂന്നു ഭണ്ടാരങ്ങളില്‍ ഇടുന്ന കാണിയ്ക്കകളുടെ ഗതി ഒരേ ഭരണഘടനയുടെ കീഴില്‍ മൂന്നു തരത്തിലാകുന്നതിന്റെ കാരണങ്ങളും മനസിലാക്കാന്‍ ശ്രമിയ്ക്കുക.

വാല്‍ക്കഷണം

എന്റെ സമൂഹത്തില്‍ ചൂഷണത്തിനു വിധേയമാകുന്നവരെ അതിനെതിരായി ബോധവല്‍ക്കരിയ്ക്കാന്‍ ശ്രമിയ്ക്കുക എന്റെ ദൈവബോധത്തിന്റെ ബാദ്ധ്യതയാണ്. അല്ലാതെ ഇതാരുടെയും വിശ്വാസത്തിന്റെ നേര്‍ക്കുള്ള കൈ കടത്തലല്ല. ശക്തി ഉപയോഗിച്ചല്ല ബോധം ഉപയോഗിച്ചാണ് വിശ്വാസം നിലനിര്‍ത്തേണ്ടത്.

Saturday, October 06, 2007

കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിനൊരു മറുപടി

ആദ്യമായി കൈപ്പള്ളിയുടെ ലേഖനത്തിലെ ചില ആശയങ്ങളെക്കുറിച്ചു പറയട്ടെ.

1. "1906ല്‍ Britishകാര്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് എതിരേ നടത്തിയ Boer Warല്‍ ഗാന്ധി Britsih പട്ടാളത്തില്‍ ചേര്ന്നു".

രണ്ടു ബൂവര്‍ വാറുകള്‍ നടന്നിരുന്നു,:“the First Boer War (1880–1881); the Second Boer War (1899–1902)“. ഇതില്‍ രണ്ടാമത്തെ വാറിലായിരുന്നു ഗാന്ധി പങ്കെടുത്തത്. ഇത് ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ ബൂവേഴ്സ് (നേരത്തേ സൌത്താപ്ഫ്രിയ്ക്കയില്‍ കുടിയേറിയ ഡച്ചു സെറ്റ്ലേഴ്സ്) നടത്തിയ യുദ്ധമായിരുന്നു.അല്ലാതെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടത്തിയ യുദ്ധമല്ലായിരുന്നു.

2.“സൌത്താഫ്രിക്കയില്‍ അദ്ദേഹത്തിന്‍റെ ജീവിത രീതി ഒരു British പൌരന്‍റെ പോലെയായിരുന്നു. ചിത്രങ്ങളില്‍ അന്നത്തെ അദ്ദേഹത്തിന്‍റെ വസ്ത്രാധാരണ ശ്രദ്ധിച്ചാല്‍ അതു് മനസിലാക്കാം“.

ഗന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രജയായാണ് സൌത്താഫിയ്കയിലേക്കു വന്നത് എന്ന് അദ്ദേഹം മറച്ചു പിടിച്ചിട്ടില്ല. ബ്രിട്ടീഷ് പൌരനുമായുള്ള തുല്യത നഷ്ടപ്പെടുന്ന രീതിയില്‍ സൌത്താഫ്രിയ്ക്കയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ നിന്നും അനുഭവമുണ്ടായപ്പോഴാണ് അദ്ദേഹം അതിനെ എതിര്‍ത്തത്. കോളനികളിലെല്ലാം തന്നെ കോളോണിയല്‍ ഭരണക്കാരുമായി നല്ല വ്യക്തിബന്ധമുള്ള citizens/ Natives ഉണ്ടായിരുന്നു. ഉദാ. നെല്‍‌സന്‍‍ മന്‍ഡേലയും വെള്ളക്കാരുമായി നല്ല വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും ഒളിവില്‍ താമസിച്ചതു വെള്ളക്കാരുടെ വീടുകളിലായിരുന്നു.

3.“ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യകാല പ്രവര്‍‌ത്തകരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന John Tengo Jabavu, Walter Rubusana, Solomon Plaatje, John L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്‍റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വര്‍ഗ്ഗക്കാരെ സംസ്കാരമില്ലാത്ത തരം താണ ജീവികളായി മത്രമെ അദ്ദേഹത്തിനു് കാണാന്‍ കഴിഞ്ഞുള്ളു”.

ആഫ്രിക്കന്‍‍ നാഷണല്‍‍ കോണ്‍ഗ്രസ് രൂപം കോണ്ടത് 1912 ലാണ്. മണ്ഡേലയുടെ Long Walk to Freedom എന്ന ആത്മകഥയിലും ഇവരെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല.

4.“Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the trains." ഗാന്ധി clean indians എന്ന് ഉദ്ദേശിച്ചത് സവര്ണ്ണരായ ഇന്ത്യക്കാര്‍ എന്നും നാം മനസിലാക്കണം“

തിര്‍ച്ചയായും ഇത്തരം വാചകങ്ങല്‍ (അദ്ദേഹം പറഞ്ഞതെങ്കില്‍) ഗാന്ധിയിലെ വര്‍ഗ/ജാതി വിദ്വേഷം പുറത്തു കൊണ്ടു വരുന്നു.

5 “Sept. 26, 1896
“Ours is one continual struggle against a degradation sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir whose occupation is hunting, and whose sole ambition is to collect a certain number of cattle to buy a wife with and, then, pass his life in indolence and nakedness.” ~ Vol. I, pp. 409-410“

Certainly Gandhi was very judgemental in this statement. മുകളില്‍ പറഞ്ഞ കൊട്ടേഷന്‍ ഏതു പുസ്ത്കത്തില്‍ നിന്നാണെന്നു കൂടി വെളിപ്പെടുത്തുമെന്നു പ്രതീക്ഷിയ്ക്കുന്നു.

6 "ഒരിക്കലും ഗാന്ധി ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശത്തിനു വേണ്ടി പോരാടിയിട്ടില്ല" ഇതിന്റെ സാഹചര്യം മനസിലാക്കേണ്ടിയിരിക്കുന്നു.

ഗന്ധിജി സൌത്താഫ്രിക്കയില്‍ വന്നത് ഇവിടുത്തെ ഒരു ഇന്ത്യാക്കാരന്റെ കേസു വാദിക്കാനാണ്. ഇവിടുത്തെ സാമൂഹ്യരാഷ്ട്രീയ സാഹചര്യത്തില്‍, പിന്നീടു ഇന്ത്യക്കാരുടെ കോസിനു വേണ്ടി അദ്ദേഹം കരുക്കള്‍ നീക്കി. അതേസമയം കറുത്ത വര്‍ഗക്കാര്‍ ഇന്ത്യാക്കാരെക്കാള്‍ കൂടുതല്‍ കഷ്ടപ്പെടുന്നുണ്ടയിരുന്നു. But Gandhi exercised his freedom to define his cause as of the South African Indians only. കറുത്ത വര്‍ഗക്കാരുടെ കോസിനു വേണ്ടി അദ്ദേഹം രംഗത്തു വന്നു എന്നൊരിയ്ക്കലും അവകാശപ്പെട്ടിട്ടില്ല.

ലോകം മുഴുക്കെ നന്നാക്കാം, ജനങ്ങളെ മുഴുക്കെ നന്നാക്കാം എന്നു പറയുന്ന ഇന്നത്തെ മാര്‍ക്കറ്റ്-രാഷ്ട്രീയക്കാരുടെ തട്ടകത്തില്‍ ഗാന്ധിയെ വച്ച് വിലയിരുത്തുന്നതു ശരിയല്ല; കാ‍രണം ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ഒരു കാര്യത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല.അതു നിലനില്‍പ്പിന്റെ പ്രശ്നമായേ കാണാന്‍ കഴിയു, വര്‍ഗ്ഗിയതയുടേതല്ല.

ഗാന്ധിയുടെ നോണ്‍-വയലന്‍സ് പ്രതിഷേധരീതികള്‍ ഇന്ത്യയുടെ സംസ്കാരിക മത രീതികളുമായി ബന്ധപ്പെട്ടതായിരുന്നു. ഗീതയെയാണ് അദ്ദേഹം തന്റെ നോണ്‍-കോഓപ്പറേഷന്റെ അടിസ്ഥാനതത്വങ്ങള്‍ രൂപീകരിയ്ക്കുന്നതിനുപയോഗിച്ചത്. എന്നീട്ടും ഇന്ത്യയിലും സൌത്താഫ്രിയ്കയിലും ഇന്ത്യന്‍ ജനങ്ങള്‍ അതു പ്രാവര്‍ത്തികമാക്കുന്നതിനു മാന‍സികമായി തയ്യാറായിരുന്നോ എന്നു അദ്ദേഹം പലതവണ സംശയിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (ANC) 1912ല്‍ രൂപീകരിച്ചെങ്കിലും, ആദ്യമായി അതു ഗാന്ധി നടപ്പാക്കിയ രീതിയിലുള്ള‍ ഒരു മാസ് ആക്ഷന്‍, അപ്പാര്‍ത്തീഡ് ഗവണ്മെന്റിനെതിര്രെ കോണ്ടുവരാന്‍ തയാറായത് 1952ലാണ്. കൊണ്ടുവന്നപ്പോഴും അവര്‍ക്കു ഗാന്ധിയുടെ നോണ്‍-വയലന്‍സ് ആദര്‍ശത്തെ ഒരു പ്രതിരോധ തന്ത്രമായല്ലാതെ ഒരു ധാര്‍മ്മിക ആദര്‍ശമായി ഉപയോഗിയ്കാന്‍ കഴിഞ്ഞില്ല. (കൂടുതലായി എഴുതുന്നില്ല). ചുരുക്കത്തില്‍ ഗാന്ധി ആഫ്രിക്കന്‍‍ കോസിനെ ഇന്ത്യന്‍ കോസില്‍ ഉള്‍ക്കൊള്ളിച്ചില്ല എന്നു കുറ്റപ്പെടുത്തുന്നവര്‍, അതിന്റെ ആന്തരിക യാഥാര്‍ദ്ധ്യത്തെ അന്വേഷിക്കുന്നില്ല എന്നുള്ളതാണ് ഞാന്‍ പറയുന്നത്.

ഒരു പക്ഷെ ANC നേതാക്കള്‍ക്ക് ഈ ആന്തരിക യാഥാര്‍ദ്ധ്യത്തെക്കുറിച്ച് നല്ലവണ്ണം ബോധമുണ്ടായിരുന്നു എന്നു ഞാന്‍ കരുതുന്നു. അല്ലായിരുന്നെങ്കില്‍ നെല്‍‌സണ്‍ ‍ മണ്ടേല തന്റെ ആത്മകഥയില്‍ ഗാന്ധിയെ കുറ്റപ്പെടുത്തുമായിരുന്നു. പകരം 1940 ലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതുന്നു, “The government crippled the rebellion with harsh laws and intimidation, but we in the Youth League and the ANC had witnessed the Indian people register an extraordinary protest against colour oppression in a way that africans and ANC had not"

പിന്നെ ഗാന്ധി ഒരു ഫിലോസഫറോ രാഷ്ട്രീയകാരാനോ ആയിരുന്നില്ല; ഒരു പ്രാഗ്‌മാറ്റിസ്റ്റു മാത്രമായിരുന്നു. അതും ഒരു വീക്ഷണത്തില്‍ നിന്നും മറ്റൊന്നിലേക്കു മനസിന്റെ വ്യാപാര‍ത്തെ പുരോഗമിപ്പിച്ചുകൊണ്ടിരുന്ന ഒരു shrewd intellectual.ഇന്ത്യയെന്ന രാജ്യത്തിനു കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ അവകാശം ഒരു വെള്ളക്കാരനു പോലും കൊടുക്കാതെ സംരക്ഷിച്ച, the great ideologist. വെള്ളാക്കാരനോടുള്ള തന്റെ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും പരിധി രാജ്യസ്നേഹത്തിന്റെ മുന്‍പില്‍ എന്തായിരിക്കണമെന്ന് ആരും അദ്ദേഹത്തോടു പറയേണ്ടി വന്നില്ല.

സൌത്താഫ്രിക്കയില്‍‍ അദ്ദേഹത്തിന്റെ കോസിനോടു വളരെയധികം അനുകൂലിച്ചു കൂടെ നടന്ന ഒരു പാതിരിയുണ്ടായിരുന്നു. ചാര്‍ലി മുഴുവന്‍ പേര് ഓര്‍ക്കുന്നില്ല. ഈ ചാര്‍ലി ഗാന്ധിയോടുള്ള സഹകരണം വാഗ്ദാനം ചെയ്തുകൊണ്ട്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ദശകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചൌറി ചൌര ലഹളത്തിനു ശേഷം ജയിലിലായ ഗാന്ധിയെ അദ്ദേഹം പ്രത്യേകം ചെന്നു കാണുന്നുണ്ട്, സഹകരണം വാഗ്ദാനം ചെയ്ത ചാര്‍ലിയൊട്, ഗാന്ധി പറയുന്നുണ്ട് as a shrewed nationalist, “Charley you can go back, I do not need any help from you".

അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍, ഒരു പക്ഷെ സ്വതന്ത്രഭാരതത്തിലെ പല വീര മക്കളും ഇന്നു പറഞ്ഞേനെ, ‘ചാര്‍ലി കൂട്ടിനില്ലായിരുന്നെങ്കില്‍ ഗാന്ധി എങ്ങനെ സ്വാതന്ത്ര്യം നെടുമെന്നൊന്നു കാണാമയിരുന്നു‘ എന്ന്.(ഇറ്റലിയിലെ ഒരു ബാറില്‍ കള്ളു വില്‍ക്കുമായിരുന്ന ഒരു സ്തീയുടെ സാരിത്തുമ്പില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പര്‍ട്ടിയെ കെട്ടിയിയിട്ട രാജ്യമല്ലേ നമ്മുടേത്)

എന്റെ നോട്ടത്തില്‍ ഞാനദ്ദേഹത്തെ മഹാന്‍ എന്നു തന്നെ വിളിയ്ക്കുന്നു. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിലെ ലോകത്തിനു മുന്‍പില്‍ നിന്ന് അഭിമാത്തോടെ ഉച്ചരിക്കാന്‍ അദ്ദേഹത്തിന്റെ പേരല്ലാതെ മറ്റൊരിന്‍ഡ്യന്റേതും ഞാന്‍ കാണുന്നില്ല.

ഒരു കൂട്ടുകുടുംബം പോലും അളന്നു തിരിച്ച്, അതിരു നാട്ടി വേര്‍തിരിയ്ക്കണമെങ്കില്‍ മൂന്ന് ആഴ്ച്ചപോരാ. എന്നിട്ടാണ് വര്‍ഗ്ഗിയ വൈരാഗ്യത്തിന്റെ മൂര്‍ദ്ധന്യദശയില്‍ നിന്ന ഒരു മഹാരാജ്യത്തിന്റെ വെട്ടിമുറിയ്ക്കലിന് മൂന്നാഴ്ചത്തെ കാലപരിധിയുമായി, മൌണ്ട് ബാറ്റന്‍ രംഗത്തെത്തിയത്. അതിനുപോലും ന്യായമായി സമയം ചോദിച്ചു വാങ്ങാന്‍‍ കഴിയാഞ്ഞ നെഹ്രു എന്ന സിമ്പ്ലന്‍‍ തുടങ്ങി ഇങ്ങോട്ടു വന്ന് കാര്യപ്രാപ്തി, statesmanship, integrity, diplomacy, intelligence , shrewdness ഇതൊന്നുമില്ലാതെ കോളോണിയല്‍ നേതാക്കളുടേയും ഇപ്പോള്‍, കാപ്പിറ്റല്‍ മാഫിയയുടെയും മുന്‍പില്‍ പഞ്ചപുഛമടക്കി നിന്നു രാജ്യത്തെ കൂട്ടിക്കൊടുക്കുന്ന ഉയര്‍ന്നകസേരകളിലിരിക്കുന്നവരുടെ ഇടയിലും വരെ ഞാന്‍ തേടുന്നു ഒരു മഹാത്മാവിനെ. പക്ഷെ കാണുന്നില്ല.


ഗാ‍ന്ധിയെന്ന ഒരു സാധാരണ മനുഷ്യന്‍ ഒരു അസാധാരണകാര്യം ചെയ്തു എന്ന മട്ടില്‍ കാണാന്‍ കഴിയാത്തവരാണ് അദ്ദേഹത്തിന്റെ ഈ ആരോപണങ്ങളുടെ പിന്നില്‍ എന്നാണു എന്റെ ധാരണ.

വര്‍ഗ്ഗിയതയും ഇതിനു കാരണമായി ആരോപിക്കപ്പെടുന്നുണ്ട്.

ഗാന്ധിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ ആദ്യമായി ഞാന്‍ വായിച്ചത് This Day എന്ന ഒരു സൌത്താഫ്രിയന്‍ നാഷണന്‍ daily യിലാണ്. ഒരു ജി.ബി സിംഗിന്റെ ‘Behind the Mask of Divinity' യെ കുറിച്ച് ഒരു Nhlanhla Hlongwane എഴുതിയിരുന്ന ലേഖനം(2003). കൈപ്പള്ളിയുടെ ലേഖനത്തില്‍ പറഞ്ഞതൊക്കെ തന്നെയായിരുന്നു അതിലെയും വിഷയം.

എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി സൌത്താഫ്രിക്കയില്‍‍ ഒരു വര്‍ഗീയ കാമ്പെയ്ന്‍‍ ഗാന്ധിക്കെതിരായും ഹിന്ദുക്കള്‍ക്കെതിരായും നടന്നു വരുന്നതായി ഇവിടുത്തെ ഒരു നാഷണല്‍‍ പത്രമായ Sunday Times ല്‍ ഒരു ബി. സിംഗ് കഴിഞ്ഞമാര്‍ച്ചില്‍ എഴുതിയിരുന്നു. അദ്ദേഹം എഴുതിയതനുസരിച്ച്: ഇതിന്റെ പിന്നില്‍ ഇവിടെയുള്ള ഒരച്ഛനും മകനുമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു Yousuf Deedat യും അദ്ദേഹത്തിന്റെ മരിച്ചു പോയ പിതാവും. 1995ല്‍ അവരൊരുമിച്ചു 'Oh You Hindu Awake" എന്ന വിവാദപരമായ ഒരു പുസ്തകം ലോഞ്ചു ചെയ്തു. അതില്‍ അവര്‍ ഗാന്ധിയെക്കുറിച്ചുള്ള ഈ ആരോപണങ്ങള്‍ നിരത്തിയിരുന്നു. ആ ആരോപണങ്ങള്‍ക്കടിസ്ഥാനങ്ങള്‍ കണ്ടെത്തിയത് ഒരു "Velu Annamalai, supposedly an academic "who holds a doctorate in philosophy" യുടെ ഒരു പുസ്തക്മായിരുന്നു എന്നവര്‍ പറഞ്ഞിരുന്നു. എങ്കിലും അതിനേക്കുറിച്ചു കൂടൂതല്‍ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഈ അണ്ണാമല നിലവിലില്ല എന്നു തെളിയിക്കപ്പെട്ടു.


എന്നാല്‍ അടുത്തകാലത്ത് മകന്‍(അച്ഛന്‍ മരിച്ചുപോയി) ആ book മായി രംഗത്തു വന്നു: “Gandhi a Sooge of the White South African Government'. എന്നാല്‍ ഇപ്പോള്‍ ഇതെഴുതിയത് ഒരു Dr. Chatterjee,MA,PhD(USA) ആണെന്നു പറയുന്നു. എന്നാല്‍ ഒരു അക്കാഡമിക്ക് എഴുത്തിന്റെ യാതൊരു ഗുണവും ഈ ബുക്കിനില്ലെന്നും ഈ ചാറ്റര്‍ജിക്കും അണ്ണാമലയുടെ നിലല്‍നില്‍പ്പേ ഉണ്ടാകൂ എന്നും സിംഗു പറയുന്നു.

സിംഗിന്റെ ഈ കാഴ്ചപ്പാടിനെ പലരും ശരി വച്ചിട്ടുണ്ട്.

പിന്നെ ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കു ചെയ്യാന്‍ പറ്റു. എല്ലാം ഗാന്ധിജി അങ്ങു ചെയ്തിട്ടു പോയിരുന്നെങ്കില്‍ ഇപ്പോള്‍‍ എത്ര നല്ലതായിരുന്നു. ചിന്തികാന്‍‍ എന്തു രസം!. ഗാന്ധിജി ഒരു കേവല വ്യക്തിയായിരുന്നു. സ്വതന്ത്ര ഇ‍ന്‍ഡ്യയുടെ ഒരു സിവില്‍‍ സേര്‍വന്റു പോലും ആയിരുന്നില്ല. ഒന്നും കൊടുക്കാതെ ഇത്രയുമൊക്കെ കിട്ടിയില്ലേ നമുക്ക്? പക്ഷെ നാം എന്തു ചെയ്തു?

ഗാന്ധിജിയുടെ മഹത്തായ ലീഗസി ആ ഗാന്ധിപ്പെണ്ണും ക്ടാങ്ങളും മുന്നിലിട്ട് പീഡീപ്പിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിവില്ലാതെ നോക്കി നില്‍ക്കുകയല്ലേ നമ്മള്‍! പാവം നമ്മള്‍!

Friday, September 28, 2007

"ഇടയലേഖനം : തെറ്റിദ്ധരിപ്പിച്ചതില്‍ മാപ്പ്‌" എന്ന കിരണ്‍ തോമസ് തോപ്പിലിന്റെ പോസ്റ്റിനൊരു മറുപടി

പ്രിയ ജോജൂ, മാരീചാ

'ഔദ്യോഗികരേഖയെ അടിസ്ഥാ‍നപ്പെടുത്തി വന്ന തെറ്റിദ്ധാരണാജനകമായ ഒരു പത്രവാര്‍ത്തയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പോസ്റ്റുതന്നെ. തെറ്റിദ്ധാരണമാറ്റുകമാത്രമാണ് മാരീചന്‍ ചെയ്തത്'(ജോജു)

സമ്മതിച്ചു. അങ്ങനെ ഒരുദ്ദേശമാണ് കിരണിനുള്ളത് എന്നു കിരണ്‍ വ്യക്തമാക്കിയിട്ടൂണ്ടല്ലോ. അതനുസരിച്ച് മാരീചനും പിന്നിട് കിരണും ഇടയലേഖനം പ്രസിദ്ധീകരിയ്ക്കയും ചെയ്തു.

അതിന്റെ ഉദ്ദേശം ആ ‘തെറ്റിദ്ധരിയ്ക്കപ്പെട്ടു’ എന്നു കിരണ്‍ പറഞ്ഞ പത്രവര്‍ത്തയും ആ ഇടയലേഖനവും മറ്റുള്ളവര്‍ വായിച്ചു മാസിലാക്കുക എന്നതായിരുന്നല്ലോ.

ഏതു ലേഖനവും വയിയ്ക്കുന്നതിനു മുന്‍പ് അതിന്റെ authenticity യേകുറിച്ചു ചിന്തിയ്ക്കുക ഒരപരാധമാണോ? അതിനെ മാരീചന്‍ വ്യക്തിപരമായി എടുക്കേണ്ട കാര്യമില്ല.

യദ്ധാര്‍ഥ ജീവിതത്തിലും ബ്ലോഗിലും കൊടുക്കുന്ന തെളിവുകള്‍ക്ക് authenticity ഉണ്ടോ എന്ന് എല്ലാവരും ശ്രദ്ധിയ്ക്കുന്ന കാര്യമാണ് എന്നാണ് എന്റെ തോന്നല്‍. കുറ്റസമ്മതമായാലും, സ്വന്തം ഭാഗം സ്ഥാപിയ്ക്കാനായാലും ആര്‍ഗുമെന്റിനായാലും എല്ലാം. ഈ ഒരു പതിവ് മാറരുത് എന്നാണ് precedence കോണ്ട് ഉദ്ദേശിച്ചത് എന്നു വ്യക്ത്മാക്കട്ടെ.

ഇനി കാര്യത്തിലേക്കു കടക്കട്ടെ.

ഇടയലേഖനവും പത്രവാര്‍ത്തയും വായിച്ചു കഴിഞ്ഞു. ഇനിയും മംഗളം പത്രം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവോ എന്നു ചിന്തിയ്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടല്ലോ. അല്ലാതെ ഇതാകെ തെറ്റിദ്ധാരണയാണ് എന്നു കിരണ്‍ തോമസ് എഴുതിയതുകൊണ്ട്‍ എല്ലാവരും അതു വിശ്വസിച്ചോണം എന്നാരും പറയുകയില്ലല്ലോ?

ഒരുകാര്യത്തെ കാര്യാകാരണസഹിതം വിശദീകരിച്ചു മനസിലാക്കുകയാണ് ചിന്താസ്വാതന്ത്ര്യം.

പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ തുടങ്ങുന്നു.

“സംസ്ഥാനത്തു ക്രൈസ്തവരുടെ ജനസംഖ്യ ആനുപാതികമായി കുറയുകയാണെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും വ്യക്തമാക്കുന്ന ത്രുശൂര്‍ ആര്‍ച്ചുബിഷൊപ്പ് ആന്‍ഡ്രൂസ് താഴ്ത്തിന്റെ ഇടയലേഖനം പള്ളികളില്‍ വായിച്ചു“ ലേഖനം തുടരുന്നു. (ഇതിന്റെ ബാക്കി ഭാഗങ്ങള്‍ കിരണിന്റെ പോസ്റ്റില്‍ നിന്നു വായിയ്ക്കാം.)

ഇനി ഈ മുകളില്‍ പറയുന്ന വര്‍ത്തയെ ഇടയലേഖനം എവിടെയെങ്കിലും സ്ഥിരീകരിയ്ക്കുന്നുവോ ഇല്ലയോ എന്നു നോക്കിയാല്‍ താഴെപറയുന്ന ഇടയലേഖനത്തിന്റ് ഭാഗത്തെത്തും.

(തീര്‍ശ്ചയായും ഇടയലേഖനം തുടങ്ങുന്നത് ജീവന്റെ മൂല്യത്തെക്കുറിച്ചുല്‍ബോധിപ്പിച്ചുകൊണ്ടാണ്. ഇന്നു ജീവന്റെ നിലനില്‍പ്പിനെതിരായി സമൂഹത്തില്‍ നടമാടുന്ന പല വിധ ദോഷങ്ങളേക്കുറിച്ചും ലേഖനം പറയൂണ്ട്. അതു തുടര്‍ന്നു പോകുന്നതിനിടയില്‍ മുകളില്‍ സൂചിപ്പിച്ച ഭാഗത്തെത്തും)

അതിങ്ങനെയാണ്:“ജീവനെതിരെയുള്ള ഈ തിന്മയെ ഒരു കാരണം കൊണ്ടും ന്യായീകരിയ്ക്കാനാവില്ല. കേരളത്തില്‍ മാത്രം പ്രതിദിനം നൂറുകണക്കിനു കുഞ്ഞുങ്ങളാണ് ഗര്‍ഭ്ഭശ്ചിദ്രത്തിലൂടെ കൊല്ലപ്പെടുന്നത് എന്നുള്ളത് ഈ തിന്മയുടെ ഭീകരത വെളിപ്പെടുത്തുന്നു. കഴിഞ്ഞ അന്‍പതു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ക്രൈസ്തവരുടെ ജനസംഖ്യ 24 ശതമാനത്തില്‍‍ നിന്ന് 19 ശതമാനമായി കുറഞ്ഞത് ഏവരുടെയും കണ്ണു തുറപ്പിയ്ക്കേണ്ടതാണ്. അതിനാല്‍ അമ്മയുടെ ഉദരം ജീവന്റ് സംരക്ഷണയ്ക്കുവേണ്ടി, ദൈവം നല്‍കിയ രക്ഷാപേടകമാണ് എന്ന തിരിച്ചറിവോടെ ഓരോ മനുഷ്യ ജീവനേയും വളര്‍ത്താന്‍ മാതാപിതാക്കള്‍ തയ്യാറാകണം”

അതായത് ജീവന്റെ നിലനില്‍പ്പിനെ ഉല്‍ബോധിപ്പിയ്ക്കുന്ന ലേഖനം വളരെ സമര്‍ദ്ധമായി, കേരളത്തിലെ ക്രിസ്ത്യാനിയുടെ demographic deterioration ലേക്കു കടക്കുന്നു. തന്നെയുമല്ല ആ deterioration ന്റെ നേര്‍ക്ക് എല്ലാവരുടെയും കണ്ണു തുറപ്പിയ്ക്കണമെന്നും പറയുന്നു. (അല്ലാതെ പപപുണ്യചിന്ത്യിലേക്കല്ല). അതുകൊണ്ടാണ് അമ്മയുടെ ഉദരം ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി ഉപയോഗിയ്ക്കേണ്ടത് എന്നു പറയുന്നത്.

ഇതു തന്നെയല്ലേ മംഗളം പത്രവും പറഞ്ഞിരിയ്ക്കുന്നത്. അല്ലെങ്കില്‍ ഇതില്‍ നിന്നു വ്യത്യസ്ഥമായി എന്തെങ്കിലും മംഗളം പറഞ്ഞോ?

ജനനം, മരണം, ഈ രണ്ടു പ്രക്രിയകളേയും മനുഷ്യജീവിതത്തിന്റെ അനേകതലങ്ങള്‍ കൈകാര്യംചെയ്യുന്നുണ്ട്. ഉദ്. ഗവണ്മെന്റ്, കുടുംബം, വൈദ്യശാസ്ത്രം, സമൂഹം, സംസ്കാരികസംഘടനകള്‍, മതം, രാഷ്ട്ര്രിയം അങ്ങനെ പോകുന്നു ആ ലിസ്റ്റ്.

എന്നാല്‍ ഇതില്‍ ഗവണ്മെന്റു കൈകാര്യം ചെയ്യുന്ന കാര്യങ്ങളല്ല, വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്നത്. അതുപോലെ മതം കൈകാര്ര്യം ചെയ്യുന്നത് വേറെകാര്യങ്ങളാണ്. ജനനത്തിന്റെയും മരണത്തിന്റെയും ഇടയ്ക്കുള്ള ആത്മീയവും, ധാര്‍മ്മികവുമായ കാര്യങ്ങളാണ് അതു കൈകാര്യം ചെയ്യുന്നത്.

Theology, morality and church discipline,western culture's moral degradation, salvation, evil of postivism and materialism, pacification ഇവയുടെയൊക്കെ പരിധിയ്ക്കുള്ളില്‍ നിന്നുകൊണ്ടാണ് ജീവന്റെ മഹത്വത്തേക്കുറിച്ചെന്നല്ല ഏതുവിഷയത്തെക്കുറിച്ചും മതം കൈകാര്യം ചെയ്യേണ്ടത്.

ഈ തല‍ങ്ങളിലുള്ള ധാര്‍മ്മികതയെ ആത്മീയബോധങ്ങളായ പാപപുണ്യങ്ങളുമായി ബന്ധിപ്പിച്ച് ദൈവബോധമുണ്ടാക്കുകയാണ് മതങ്ങളുടെ പൊതുവായ ലക്ഷ്യം.

അതിനപ്പുറത്തു കടന്ന് വിശ്വാസികളെ അവരു‍ള്‍ക്കൊള്ളുന്ന ജനതയുടെ ഒരു പ്രത്യേകഭാഗമായിക്കണ്ട്, അവരുടെ കുറയുന്ന എണ്ണത്തില്‍ ‘കണ്ണൂതുറക്കണമെന്നു‘ പറഞ്ഞ്, അതുകോണ്ട് മാതാവിന്റെ ഉദരം ജീവന്റെ നില‍നില്‍പ്പിനു വേണ്ടി ദൈവം നല്‍കിയ രക്ഷാപേടകമായി കണക്കാക്കണമെന്നു പറയുമ്പോഴാണ്, അതില്‍ കല്ലുകടി അനുഭവപ്പെടുന്നത്. അപ്പോഴാണ്, അതു ഗവണ്മെന്റിന്റയും മറ്റു ഭരണസംവിധാനങ്ങളുടെയും നേര്‍ക്കു കാട്ടുന്ന മതത്തിന്റെ കൈകടത്തലായി തോ‍ന്നുന്നതും അതിനോടു ജനം‍ പ്രതികരിയ്ക്കുന്നതും.

ചുരുക്കീപ്പറഞ്ഞാല്‍: കിരണ്‍ തോമ‍സ് മംഗളത്തില്‍ വന്ന പത്രവാര്‍ത്തയെ അടിസ്താനമാക്കി ഇട്ട ആദ്യപോസ്റ്റ് ഒരു തെറ്റുദ്ധാരണയാണെന്ന് പറയുന്നത് ‍ convincing ആയി എനിയ്ക്കു തോന്നുന്നില്ല.

കിരന്‍ തോമസിന്റെ പോസ്റ്റ് ഇവീടെ

Sunday, September 16, 2007

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഭാഗം 2

ദേവദാസി- സ്മ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഒന്നാം ഭാഗത്തോടുണ്ടായ പ്രതികരണങ്ങള്‍

ആദ്യമായി, ഒന്നാം ഭാഗത്തോടുണ്ടായ പ്രതികരണത്തേക്കുറിച്ച് ചിലതെഴുതട്ടെ.

ഇന്‍ഡ്യന്‍ സത്രീത്വത്തിന്റെ തീഷ്ണവും പീഢിതവും തനതുമായ രൂപങ്ങളെ ഒന്നു മനസിലാക്കാനുള്ള ശ്രമമാണ് ഈ പൊസ്റ്റ്കളുടെ ഉദ്ദേശം എന്നു ഞാന്‍ ഒന്നാം ഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ.

കേവലം ജനനം കൊണ്ടു മാത്രം ‘പരിശുദ്ധവേശ്യകളും‘ ലൈഗീക അടിമകളും ആകേണ്ടി വന്ന/വരുന്ന ഒരു വിഭാഗം ഇന്‍ഡ്യന്‍ സ്ത്രീകള്‍, എന്റേതും കൂടിയായ ഒരു ദൈവ-മതവ്യവസ്ഥയുടെ മന:പ്പൂര്‍വ സൃഷ്ടികളാണെന്നറിഞ്ഞപ്പോള്‍ എനിയ്ക്കു അതില്‍ അതിയായ ജാള്യതയും വേദനയും അനുഭവപ്പട്ടു. എന്നാല്‍ അതില്‍ സ്ത്രീ ബ്ലോഗേഴ്സിന്റെ പ്രതികരണം ഉണ്ടായില്ല എന്നു തന്നെ പറയാം.

നാമടങ്ങുന്ന ഒരു മതസമ്പ്രദായം കളങ്കപ്പെടുത്തിയ അവരോട് കരുണ തോന്നുക, നമ്മുടെ മാനവികതയുടെ ഭാഗമായി പലരും കാണുന്നില്ലേ? ജീവിതത്തിന്റെ പല സൌകര്യങ്ങളും അനുഭവിയ്ക്കുന്നവര്‍ അതു നിഷേധിയ്ക്കപ്പെട്ടവരെ, ദൈവദോഷികള്‍, ശാപം കിട്ടിയവര്‍, പാപികള്‍ എന്നൊക്കെ വിളിയ്ക്ക വഴിയാണല്ലോ അവരുടെ ജന്മത്തിന്റെ മഹത്വം കൂടുതല്‍ വെളിപ്പെടുത്തുന്നത്.

അങ്ങനെ ഒക്കെ സംശയിച്ചിരുന്ന അവസര‍ത്തിലാണ് ഞാന്‍ കഴിഞ്ഞദിവസം, വിധവകള്‍ നേരിടുന്ന സാമുഹ്യപ്രശ്നങ്ങളേക്കുറിച്ച് കേരള വനിതാകമ്മീഷന്‍ മെംബര്‍, ടി. ദേവി ദേശഭിമാനിയുടെ, ‘സ്ത്രീ‘ പംക്തിയില്‍ എഴുതിയ ഒരു ലേഖനം വായിച്ചത്. (
http://www.deshabhimani.com/specials/stree/cover.htm)

സ്ത്രീയുടെ വൈധവ്യം മുന്‍-ജന്മദോഷമാണ് എന്നുപറഞ്ഞ് അവരെ പാപികളായി കണക്കാക്കുന്ന മത ആഡ്യതയുടെ പുണ്യ-പാപ ജാഡയിലേക്കാണ് ദേവിയുടെ ലേഖനം വിരല്‍ ചൂണ്ടുന്നത്. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ എന്റെ പ്രശ്നങ്ങളല്ല എന്ന മലയാളിയുടെ ക്രൂര മനോഭാവത്തേക്കുറിച്ച് അവര്‍ അതില്‍ വ്യക്തമാക്കുന്നുണ്ട്.

വിധവകളുടെ സംഘടനകളേക്കുറിച്ചു സംസാരിയ്ക്കുമ്പോള്‍ വിധവകളല്ലാത്തവരുടെ പരിഹാസ്യമായ പ്രതികരണങ്ങള്‍‍ അവര്‍ രേഖപ്പെടുത്തുന്നു. ”ഞങ്ങള്‍ക്കിതൊന്നും കേള്‍ക്കേണ്ട്. ഞങ്ങള്‍ വിധവകളല്ല. ഞങ്ങള്‍ക്കു ഭര്‍ത്താവുണ്ട്“.


വിധവയുടെ മകന്‍ പറയുന്നു,”വിധവകളെന്നു പറഞ്ഞ് വീട്ടില്‍ പ്രശനമുണ്ടാക്കല്ലെ! ഞങ്ങളുടെ വീട്ടില്‍ വിധവയ്ക്ക് ഒരു പ്രശ്നവുമില്ല"

ഇനി ഭാഗം രണ്ടിലേക്കു കടക്കട്ടെ.


“ചുരുക്കത്തില്‍ ബ്രാഹ്മണാധിപത്യത്തോടെ ഇന്ത്യയില്‍ ജന്മമെടുത്ത ദേവദാസി സമ്പ്രദായം കാലത്തിനും മത-വിവേചന-രാഷ്ട്രീയ- രാജ പ്രഭുത്വത്തിനുമൊപ്പം വളര്‍ന്ന് ഫ്യൂഡല്‍ വ്യവസ്ഥയുടെ ചേരിയിലെത്തിയപ്പോഴേക്ക് കുറേശെ ജനകീയമാകാന്‍ തുടങ്ങി“ എന്നു പറഞ്ഞാണല്ലോ കഴിഞ്ഞഭാഗം നിര്‍ത്തിയത്

എന്നാല്‍ കേരളത്തില്‍ ഇന്ത്യയുടെ മറ്റു തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു ‍ വ്യത്യസ്തമായാണ് അനുഭവങ്ങള്‍ ഉണ്ടായത്. അതായത് കേരളത്തിലെ ക്തേത്ര വളപ്പുകളില്‍ ബ്രാഹ്മണന്റെ പരിശുദ്ധവേശ്യകളായി അവിടുത്തെ അധ:ക്രൂതര്‍ക്കു മാറേണ്ടി വന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ എന്തോ കേരളത്തിലെ സാമൂഹ്യ സാഹചര്യത്തില്‍ ഉണ്ടായിരുന്നു എന്നു വ്യക്തം

ആ വ്യത്യസ്ഥമായ കാരണങ്ങള്‍ എന്തായിരിയ്ക്കാം?


ഒരു പക്ഷെ കേരളത്തില്‍ നിലനിന്നിരുന്ന സംബന്ധവ്യവസ്ഥ ആയിരിയ്ക്കാം അതിനു കാരണം. മറ്റൊന്ന്, കേരളത്തിലെ ബുദ്ധഭിക്ഷുകിനികള്‍ മറ്റെവിടേക്കോ ഓടി രക്ഷപ്പെട്ടിരുന്നിരിയ്ക്കാം. സിലോണിലേക്കു രക്ഷപ്പെടുക അവര്‍ക്കെളുപ്പമായിരുന്നല്ലോ.

എങ്കിലും കേരളത്തിലെ അധ:ക്രുതരും പിന്നോക്കരും ‍ മുകളില്‍ പറഞ്ഞ ദേവദാസി സമ്പ്രദായത്തിന്റെ ജനകീയരൂപത്തില്‍‍ നിന്നു മോചിതമായിരുന്നു എന്നു പറയാന്‍ സാധിയ്ക്കുകയില്ല.

പുരോഹിത-രാജ-പടയാളി കൂട്ടായ്മ തെക്കന്‍ സംസ്ഥാനങ്ങളിലേക്കു കുടിയേറാന്‍ തുടങ്ങിയ ആറാം നൂറ്റാണ്ടുകള്‍‍ക്കു ശേഷമാണ് ഇന്ത്യയില്‍‍ ദേവദാസി സമ്പ്രദായത്തിന്റെ ഉദയം ഉണ്ടായത് എന്നു കഴിഞ്ഞഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ.

ഈ കുടിയേറ്റം കേരളത്തില്‍ ഒരു ‘ജാതി-ജന്മി-നാടുവാഴി‘ സമ്പ്രദായമാണല്ലോ ഉണ്ടാക്കിയത്. ജന്മി-കുടിയാന്‍ സമ്പ്രദായത്തില്‍, കുടിയാന്‍ സ്ത്രീയും ജന്മിയുടെ സ്വകാര്യസ്വത്തായിരുന്നു.


മലയപ്പുലയന്, മനതാരില്‍ ആശപോലെ വളര്‍ന്നു വന്ന വാഴക്കുലയും അകത്തെ പുലകിപ്പെണ്ണും, പറമ്പിലെ പശുവും, ഒന്നു പോലെയായിരുന്നു, ജന്മി കണ്ണുവച്ചാല്‍ നഷ്ടപ്പെടാനുള്ളവ. പക്ഷെ കേരളത്തിലെ ജന്മികളും നാടുവാഴികളും ബ്രാഹ്മണര്‍ ആയിരുന്നില്ല. ഡോക്ടര്‍, കെ. ജംനദാസ് എഴുതുന്നതു പോലെ, ഗുജറാത്തില്‍ യുവതികള്‍ വിവാഹത്തിനു മുന്‍പ് പൂജാരിയുടെ കൂടെ ഒരു രാത്രി ചിലവ്ഴിയ്ക്കണമായിരുന്നു, അതുപോലെ ‘നവരാത്രി‘ ആഘോഷങ്ങളില്‍ ഒരോ ദിവസവും ഓരോവീട്ടില്‍ നിന്ന് പുരോഹിതനു കൂട്ടു കിടക്കാന്‍ ഓരോ സ്ത്രീ പോകണമായിരുന്നു.

പക്ഷെ കേരളത്തില്‍ പുരോഹിതന്മാര്‍ക്കു സംബന്ധമുണ്ടായിരുന്നുവല്ലോ. അതിനാല്‍ കുടിയാന്‍ സ്ത്രിയില്‍ അവകാശം, നാട്ടുവാഴികള്‍ക്കും ജന്മികള്‍ക്കുമായിരുന്നു. കുടിയാന്‍ വിവാഹം കഴിച്ചു കൊണ്ടുവന്നാല്‍ അവളെ ജന്മിയ്ക്കു കാഴ്ച വയ്ക്കുക, കേരളത്തില്‍ പതിവായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞിട്ടിട്ടുണ്ട്. കുടിയാന്‍ സ്ത്രീകള്‍ മാറുമറ്യക്കരുത് എന്നുള്ളതും ജന്മിയുടെ തീരുമാനമായിരുന്നല്ലോ

പക്ഷെ ഇന്നു കേരളത്തില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥ ഇല്ല. ജനാധിപത്യഭരണ സമ്പ്രദായം ജന്മി കുടിയാന്‍ വ്യവസ്ഥയെ നിയമപരമായി അസാധുവാക്കി. പക്ഷെ സ്തീയെ സ്വകാര്യസ്വത്തായി കണ്ടിരുന്ന ജന്മി മനസിനെന്തുപറ്റി? ആ മന‍സ് അതു നിയമപരമയോ, സാമൂഹികമായോ, രഷ്ട്രീയമായോ അസാധുവാണെന്ന്‌ അംഗീകരിച്ചോ?


അതുപോലെ, സ്വന്തം സൌന്ദര്യവും, സ്ത്രീത്വത്തിന്റെ സുകുമാരതയും ഉപഗോഗിച്ച് പുരുഷനെ (ബ്രാഹ്മണനെ) പാട്ടിലാക്കുന്നത് ആചാരമാക്കിയ കേരളത്തിലെ സംബന്ധസ്ത്രീ മനസിനെന്തു പറ്റി?

ഇന്നു കേരളത്തില്‍ നായരോ നമ്പൂതിരിയോ ആകണമെന്നില്ല സ്ത്രീയെ സ്വകാര്യസ്വത്തായി കാണാന്‍‍, അതു പോലെ നായരു സ്ത്രീ ആകണമെന്നില്ല, സംബന്ധത്തിന്റെ മനസുണ്ടാകുവാന്‍.

ഇന്നത്തെ നാനാജാതി മതസ്ഥരേയും എടുത്താല്‍, വ്യക്തി ജീവിതത്തില്‍ സ്ത്രീയെ സ്വകാര്യസ്വത്തായി കാണാത്ത എത്ര പുരുഷന്മാരുണ്ട് കേരളത്തില്‍? (ഭാര്യയെ ഒരു മൈനര്‍ അല്ലാതെ തുല്യപങ്കാളിയായി കാണുന്നവര്‍) അധികാരവും സ്വത്തും ‘ക്ലാസും‘ ഉള്ള ആണിന് പൊതുജീവിതത്തിലും സ്ത്രീയെ സ്വകാര്യസ്വത്തായി കണക്കാക്കുന്നതില്‍ തെറ്റില്ല എന്നുള്ള ധാരണയും വളരുന്നു. അഥവാ ആരും അതിനെ ചോദ്യം ചെയ്യുന്നില്ല.

ചുരുക്കം പറഞ്ഞാല്‍, ഇന്ത്യന്‍ സമൂഹം കഴിഞ്ഞ ഒന്നൊന്നര സഹസ്രാബ്ദത്തിനുള്ളില്‍ അതിന്റെ വിവിധ അധിനിവേശ-ഭരണ-വര്‍ഗ-രാഷ്ട്രീയ-തലങ്ങളിലൂടെ കാലം പൂകി ആനുകാലിക ലിബറലിസത്തില്‍ എത്തിനില്‍ക്കുമ്പോഴും, അത്രയും തന്നെ പഴക്കമുള്ള സംബന്ധ-ദേവദാസി സമ്പ്രദായങ്ങള്‍ സ്വയം വളര്‍ന്നു കുടുതല്‍ ജനകീയമായതല്ലാതെ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിന്റെ വ്യക്തിമനസുകളില്‍ അവ വേര്‍‌പിരിയ്ക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്നിരിയ്ക്കുന്നു എന്നു തന്നെ പറയാം.

സൂര്യനെല്ലിയും, വിദുരയും, കിളിരൂരും, കവിയൂരും പിന്നെ കേരളത്തില്‍ ഇന്നു കുടില്‍ വ്യവസായം പോലെ പെരുകുന്ന പെണ്‍-വാണിഭങ്ങളും ഇതല്ലേ സൂചിപ്പിയ്ക്കുന്നത്. അതും കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്ത പുരുഷന്മാരെ ശിക്ഷിയ്ക്കുന്നതില്‍ സമൂഹമോ നീതിന്യായവകുപ്പോ മാത്രുകാപരമായ നിലപാടുകള്‍ എടുക്കാറുമില്ല. ക്രൂരതയ്ക്കു വിധേയമാക്കപ്പെട്ട പെണ്‍കികുട്ടികളാണ് വീണ്ടും അപഹാസ്യരാകുന്നത്.

കിളിരൂരില്‍ ശാരി എന്ന പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ പെണ്‍‌വണിഭക്കേസില്‍ രസകരമായ രാഷ്ട്രീയ വിവാദങ്ങള്‍ അരങ്ങേറുകയാണല്ലോ ഇപ്പോള്‍ കേരളത്തില്‍. സ്ത്രീത്വത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹരിയ്ക്കുന്നതിനും വേണ്ടിയെന്ന ജാഡയില്‍ പ്രവര്‍‌ത്തിയ്ക്കുന്ന രണ്‍‌ടു സ്ത്രീ സംഘടനകളെ (ജനാധിപത്യ മഹിളാ സംഘടനയും മഹിളാകോണ്‍ഗ്രസും) പ്രോക്സിയാക്കി കളിയ്ക്കുകയാണ് ഭരണവും പ്രതിപക്ഷവും. പ്രതിസ്ഥാനത്ത് ഒരു വനിതാ മന്ത്രി-അരോഗ്യമന്ത്രി, ശ്രീമതി. ശ്രീമതി.

പക്ഷെ ആ പെണ്‍കുട്ടിയുടെ ജീവിതത്തെ നിഷ്ടരം പിച്ചിച്ചീന്തിയ, പുരുഷന്മാരേക്കുറിച്ച് ഒന്നും കേള്‍ക്കുന്നില്ല. അതുപോലെ അവളെ പഴനി, കുമളി, ആലപ്പുഴ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ വ്യഭിചാരവ്യാപാ‍രത്തിനായി കൂട്ടിക്കൊടുത്തവരേയും കൊണ്ടു നടന്നവരേക്കുറിച്ചും കേള്‍ക്കുന്നില്ല.

വനിതാക്കമ്മിഷനും രംഗത്തുണ്ട്. 2004ല്‍ നടന്ന സംഭവത്തില്‍ മൊഴിയെടുത്ത ‍അന്നത്തെ വനിതാകമ്മീഷണര്‍ മരിയ്ക്കുന്നതിനു മുന്‍പ് ശാരിയുടെ മൊഴിയേടുത്തിരുന്നു എന്നു പറയുന്നു.‍ മൊഴിയില്‍ ധാരാളം വി.ഐ.പി കളുടെ പേരുകള്‍ അടങ്ങിയിരുന്നു എന്നും.



ഇനി ഈ പ്രശ്നത്തിന്റെ ഏറ്റവും കാതലായ ഭാഗത്തേക്കു വന്നാല്‍; ഈ പെണ്‍കുട്ടിയുടെ കൂട്ടിക്കൊടുപ്പുകാരി മറ്റൊരു സ്തീയാണ്, പെണ്‍കുട്ടിയുടെ ബന്ധത്തിലുള്ളവര്‍, പ്രായപൂര്‍ത്തിയായ, അമ്മയുടെ സ്ഥാനമുള്ള ഒരു സ്ത്രീ.




സ്വന്തം മകള്‍ കുറഞ്ഞത് ഒന്‍‌പതു മാസക്കാലമെങ്കിലും വ്യഭിചാരവസ്തുവായി ഉപയോഗിയ്ക്കപ്പെട്ടിരുന്നത് അറിഞ്ഞില്ല എന്നു പറയുന്നു മാതാപിതാക്കള്‍. ഇതയും കാലം വ്യഭിചാരവസ്തുവായി ജീവിച്ച സ്വന്തം മകളുടെ മുഖത്തു നോക്കി അവളുടെ വേദന മനസിലാ‍ക്കാന്‍ കഴിയാതെ പോയ അമ്മയെ ഒരമ്മയെന്നെങ്ങനെ വിളിയ്ക്കാന്‍ കഴിയും എന്നു ചോദിച്ചാല്‍ വിവാദമാകും എന്നറിയാം എങ്കിലും സത്യത്തിന്റെ പേരില്‍ അതു ചോദിയ്ക്കാതിരിയ്കാന്‍ കഴിയുന്നില്ല. ആ അമ്മയും മകളും തമ്മിലുള്ള ബന്ധമെന്തായിരുന്നു? ഒരു മകള്‍ ഏറ്റവും കൂടുതല്‍ വിശ്വസിയ്ക്കേണ്ട് വ്യക്തിയാണ് അമ്മ.




ഒന്നു കൂടി ചോദിയ്ക്കട്ടെ, ശാരി എന്ന പെണ്‍കുട്ടിയ്ക്ക് അവളെ ഉപയോഗിച്ച ഏതെങ്കിലും ഒരു ഉന്നതന്റെ സഹായത്താല്‍ ഒരു സീരിയല്‍ നടിയുടെ തൊഴില്‍ തരപ്പെട്ടിരുന്നെങ്കില്‍ അവളും ഒരു മാന്യമായ കുടുംബത്തിലെ വ്യക്തിയായി മത്രമല്ലേ ഇന്നറിയപ്പെടുമായിരുന്നുള്ളു. പൊള്ളയായ ആത്മാവും പേറി എത്രയോ പെണ്‍കുട്ടികള്‍ വീട്ടുകാരുടെ അന്നം നടത്തുമ്പോളും അവളുടെ വേദനയില്‍ അവരാരെങ്കിലും പങ്കുകാരാകാറുണ്ടോ?




അതുപോലെ ശാരിയെ കൂടെക്കൊണ്ടു നടന്നതു പുരനിറഞ്ഞുനിന്നിരുന്ന ഭാ‍ര്യയും മക്കളും സ്വന്തമായുള്ള പുരുഷന്മാരാണ്. അവരുടെ കുടുംബങ്ങളിലെ ഭാര്യ-ഭര്‍ത്തൃബന്ധങ്ങള്‍ക്ക്, രക്ഷകര്‍തൃബന്ധങ്ങള്‍ക്ക് എന്തു വിലയാണുള്ളത്? ആകുടൂംബങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ക്കുണ്ടകാനിടയുള്ള ലൈംഗികവികലതയ്ക്കുത്തരവാദി ആ മാതാപിതാക്കള്‍ തന്നെയാണ്.‍




പൊതുവെ പറഞ്ഞാല്‍ സ്ത്രീ-പുരുഷ ബന്ധത്തിന്റെ വികലമായ വശങ്ങള്‍ വ്യക്തി സ്വഭാവത്തിന്റെ ഭാഗമാകുന്നതിനുള്ള ഒരു പ്രധാന കാരണം അവരവരുടെ ബാല്യകാലങ്ങളില്‍ കുടുംബങ്ങളില്‍ നിന്നുണ്ടാകുന്ന അനുഭവങ്ങളും മാതാപിതാക്കളുടെ പെരുമാറ്റങ്ങളും, ലൈംഗിക അരാജകത്വങ്ങളും മനോഭാവങ്ങളും, ജീവിതരീതികളും ഒക്കെയാണ്.




പക്ഷെ നമ്മളു വല്യ പാരമ്പര്യവും, കുലമഹിമയും, കുടുംബശ്രേഷ്ടതയും, ദൈവഭയവും ഉള്ളവരാണ് എന്നൊക്കെയുള്ള ജാടയിറക്കി സ്വയം സൃഷ്ടിയ്ക്കുന്ന ഒരു വിഡ്ഡിലോകത്താണ് ‍ ജീവിയ്ക്കുന്നത്. മക്കളു കള്ളുകുടിയന്മാരും, പെണ്ണുപിടിയന്മാരും, ആണു പിടയകളും ഒക്കെയായി മാറുമ്പോഴും പല മാതാപിതാക്കളും വേവലാതി കൊള്ളുന്നത്, ആരെങ്കിലും അറിഞ്ഞോ, തറവാടിന്റെ മാനം(?) കളഞ്ഞോഎന്നൊക്കെ ആയിരിയ്ക്കും. മലയാളികള്‍ എന്തിനാണ് ഇത്രയധികം പരസ്പരം ഭയക്കുന്നത്? മലയാളിക്കൂട്ടായ്മ എന്നു പറഞ്ഞാല്‍ എന്താണ്? പരസ്പരം ഭയക്കുകയും വിശ്വാസിയ്കാത്തവരുമായ ആളുകള്‍‍ ഒരു മേശയ്ക്കപ്പുറത്തുമിപ്പുറത്തുമിരുന്നു ചിരിച്ചു കളിച്ച് സ്വയം മറയിടുന്നു എന്നാണോ?

ചുരുക്കത്തില്‍: സ്ത്രീത്വത്തിന്റെ പ്രശ്നം പുരുഷന്റയും കുട്ടികളുടേയും പ്രശ്നമാണ്. സ്ത്രീയ്ക്കു പ്രത്യേകമായി പ്രശ്നങ്ങളില്ല. ഇന്നു സ്തീസ്വാതന്ത്യത്തിന്റെ പേരില്‍ രൂപം കൊണ്ടിരിയ്ക്കുന്ന വനിതാകമ്മീഷനുകളും, സ്തീ സംഘടനകളും രാഷ്ട്രീയ, മുതലാളിത്ത ചേരികളില്‍ നില്‍ക്കുന്നിടത്തോളം കാലം അവര്‍ക്കു സ്ത്രീത്വത്തിന്റെ യദ്ധര്‍ത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിയ്ക്കാനോ അതിനു പ്രതിവിധി കാണാനോ കഴിയുകയില്ല. മലയാളിയുടെ കുടുംബം അവന്റെ തന്നെ ചുമതലയാണ്. പക്ഷെ ഇല്ലാത്ത ആഡ്യതയുടെയും പാരമ്പര്യത്തിന്റെയും ജാഡയില്‍ ഒളിച്ചിരിയ്ക്കാതെ സ്വന്തം മക്കളുടെ പ്രശ്നങ്ങള്‍ക്കു നേരെ റിയലിസ്റ്റിക്കായ മനോഭാവം അവര്‍ കൈവരിയ്ക്കേണ്ടിയിരിയ്കുന്നു. അതിലേക്ക് അവര്‍ സാമൂഹ്യമായി കൂടുതല്‍, സ്നേഹവും, സാഹോദര്യവും, ബഹുമാനവും, മാനവികതയും ഉള്ളവരാകേണ്ടിയിരിയ്ക്കുന്നു.

ഇതിലേക്ക് ബ്ലോഗേഴ്സ് കൂട്ടായ്മയ്ക്ക് എന്തു ചെയ്യാന്‍ കഴിയും?

മാന്യവായനക്കാരുടെ അഭിപ്രായം വിലപ്പെട്ടതാണ്.
(തുടരും)

പകര്‍പ്പവകാശം: മാവേലികേരളം (Prasannakumary Raghavan).
(ലേഖികയുടെ അനുവാദം കൂടാതെ ഈ പോസ്റ്റ് പൂര്‍ണമായോ ഭാഗികമായോ പകര്‍ത്തപ്പെടുവാന്‍ പാടുള്ളതല്ല)

Sunday, August 26, 2007

ഈ ഉത്രാട രാത്രിയില്‍

പണ്ട്‌ ഓണത്തപ്പനെ കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിയ്ക്കുമായിരുന്നു‌, ഉത്രാട രാത്രിയില്‍ (തിരുവോണത്തിന്റെ തലേന്ന്)‍. അന്നു രാവിലെ മുതല്‍ക്കാണ് ഉപ്പേരി വറുക്കുന്നതും ഊഞ്ഞാലു കെട്ടുന്നതും. ഊഞ്ഞാലിലാടിയാടി ഉപ്പേരി തിന്നു തിന്ന് തലയ്ക്കൊരുതരം മത്തു പിടിച്ച അവസ്ഥയിലാണ്, പടികടന്നു വരുന്ന മാവേലിയെ കാണാന്‍ സന്ധ്യയാകുമ്പോഴേക്കും ഞങ്ങള്‍ വീടിന്റെ ഉമ്മറത്തു കാത്തിരിയ്ക്കുമായിരുന്നത്.

എപ്പോഴാണ് മാവേലി വരുന്നത് എന്നു ചോദിയ്ക്കുമ്പോള്‍ അമ്മ പറയും “അങ്ങനെ പറയാന്‍ പറ്റില്ല, ഏതു നിമിഷവും വരാം".

അപ്പോള്‍ അമ്മയോടു പറയും, ‘ഞങ്ങളീ രാത്രി മുഴുവന്‍ കാത്തിരിയ്ക്കും‘ എന്ന്.


പക്ഷെ പിറ്റേ ദിവസം ഉണരുമ്പോഴായിരിക്കും പിന്നെ മാവേലിയേക്കുറിച്ചോര്‍ക്കുന്നത്.


ഉറക്കച്ചടവൊടെ ‘മാവേലി വന്നോ‘ എന്നന്വേഷിക്കുമ്പോള്‍, ‘ഞങ്ങള്‍ കണ്ടുവല്ലോ’ എന്നമ്മ പറയും. ഒരു ചെറിയ പുഞ്ചിരി തൂകി അച്ഛന്‍ അമ്മയെ അനുകൂലിയ്‍ക്കും‍. അപ്പോള്‍ മനസ്താപത്തോടെ ഞങ്ങള്‍ വീണ്ടും ശപഥം ചെയ്യും, ‘അടുത്ത ആണ്ടു വരട്ടെ ഞങ്ങളുറങ്ങാതിരിയ്ക്കും‘.



അമ്മ പറഞ്ഞതു നേരാണോ എന്ന സംശയം, ഏയ് ഒരിയ്ക്കലുമുണ്ടായിട്ടില്ല മനസില്‍. സംശയം ബാല്യത്തിനു പറഞ്ഞിട്ടുള്ളതല്ലല്ലോ. ആരാനുമെങ്ങാന്‍ സംശയിച്ചാല്‍, സംശയത്തിന്റെ മരം വയറ്റില്‍ വളര്‍ന്ന്, അതിന്റെ കൊമ്പുകള്‍ വായിലൂടെ വളര്‍ന്ന് കണ്ണിലും മൂക്കിലും കൂടി ഇറങ്ങി, ഹൊ, എന്തൊരു വൃത്തികേട്, ആളുകളെന്തു പറയും വലിയവരെ സംശയിയ്ക്കുന്ന കുട്ടി, ഛേ!

പക്ഷെ ഞങ്ങള്‍ വളര്‍ന്നപ്പോള്‍ മാവേലിയും വളര്‍ന്നു.

‍ പഠിച്ച പുസ്തകങ്ങളില്‍, കേട്ടറിഞ്ഞ അറിവുകളില്‍, പ്രസംഗങ്ങളില്‍, കോളേജു ഡിബേറ്റുകളില്‍, ഒക്കെക്കൂടി, ഒരണുവില്‍ നിന്നും വളര്‍ന്നു വലുതായ പ്രപഞ്ചം പോലെ മാവേലിയും ഞങ്ങള്‍‍ക്കു വലുതായി. കടംകഥകളുടെ വ്യാളിക്കുപ്പികളില്‍ നിന്ന് അപ്പോഴേക്ക് മാവേലി സ്വതന്ത്രമായിരുന്നു.

പകരം, കാലത്തിനു തിരശ്ചീനമായി ഇന്നിനെ ശുദ്ധീകരിയ്ക്കാന്‍ പിന്നില്‍ നിന്നുതിര്‍ക്കുന്ന നന്മയുടെ ഒരു വന്‍ പ്രവാഹമായി, കേരളക്കരയുടെ കൂട്ട മനസാക്ഷിയായി, നാളെയുടെ ആവിഷ്കാരമായി, മനസിന്റെ അനുഭവമായി, മാവേലി മാറി.

കുറേക്കൂടി വളര്‍ന്നപ്പോള്‍, മാവേലി ഒരു ചോദ്യമായി, അധിനിവേശത്തിന്റെ വാമന സ്വരൂപങ്ങള്‍ക്കു മുന്‍പില്‍ സ്വയം ബലിയായ നാടിന്റെ ചരിത്രമായി. അന്നു തൊട്ട് ഓണത്തിന്റെ ഒരുക്കങ്ങള്‍ മരിച്ചുപോയ ചരിത്രപിതാമഹനര്‍പ്പിയ്ക്കുന്ന ദര്‍ഭയും ബലിച്ചോറുമായി.

ഉത്രാടരാത്രിയില്‍ പിന്നീടു മാവേലിയെ കാത്തിരുന്നിട്ടില്ല, നഷ്ടമായ ബാല്യത്തിന്റെ കാത്തിരിപ്പ് മധുരമായ ഒരു വേദനയായി ഉള്ളില്‍‍ അവശേഷിച്ചു.

എന്നിട്ടും ഞങ്ങളുടെ മക്കളോടെ അവരുടെ ബാല്യത്തില്‍ ഞാന്‍ പറഞ്ഞത്, എന്റെ അമ്മ ബാല്യത്തില്‍ പറഞ്ഞുതന്ന അതേ കഥകളായിരുന്നു.

പക്ഷെ അവര്‍ മാവേലിയെ കാത്തിരുന്നത്, കേരളത്തിന്റെ ഓണത്തുമ്പികള്‍ പാറിനടന്ന, മരക്കൊമ്പില്‍ ഊഞ്ഞാലും, മുറ്റത്തെ അവസാന ചപ്പും തൂത്തുവാരി വെള്ളം തളിച്ച് മൂശേട്ട ഭഗവതിയെ ഉച്ചാടനം ചെയ്ത, ഉത്രാട സന്ധ്യയിലെ ഉമ്മറത്തായിരുന്നില്ല.

അച്ചനുമമ്മയും പ്രവാസികളായിരുന്ന ആഫ്രിയ്ക്കയിലായിരുന്നു.

കോളോണിയല്‍ കാലഘട്ടത്തിന്റെ ബാക്കിപത്രമായി നിന്ന കോളജു കാമ്പസിലെ വിക്റ്റോറിയന്‍ വീടിന്റെ ഉമ്മറത്ത്, പടിയ്ക്കലെ കൂറ്റന്‍ ഇരുമ്പു കവാടം കടന്നു വരുന്ന മാവേലിയെ കാത്ത്. പക്ഷെ എന്നേപോലെ അവരും ‘രാത്രിയില്‍ വന്നിരുന്ന’ മാവേലിയെ കണ്ടീല്ല.

അവിടെ ആഫ്രിക്കന്‍ മണ്ണു കുഴച്ചവര്‍ ഓണത്തപ്പനെ ഉണ്ടാക്കി. തെക്കന്‍ കേരളത്തിന്റെ വടക്കു നിന്നുള്ള എനിയ്ക്ക് ഓണത്തപ്പന്‍ അപരിചിതനായിരുന്നെങ്കിലും മദ്ധ്യകേരളത്തില്‍ നിന്നുള്ള അവരുടെ അച്ഛന് ഓണത്തപ്പന്‍ പ്രിയനായിരുന്നു.

ആഫ്രിക്കന്‍ പൂക്കള്‍ പറിച്ചെടുത്ത് അവര്‍ വീടിന്റെ തിരുമുറ്റത്ത് ഓണപ്പൂവിട്ടു. ഒരിക്കല്‍ കൊളോണിയലിസത്തിന്റെ പൊങ്ങച്ചച്ചുവടുകളും പിന്നെ ആഫിയ്ക്കന്‍ നൃത്തത്തിന്റെ വന്യതാളങ്ങളും പതിഞ്ഞിരുന്ന ആ മുറ്റത്ത് മലയാളത്തിന്റെ അടയാളങ്ങളും വീണപ്പോള്‍, കാലത്തിന്റെ ക്ഷേത്രത്തില്‍ ഒരു പുതിയ പൂജ തുടങ്ങുകയായിരുന്നു.

അവിടെയും മലയാളിക്കൂട്ടായ്മകള്‍ ഓണത്തിന്റെ ചമയങ്ങള്‍ ഒരുക്കി. അവരൊരുക്കിയ ഓണത്തിന്റെ വേദികളില്‍ മറ്റു മലയാളിമക്കളോടൊപ്പം ഞങ്ങളുടെ മക്കളും മാവേലിയുടെ കഥകള്‍ കേട്ടു, മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുത്തു.

അത്തരം കൂട്ടായ്മകളില്‍ മുതിര്‍ന്നവര്‍ പൊതുവെ പരാതി പറഞ്ഞു , ‘ഇതെന്ത് ഓണമാ, വീട്ടിലൊക്കെ എന്തായിരുന്നു, ആര്‍പ്പും കുരവേം, തുമ്പിതുള്ളലും, കടുവാകളിയും, ഊഞ്ഞാലാട്ടവും. ഇതിപ്പോ....’പക്ഷെ ഒരു കാര്യം പറയാനും ഓര്‍മ്മിക്കാനും അവര്‍ പൊതുവെ താല്‍‌പര്യം കാണിച്ചില്ല, തങ്ങളേക്കാള്‍ നഷ്ടം തങ്ങളുടെ മക്കള്‍ക്കാണെന്ന്.

എന്നിട്ടും മക്കള്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം, അവര്‍ക്ക് ഓണം ഒരാചാരത്തേക്കാള്‍ വലുതായി ഒരാഘോഷമായിരുന്നു.

കാലം കടന്നു പോയപ്പോള്‍, ഞങ്ങളുടെ മക്കള്‍ക്കും, മാവേലി വളരുന്ന ഒരു പ്രപഞ്ചമായി. അവരും സ്വയം മനസിലാക്കി, മാവേലി ഒരു രാജാവിന്റെ കഥയല്ല, ഒരു ദേശത്തിന്റെ കഥയാണ്, ചരിത്രമാണ് എന്ന്. ചരിത്രമറിയാത്ത പമ്പരവിഡ്ഡികള്‍, അറിവുള്ളവര്‍ പണ്ടു ത്രിവിക്രമനെന്നു വിശേഷിപ്പിച്ച സൂര്യനെ വിഷ്ണുവാക്കി, അവതാരത്തിന്റെ കെട്ടുകഥ ചമച്ച്, ആ ദേശത്തിന്റെ ചാരുതയില്‍ കളങ്കം ചാര്‍ത്തി എന്നും.

അങ്ങനെ മാവേലി അവരുടെയും മനസിന്റെ ഒരനുഭവമായി, അന്ത:ക്കരണത്തിന്റെ ശ്രീകോവിലില്‍ മിന്നുന്ന ഒരു സ്വര്‍ണ്ണമുത്തായി അതു തിളങ്ങി.

നാളെ അവരുടെ മക്കള്‍ക്കും അവര്‍ പറഞ്ഞുകൊടുക്കും, മാവേലിയുടെ കഥ. ആ കഥകള്‍ കേട്ട് ഉമ്മറത്തു ഉറങ്ങാതിരിക്കും അവരും മാവേലിയെ കാത്ത്, വളരുമ്പോള്‍ അവരും തിരിച്ചറിയും മാവേലി ഒരു ദേശത്തിന്റെ കഥയായിരുന്നു എന്ന്. അങ്ങനെ ചരിത്രം ഒരാചാര‍ത്തിലൂടെ സത്യത്തിന്റെ അന്വേഷണമാകുന്നു, ഒരനുഭവമാകുന്നു.

അവരെപ്പോലെ എത്രയെത്ര മക്കള്‍ എവിടെയെല്ലാം കാത്തിരിക്കുന്നുണ്ടാവും മാവേലിയെത്തേടി, ഇന്നത്തെ ഈ ഉത്രാട രാത്രിയില്‍....

വാല്‍ക്കഷണം

കേരളക്കരയുടെ ചരിത്രത്തെ വൈകാരികമായ ഒരനുഭവമാക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും ഓണം ഒരു മതേതര ആഘോഷമായി കാണാന്‍ കഴിയും. ചിന്തിയ്ക്കാന്‍ കഴിവുള്ള ആര്‍ക്കും മാവേലിയെ മിത്തിന്റെ (കെട്ടുകഥയുടെ) വേലിക്കെട്ടില്‍ നിന്നു പുറത്തെടുത്ത് നാടിന്റെ ചരിത്രമായി കാണാനും കഴിയും.

ഓണാശംസകള്‍
ഈ മലയാളം ബ്ലോഗു കൂട്ടായ്മയില്‍ കൂടി അനേകം ആളുകളെ പരിചയപ്പെടുവാന്‍ കഴിഞ്ഞു. എല്ലാവര്‍ക്കും എപ്പോഴും കമന്റുകള്‍ എഴുതാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ എല്ലാവരേയും തന്നെ അവരുടെ ആശയത്തിലൂടെ അറിയാന്‍ കുറെയൊക്കെ കഴിഞ്ഞു.

ഈ ഓണാഘോഷവേളയില്‍, ഈ മലയാളം ബ്ലോഗു കൂട്ടായ്മയില്‍ ഉള്ള എല്ലാവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും, ഈ ഉത്രാട സന്ധ്യയില്‍ ഓണത്തപ്പനെ കാത്തിരിയ്ക്കുന്ന അവരുടെ മക്കള്‍ക്കും, ‍സൌത്താഫ്രിക്കയില്‍ നിന്നുള്ള ഞങ്ങളുടെ ഓണാശംസകള്‍.


ആവനാഴി, മാവേലി, പ്രിയ, പ്രഭ



Sunday, August 12, 2007

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

കേരളത്തിന്റെ വേശ്യാസംസ്കാരത്തിനൊരാധാരം എന്ന എന്റെ പോസ്റ്റില്‍ കണ്ണൂസു ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ പോസ്റ്റില്‍ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അതിലേക്കു കടക്കുന്നതിനു മുന്‍പ്‌ ചില സംഗതികള്‍ വ്യക്തമാക്കന്‍ താല്‍പര്യപ്പെടുന്നു.

1 ജാതിയേക്കുറിച്ചെഴുതുന്നവരെല്ലാം ജാതിഭ്രാന്തന്മാരാണ്‌ എന്നു ധരിയ്ക്കുന്നത് ‍ ശരിയല്ല. ജാതി മത ഉച്ചനീചത്വങ്ങള്‍ ഇന്ത്യയുടെ അഥവാ കേരളചരിത്രത്തിന്റെ അടയാളങ്ങളാണ്‌. ചരിത്രത്തെ സത്യസന്ധമായി അനേഷിയ്ക്കുന്ന ഏതൊരാള്‍ക്കും അതിനെ തള്ളിക്കളയാനാവില്ല. അതില്‍ ആര്‍ക്കെങ്കിലും ഇഷ്ടക്കേടുണ്ടാകുന്നെങ്കില്‍, അതില്‍ അന്വേഷിയെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല.

2കഴിഞ്ഞതൊക്കെ കാലത്തിന്റെ ചാരം കൊണ്ടു മൂടിക്കിടക്കണം എന്നാരെങ്കിലും ശഠിയ്ക്കുന്നുണ്ടെങ്കില്‍ അതു സ്വാര്‍ഥതയുടെ സൗകര്യമാണെന്നേ എനിയ്ക്കു പറയാനുള്ളു.

3 മൂന്നോ നാലോ നൂറ്റാണ്ടുകളല്ല, മൂന്നോ നാലോ സംവല്‍സരങ്ങള്‍ക്കു മുന്‍പു തന്നെ നടന്നിട്ടുള്ള കാര്യങ്ങള്‍ ഇന്നും ഇന്ത്യയുടെ അല്ലെങ്കില്‍ ഇന്ത്യാക്കാരുടെ ആഗോളപ്രതിച്ഛായയെ വേട്ടയാടിക്കൊണ്ടിരിയ്ക്കുന്നു. അതില്‍ വേദനയുള്ള നഷ്ടബോധമുള്ള ഏതൊരിന്ത്യാക്കാരനും (കേരളീയനും)കേരള-ഇന്ത്യാചരിത്രം അവഗണിയ്ക്കാനാകുന്ന ഒന്നല്ല. കേരളത്തിന്റെ ജാതിചരിത്രം ആ മഹാചരിത്രത്തിന്റെ ഒരു ഭാഗമാണ്‌.

4. ലോക സംസ്കാരത്തില്‍ പ്രഗല്‍ഭമെന്നു പേരുണ്ടെങ്കിലും ഇന്ത്യന്‍ സംസ്കാരം ഇന്ന് ഏറ്റവും അവഗണിയ്ക്കപ്പെടുകയാണ്. അതിനുള്ള ഒരു കാരണം, ജാതിവിവേചനം, സ്ത്രീ പീഡനം തുടങ്ങിയവ ഒക്കെ ഇന്ത്യയില്‍ ഭൂരി‍പക്ഷത്തിന്റെയും മുഖമുദ്രയാണെന്നുള്ള പുറത്തുള്ളവരുടെ ധാരണയാണ് (ഉദാ: അമേരിയ്ക്കന്‍ റ്റോക്ക് ഷൊ ക്വീന്‍ ഓപ്ര വിന്‍ഫ്രീയുടെ ഷോകള്‍). ഇത്തരം ധാരണകള്‍ തിരുത്താന്‍ ഇന്ത്യയിലാരും ഇതുവരെ ശ്രമിച്ചിട്ടുണ്ടോ എന്നു തന്നെ സംശയിക്കുന്നു. ഇതിന്റെ പേരില്‍ കുറ്റം ചെയ്യാത്ത അനേകം പേര്‍ നാണം കെടേണ്ടി വരുന്നു.

5.സ്വന്തം പൂര്‍വ്വീകര്‍ ചെയ്ത തെറ്റുകളെ മുഖാമുഖം കാണാന്‍ തയാറാകാത്ത ഒരു രാജ്യവും വ്യക്തിയും സമൂഹവും പുതിയ കാഴ്ചപ്പാടുകളെ മനസിലാക്കി പുരോഗമിയ്ക്കന്‍ പ്രാപ്തരാകുന്നില്ല. പുരോഗതിയുടെ ഈ കാഴ്ച്ചപ്പടുണ്ടായെങ്കില്‍ ഒരുമിച്ചു മുന്നേറാന്‍ കഴിയുമായിരുന്ന ഒരു ജനത ഒന്നുമല്ലാതെ പോകുന്നതിലുള്ള വ്യസനം ഈ ലേഖനമെഴുതാനുള്ള ഒരു പ്രചോദനമാണ്‌.

6.ദൈവത്തിന്റെ പേരില്‍ ആസൂത്രണം ചെയ്ത മത-ലൈംഗിക പീഡനത്തില്‍ അടിമപ്പെട്ട് എല്ലാം നശിക്കേണ്ടി വന്ന സ്ത്രീകള്‍. സ്വന്തം ശരീരം വിറ്റ് ആഢ്യതയുടെ കൂറത്തുണീ മന:പൂര്‍വം വാങ്ങി കെട്ടിയണിഞ്ഞവര്‍. ഭാരത (കേരള) സ്ത്രീത്വത്തിന്റെ ഈ രണ്ടു തീവ്രഭാവങ്ങള്‍ക്കുമിടയില്‍ അതിന്റെ യധാര്‍ഥമുഖത്തെ തേടുന്ന ആര്‍ക്കും അവ രണ്ടിനേയും മനസിലാക്കാതിക്കാന്‍‍ കഴിയില്ല. തന്നെയുമല്ല, ആ രണ്ട് വ്യവസ്ഥകളുടേയും സാമൂഹ്യ, രാഷ്ട്രീയ, മന:ശാസ്ത്ര, ധാര്‍മ്മിക, അനുഭവങ്ങളില്‍ നിന്ന് ഭാരതസ്ത്രീ ഇന്നും മോചിതയുമല്ല.

7. നമ്മുടെ ചരിത്രത്തിന്റെ ഭാഗമായിരുന്ന/ഇരിയ്ക്കുന്ന ഈ സത്യങ്ങളൊക്കെ ഇന്നത്തെ തലമുറ അറിയേണ്ടിയിരിയ്ക്കുന്നു. അറിഞ്ഞിട്ട്‌? അതിന്റെ ശേഷശരീരത്തില്‍ ശേഷക്രിയകള്‍ അര്‍പ്പിച്ച്‌ മാനവികതയുടെ പുതിയ പരികര്‍മ്മികള്‍ക്ക്‌, ഇന്നു പീഡിതമായിരിയ്ക്കുന്ന ഇന്ത്യന്‍ സംസ്കാരത്തിനൊരു പുതിയ മുഖം കൊടുക്കാന്‍ കഴിയുന്നെങ്കില്‍ അതാവട്ടെ.

ഈ പശ്ചാത്തലത്തിലാണ്‌ ഞാന്‍ കണ്ണൂസിന്റെ ചോദ്യങ്ങള്‍ക്കുത്തരം കൊടുക്കാന്‍ ശ്രമിയ്ക്കുന്നത്.
(മുത്തപ്പന്റെ പോസ്റ്റില്‍ എഴുതിയതിന്റെ അടിസ്ഥാനത്തില്‍ എനിയ്ക്കു മറുപടി പറയാന്‍ കഴിയില്ല എന്നും അറിയിയ്ക്കട്ടെ. വേറൊരാളുടെ ചിന്താഗതി കടമെടുക്കുന്നതു ശരിയാവില്ല. എനിയ്ക്കെഴുതാനുള്ളതു മാത്രമാണ് ഞാന്‍ എഴുതുന്നത്)

ചോദ്യം ഒന്ന്:"ദേവദാസി/കൂത്തിച്ചി/തേവിടിച്ചി സമ്പ്രദായത്തില്‍ സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിച്ചവര്‍ ഒക്കെ സവര്‍ണ്ണര്‍ ആയിരുന്നു എന്ന ഊഹമാണ്‌ മുത്തപ്പന്റ പോസ്റ്റിലും തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്കും വഴിവച്ചത്‌. ഇതീല്‍ എന്തെങ്കിലും അധാരമുണ്ടോ?"

ചര്‍ച്ചകളില്‍ പങ്കെടുത്തവരുടെ ഊഹത്തേക്കുറിച്ചു പറഞ്ഞാല്‍, ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാളാണ്. പക്ഷെ ഞാന്‍ അങ്ങനെ ഊഹിച്ചിട്ടില്ല. ഊഹം എന്നു പറഞ്ഞാല്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളേക്കുറിച്ച് ഉഹാപോഹങ്ങള്‍ നടത്തുക എന്നതാണ്. എന്റെ അറിവനുസരിച്ച്‌ അവിടെ കമന്റിട്ടവര്‍ അവരവരുടെ ആശയ സാധൂകരണത്തിലേക്കു ആധാരങ്ങള്‍ ഏറെക്കുറെ കൊടുത്തിരുന്നു. അപ്പോള്‍ പിന്നെ അതിനെ ഊഹാപോഹമായി എടുക്കുന്നതില്‍ വിഷമമുണ്ട്‌.

ഇനി 'സവര്‍ണര്‍' എന്ന പ്രയോഗവും ഈ സന്ദര്‍ഭത്തില്‍ വിഷമമുണ്ടാക്കുന്നു. കാരണം സവര്‍ണര്‍ എന്ന പദപ്രയോഗം കൊണ്ട്‌ ഉദ്ദേശിയ്ക്കുന്നതു ബ്രാഹ്മണരേക്കൂടിയാണല്ലോ. ബ്രാഹ്മണരുടെ കുടുംബവ്യവസ്ഥ പാട്രിയാര്‍ക്കിയാണ്‌, മാട്രിയാര്‍ക്കി അല്ല. ബ്രാഹ്മണ സ്ത്രീകള്‍ സംബന്ധസംസ്കാരം അനുഷ്ടിച്ചിരുന്നു എന്ന് കേരളചരിത്രത്തിലില്ല. ബ്രാഹ്മണര്‍ കേരളത്തിന്റെ സ്വത്തു സ്വന്തമാക്കിയത്‌ വ്യാജമായ അധികാരപദവി ഉപയോഗിച്ചാണ്‌ എന്നാണ് ആക്ഷേപം.

പിന്നെ 'ദേവദാസി/കൂത്തിച്ചി/തേവിടിച്ചി സമ്പ്രദായങ്ങള്‍' എന്നെഴുതിയതില്‍ നിന്ന് മൂന്നും ഒന്നിന്റ പര്യായമാണ് എന്നാണു വിവക്ഷിയ്ക്കുന്നത്. അതിലുമുണ്ട്‌ പ്രശനങ്ങള്‍. കാരണം ദേവദാസി സമ്പ്രദായം ഇവിടെ ചര്‍ച്ചാവിഷയമായിരിയ്ക്കുന്ന 'കൂത്തിച്ചി/തേടിച്ചി' സമ്പ്രദാത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഒന്നാണ്‌.

ഇനിയും അവ എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്നുള്ളതു വ്യക്തമാക്കാന്‍ ശ്രമിക്കട്ടെ.

ദേവദാസി സമ്പ്രദായം എന്നു പറഞ്ഞാല്‍ എന്ത്?

ദേവദാസി എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ ദാസികള്‍, ദൈവവേല ചെയ്യുന്നവര്‍, സന്യാസിനി എന്നൊക്കെയാണല്ലോ‍. അതു പരിശുദ്ധമായ ഒരു ജോലിയും സേവനവും ഒക്കെയാണ്. അത്തരം ജോലി ചെയ്യുന്നവര്‍ക്കു സമൂഹത്തില്‍ ഉന്നതമായ സ്ഥാനവും ഉണ്ടാകും. എന്നാല്‍ അത്തരം സ്ഥാനമുണ്ടായിരുന്നവര്‍, കാലക്രമത്തില്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നവകാശപ്പെട്ട ക്ഷേത്രബ്രാഹ്മണ പൂജാരികളുടെ ലൈംഗിക വസ്തുക്കളും, നാട്ടുകാരുടെ പരിശുദ്ധ വേശ്യകളും (sacred prostitutes) ആയിത്തീര്‍ന്നു എന്നുള്ളതാണ് ദേവദാസി സമ്പ്രദായത്തിന്റെ ഉള്ളടക്കം.

ഈ ഉള്ളടക്കത്തിന്റെ ഏടുകള്‍ തിരയുന്ന ഡോ. കെ. ജെംനദാസ് അഭിപ്രായപ്പെടുന്നത് ദേവദാസികള്‍‍ ഒരു കാലത്തു ബുദ്ധഭിക്ഷുകികളായിരുന്നു എന്നാണ്. അനേകം ആധാരങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം തയ്യാറാകിയ, 'Devadasis Were Degraded Budhist Nuns' എന്ന പഠനത്തില്‍, ദേവദാസി സമ്പ്രദായത്തിന്റെ അനേകം ശോചനീയമായ അവസ്ഥകളേക്കുറിച്ചുള്ള വേളിപ്പെടുത്തലുകളുണ്ട്.

ആ വെളിപ്പെടുത്തലുകളെ ഒരു പ്രധാന ആധാരമാക്ക്കൊണ്ട്, ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തേക്കുറിച്ചും കേരളത്തിലെ സംബന്ധസംസ്കാരത്തേക്കുറിച്ചും ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ താഴെപ്പറ്യുന്നവയാണ്

1 ബുദ്ധമതം പ്രചാരത്തിലിരുന്ന കാലത്ത് പെണ്‍കുട്ടികളെ ബുദ്ധഭിക്ഷുകികളാക്കുക എന്നൊരു സമ്പ്രദായം നിലനിന്നിരുന്നതായി കാണാം. അക്കാലത്തു സ്ത്രീകള്‍ക്കു സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും ഉണ്ടായിരുന്നു. അന്ന് ഉപനയന അവകാശം സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു. എല്ലാ അറിവുകളും നേടിക്കഴിഞ്ഞ രണ്ടാം ജന്മമാണല്ലോ ഉപനയനം. ഇന്ത്യന്‍ മതങ്ങളിലും വേദ-ശാസ്ത്രങ്ങളിലും പാണ്ടിത്യം കൂടാതെ സ്ത്രൈണകലകളായ, നൃത്തം, സംഗീതം, ചിത്രമെഴുത്ത് ഇവയൊക്കെ വികസിപ്പിയ്ക്കുകയും അവരുടെ ചുമതലയില്‍ നടന്നിരുന്നു.

2. ബുദ്ധ മതത്തിനു ശേഷം ഉടലെടുത്ത ബ്രാഹ്മണമതം (ഇതിന്റെ ഒരു പതിപ്പാണ് ഇന്നു ഹിന്ദു മതം എന്നറിയപ്പെടുന്നത്), മനുവിന്റെ സംഹിതാനുസരണം സ്തീകളുടെ ഉപനയനം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങി അനേക അവകാശങ്ങളെ‍ ഇല്ലാതാക്കി (500-1800AD). കൂടാതെ പെണ്‍കുട്ടികള്‍ക്കു ശൈശവവിവാഹം ഏര്‍പ്പെടുത്തി. വിധവകളുടെ പുനര്‍വിവാഹം നിരോധിക്കുകയും, സ്ത്രീകള്‍ക്കു പര്‍ദസമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്തു. ചാതുര്‍വര്‍ണ്യ ഇടപെടലുകളോടെ സ്ത്രീകളെ ‘ശൂദ്രര്‍ക്കു‘ തുല്യരായി തരം താഴ്ത്തി. വിദ്യ അഭ്യസിയ്ക്കുന്നതില്‍ നിന്നും, വേദകര്‍മ്മങ്ങളില്‍ നിന്നും അവര്‍ക്കു വിലക്കുകളും കല്‍പ്പിച്ചു.

പുരാണങ്ങള്‍ എഴുതിയതും ജനകീയമാക്കിയതും ഏതാണ്ട് ഇതേ കാലഘട്ടത്തി തന്നെയാണ് എന്നനുമാനിയ്ക്കാം. പുരാണ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെ നിരത്തി ഉത്തമസ്ത്രീകള്‍ എങ്ങനെയായിരിയ്ക്കണം എന്നു സ്ത്രീകളല്‍ മിഥ്യാധാരണകള്‍ വളര്‍ത്തുക വഴി അവര്‍ യുക്തിചിന്ത വെടിഞ്ഞ് ഭ്രാന്തമായ ഭക്തിയിലേക്ക് ആനയിക്കപ്പെട്ടു. ഇതോടെ ദിനം പ്രതി ക്ഷേത്രസന്ദര്‍ശകരായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതില്‍ നിന്നു പതിന്മടങ്ങു വര്‍ദ്ധിയ്ക്കാന്‍ തുടങ്ങി. അമ്പല ദൈവങ്ങളെ സന്ദര്‍ശിച്ചു പ്രസാദിപ്പിച്ചു കിട്ടുന്ന ‘പുണ്യം ’ ഒരു സ്ത്രീഗുണമായി കൊട്ടിഘോഷിക്കപ്പെട്ടതോടെ അവരില്‍ അന്നുവരെ ഉണ്ടായിരുന്ന യധാര്‍ഥ ഗുണങ്ങള്‍ക്കും മേന്മകള്‍ക്കും വിലയില്ലാതായി.

"Thus the very women whom religion had once considered as outcastes, were also the most faithful custodians of its spirit and traditions (1973: 176)" [Jagan Shankar, p. 9]

സ്ത്രീകളെ ഇത്തരം ഭക്തിഭ്രമത്തിലേക്കു തരം താഴ്ത്തിയ കലത്തിലെവിടെയോ ആണ് ദേവദാസികള്‍ക്ക് ദൈവപ്രതിപുരുഷനനെന്നവകാശപ്പെട്ട ബ്രാഹ്മണന്റെ ലൈംഗികദാസിയായി മാറേണ്ടി വന്നത് എന്നനുമാനിയ്ക്കാം.

3 ദേവദാസി സമ്പ്രദായം കൂടുതല്‍ പ്രബലമായത് ഇന്നു ദ്രാവിഡസംസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന തെക്കെ ഇന്‍ഡ്യയിലാണ്. എന്നാല്‍ ഇതില്‍ നിന്നും ഇതൊരു ദ്രാവിഡസംസ്കാരമായി കണക്കാക്കുന്നതു ശരിയല്ല. കാരണം ദ്രാവിഡസംസ്കാരത്തിന്റെ ആദി സംസ്കാരമായ സിന്ധു നാഗരികതയുടെ കാലഘട്ടത്തില്‍ ദേവദാസിസംസ്കാരം നിലനിന്നിരുന്നില്ല.

4 ആര്യസംസ്കാരത്തിന്റെ ചരിത്രമെടുത്താല്‍, വേദകാലഘട്ടം മുതല്‍ക്കേ പൊതുവേശ്യകളെ പറ്റി ധാരാളം പരാമര്‍ശനങ്ങള്‍ കാണാം. “A marathi scholar, "Itihasacharya" V. K. Rajwade, who had taken a vow not to write in English, has described many sexual practices of Aryas, whom he always referred to as "our savage ancestors". They used to have free sex openly in front of fire.”

റിഗ്വേദം ആ കാലഘട്ടത്തിലെ വ്യഭിചാരരീതികളെ വ്യക്തമാക്കുന്നുണ്ട്.

പുരാണങ്ങളില്‍, സത്വഗുണ പ്രധാനികളായ ബ്രാഹ്മണ ശ്രേഷ്ഠന്മാരുടേയും കുലഗുരുക്കളായ മഹര്‍ഷിവര്യന്മാരുടേയും ലൈംഗികാ‍ഭാസങ്ങളെ ദൈവീകപരിവേഷം കലര്‍ത്തി വിസ്തരിയ്ക്കുന്നുണ്ട്. ‘പുത്രകാമേഷ്ടി യജ്ഞം’, ‘ലജാഹോമം’, ‘അനംഗദാന പ്രദാനം’ ഇവയൊക്കെ ഇത്തരം ആചാരങ്ങളായിരുന്നു എന്ന് ശ്രീ രാജാസിനെ ഉദ്ധരിച്ച്, ജംനദാസ് പറയുന്നുണ്ട്.
“Use of sex by brahmins to keep domination over the masses is not a new thing. Shri Rajas gives many examples like 'putra kameshti yadna', the rite of 'laja hom' during Vedic marriages where the 'devas' give up their right over the bride, an old tradition of offering of wife to the guest for the night, the tradition of rajpurohit spending time with the queen in king's absence on war or hunting - the rite called 'anang dana pratana'....., [Vasant Rajas, p. 4 ff.].“

ഹിന്ദു ശാസ്ത്രത്തില്‍ ഉള്‍പ്പേടുത്തിയിരുന്ന ‘ചക്രപൂജ’ എന്ന ആചാരത്തെക്കുറിച്ചു താഴെപ്പറയുന്ന കൊട്ടേഷനില്‍ നിന്നു മനസിലാക്കാം.

“It is described in the Hindu sastras as 'chakrapuja'. M.M. Dr. P. V. Kane has described it in his 'dharma sastra cha itihas'. He describes that, an equal number of men and women assemble secretly in the night, without any consideration of caste or relationship, and sit around a paper on which 'chakra' is drawn as a symbol of goddess. All the women remove their cholis and put it in a pot, and every man picks up a choli at random and selects his partner for the night. A Hindu Tantrika text, "Kularnava Tantra", he says, mentions that God has ordered that, what ever good or bad transpires that night must never be disclosed. Kane had heard in his childhood that this puja was practiced in some cities in Maharashtra. [Marathi translation by Y. B. Bhat, p. 430, second edition, 1980, Maharashtra Rajya Sahitya Sanskruti Mandal, Mantralaya, Mumbai] “

5 ബുദ്ധന്റെ കാലഘട്ടത്തിലും‍ നിലനിന്നിരുന്നു വേശ്യകള്‍. കൌടില്യന്റെ അര്‍‌ത്ഥശാസ്ത്രത്തിലും വേശ്യകളെക്കുറിച്ചു(ഗണികകള്‍) പറയുന്നുണ്ട്.

6. വാത്സ്യായനന്റെ കാമശാസ്ത്രത്തിലും വേശ്യകളുടെ പരാമര്‍ശമുണ്ട്. ക്രിസ്തുവിനു ശേഷം ഏഴാം നൂറ്റാണ്ടിലെഴുതിയ ‘മൃഛകടികം‘ എന്ന സംസ്കൃത നാടകത്തിലും കൊട്ടാരവേശ്യകളെക്കുറിച്ചു പറയുന്നുണ്ട്. അതേ കാലഘട്ടത്തിലോ അതിനു ശേഷമോ എഴുതപ്പെട്ട ദ്രാവിഡ കൃതികളായ ‘മണിമേഖലയിലും’ ‘ചിലപതികാരത്തിലുമുണ്ട് പാട്ടിലും നൃത്തത്തിലും നിപുണകളായ സ്ത്രീകളെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ (മാ‍ധവി)

7 എന്നാല്‍ മുകളില്‍ പറഞ്ഞതൊക്കെ മാംസക്കച്ചവടത്തിന്റെയും ആളുകള്‍ പരസ്പര ധാരണയോടെ നടത്തിയിരുന്ന കാമകേളികളുടേയും സമ്പ്രദായങ്ങളായിരുന്നു. അവയൊന്നും ദേവദാസി സമ്പ്രദായങ്ങള്‍ ആയിരുന്നില്ല.

8ബ്രാഹ്മണാധിപത്യം ഇന്ത്യയില്‍ വേരൂന്നുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ എല്ലാവരും തന്നെ ബുദ്ധമതവിഭാഗക്കാരായിരുന്നു. കാലം കഴിയവേ ഈ ജനങ്ങള്‍ ജാതി/മത വിവേചനത്താല്‍ അധ:കൃതരും പിന്നോ‍ക്കക്കാരുമായി തരം താഴ്ത്തപ്പെട്ടു. ഈ ചെറുതല്ലാത്ത മാറ്റങ്ങള്‍ ബ്രാഹ്മണര്‍ നേടിയെടുത്തത് പുറത്തു നിന്നു കുടിയേറിയ യോധാ (ഉദ.രജപുത്ര) പടയാളി സഹായത്തോടെ അവര്‍ സൃഷ്ടിച്ചെടുത്ത രാജ-ഫ്യൂഡല്‍ ഭരണവ്യവസ്ഥകളിലൂടെയായിരുന്നു എന്നുള്ളതു പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.
ഈ കാലഘട്ടത്തില്‍ ബുദ്ധമത വിശ്വാസികള്‍ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയമായി. ചിലര്‍ കൊല്ലപ്പെടുകയും ചിലര്‍ നാടുവിട്ടോടുകയും ചെയ്തു. ചിലര്‍ രണ്ടാംകിട ബ്രാഹ്മണരായി സ്വയം തരം താണു ബ്രാഹ്മണമതത്തില്‍ ചേര്‍ന്നു.

9പക്ഷെ ഒരുതരത്തിലും രക്ഷപെടാനാവാതെ അവശേഷിച്ച ബുദ്ധഭിക്ഷുകികള്‍ക്കെന്തു സംഭവിച്ചു?

അവര്‍ ബുദ്ധക്ഷേത്രങ്ങളില്‍ അവശേഷിച്ചു, പൂജാരികളായി അവതരിച്ച ബ്രാഹ്മണരുടെ അധീനതയില്‍. ആദികാലങ്ങളില്‍ അമ്പലദൈവങ്ങള്‍ക്കു ഭക്ഷണം കൊടുക്കുക, അവകള്‍‍ക്കു മുന്‍പില്‍‍ നൃത്തം ചെയ്യുക തുടങ്ങിയ പണികളില്‍‍ അവര്‍ ഏര്‍പ്പെട്ടു.

10.ക്രമേണ ബ്രാഹ്മണമതം അതിന്റെ ക്ഷേത്രവ്യവസ്ഥകളിലൂടെ വിപുലമാകാന്‍ തുടങ്ങി. അതോടെ ദേവദാസികളുടെ എണ്ണവും വിപുലമാക്കേണ്ടി വരുകയും അതിലേക്ക് പുതിയ രീതികള്‍ ആവിഷ്ക്കരിക്കേണ്ടതായും വന്നു. ബ്രാ‍ഹ്മണമതം ബുദ്ധമതാചാരങ്ങളെ സ്വന്തം ആശയങ്ങള്‍ക്കനുസരിച്ചു വളച്ചൊടിച്ചു വികൃതമാക്കിയായിരുന്നു തുടര്‍ന്നുപോന്നത് എന്നുള്ളത് ഇന്നലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണല്ലോ?

ദേവദാസികളെ ക്ഷേത്രത്തിലേക്കു കൊടുക്കുന്ന ബുദ്ധമതാചാരത്തേയും അവര്‍ മാറ്റിമറിച്ചു. പെണ്‍കുട്ടികളെ സന്യാസികളാക്കുന്നതിനു പകരം ദൈവത്തിന്റെ ഭാ‍ര്യമാരാക്കി. അതിനു പകരമായി അവര്‍ക്കും കുടുംബങ്ങള്‍ക്കും ദൈവപ്രീതിയും പുണ്യവും കിട്ടുമെന്നു പ്രചരിപ്പിച്ചു. പെണ്‍കുട്ടികളെ ദൈവത്തിനു വിവാഹം കഴിച്ചു കൊടുക്കുന്നത് ‘അര്‍പ്പണം‘ എന്ന ആചാരമാക്കി. ഇത്തരം അര്‍പ്പണങ്ങള്‍ക്കായി വലിയ അഘോഷങ്ങള്‍ ഒരുക്കപ്പെട്ടു. ദേവദാസികളുടെ സ്വന്തമായ ദേവതകളും (യെല്ലമ്മ) ആരാധനക്കുട്ടായ്മകളും ഉണ്ടാക്കി. എല്ലാത്തിനും ഉപോല്‍‍ബലകമായി കെട്ടുകഥകളും മിനഞ്ഞെടുത്തു.

ആര്‍ഭാടപൂര്‍വമായ അര്‍പ്പണങ്ങള്‍ക്കു ഭാരിച്ച ചിലവുകള്‍ വേണ്ടിവന്നു. ആ ചിലവുകള്‍ നടത്തുന്ന ആളിനായിരുന്നു പ്രധാനമായും ദേവദാസിയിലുള്ള ലൈംഗികാവകാശം. എന്നാല്‍ അമ്പല പ്രതിമയുമായുള്ള വിവാഹം കഴിയുന്ന ആദ്യരാത്രി‍ അവള്‍ പൂജാരിയുടെ കൂടെ ചിലവഴിച്ചു.

ദൈവവിവാഹത്തോടോപ്പം ഓരോ ദേവദാസിയും ചില പ്രതിജ്ഞകള്‍ എടുക്കേണ്ടത് ആവശ്യമായിരുന്നു: അവള്‍‍ക്കിനി ഒരു വിവാഹജീവിതത്തിനുള്ള അവകാ‍ശമില്ലെന്നു, ആഴ്ചയില്‍ വെള്ളിയാഴ്ച്ചയും ചൊവ്വാഴ്ചയും നിരാഹാരമിരിയ്ക്കാമെന്നും അന്നേദിവസം നാട്ടുതെരുവില്‍ ഭിക്ഷയെടുക്കാമെന്നും മറ്റും.

പക്ഷെ സ്വന്തമായി ഭര്‍ത്താവില്ലെങ്കിലും അവള്‍ ഗ്രാമത്തിലുള്ളവരുടെ മുഴുവന്‍ ഭാര്യയായി, അവള്‍ക്കു മക്കളുണ്ടായി, പക്ഷെ ജന്മം നല്‍കിയ പുരുഷന്റെ പേരോ സ്വത്തോ ആ മക്കള്‍ക്കു വിലക്കപ്പെട്ടിരുന്നു.

അഴകും ആരോഗ്യവും കുറയുന്നതോടെ, അവര്‍ക്കു ജീവസന്ധാരണത്തിനു വേണ്ടി ഭിക്ഷയെടുക്കേണ്ടി വരുക സാധാരണമായിരുന്നു. ചിലര്‍ പട്ടണങ്ങളിലെ വേശ്യാസദനങ്ങളിലേക്കു രക്ഷപെടുന്നതു പതിവാക്കി.പക്ഷെ എവിടെപ്പോയാലും ജീവിതത്തിന്റെ അന്ത്യ നാളുകളില്‍, ലൈംഗികരോഗങ്ങള്‍ക്കടിമപ്പെട്ട്, വെറുക്കപ്പെട്ട്, ഏകാന്തതകളുടെ തടവുകാരികളായി പൊലിഞ്ഞു തീരുക അവരുടെ ഗതിയായിരുന്നു.

11. അധ:കൃതരെന്നു മുദ്രകുത്തിയവരുടെ കുടുംബങ്ങളില്‍ നിന്നു മാത്രമായിരുന്നു ആ പെണ്‍കുട്ടികള്‍ ദേവദാസികളായി അര്‍പ്പിയ്ക്കപ്പെട്ടിരുന്നത് എന്നുള്ളതു മറ്റൊരു പ്രധാന വിഷയമാണ്. ആ കാലഘട്ടത്തിന്റെ മതപര, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പശ്ചാത്തലത്തേക്കുറിച്ചു മനസിലാക്കുവാന്‍ ഇതു ധാരാളം ഉപകരിയ്ക്കും.

12. ദ്രാവിഡ സംസ്ഥാനങ്ങളിലാണ് ദേവദാസി സമ്പ്രദായം കൂടുതല്‍ പ്രബലമായത് എന്നു മുന്‍പേ പറഞ്ഞിരുന്നുവല്ലോ. അതിനു കാരണമായി കാണുന്നത്, ആറാം നൂറ്റാണ്ടിനു ശേഷം, ആ സംസ്ഥാനങ്ങളില്‍ പ്രബലമായി തീര്‍ന്ന ബ്രാഹ്മണസാന്നിദ്ധ്യവും, രാജഭരണവും, എല്ലാത്തിനുമുപരി അവിടെ വര്‍ദ്ധിച്ചു വന്ന ബ്രാഹ്മണ ക്ഷേത്രങ്ങളുമാണ്. (അവിടെ ബ്രാഹ്മണക്ഷേത്രങ്ങളായി മാറിയ പല ക്ഷേത്രങ്ങളും ബുദ്ധക്ഷേത്രങ്ങളായിരുന്നു എന്നുള്ളതിനു ശക്തമായ തെളിവുകള്‍ ഇന്നുണ്ട്)

ഒരു തമിഴ് ലിഖിതമനുസരിച്ച് AD 1004ല്‍ തഞ്ചാവൂരില്‍ മാത്രമായി 400ഉം, ബ്രഹന്ദേശ്വര ക്ഷേത്രത്തില്‍ 450ഉം, കാശി സോമനാഥക്ഷേത്രത്തില്‍ 500ഉം ദേവദാസികള്‍ ഉണ്ടായിരുന്നു. 1139ലെ ഒരു ലിഖിതമനുസരിച്ച് അന്ധ്രയിലെ നാഗേശ്വരരാവു ക്ഷേത്രത്തില്‍ എട്ടു വയസു തൊട്ടുള്ള ദേവദാസികള്‍ ഉണ്ടായിരുന്നു. പുരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ ദേവദാസികള്‍ അറിയപ്പെട്ടിരുന്നത് ‘മഹാരികള്‍’ എന്നായിരുന്നു. (മഹാരാഷ്ട്രയിലെ ഒരു പ്രമുഖ ‘അധ:കൃത വര്‍ഗമായിരുന്നു മഹാര്‍).

കേരളത്തിലും ദേവദാസികള്‍ ‘മഹാരികള്‍’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്നു പറയുന്നു. ഗുജറാത്തിലെ 4000 ക്ഷേത്രങ്ങളിലായി 20.000 ദേവദാസികള്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നതായി അറിയുന്നു.

കൃഷ്ണ ക്ഷേത്രത്തിലെ സുരലോക സുന്ദരികളായ ദേവദാസികളേക്കുറിച്ചും വിവരങ്ങളുണ്ട്. പ്രേമാവതാര‍മായ കൃഷ്ണനും ദേവദാസികളും തമ്മിലുള്ള ബന്ധത്തെ മിസ്റ്റിക് ഭക്തിയുടെ പ്രേമരാഗലയത്തില്‍ ചുറ്റിത്തിരിച്ച് ആത്മീയതലത്തിലേക്കുയര്‍ത്തിയാണല്ലോ ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ ‍ സംസ്കാര-സാഹിത്യ കൃതികളെല്ലാം അവയുടെ നിലനില്‍പു സാദ്ധ്യമാക്കിയതു തന്നെ. വൃന്ദാവനത്തിലെ കൌമാരസഖികള്‍ക്കെല്ലാം ഒരുപോലെ കമിതാവായിരുന്ന കൌമാരകൃഷ്ണന്‍, പതിനായിരത്തെട്ടു ഭാര്യമാര്‍ക്കും ഒരു പോലെ ഭര്‍ത്താവായ ഭഗവാന്‍ കൃഷ്ണന്‍, ഇനി അങ്ങോട്ടു കടന്നിരുന്നെങ്കില്‍ ഭാരതനാരികള്‍ക്കെല്ലാം ഒരുപോലെ ഭര്‍ത്താവാകുമായിരുന്ന ദ്വാര‍കാ കൃഷ്ണന്‍, വാഹ്, വാഹ്, ഭാരതത്തിലെ പ്രേമകാണ്ഡത്തിന്റെ അടരുകളില്‍ എത്ര പ്രമാദമായാണ് കൃഷ്ണ-ദേവദാസീ സങ്കല്പം ഒരുക്കിയിട്ടിരിയ്ക്കുന്നത്.

കൃഷ്ണക്ഷേത്രത്തിലെ ദേവദാസികളെ ‘മുരളികള്‍’ എന്നായിരുന്നു വിളിച്ചിരുന്നത്.

13 കാലം മാറിയതോടൊപ്പം

കാലവും സമൂഹങ്ങളും മാറിയതോടൊപ്പം ദേവദാസി സമ്പ്രദായങ്ങല്‍ക്കും മാറ്റങ്ങള്‍ വന്നു.

വീരശൈവ പുരോഹിതരും, ബ്രാഹ്മണ പുരോഹിതരെപ്പോലെ ദേവദാസികളെ തങ്ങളുടെ ലൈംഗികാവശ്യത്തെലേക്കായി ഉപയോഗിക്കാന്‍ തുടങ്ങി. “At least during British times, Veera Shaivas did not lag behind the Brahmins and the kings in exploitation of these girls.“

രാജഭരണ വ്യവസ്ഥയില്‍ ദേവദാസികള്‍ രജാക്കന്മാരുടെ വരുമാനമാര്‍ഗമാകാന്‍ തുടങ്ങി. “The kings, however, make them a source of attraction to their subjects so that they may meet the expendicture of their armies out of the revenues derived therefrom..' (U.N Ghosal)

ക്രമേണ, ദേവദാസികളുടെ മേലുള്ള അവകാശത്തിനു വേണ്ടി രാജാക്കന്മാരും ബ്രാഹ്മണരും തമ്മില്‍ മത്സരം അരംഭിച്ചു. “Ultimately the conflict was resolved by an understanding and devadasis were branded on their chest with emblems of 'garuda' (eagle) and 'chakra' (discus) for kings and 'shankha' (conch) for brahmins. [Rajas: p. 2]“

ആ മാറ്റങ്ങളുടെ മറ്റൊരു പരിണാമമായിരുന്നു ദേവദാസികളെ വേശ്യകളാക്കി രാജകൊട്ടാരങ്ങളിലേക്കു കൊണ്ടു പോയത്.

"At a later stage, devadasis were asked to serve the king as in the case of God, since the king was considered to be God on earth. In fact Kings sponsored this cult. Temple dancers along with their traditional ritual functions started rendering their services to royal palaces and assisting Kings in the art of politic. They were use in espionage activities against enemy Kings and Court dancer..”.

രാജാവിന്റെ അത്തരം തീരുമാനങ്ങള്‍ക്കു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടായി. രാജാവിന്റെ പ്രവൃത്തികള്‍ പ്രജകളും അനുകരിക്കാന്‍ തുടങ്ങി, പ്രത്യേകിച്ചു സമ്പന്നരും ആഢ്യന്മാരുമായ ഫ്യൂഡല്‍ പ്രഭുക്കള്‍.

"Kings started building temples and appointed devadasis to serve God in the temples and royal palaces. This development had a far reaching impact on popularization of the cult. Other lesser Kings, chieftains and feudals also emulated their superiors and started patronizing the cult. In rural areas feudals who possessed substantial land, exercised commandable authority over other socially and economically weaker sections of society. They were de facto owners of men and material of the region. The cult served as an instrument through which they could gain the accessability to desirable low caste and poor women. The field experience supports that this cult is prevalent only among scheduled caste women who are subjugated and suppressed by upper caste members since time immemorial." [Jogan Shankar, p.157 ]

ചുരുക്കത്തില്‍ ബ്രാഹ്മണാധിപത്യത്തോടെ ഇന്ത്യയില്‍ ജന്മമെടുത്ത ദേവദാസി സമ്പ്രദായം കാലത്തിനും മതവിവേചന-രാഷ്ട്രീയ- രാജ പ്രഭുത്വത്തിനുമൊപ്പം വളര്‍ന്ന് ഫ്യൂഡല്‍ വ്യവസ്ഥയുടെ ചേരിയിലെത്തിയപ്പോഴേക്ക് കുറേശെ ജനകീയമാകാന്‍ തുടങ്ങി.

ഇന്നു ഭരണഘടനാപരമായി ഫ്യൂഡല്‍ വ്യവസ്ഥയും ദേവദാസി സമ്പ്രദായങ്ങളും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടിരിയ്ക്കുന്നു. നിയമപുസ്തകങ്ങള്‍ ദേവദാസിയെ സംരക്ഷിയ്ക്കാനുള്ള നിയമങ്ങള്‍ എഴുതിവച്ചു. പക്ഷെ മനുഷ്യന്റെ മനസില്‍ നിന്ന് ദേവദാസി പൂര്‍ണമായും ഉച്ചാടനം ചെയ്യപ്പെട്ടൊ? നിയമങ്ങള്‍ അവരെ സംരക്ഷിച്ചോ (ഉത്തരങ്ങള്‍ രണ്ടാം ഭാഗത്തേക്കു നീക്കി വയ്ക്കുന്നു)

14 ദേവദാസി സമ്പ്രദായവും സംബന്ധ സമ്പ്രദായവും

കണ്ണൂസിന്റെ ചോദ്യത്തിലേക്കു വീണ്ടും വന്നാല്‍‍‍, ദേവദാസി സമ്പ്രദായവും സംബന്ധസമ്പ്രദായവും രണ്ടു വ്യത്യസ്ഥങ്ങളായ സമ്പ്രദായങ്ങളായിരുന്നു.

ആദ്യത്തേത് വിദേശ ബ്രാഹ്മണ-യോദ്ധാ-രാജാധികാരക്കൂട്ടുകെട്ട്, എങ്ങനെ മതത്തിന്റെ ജഡിലതകളും ജാതി-വര്‍ഗ-വിവേചനങ്ങളും ദൈവത്തിന്റെ ശാസനങ്ങളാക്കി തെറ്റിദ്ധരിപ്പിച്ച് ഇന്ത്യന്‍ സ്ത്രീയുടെ സ്ത്രൈണഗുണങ്ങളേയും ചിന്താവിഷ്കാരശക്തിയേയും, അന്ധകാരത്തിലേക്കും, അന്തസില്ലായ്മയിലേക്കും കേവലം ശരീരക്കച്ചവടത്തിലേക്കും ബോധ;പൂര്‍വം കൊണ്ടു ചെന്നെത്തിച്ചു എന്നു വെളിപ്പെടുത്തുമ്പോള്‍, രണ്ടാമത്തേത്, എങ്ങനെ ആ അധര്‍മ്മങ്ങളെ ഉപയോഗിച്ച് ഒരു വിഭാഗം സ്തീകള്‍ സ്വന്തം കാര്യങ്ങള്‍ നേടി എന്നുള്ളതാണ്.

ഭാവസാന്ദ്രവും ചൈതന്യവത്തുമായ ഒരു പാരമ്പര്യത്തിനു ഒരു സംവത്സര‍ക്കാലത്തിന്റെ സമയം കൊണ്ട് എന്തൊക്കെ സംഭവിയ്ക്കാനുള്ള സാദ്ധ്യതകളുണ്ട് എന്നുള്ളതും ചിന്തിയ്കാന്‍ കഴിയുന്നവര്‍ക്ക് ദേവദാസി ചരിത്രം മനസിലാക്കി തരുന്നു. ജീവിതത്തിന്റെ വഴി സ്വന്തമായി തിരഞ്ഞെടുക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യരുടെ കഥയാണ് ആദ്യത്തേത്. രണ്ടാമത്തെത് സ്വയം ചെയ്തതൊക്കെ സ്വന്തം ഇഛാശക്തി കൊണ്ടു തീരുമാനിച്ചവരാണ്.

ദേവദാസികളുടെ മക്കള്‍ക്ക് അവരുടെ അഛന്‍‍ ആരാണെന്നു വെളിപ്പെടുത്താന്‍ പാടില്ലായിരുന്നു. പ്ക്ഷെ കേരളത്തിലെ മാട്രിലീനിയല്‍ സമ്പ്രദായത്തില്‍ അങ്ങനെ അല്ലായിരുന്നു.

15ഇന്ത്യന്‍ സ്ത്രീത്വം

സിന്ധു നദീതട ദ്രാവിഡ സംസ്കാരം മാട്രിയാര്‍ക്കലോ മാട്രിലീനിയലോ ആയിരുന്നില്ല, അതു പാട്രിലീനിയല്‍ ആകാനാണു കൂടൂതല്‍ സാദ്ധ്യത. എന്നു പറഞ്ഞാല്‍ ദേവദാസി സമ്പ്രദായത്തിലും സംബന്ധസമ്പ്രദായത്തിലും പെടാതെ അവയുടെ മധ്യത്തിലൂ‍ടെ വളര്‍ന്ന അതിപുരാതനമായ ഒരു ദ്രാവിഡസംസ്കാരത്തിന്റെ അടരുകള്‍ ഇന്ത്യന്‍ സ്ത്രീത്വത്തിനു നിസംശയം അവകാശപ്പെടാനുണ്ട് എന്നര്‍ത്ഥം. അങ്ങനെയൊരു സ്ത്രീത്വം ഇന്‍ഡ്യന്‍ സ്ത്രീത്വത്തിന് അഥവാ കേരളാസ്ത്രീത്വത്തിന് അവകാശപ്പെടാനില്ല എന്നാരു വാദിച്ചാലും അതില്‍ യുക്തിയില്ല.

എന്നു പറയുമ്പോള്‍ അങ്ങേതിലെ നാരായണിയോ, ഇങ്ങേതിലെ, ത്രേസ്യാമ്മയോ, പാത്തുമ്മയോ വേശ്യാ വൃത്തിയില്‍ എര്‍പ്പെട്ടിരുന്നോ/ഇരിയ്ക്കുന്നുവോ എന്നുള്ളതല്ല ഇവിടെ പ്രശ്നം. വേശ്യാവൃത്തിയ്ക്കു മനുഷ്യന്റെ ചരിത്രത്തൊളം ഒരു പക്ഷെ പഴക്കം കാണും. പക്ഷെ അതിനു ജാതീയ/മതപരമായ ഒരു സ്വഭാവം നിലവിലിരുന്നോ എന്നുള്ളതാണ് ചോദ്യം.

14ഇനി വളരെ പ്രധാനപ്പെട്ട ഒരു വിഷയം കേരളത്തില്‍ ദേവദാസി സമ്പ്രദായം നില നിന്നിരുന്നുവോ?

എന്റെ അറിവില്‍ ഇല്ല. ജംനദാസും ഞാന്‍ വായിച്ച മറ്റനേകം ലേഖകരും കേരളത്തിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ച് ഒരു വിവരങ്ങളും കാണിയ്ക്കുന്നില്ല. ഇനി അരുടെയെങ്കിലും അറിവില്‍ അതിനേക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട് എങ്കില്‍ ദയവായി മുന്നോട്ടു വരുക.
Ref:

http://www.ambedkar.org/buddhism/Devadasis_Were_Degraded_Buddhist_Nuns.htm





(തുടരും)












Friday, July 13, 2007

കേരളത്തിന്റെ 'വേശ്യാ സാംസ്കാരത്തിന്റെ' ആധാരം തേടുന്നവര്‍ക്കു വേണ്ടി

മുത്തപ്പന്റെ ‘കേരളത്തിന്റെ വേശ്യാ സംസ്കാരം‘ രണ്ടാം ഭാഗത്തിനു കൂടുതല്‍ തെളിവുകളും ആധാരങ്ങളും വേണം എന്നുള്ള കമന്റുകള്‍ കാണാനിടയായി.
സൌത്താഫ്രിയ്ക്കയിലെ ഒരു യൂണിവേഴ്സിറ്റിയുടെ സോഷ്യോളജി‍ പാഠപുസ്തകത്തില്‍ നിന്ന് ഞാന്‍ വായിച്ചറിഞ്ഞ തെളിവുകള്‍ താഴെ കൊടുക്കുന്നു.

(പുസ്തകത്തിലെ ഈ വിവരം എനിയ്ക്കു വ്യക്തിപരമായ ഒരു situation ഉണ്ടാക്കി എന്നുള്ളതുകൊണ്ട് ഇത് ഒരു പോസ്റ്റായി ഇടുന്നു).

നായരുടെ സംബന്ധത്തെക്കുറിച്ചും തദ്വാര അവരുടേത് സാധാരണ അര്‍ത്ഥത്തിലുള്ള കുടുംബ യൂണിറ്റുകള്‍ ആയിരുന്നോ എന്നുള്ളതും ഇവിടുത്തെ ചിന്താവിഷയമായി കാണാം.
ഈ സംബന്ധവ്യവസ്ഥ‍ 1792 വരെ കേരളത്തില്‍ നിലനിന്നിരുന്നു എന്നാണ് കതെലിന്‍ ഗൌ അവകാശപ്പെടുന്നത്.
ഈ വിവരണം എന്നെ ആദ്യമായി കാണിച്ചു തന്നത് എന്റെ മകളാണ്. അതാണ് വ്യക്തിപരമായ ഒരു situation എന്നു ഞാന്‍ മുകളില്‍ പറഞ്ഞത്. അവളുടെ കൂടെ പഠിച്ച കുട്ടികള്‍ (non-Indians) അവള്‍ കേരളത്തില്‍ നിന്നാണ് എന്നറിയാമായിരുന്നതു കൊണ്ട് അതിനേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അനേഷിച്ചതായിരുന്നു.

It was really embarassing and shameful to her.


കേരളത്തില്‍ നിന്നും പുറത്തു കടന്ന് മറ്റൊരു സംസ്കാരത്തില്‍ കുട്ടികള്‍ വളരുവാനിടയാകുമ്പോള്‍, രക്ഷകര്‍ത്താക്കള്‍ക്കു അവര്‍ നാട്ടില്‍ വളരുന്നതിനേക്കാള്‍ സംസ്കാരിക ചുമതല കൂടുതലാണ്. പ്രത്യേകിച്ച് അവിടുത്തെ വിദ്യാഭ്യാസ-സാമൂഹ്യരീതികള്‍ ക്രിയാത്മകവും, അനേഷണാത്മകവുമായ ഒരു പഠനക്രിയയിലേക്ക് അവരെ പ്രോത്സാഹിപ്പിയ്ക്കുമ്പോള്‍.
കേരളത്തിനു ബഹുമാന്യമായ ഒരു ധാര്‍മ്മിക പാരമ്പര്യമുണ്ട് എന്ന് ഇന്നു പൊതുവെ അവകാശപ്പെടുവാന്‍ കഴിയും. അങ്ങനെ ഒരു പാരമ്പര്യത്തില്‍ തങ്ങളുടെ മക്കള്‍ അഭിമാനം കൊള്ളണമെന്നു എല്ലാ മാതാപിതാക്കളും ചിന്തിയ്ക്കയും ആഗ്രഹിയ്ക്കയും ചെയ്യുമെങ്കിലും അതിനു ധാരാളം വിലങ്ങുതടികള്‍ പ്രവാസി ജീവിതത്തിലുണ്ട് എന്നുള്ളതു അത്മാര്‍ത്ഥതയുള്ള എല്ലാവര്‍ക്കും മന‍സ്സിലാകും. ഈ വിലങ്ങുതടികളില്‍ അതിപ്രധാനമായ ഒന്നാണ്, അവരു നാട്ടില്‍ വരുമ്പോള്‍ അവിടെ ‍ നേരിട്ടനുഭവിയ്ക്കുന്ന വിചിത്രമായ ധാര്‍മ്മികത.


ഏട്ടിലെ പശു പുല്ലുതിന്നുകയില്ല എന്നു പറയുന്നതു പോലെയാണ്, ciritcal ആയി ചിന്തിയ്ക്കുന്ന ഒരു വ്യക്തിയ്ക്കു കേരളത്തിന്റെ ധാര്‍മ്മികതയേകുറിച്ചുള്ള അനുഭവം.


അങ്ങേ അറ്റത്തെ പറച്ചിലും ഇങ്ങേ അറ്റത്തെ അനുഭവവും. സൌത്താഫ്രിയ്ക്ക പൊതുവെ മാനുഷീക മൂല്യങ്ങള്‍ വ്യക്തിജീവിതത്തിലും സമൂഹത്തിലും പ്രായോഗികമായി പരിപാലിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഒരു രാജ്യമാണ്. ഇവിടെ പെണ്‍കുട്ടികള്‍ക്കു പൊതു സ്ഥലങ്ങളില്‍ കേരളത്തിലേതിനേക്കാല്‍ നൂറിരട്ടി സുരക്ഷയുണ്ട് (ഇന്നു വരെ).


നാട്ടിലോട്ടു വന്നാലോ? ഒറ്റയ്ക്കൊരു പെണ്‍കുട്ടിയ്ക്ക് തൊട്ടടുത്ത കവല വരെ പട്ടാപ്പകല്‍ ഞരമ്പു രോഗികളുടെയും വായില്‍ നോക്കികളുടേയും അധിക്ഷേപം കൂടാതെ പോയിട്ടു വരാന്‍ കഴിയുമോ? പട്ടണമായാലും ഗ്രാമമായാലും. യാത്രയില്‍ സമയം ഇത്തിരി വൈകുന്നു എന്നു കണ്ടാല്‍ വണ്ടിയുടെ ഡ്രൈവര്‍ പറയും, അയ്യോ അതുവഴിപോകണ്ടാ, വണ്ടിയില്‍ പെണ്‍കുട്ടികളുണ്ട്.


ജനിച്ചനാടിന്റെ പുസ്തകത്തിലെ ധാര്‍മ്മികതയോടുള്ള അവജ്ഞ എനിയ്ക്കു തന്നെ അടക്കാന്‍ കഴിയാറില്ല.


ഈ സാഹചര്യത്തില്‍ പുറം രാജ്യത്തെ മാന്യമായ സമൂഹത്തില്‍ വളരാനിടയാകുന്ന critical and investigative mind ഉള്ള കുട്ടികള്‍ മുകളിലത്തെ പേജുകള്‍ വായിച്ചിട്ട് സ്വന്തം നാട്ടില്‍ പെരുത്ത ധാര്‍മ്മികത ഉണ്ട് എന്നവകാശപ്പെടുന്ന രക്ഷകര്‍ത്താക്കളെ സമീപിയ്ക്കുമ്പോഴുണ്ടാകുന്ന ആ നാണക്കേട്, അതു മനസിലാക്കാന്‍ ചിര്‍ക്കെങ്കിലും കഴിയുമെന്നു വിശ്വസിയ്ക്കുന്നു.


സൌത്താഫ്രിയ്ക്കയിലുള്ള കേരളത്തിലെ നായന്മാര്‍ ധാരാളം ഈ പുസ്തകത്തിലെ വിവരം അറിയന്‍ സാദ്ധ്യത് ഉണ്ട്. ഇതുവരെ ഒരു നായരും ഇതിനെ എതിര്‍ത്തതായി എനിയ്ക്കറിവില്ല.


അതു തന്നെയുമല്ല ഇതൊരു തെറ്റായ ധാരണയായി തോന്നുന്നുമില്ല. കൊളോണിയല്‍ എഴുത്തുകര്‍, കേരളത്തിന്റെ സംസ്കാരത്തെ കുറിച്ചു വെറും പൊള്ളത്തരമെഴുതിയതാണോ എന്നുള്ള സംശയത്തിനും ഇവിടെ വഴിയില്ല, കാരണം, ഇവിടെ കേരളത്തിലെ നായരേകുറിച്ചു മാത്രം അവരെന്തിനു വെണ്ടാത്തതെഴുതണം.


എന്നു തന്നെയുമല്ല, വായ്ത്താരികളിലൂടെ ഒഴുകി വരുന്ന സവര്‍ണ്ണരുടെ കുടുംബ-കഥകളുടെ ഏടുകളില്‍ ഇതൊക്കെ തന്നെയാണ് കേള്‍ക്കുന്നതും.

പിന്നെ എന്തുകൊണ്ടു കേരളചരിത്രത്തില്‍ ഇതൊന്നും രേഖപ്പെടുത്തിയില്ല? (അതിനു തന്നെ ഒരു ഗവേഷണം ആവശ്യമാണ്.)

ഒരു കാരണം, പൊതുവെ കേരളചരിത്രമെഴുതിയിരുന്നവര്‍ സവര്‍ണരോ അവരുടെ എഴുത്തുകള്‍ കണ്ണടച്ചു reference ആയി ഉപയോഗിച്ചവരോ ആണ്‍്. അതു കൊണ്ടു കേരളചരിത്രത്തില്‍ reading between the lines എന്ന യുക്തി ബോധം പ്രയോഗിയ്ക്കാത്തവര്‍ക്കു ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ പിടി കിട്ടുകയില്ല.

എതിരന്‍ കതിരവന്റ് അശ്ലീല‍മെന്ത് ശ്ലീലമെന്ത് എന്ന പോസ്റ്റില്‍ തോപ്പില്‍ ഭാസി പറയുന്നതു തന്നെ ധാരാളം മതി ഈ യുക്തി ബോധമുള്ളവര്‍ക്ക് കേരളത്തിലെ ‘സവര്‍ണരുടെ’ ഇടയില്‍ നടന്നിരുന്നത് കാതലിന്‍ ഗൌ പറയുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല എന്നു മനസിലാക്കാന്‍
“ലൈംഗികവേഴ്ച്ചകള്‍ക്ക് അന്ന് ഇന്നുള്ള ഭദ്രത ഇല്ലായിരുന്നു. ഏകപത്നീവ്രതവും ഏകഭര്‍തൃവ്രതത്തിന്റെ പാതിവ്രത്യവും അന്നില്ലായിരുന്നു.
എന്റെ ചെറുപ്പത്തില്‍ചില തറവാടുകളിലെ വലിയമ്മമാര് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.- “എന്നെ സംബന്ധം ചെയ്തത് ഇലഞ്ഞിക്കലെ നീലകണ്ഠപ്പിള്ളയാണ്. അങ്ങേര്‍ക്ക് പിറന്നതാണ് കൊച്ചുരാമന്‍.പ്ലാവിലയില കാരണവരാ‍ണ് എന്റെ മോന്‍ നാണുവിന്റെ അച്ഛന്‍. മോള്‍ പാറുവിന്റെതന്ത ചെങ്ങരത്തേ നടുവന്‍’ എന്നിങ്ങനെ. ഒരു പുളിപ്പുമില്ല അവര്‍ക്കിതു പറയുന്നതിനു. അതറിയുന്ന്നതില്‍ അവരുടെ ഭര്‍ത്താവിനും കേസില്ല. അദ്ദേഹത്തിനു വേറെ പലേടത്തും മക്കള്‍ കാണുമല്ലൊ“.

(മറ്റുള്ളവരുടെ കാഴ്ച്ചപ്പാടില്‍ ഈ ജീവിതവും വേശ്യാജീവിതവും തമ്മില്‍ എന്താണു വ്യത്യാസം എന്നുള്ളത് മനസിലാക്കാന്‍ കഴിയാത്തതാണ്)

നായന്മ്മാരുടെ ഇടയില്‍ മാത്രമുണ്ടായിരുന്ന ഒരു ജീവിതരീതിയായിരുന്നു ഇത്. അതു കേരളത്തിന്റെ പൊതു ധാര്‍മ്മിക-സാമ്പത്തിക യൂണിറ്റുകളായി അറിയപ്പെടൂന്ന കുടുംബ ബന്ധങ്ങള്‍ അല്ലായിരുന്നു.

എന്നാല്‍ അതു കേരള സമൂഹത്തിന്റെ പൊതുവായ അനുഭവമായിരുന്നില്ല. മറ്റുള്ള ജാതിക്കാര്‍ക്കിടയില്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ല.


അതു പോലെ അതു ployandry യോ മച്ചുനക്കല്യാണമോ അല്ല എന്നും കാണാവുന്നതാണ്. അവ രണ്ടും മറ്റു ജാതിക്കാര്‍ക്കിടയിലും (മതക്കാര്‍ക്കിടയിലും) ഉണ്ടായിരുന്നു. പക്ഷെ അവരുടേതു വേറേ കുടുംബ സംവിധാനങ്ങളായിരുന്നു.


ഒരു കുടുംബമെന്നത് കേരളീയന്റെ പൊതു ധാര്‍മ്മിക അന്തര്‍ധാരയില്‍, അച്ചനുമമ്മയും, പരസ്പരം ഒത്തുചേര്‍ന്ന്, ഒരു വീട്ടില്‍ താമസിച്ച്‌, പരസ്പരം സ്വാധീനിച്ച്, സ്നേഹിച്ച്, അനുരഞിച്ച്, പ്രതികരിച്ച്, അതിന്റെ സാമ്പത്തികവും, സാമൂഹ്യവും, ധാര്‍മ്മികവുമായ കടമകളും ചുമതലകളും വഹിച്ച് മുന്നോട്ടു പോകുന്ന ഒരു സാമൂഹ്യ യൂണിറ്റ് ആണ്.


സംബന്ധത്തില്‍ ഇങ്ങനെ ഒരു കുടുംബ യൂണിറ്റുണ്ടയിരുന്നില്ല. അതു ലൈഗികതയ്ക്കു വേണ്ടി മാത്രമായി നിലനിര്‍ത്തിയിരുന്ന ഒരു സമ്പ്രാ‍ദായമായിരുന്നു. കൂടുതല്‍ പണമുള്ളവരെ രാത്രി സംബന്ധത്തിനു വിളിച്ചു കയറ്റി അതു നാട്ടിലെ സ്വത്തുക്കള്‍ അപഹരിയുന്നതിനുള്ള മര്‍ഗവുമായി. പരസ്പരം കടമകളോ, കടപ്പാടുകളോ ഇല്ലാത്ത, അച്ചനാരാണെന്നറിയുകയോ, അറിയിയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ലാത്ത കുടുമ്പം‍.


അതിനെയാണ് matrilineal എന്നു വിളിച്ചിരുന്നത് എന്നാണ് ഗൌ പറയുന്നത്. അവരു പറയാതെ തന്നെ കേരളത്തിലുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യവുമാണ് അത്.


ഇതില്‍ നിന്നും, ഇന്നു കേരളത്തിന്റ് ധാര്‍മ്മികത എന്നവാ‍ശപ്പെടുന്നത് സവ‍ര്‍ണ്ണരെന്നു പറയപ്പെട്ടിരുന്നവര്‍ പണ്ടു പുലര്‍ത്തിപോയിരുന്ന ധാര്‍മ്മികത അല്ല എന്നു പറഞ്ഞാല്‍ അതിലിത്ര അത്ഭുതപ്പെടാന്‍ എന്തിരിയ്ക്കുന്നു?

അതായത്‍, കേരളത്തിന്റെ ഇന്നറിയ്പ്പെടുന്ന ധാര്‍മ്മികത അവിടുത്തെ ‘അവര്‍ണ്ണരായവര്‍’ നിലനിത്തിക്കൊണ്ടു വന്നതാണ്.


പക്ഷെ സംബന്ധകുടുംബ തായ്‌വഴികളില്‍ ജനിയ്ക്കാനും വളരാനും ഇടയായവര്‍‍ അതില്‍ തെറ്റൊന്നും കാണുന്നില്ല എന്നുള്ളതും സ്വാഭാവികം. പിന്നെ സംബന്ധം വഴി കുറെ സ്വത്തു വകകളും ഒത്തു വന്നീട്ടുണ്ടെങ്കില്‍ അതില്‍ ഒട്ടും മോശം കാണാനുമില്ല എന്നവര്‍ കാണും. സൈദ്ധാന്തികമായും, മന:ശാസ്ത്രപരമായും അതില്‍ നിന്നും വേറിട്ടു ചിന്തിയ്ക്കുവാനും അവര്‍ക്കു കഴിയാതെ വരും.


എന്നാല്‍ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിട്ടുള്ളത് അവരുടെ സംസ്കാരത്തിനു സംബന്ധ സംസ്കാരവുമായി യാതൊരു ബന്ധവുമില്ല എന്നു സ്ഥാപിയ്ക്കുകയാണ്. എന്നാല്‍ വേശ്യാ/സംബന്ധജീവിതം എന്നൊന്നില്ലായിരുന്നു എന്നു പറഞ്ഞുകൊണ്ട് മറ്റുള്ളവരും അങ്ങനെ തന്നെ വിശ്വസിയ്ക്കണം എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതന്യായമാണ്.


അതു കൊണ്ട് കേരളത്തിന്റെ പൊതു ധാര്‍മ്മികതയേക്കുറിച്ച് അന്വേഷിയ്ക്കുന്ന ഒരു വിദ്യാര്‍ദ്ധിയോടോ മക്കളോടൊ സത്യം പറയാതിരിയ്ക്കന്‍ കഴിയില്ല. അതു പറയുന്നവര്‍ക്ക് ആ ‍ സംബന്ധസംസ്കാരത്തെ മനസില്‍ വാഴ്ത്തത്തക്കവണ്ണം അതിന്റെ ഉച്ചിഷ്ഠവും ഔദാര്യവും അനുഭവിച്ചവരേ പോലെ‍ അതിനോടു കൂറു കാണിയ്ക്കേണ്ട ആവശ്യമില്ലല്ലോ? പോരെങ്കില്‍ അവര്‍ക്കു പ്രതിബദ്ധതയുള്ളത് ഈ വഴിപിഴച്ച സംബന്ധ സംസ്കാരത്തിന്റെ വരവോടെ‍ അവരുടെ പൂര്‍വ്വീകര്‍ക്കു തൊട്ടു നഷ്ടമായ മാനത്തിന്റയും അവര്‍ അനുഭവിയ്ക്കേണ്ടി വന്ന വിവേചനത്തിന്റയും ദൈന്യമായ അവസ്ഥകളോടാണല്ലോ?

കൂടാതെ ‍ അവരുടെ വരുംകാല തലമുറയുടെ അറിവിലേക്ക് സത്യം തുറന്നു പറയേണ്ടത് അവരുടെ രക്ഷകത്തൃചുമതലയുമാണ്. അതവര്‍ക്കു ചെയ്തേ പറ്റു.


ഇന്നു മലയാളഭാഷയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങി, ഞങ്ങട പൂര്‍വ്വികരുടെ രക്തത്തില്‍ നപുംസകരില്ല എങ്കില്‍ ഞങ്ങള്‍ മാടമ്പിമാരും മറ്റോന്മാരും ഒക്കെ ആകും എന്നു പറഞ്ഞു ഡയലോഗുണ്ടാക്കി കളിച്ചു നടക്കാം. പക്ഷെ ഇംഗ്ലീഷു ഭാഷാ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അതൊക്കെ വെറും തേക്കു പാട്ടുകള്‍ ആകാനാണു സാദ്ധ്യത.


പിന്നെ സംബന്ധപാരമ്പര്യത്തില്‍ നിന്നു കാലം ഇന്നു വളരെ മുന്നോട്ടു പോയി എന്നുള്ളതു ശരിയാണ്. പക്ഷെ പാരമ്പര്യശാസ്ത്രത്തേയും ഇന്‍ഡ്യയുടെ മഹത്തായ മനശാസ്ത്രത്തേയും ബഹുമാനിയ്ക്കുന്നവര്‍ക്കറിയാം വ്യക്തികളുടെ ഇന്നലത്തെ അനുഭവങ്ങള്‍ എങ്ങനെ അവരുടെ ഇന്നും നാളെയും രൂപപ്പെടുത്തുന്നു എന്ന്.

അതുകൊണ്ടു ഇന്നലെയുടെ കരടുകളെ നീക്കി ഇന്നും നാളെയും എങ്ങനെ രൂപപ്പെടുത്തണം എന്നുള്ളത് ആ കളങ്കം പറ്റിയവരുടെ ഒരാവശ്യമാണ്. അല്ലാതെ അതു പുറത്തുകൊണ്ടുവന്ന് ആ കളങ്കത്തില്‍ നിന്നു വേറിട്ടു തങ്ങളുടെ ഇന്നും നാളെയും സംരക്ഷിയ്ക്കുവാന്‍ ‍ ശമിയ്ക്കുന്നവരെ സംശയദൃഷ്ടിയോടെ വീക്ഷിയ്ക്കുന്നതില്‍ യാതൊര്‍ത്ഥവുമില്ല.

Sunday, July 08, 2007

കേപ് ടൌണ്‍ (സൌത്താഫ്രിയ്ക) ലോക സ്ഞ്ചാരികളുടെ സ്വപ്നം ഭാഗം-5

ബൊക്കാപ്പു മ്യൂസിയം















സിഗ്നല്‍ മലയുടെ ചരിവില്‍ കേപ്‌-ടൗണ്‍ പട്ടണത്തെ ആകമാനം വീക്ഷിച്ചു നില്‍ക്കുന്ന ബൊക്കാപ്പ്‌ മ്യുസിയം സൗത്താഫ്രിയ്ക്കയുടെ അടിമച്ചരിത്രത്തിന്റെ മറ്റൊരുഭാഗം കാട്ടിത്തരുന്നു എന്നു പറഞ്ഞുകൊണ്ടാണല്ലോ കഴിഞ്ഞ ഭാഗം അവസാനിച്ചത്‌.


ആരായിരുന്നു ബൊക്കാപ്പിലെ ആ അടിമകള്‍?


അധിനിവേശമേല്‍പ്പിച്ച നിരാശ്രയത്വത്താല്‍, ചരിത്രത്തിന്റെ വഴിതെറ്റി സഞ്ചരിയ്കേണ്ടി വന്ന കുറെ ഹതഭാഗ്യരായിരുന്നു അവര്‍. കേപ്പിന്റെ കൊളോണിയല്‍ വികസനത്തിനായി, ഇന്‍ഡ്യ, സിലോണ്‍, ഇന്‍ഡോനേഷ്യ തുടങ്ങിയ യൂറോപ്യന്‍ കോളനികളില്‍ നിന്ന് ആളുകളെ അടിമകളാക്കി ഇങ്ങോട്ടു കൊണ്ടുവന്നിരുന്നു എന്ന് ഇതിനു മുന്‍പു സൂചിപ്പിച്ചിരുന്നുവല്ലോ


അവര്‍ പല ആചാരങ്ങളിലും മതങ്ങളിലും അനുഷ്ടാനങ്ങളിലും പെട്ടവരായിരുന്നു. എന്നാല്‍ ആ ആചാരങ്ങളില്‍ നിന്നും അനുഷ്ടാനങ്ങളില്‍ നിന്നും അവരെ വെട്ടിയകത്തി സേവന യോഗ്യരായ വെറും ശരീരങ്ങള്‍ മാത്രമാക്കുകയായിരുന്നു കേപ്പിലെ കൊളോണിയല്‍ യജമാനന്മരുടെ ലക്-ഷ്യം.










അതിനു വേണ്ടി അചാരങ്ങള്‍ മാത്രമല്ല, സ്വന്തം പേരു പോലും അടിമകള്‍ക്ക്‌ അവര്‍ നിഷേധിച്ചു. അതു പോലെ വിവാഹവും മറ്റു സാമൂഹ്യ വ്യവസ്ഥകളും. വ്യവസ്ഥകളില്ലാതെ കന്നുകാലികളേപ്പോലെ അവര്‍ ഇണചേര്‍ന്നു. അതില്‍ ജനിച്ച ജന്മങ്ങളെ അവര്‍ക്കറിയാമായിരുന്ന ഒരേ ഒരു രക്ഷകര്‍ത്താവായ അമ്മയില്‍ നിന്നു മാറ്റി നിര്‍ത്തി. അമ്മയുടെ സ്നേഹം അവരിലെ മനുഷ്യത്വത്തിന്റെ ഉറവകള്‍ തേടി അലഞ്ഞെങ്കിലോ എന്നു ഭയന്ന്.


ഈ അടിമവ്യവസ്ഥ ഏതാണ്ടു മൂന്നു നൂറ്റണ്ടുകളോളം തുടര്‍ന്നിട്ടുണ്ടാവാം.


1834ല്‍ അടിമക്കച്ചവടം ലോകവ്യാപകമായി നിരോധിച്ചതോടെ സൗത്താഫ്രിയ്ക്കയിലെ അടിമകളേയും കൊളോണിയന്‍ യജമാനന്മാര്‍ക്കു സ്വതന്ത്രരാക്കേണ്ടി വന്നു.


കാലില്‍ നിന്നും കഴുത്തില്‍ നിന്നും അടിമത്വത്തിന്റെ അടയാളങ്ങള്‍ ഈരിവിട്ടതൊഴികെ മാനവിക ചൈതന്യത്തിന്റെ കണിക പോലും ‍ ബാക്കിയില്ലാതിരുന്ന അവരില്‍ ആത്മീയതയുടെ കൈത്തിരിയുമയി കടന്നു വന്നതായിരുന്നു അവര്‍ക്കിടയിലേക്ക് ഇസ്ലാം മതം.


അതിനു മുന്‍പേ ഇസ്ലാം കേപ്പില്‍ ശക്തമായിരുന്നു. പതിനഞ്ചാം നൂറ്റണ്ടില്‍ ഇന്‍ഡോനേഷ്യയിലും മലയന്‍ ആര്‍ച്ചിപെലാഗോയിലും മുസ്ലീംങ്ങള്‍ ഡച്ച്‌ അധിനിവേശത്തെ എതിര്‍ത്തപ്പോള്‍ അവരെ നാടു കടത്തി അയച്ചിരുന്നതു കേപ്പിലേക്കായിരുന്നു. കാലക്രമേണ സ്വതന്ത്രരായതിനു ശേഷം അവരും കേപ്പില്‍ സ്ഥിരതാമസമായി. അവരുടെയും, അവരില്‍ നിന്ന് ഇസ്ലാം മതം സ്വികരിച്ച അടിമകളുടെയും പിന്‍-ഗാമികളാണ്‌ ഇന്നു ബൊക്കാപ്പില്‍ താമസിയ്ക്കുന്ന കേപ്‌ മുസ്ലീങ്ങള്‍. ഇവര്‍ പൊതുവെ കേപ്‌ മലൈകള്‍ എന്നാണ് ഇന്നറിയപ്പെടുന്നത്‌.


അടിമവേല കൂടാതെ, കേപ്പിന്റെ വ്യാപാര വ്യവസായ രംഗങ്ങളിലും സജ്ജീവമായി പങ്കെടുത്ത് അതിന്റെ കൊളോണിയല്‍ സമ്പത്തു വളര്‍ത്തി ഇന്നത്തെ നിലയിലാക്കുന്നതില്‍ കേപ് മലൈകള്‍ വഹിച്ച പങ്ക് അതി പ്രധാനമാണ്. കൂടാതെ രാജ്യത്തിന്റെ പ്രാചീന പാചകരീതികള്‍ എന്നപേരില്‍ സൗത്താഫ്രിയ്ക്ക ഇന്നവകാശപ്പെടുന്നത്‌ കേപ്പ്‌-മലൈ പാചകരീതികള്‍ ആണ്‌.


ബൊക്കാപ്പ്‌ മ്യൂസിയത്തിന്റെ പ്രദര്‍ശന ഹാളില്‍, അടുത്ത കാലം വരെ ചരിത്രം അറിയാതെ കിടന്നിരുന്ന മലയ്‌ പൂര്‍വീകരുടെ കുറെ തെളിയാത്ത കൂട്ടചിത്രങ്ങള്‍ കാണാം.


ആ ചിത്രങ്ങളില്‍ നോക്കി നിന്നപ്പോള്‍ അസ്വസ്ഥമായ മനസു ചോദിച്ചു, പുറത്ത്‌ ഊതിയടിയ്ക്കുന്ന കാറ്റിന്റെ മര്‍മരങ്ങളില്‍ ഇപ്പോഴും ഓളിഞ്ഞിരിപ്പില്ലേ അവരുടെ നിലവിളികള്‍,... ആ തെളിയാത്ത ചിത്രങ്ങളില്‍ ആരെങ്കിലുമൊക്കെ അറിഞ്ഞു കൂടാത്ത പൂര്‍വ്വീക ബന്ധുക്കളോ, ദേശക്കാരോ‍ ആയിരിയ്ക്കില്ലേ.....?

Tuesday, June 19, 2007

കേപ്-ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-4












കേപ് ഒഫ് ഗുഡ്-ഹോപ് മ്യൂസിയം
1652ല്‍ ജാന്‍-വാന്‍ റിബക്കിന്റ് വരവോടെ സ്ഥാപിതമായ ഒരു കോട്ട.
അംഗവൈകല്യം സംഭവിച്ചവരുടേതുള്‍പ്പെടെ ഏതാണ്ട്‌ 7000ത്തോളം വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ്‌ സൗകര്യമുള്ള ഈ അഴിമുഖം ഒരാധുനിക വ്യപര-വ്യവസായ കേന്ദ്രം കൂടിയാണ്‌. യാത്രാനേഷണങ്ങളും, വൈദ്യസഹായവും തൊട്ട്‌ കളവും മറ്റു കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി വരെ സെക്യുരിറ്റി ഇരുപത്തിനാലു മണിക്കൂറും ഇവിടെ ജാഗരൂപകാണ്‌. ഇത്തരം സൗകര്യങ്ങള്‍ ഈ അഴിമുഖത്തു മാത്രമല്ല സൗത്താഫ്രിയ്ക്കയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ലഭ്യമാണ്‌.

സൗത്താഫ്രിയ്കയിലെ അവികസിതരും പിന്നോക്കരുമായ ഭൂരിപക്ഷത്തെ ഉദ്ധരിയ്ക്കുന്നതിനുള്ള സംവരണം മുതലായ ഉപാധികള്‍ മറ്റ്‌ വ്യാപാര രംഗങ്ങളിലുമെന്നപോലെ വിനോദസഞ്ചാരത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ടു ആധുനിക ടൂറിസ്റ്റ്‌-വ്യാപാര സംരംഭങ്ങള്‍ക്കു സമാന്തരമായി ധാരാളം ആഫ്രിയ്ക്കന്‍ സംരംഭങ്ങളും കാണാവുന്നതാണ്‌.







ഗോള്‍ഡ് ഒഫ് ആഫ്രിയ്ക്ക മ്യൂസിയം.

വെസ്റ്റ് ആഫ്രിയക്കയുടെ പുരാതന ധനവും പ്രഭുത്വവും വെളിവാക്കുന്ന അനേകം സ്വര്‍ണ സ്മാരകങ്ങള്‍ ഇവിടെ കാണാം‍

ആധുനികതയുടെയും സമകാലീനജനാധിപത്യത്തിന്റെയും അകമ്പടിയോടെ പുനരുജ്ജീവനം പ്രാപിച്ച്‌ ദേശീയ സ്മാരകങ്ങളായി മാറിയ സൗത്താഫ്രിയ്ക്കന്‍ ചരിത്രത്തിന്റെ അടയാളങ്ങള്‍‍‍ കാത്തുസൂക്ഷിയ്ക്കുന്ന മ്യൂസിയങ്ങളാണ്‌ ഇവിടെ ടൂറിസത്തിന്റെ വേറൊരാകര്‍ഷണം.

കളിമണ്‍ പാത്രങ്ങള്‍ തൊട്ട്‌ ചുവര്‍ ചിത്രങ്ങള്‍ വരെ കാലത്തിന്റെ വിരലടയാളം പതിഞ്ഞതെന്തും അവിടെ ഭഗിയോടെ കാത്തു സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. അവയുടെ നിശബ്ദതയില്‍ ഈ ദേശത്തിന്റെ ചരിത്രമുണ്ട്‌, അതിലെ ദുഖ കാണ്ഡത്തിന്റെ ഏടുകളുണ്ട്‌, പ്രഭുത്വത്തിന്റെ ക്രൂരതയും, പതിത്വത്തിന്റെ രോദനങ്ങളുമുണ്ട്‌.












ഗോള്‍ഡ് ഒഫ് ആഫ്രിയ്ക്കയില്‍ കാണാവുന്ന ഒരു സ്വര്‍ണ നിര്‍മ്മിതി
സൌത്താഫ്രിയ്ക്കന്‍ മാരിറ്റൈം മ്യൂസിയം, കാസില്‍ ഓഫ്‌ ഗുഡ്‌ഹോപ്പിലെ ലാന്‍-ഡ്‌ മാര്‍ക്കു മ്യൂസിയം, ഗോള്‍ഡ്‌ ഓഫ്‌ ആഫ്രിയ്ക്ക മ്യൂസിയം, സ്ലേവ്‌ ലോഡ്ജ്‌ മ്യൂസിയം, സൗത്താഫ്രിയ്ക്കന്‍ ആര്‍ട്ട്‌ ഗാലറി എന്നിവ കേപ്‌ പട്ടണത്തില്‍ തന്നെ ഉള്ള എതാനും മ്യൂസിയങ്ങളാണ്‌. ഇത്തരം പതിനഞ്ചു മ്യൂസിയങ്ങള്‍ ഒരുമിച്ച്‌ ഇസിക്കോ മ്യൂസിയങ്ങള്‍ എന്നാണറിയപ്പെടുന്നത്‌.






ക്രൂരമായ കൊളോണിയല്‍ അധിനിവേശത്തിന്റെ കഥകള്‍ കറുത്ത ചാന്തു പോലെ തൂവിക്കിടക്കുന്ന ഈ ദേശത്തിന്റെ ചരിത്രത്തിലേക്കുള്ള ഒരു മൂന്നു മണിക്കര്‍ ഓട്ട പ്രദക്ഷിണമാണ് ഫുട്സ്റ്റെപ്സ്‌ റ്റു ഫ്രീഡം എന്ന ഇസിക്കോയുടെ മറ്റൊരാകര്‍ഷണം.

പട്ടണത്തെ ആകമാനം വീക്ഷിച്ച്‌ അതിന്റെ മുകളെടുപ്പുപോലെ നില്‍ക്കുന്ന സിഗ്നല്‍ ഹില്ലിലെ മറ്റൊരു മ്യൂസിയമാണ്‌, ബോക്കാപ്പ്‌ മ്യൂസിയം. ഇത്‌ ഇവിടുത്തെ അടിമച്ചരിത്രത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നു.

(ആരായിരുന്നു ബൊക്കാപ്പിലെ ആ അടിമകള്‍? അടുത്ത ലക്കം...)
">Link